ഡോ. സക്കീര്‍ ഹുസൈന്റെ ജന്മവാര്‍ഷികദിനം
ഇന്ത്യയുടെ മൂന്നാമത്തെ രാഷ്ട്രപതിയായിരുന്ന ഡോ. സക്കീര്‍ ഹുസൈന്‍ ആന്ധ്രപ്രദേശിലെ ഹൈദരാബാദില്‍ 1897 ഫെബ്രുവരി 8ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം, ലക്‌നൗ ക്രിസ്ത്യന്‍ കോളേജില്‍ വൈദ്യ വിദ്യാഭ്യാസത്തിനായി ചേര്‍ന്നെങ്കിലും വൈദ്യവിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യവും, സാമ്പത്തികശാസ്ത്രവും ഐഛികവിഷയമായെടുത്ത് ബിരുദം കരസ്ഥമാക്കി.
വിദ്യാഭ്യാസകാലത്തുതന്നെ പൊതുപ്രവര്‍ത്തനം ആരംഭിച്ചു. വൈകാതെ സ്വാതന്ത്ര്യസമര സേനാനിയായി. 1920ല്‍ അജ്മല്‍ ഖാനുമായി ചേര്‍ന്ന് ജാമിയ മിലിയ ഇസ്ലാമിയ സ്ഥാപിച്ചു. ഇതാണ് പിന്നീട് നാഷണല്‍ മുസ്ലീം യൂണിവേഴ്‌സിറ്റിയായത്. 1923ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. അധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ച അദ്ദേഹം അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയുടെ വൈസ്ചാന്‍സ്ലര്‍, ബീഹാര്‍ ഗവര്‍ണര്‍, ഇന്ത്യയുടെ ഉപരാഷ്ട്രപതി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1967 മെയ് 9 മുതല്‍ 1969 മെയ് 3ന് അന്തരിക്കുന്നതുവരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു. 1957ല്‍ പത്മഭൂഷണ്‍ ബഹുമതിയും 1963ല്‍ ഭാരതരത്‌നയും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
Comments are closed.