DCBOOKS
Malayalam News Literature Website

ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം കെ. വേണുവിന്

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കെ. വേണുവിന്റെ 'ഒരന്വേഷണത്തിന്റെ കഥ' എന്ന പുസ്തകത്തിനാണ് പുരസ്കാരം

പ്രഥമ ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. ഡി. സി. ബുക്സ് പ്രസിദ്ധീകരിച്ച കെ. വേണുവിന്റെ ‘ഒരന്വേഷണത്തിന്റെ കഥ’ എന്ന പുസ്തകത്തിനാണ് അംഗീകാരം. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2023-ന്റെ വേദിയിൽ വെച്ചാണ്  ഫലപ്രഖ്യാപനവും അവാർഡ് വിതരണവും നടന്നത്. ഓരോ വര്‍ഷവും മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഏറ്റവും മികച്ച ഒരു പുസ്തകത്തിനുള്ള അവാര്‍ഡാണ് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക.

യുവാവായിരിക്കെ ശാസ്ത്രജ്ഞനാകാനായി പഠനം നടത്തി. നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ എത്തപ്പെട്ട് അതിന്റെ നേതൃത്വനിരയിലേക്ക് ഉടന്‍തന്നെ ഉയര്‍ത്തപ്പെട്ട കെ. വേണു ആ കാലഘട്ടം മുതലുള്ള തന്റെ രാഷ്ട്രീയാന്വേഷണങ്ങളുടെ കഥ പറയുകയാണ്  ‘ഒരന്വേഷണത്തിന്റെ കഥ’ എന്ന പുസ്തകത്തിൽ. മാര്‍ക്‌സിസ്റ്റ് മാവോയിസ്റ്റ് തീവ്രവാദാശയങ്ങളില്‍നിന്ന് ജനാധിപത്യാശയത്തിലേക്കുള്ള ഈ അന്വേഷണം ആശയപരം മാത്രമല്ല. പ്രായോഗികവും ആത്മാര്‍ത്ഥവുമായ ഒന്നായിരുന്നു എന്ന് ഈ ആത്മകഥ വെളിവാക്കുന്നു. നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ഗതിവിഗതികളെ സൂക്ഷ്മമായി അപഗ്രഥിക്കാനും അതിന്റെ പിളര്‍പ്പുകളെ വിശകലനം ചെയ്യാനും ആ പ്രസ്ഥാനത്തില്‍ നിന്നു പിന്മാറി ജനാധിപത്യപ്രസ്ഥാനം കെട്ടിപ്പടുക്കാനും അവയ്‌ക്കെല്ലാം സൈദ്ധാന്തികവും ദാര്‍ശനികവുമായ അടിത്തറ നല്കാനും ഈ അന്വേഷണത്തിനു കഴിയുന്നുണ്ട്.

Comments are closed.