DCBOOKS
Malayalam News Literature Website

ഡോ. കെ.ജി. അടിയോടിയുടെ ജന്മവാര്‍ഷികദിനം

കേരളത്തിലെ പ്രമുഖ ശാസ്ത്രസാഹിത്യകാരനും, ജന്തുശാസ്ത്രജ്ഞനും, കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകരിലൊരാളുമായിരുന്ന ഡോ. കെ.ജി. അടിയോടി 1937 ഫെബ്രുവരി 18ന് കണ്ണൂര്‍ ജില്ലയിലെ പെരളത്ത് ജനിച്ചു. മംഗലാപുരം സെന്റ് ആഗ്‌നസ് കോളജ്, കോഴിക്കോടു ദേവഗിരി സെന്റ് ജോസഫ്‌സ് കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി ജോലി നോക്കി. 1970ല്‍ പി.എച്ച്.ഡി. ബിരുദം ലഭിച്ചു.

കോഴിക്കോടു സര്‍വകലാശാലാജന്തുശാസ്ത്ര വിഭാഗത്തില്‍ റീഡറായി ചേര്‍ന്ന അടിയോടി 1977ല്‍ പ്രൊഫസറും പിന്നീട് ജന്തുശാസ്ത്രവകുപ്പു മേധാവിയും സയന്‍സ്ഫാക്കല്‍റ്റിഡീനും ആയി. 1994-96 കാലഘട്ടത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി ഇദ്ദേഹം സേവനമനുഷ്ഠിച്ചു. യൂണിയന്‍ പബ്‌ളിക് സര്‍വീസ് കമ്മീഷന്‍ അംഗമായിരുന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകരില്‍ പ്രമുഖനായ അടിയോടി ദേശീയ ശാസ്ത്രവേദിയുടെ സ്ഥാപക പ്രസിഡന്റുമായിരുന്നു. തെയ്യവും തിറയും, ജീവന്റെ ഉദ്ഭവവും ഭാവിയും, കേരളത്തിലെ വിഷപ്പാമ്പുകള്‍, പ്രാഥമിക ജന്തുശാസ്ത്രം തുടങ്ങിയവയാണ് പ്രധാനകൃതികള്‍. വിക്രം സാരഭായ് മെമ്മോറിയല്‍ അവാര്‍ഡ്, വൃക്ഷമിത്ര അവാര്‍ഡ്, ഇന്ദിരാഗാന്ധി പര്യവരണ്‍ അവാര്‍ഡ് എന്നീ ദേശീയ പുരസ്‌കാരങ്ങളും യുനെസ്‌ക്കോ സമ്മാനം, റൈറ്റ് ലൈവ്‌ലിഹുഡ് അവാര്‍ഡ് എന്നീ അന്തര്‍ദേശീയ പുരസ്‌കാരങ്ങളും അടിയോടിക്ക് ലഭിച്ചിട്ടുണ്ട്. 2001 മേയ് 28ന് അദ്ദേഹം അന്തരിച്ചു.

 

Comments are closed.