കവി എം.എന്‍ പാലൂര്‍ അന്തരിച്ചു
കോഴിക്കോട്: മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനും കവിയുമായ എം.എന്‍ പാലൂര്‍(86) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ അഞ്ചരയോടെ കോവൂരിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് നടക്കും. കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളും ആശാന്‍ സാഹിത്യ പുരസ്‌കാരവും ലഭിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കവിതകളിലൊന്നാണ് ഉഷസ്സ്.
1932 ജൂണ്‍ 22ന് എറണാകുളം ജില്ലയിലെ പാറക്കടവില്‍ ഒരു യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തിലായിരുന്നു എംഎന്‍ പാലൂര്‍ എന്ന പാഴൂര്‍ മാധവന്‍ നമ്പൂതിരിയുടെ ജനനം. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത അദ്ദേഹം ചെറുപ്രായത്തില്‍ തന്നെ പണ്ഡിതനായ കെ. പി നാരായണ പിഷാരടിയുടെ കീഴില്‍ സംസ്‌കൃതം അഭ്യസിച്ചു. പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ കീഴില്‍ കലാമണ്ഡലത്തില്‍നിന്നും കഥകളി അഭ്യസിക്കാനും ഇദ്ദേഹത്തിനു അവസരമുണ്ടായി. പിന്നീട് ബോംബെയിലേക്ക് പോയി. ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ നിന്ന് സീനിയര്‍ ഓപ്പറേറ്റായി 1990-ലാണ് അദ്ദേഹം ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കുന്നത്.
പേടിത്തൊണ്ടന്‍, കലികാലം, തീര്‍ത്ഥയാത്ര, സുഗമസംഗീതം, കവിത, ഭംഗിയും അഭംഗിയും, പച്ചമാങ്ങ, കഥയില്ലാത്തവന്റെ കഥ( ആത്മകഥ) എന്നിവയാണ് പ്രധാന കൃതികള്‍. 2013-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും 1983-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 2004-ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2009-ലെ ആശാന്‍ സ്മാരക കവിതാ പുരസ്‌കാരം എം.എന്‍ പാലൂരിനായിരുന്നു.
ശാന്തകുമാരിയാണ് ഭാര്യ. സാവിത്രി ഏകമകളാണ്.
Comments are closed.