‘ഫാസിസത്തിന്റെ വിഷപ്പുക’; ആന്റോ ആന്റണിയുടെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍ പുസ്തകരൂപത്തില്‍
പൊതുപ്രവര്‍ത്തകനും പാര്‍ലമെന്റ് അംഗവുമായ ആന്റോ ആന്റണിയുടെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണ് ഫാസിസത്തിന്റെ വിഷപ്പുക. വര്‍ത്തമാനകാല ഇന്ത്യയുടെ നേര്‍ച്ചിത്രം വ്യക്തമാക്കിയുള്ള ഈ കൃതി സംഘപരിവാര്‍ ഭരണത്തില്‍ രാജ്യം നേരിടുന്ന വെല്ലുവിളികളാണ് ചര്‍ച്ച ചെയ്യുന്നത്. കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ വിവിധ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ച ആന്റോ ആന്റണിയുടെ ലേഖനങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ടവയാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ലോകസഭയിലും ഐക്യരാഷ്ട്രസഭയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര വേദികളിലും നടത്തിയ പ്രസംഗങ്ങളും ഈ സമാഹാരത്തിലുണ്ട്.
“അസ്വസ്ഥതയുടെയും വിഭാഗീയയുടെയും വിത്തുകള്‍ രാജ്യമാകെ വിതച്ച്, ആള്‍ക്കൂട്ടകൊലപാതകങ്ങളിലൂടെ രാജ്യത്തെ വിറങ്ങലിപ്പിച്ച്, മണ്ടന്‍ തീരുമാനങ്ങളിലൂടെ രാജ്യത്തെ സാമ്പത്തികരംഗത്തിന്റെ നടുവൊടിച്ച്, അപ്രായോഗികവും വികലവുമായ നികുതി പരിഷ്‌കരണത്തിലൂടെ രൂക്ഷമായ വിലക്കയറ്റം ക്ഷണിച്ചുവരുത്തി, വിദ്യാഭ്യാസരംഗത്ത് കാവിവല്‍ക്കരണം നടപ്പിലാക്കി, ഭരണഘടനാ സ്ഥാപനങ്ങളെയപ്പാടെ തകര്‍ത്ത്, ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ സൃഷ്ടിച്ച് തുടരുന്ന ഭരണാഭാസത്തെക്കുറിച്ചുള്ള മികച്ച പ്രതികരണമാണ് ഫാസിസത്തിന്റെ വിഷപ്പുക.” ഈ കൃതിയുടെ അവതാരികയില്‍ ശശി തരൂര്‍ കുറിയ്ക്കുന്നു.
ഫാസിസത്തിന്റെ വിഷപ്പുകയെ ജനാധിപത്യമാര്‍ഗ്ഗങ്ങളിലൂടെ രാജ്യത്തുനിന്നും തുരത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഈ കൃതിയില്‍ വിശദീകരിക്കുന്നു. ഗാന്ധിവധം മുതല്‍ ഫാസിസ്റ്റ് ശക്തികള്‍ തോക്കിലൂടെ തങ്ങളുടെ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ നിശബ്ദരായിരിക്കാന്‍ കഴിയുന്നതെങ്ങനെ എന്ന ചോദ്യമുയര്‍ത്തുന്നതിനോടൊപ്പം മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളും ഈ പുസ്തകം ആഴത്തില്‍ വിശകലനം ചെയ്യുന്നുണ്ട്. കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഫാസിസത്തിന്റെ വിഷപ്പുക ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.
Comments are closed.