DCBOOKS
Malayalam News Literature Website

മുരുകന്‍ കാട്ടാക്കടയുടെ പ്രശസ്തമായ കവിതകളുടെ സമാഹാരം

മലയാള കവിതയില്‍ ചൊല്‍ക്കാഴ്ചകളുടെ കാലം അവസാനിക്കുന്നില്ല എന്ന് കാട്ടിത്തന്ന കവിയാണ് മുരുകന്‍ കാട്ടാക്കട. ആലാപന വൈഭവത്താല്‍ ഒട്ടേറെ ആരാധകരെ നേടി അദ്ദേഹത്തിന്റെ കവിതകള്‍ പൊതുസമൂഹം സ്‌നേഹാദരങ്ങളോടെയാണു സ്വീകരിച്ചത്. അദ്ദേഹത്തിന്റെ കവിതകള്‍ ചൊല്ലിക്കേള്‍ക്കാത്ത വേദികളും ആളുകളുമില്ല. പച്ചയായ മനുഷ്യന്റെ വികാരവിചാരങ്ങളെ പകര്‍ത്തുവാന്‍ ശ്രമിച്ച അദ്ദേഹം അവനവനുവേണ്ടിയല്ലാതെ അപരനുവേണ്ടി രക്തസാക്ഷിയായവനേക്കുറിച്ചും കര്‍ഷകന്റെ നൊമ്പരത്തെയും, കാത്തിരിപ്പിനെയും വിപ്ലത്തിന്റെ അലയൊലികള്‍ ഉയര്‍ന്നുകേട്ട ബാഗ്ദാനിനെക്കുറിച്ചുമെല്ലാം എഴുതിയപ്പോള്‍, അത് ആലാപന സൗകുമാര്യംകൊണ്ടും പ്രമേയതീവ്രതകൊണ്ടും ജനഹൃദയങ്ങള്‍ കീഴടക്കി. ഏകാന്തതയുടെ അപാരതകളില്‍ മലയാളികള്‍ അവ ഏറ്റുപാടുകയും ആവര്‍ത്തിച്ച് കേള്‍ക്കുകയും കണ്ണുനീര്‍പൊഴിക്കുകയും ചെയ്തു. സമൂഹത്തിന്റെ മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്ത കവി ഇങ്ങനെ എഴുതി..

എല്ലാവര്‍ക്കും തിമിരം നമ്മള്‍-
ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയകാഴ്ചകള്‍ കണ്ടുമടുത്തു
കണ്ണടകള്‍ വേണം… ഈ വരികള്‍ എല്ലാവരും ഏറ്റുപാടി. പ്രണയത്തിന്റെ ക്ഷണഭംഗുരതയെ രേണുക എന്ന കവിതയിലൂടെ അദ്ദേഹം മനോഹരമായി അവതരിപ്പിച്ചു.

ഭ്രമമാണുപ്രണയം വെറും ഭ്രമം
വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്പടിക സൗധം…

രണ്ടുവരികളില്‍ പ്രണയത്തിന്റെ ക്ഷണഭംഗുരതയെ മനോഹരമായ വാക്കുകളില്‍ കവി വരച്ചു കാട്ടുന്നു ഇവിടെ… കവിതയിലൂടെ കടന്നു പോകുമ്പോള്‍ അറിയാതെ നമ്മളും പറഞ്ഞു പോകും ഭ്രമമാണു പ്രണയം… സ്‌നേഹം മാത്രമാണു ശാശ്വതം എന്ന്. ഇങ്ങനെ സാധാരണക്കാരന്റെ ജീവിതനിഴല്‍പ്പാടുവീണ കവിത ഒളിച്ചുവയ്ക്കാനുള്ളതല്ല വിളിച്ചുപറയാനുള്ളതാണ് എന്ന് വിശ്വസിക്കുന്ന മുരുകന്‍ കാട്ടാക്കടയുടെ കവിതകളുടെ സമാഹാരമാണ് ‘മുരുകന്‍ കാട്ടാക്കടയുടെ കവിതകള്‍ ‘ എന്ന പുസ്തകം.

സാമൂഹിക പ്രശ്‌നങ്ങള്‍ക്കു നേരെ പ്രതികരിക്കുകയും സമൂഹ മനസാക്ഷിയെ ഉണര്‍ത്തുകയും ചെയ്യുന്നവയാണ് ഈ സമാഹാരത്തിലെ കവിതകള്‍. രക്തസാക്ഷി, കണ്ണട, ബാഗ്ദാദ്, രേണുക, ഒരു നാത്തൂന്‍ പാട്ട്, ഉണരാത്ത പത്മതീര്‍ഥം, ഓര്‍മ്മമഴക്കാറ്റ്, തിരികെ യാത്ര, കൊഴിയുന്ന ഇലകള്‍ , ഓണം, ഒരു കര്‍ഷകന്റെ ആത്മഹത്യാ കുറിപ്പ് തുടങ്ങിയവയാണ് പുസ്തകത്തിലെ പ്രധാനപ്പെട്ട കവിതകള്‍. അദ്ദേഹത്തിന്റെ പ്രശസ്തമായ അമ്പത്തിയഞ്ചിലധികം കവിതകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ഡി സി ബുക്‌സ് 2010ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പതിമൂന്നാമത് പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.

കണ്ണട, രേണുക എന്നീ കവിതകളൂടെ ആലാപന വൈഭവത്താല്‍ ഒട്ടേറെ ആരാധകരെ നേടിയ കവിയാണ് മുരുകന്‍ നായര്‍ എന്ന മുരുകന്‍ കാട്ടാക്കട. 1967 മെയ് 25ന് ആമച്ചലിനടുത്ത് കുച്ചപ്പുറം എന്ന ഗ്രാമത്തില്‍ ജനിച്ചു. ബി രാമന്‍ പിള്ള, കാര്‍ത്യായനി അമ്മ എന്നിവരാണ് മാതാപിതാക്കള്‍. കുരുടാം കോട്, കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റിക്കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സാമ്പത്തികശാസ്ത്രത്തിലായിരുന്നു താത്പര്യം. കേരളായൂണിവേഴ്‌സിറ്റിയില്‍നിന്നും എം.ഫിലും നേടിയിട്ടുണ്ട്. 1992 മുതല്‍ക്കേ അദ്ധ്യാപനരംഗത്ത് പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ചേരാനല്ലൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സാമ്പത്തികശാസ്ത്ര അദ്ധ്യാപകനാണ്. വിവിധ ടിവി പരിപാടികളില്‍ അവതാരകനും വിധികര്‍ത്താവുമായിട്ടുണ്ട്. ഒരുനാള്‍വരും, പറയാന്‍ മറന്നത്, ഭഗവാന്‍, ചട്ടമ്പിനാട്, രതിനിര്‍വ്വേദം തുടങ്ങിയ സിനിമകള്‍ക്ക് ഗാനരചനയും നിര്‍വ്വഹിച്ചു.

Comments are closed.