‘ഹെര്‍ബേറിയം’ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകമാകുന്നു; ആഹ്ലാദം പങ്കുവെച്ച് സോണിയ റഫീഖ്
ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച എഴുത്തുകാരി സോണിയ റഫീഖിന്റെ നോവല്‍ ഹെര്‍ബേറിയം ഒന്നാം വര്‍ഷ മലയാളം ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുവാനുള്ള നോവല്‍ ആയി കേരള സര്‍വ്വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തി. സോണിയ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. 2016-ലെ ഡി.സി. നോവല്‍പുരസ്‌കാരത്തിന് അര്‍ഹമായ ഹെര്‍ബേറിയം സോണിയയുടെ ആദ്യ നോവലാണ്.
സോണിയ റഫീഖിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്ന്
മരുഭൂമിയുടെ ഊഷരതയില്‍ നിന്ന് ജൈവ പ്രകൃതിയുടെ പച്ചപ്പിലേക്കെത്തുന്ന ഒരു ബാലന്റെ മനസ്സാണ് ഹെര്‍ബേറിയം തുറന്നിടുന്നത്. പ്രകൃതിയില്‍ നിന്നും ജൈവികതയില്‍ നിന്നും അകറ്റി ഫ്‌ലാറ്റിന്റെ ഇത്തിരിച്ചതുരത്തിലേക്ക് ഒതുക്കപ്പെടുന്ന പുതിയ തലമുറയെക്കുറിച്ച് ഈ നോവല്‍ നമ്മെ വേവലാതിപ്പെടുത്തുകയും ഒപ്പം നമ്മുടെ കുട്ടികള്‍ക്കും പരിസ്ഥിതി ജാഗ്രത്തായ ഒരു സംസ്‌കാരം സ്വരൂപിക്കാനാവുമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.
ദുബായ് നഗരത്തിലെ ഫ്‌ലാറ്റെന്ന ഒരിത്തിരി ചതുരത്തില്‍ നിന്ന് പ്രകൃതിയുടെ ജൈവികതയിലേക്ക് ഇറങ്ങിച്ചെന്ന ഒരു ഒന്‍പതു വയസ്സുകാരന്റെ കണ്ണിലൂടെയാണ് സോണിയ റഫീഖ് ഹെര്‍ബേറിയം എന്ന നോവല്‍ എഴുതിയിരിക്കുന്നത്. കഥാപാത്രസൃഷ്ടിയിലും രചനാതന്ത്രത്തിലും മികവുപുലര്‍ത്തുന്ന സോണിയയുടെ ഹെര്‍ബേറിയം സ്വാഭാവിക പ്രകൃതത്തില്‍നിന്ന് അകന്നുപോയ ഒരു തലമുറയെ സ്വാഭാവികമായിത്തന്നെ പ്രകൃതിയിലേക്കു മടക്കിയെത്തിക്കുന്നതിന്റെ മനോഹരമായ ചിത്രീകരണമാണ്. കൂടാതെ പ്രകൃതിയോടുള്ള സമരസപ്പെടല്‍ വെറും പുറംപൂച്ച് വാചകങ്ങളില്‍ ഒതുക്കാതെ നല്ല നിലയില്‍ അനുഭവപ്പെടുത്തിത്തരാന്‍ ഈ കൃതിക്കാവുന്നുണ്ട്. പരിസ്ഥിതി രാഷ്ട്രീയത്തിന്റെ ജാഗ്രതയും കുട്ടികളുടെ മനോവ്യാപാരങ്ങളെയും സൂക്ഷ്മമായി ഈ നോവലില്‍ അവതരിപ്പിച്ചിട്ടുണ്ട്.
Comments are closed.