DCBOOKS
Malayalam News Literature Website

ലളിതാംബിക അന്തര്‍ജനത്തിന്റെ ചരമവാര്‍ഷികദിനം

1909 മാര്‍ച്ച് 30ന് കൊട്ടാരക്കര താലൂക്കില്‍കോട്ടവട്ടത്ത് തെങ്ങുന്നത്തു മഠത്തില്‍ ദാമോദരന്‍ പോറ്റിയുടെയും ചെങ്ങാരപ്പള്ളി നങ്ങയ്യ അന്തര്‍ജനത്തിന്റെയും മകളായി ലളിതാംബിക അന്തര്‍ജ്ജനം ജനിച്ചു. വിദ്യാഭ്യാസം സ്വഗൃഹത്തില്‍ നടത്തി. മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ്, ഹിന്ദി എന്നീഭാഷകള്‍ വശമാക്കി. പാലാ രാമപുരത്ത് അമനകര ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയാണ് ഭര്‍ത്താവ്.

1937ലാണ് ലളിതാഞ്ജലി എന്ന കവിതാസമാഹാരവുമായി അന്തര്‍ജ്ജനം കാവ്യലോകത്ത് പ്രവേശിച്ചത്. അതേ വര്‍ഷം തന്നെ അംബികാഞ്ജലി എന്ന കഥാസമാഹാരവും രചിച്ചു. 1973ല്‍ സീത മുതല്‍ സത്യവതി വരെ എന്ന കൃതിക്കു നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും 1977ല്‍ അഗ്‌നിസാക്ഷിയിലൂടെ നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ആദ്യത്തെ വയലാര്‍ പുരസ്‌കാരവും ലഭിച്ചു. സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡ്, കേരള സാഹിത്യ അക്കാദമി, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ്, പാഠപുസ്തക കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നിട്ടുണ്ട്.

1965ല്‍ പുറത്തിറങ്ങിയ ശകുന്തള എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത് അന്തര്‍ജ്ജനമായിരുന്നു. ആത്മകഥയ്ക്ക് ഒരാമുഖം അന്തര്‍ജ്ജനത്തിന്റെ ആത്മകഥയാണ്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ കഥകള്‍ സമ്പൂര്‍ണ്ണം അന്തര്‍ജ്ജനത്തിന്റെ രചനാലോകത്തെ അടുത്തറിയാന്‍ സഹായിക്കുന്ന ഒന്നാണ്. 1987 ഫെബ്രുവരി 6ന് അവര്‍ അന്തരിച്ചു.

 

Comments are closed.