DCBOOKS
Malayalam News Literature Website

കെ. തായാട്ടിന്റെ ജന്മവാര്‍ഷികദിനം

മലയാള സാഹിത്യകാരനും, നാടകകൃത്തും നടനുമായിരുന്ന തായാട്ട് കുഞ്ഞനന്തന്‍ എന്ന കെ.തായാട്ട് 1927 ഫെബ്രുവരി 17ന് പാനൂരിനടുത്തുള്ള പന്ന്യന്നൂരില്‍ ചാത്തു നമ്പ്യാരുടെയും ലക്ഷ്മിയമ്മയുടെയും മകനായി ജനിച്ചു. കുന്നുമ്മല്‍ ഹയര്‍ എലിമെന്ററി സ്‌കൂള്‍, ബി.ഇ.എം.പി. ഹൈസ്‌കൂള്‍, ഗവ. ഹൈസ്‌കൂള്‍ കതിരൂര്‍, ഗവ. ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോഴിക്കോട് പുതിയറയിലെ പുന്നശ്ശേരി യു.പി. സ്‌കൂള്‍, ചൊക്ലി ലക്ഷ്മീവിലാസം എല്‍.പി. സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി ജോലി ചെയ്തു. തുടര്‍ന്ന് 1952ല്‍ പാനൂര്‍ യു.പി. സ്‌കൂളിലെത്തി. ഇതേ സ്‌കൂളില്‍ പ്രധാനാധ്യാപകനായിരിക്കേ 1982ല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു.

കഥ, കവിത, നാടകം, ബാലസാഹിത്യം, പുനരാഖ്യാനം എന്നീ മേഖലകളില്‍ 42 ഗ്രന്ഥങ്ങള്‍ രചിച്ചു. 1951ല്‍ പ്രസിദ്ധീകരിച്ച പുത്തന്‍കനി ആണ് ആദ്യ കഥാസമാഹാരം. 1953ലാണ് ആദ്യ കവിതാസമാഹാരമായ പാല്‍പ്പതകള്‍ പ്രസിദ്ധീകരിച്ചത്. നൈവേദ്യം, പാല്‍പ്പതകള്‍, നാടുകാണിച്ചുരം, വിഡ്ഢിയുടെ സ്വര്‍ഗം, യക്ഷിയും കഥകളും, മുത്തശ്ശി പറയാത്ത കഥ, കഥയുറങ്ങുന്ന വഴികളിലൂടെ, തെനാലിയിലെ കൊച്ചുരാമന്‍, നാം ചങ്ങല പൊട്ടിച്ച കഥ തുടങ്ങിയവയാണ് പ്രധാനകൃതികള്‍.

കേരള സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ് പുരസ്‌കാരം, സംഗിത നാടക അക്കാദമി പുരസ്‌കാരം, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, ചെറുകാട് സ്മാരക അവാര്‍ഡ് തുടങ്ങിയവ ലഭിച്ചുട്ടുണ്ട്. മികച്ച അധ്യാപകര്‍ക്കുള്ള ദേശീയ സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2011 ഡിസംബര്‍ 4 ന് അന്തരിച്ചു.

 

 

Comments are closed.