‘എഴുത്ത്’ ഒച്ചയില്ലാത്ത ചില ചുവടുകള്‍: എഴുത്തനുഭവം പങ്കുവെച്ച് മനോജ് കുറൂര്‍
എന്തായാലും എഴുത്തെനിക്കു സ്വാഭാവികമായ ഒരു കാര്യമല്ല
‘എഴുത്ത്’ എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ എഴുത്തനുഭവം മനോജ് കുറൂര്‍ പങ്കുവെക്കുന്നു
പുറത്തൊരു ലോകം. അകത്തും ഒരു ലോകം. അവ തമ്മിലുള്ള ഇടപാടുകള്‍. അകത്തെ ലോകത്തില്‍ അവയുണ്ടാക്കുന്ന ചില ഇളക്കങ്ങള്‍. സ്ഥിരമോ നിശ്ചലമോ ആവാന്‍ വിസമ്മതിക്കുന്ന അത്തരമൊരു നിലയില്‍ മാത്രം സാധ്യമാകുന്ന ഒരാന്തല്‍. അടങ്ങാത്ത ചില മിടിപ്പുകള്‍. അവയെ മറ്റൊരു ക്രമത്തില്‍ അടയാളപ്പെടുത്താനുള്ള വല്ലാത്തൊരു തോന്നല്‍. മൊഴിയിലേക്കുള്ള അതിന്റെ പകര്‍ത്തല്‍. അത്തരത്തില്‍ ഭവത്തില്‍നിന്നും അനുഭവത്തില്‍നിന്നും ഉരുവംകൊള്ളുന്നതെങ്കിലും അവയില്‍നിന്നു വേറിട്ടുനില്ക്കുന്ന ഒരു സംഭവമാകുമോ എഴുത്ത്?
എന്തായാലും എഴുത്തെനിക്കു സ്വാഭാവികമായ ഒരു കാര്യമല്ല. എത്ര എഴുതിയാലും പതിവില്ലാത്ത എന്തോ ഒരു കാര്യം ചെയ്യുന്ന ഒരു മട്ട് അതിനുണ്ട്. അര്‍ത്ഥമെത്ര വളരെയുണ്ടായാലും തൃപ്തിയാകായ്കയുണ്ട്. എഴുതണമെന്നു വിചാരിച്ചതും എഴുതിവച്ചതും തമ്മില്‍ പൊരുത്തപ്പെട്ടില്ല എന്നും വരാം. ഉത്തരമില്ലാത്ത സംശയങ്ങളും ഏറെയുണ്ട്. അതുകൊണ്ടൊക്കെത്തന്നെ കുതിച്ചുപായുന്ന വണ്ടികള്‍ നിറഞ്ഞ ഒരു വഴിയില്‍ ഓരം പറ്റി ഒരു റോഡ് റോളര്‍ പോകുന്നതുപോലെ അതങ്ങനെ പതുക്കെ സഞ്ചരിക്കുന്നു. അല്ലെങ്കില്‍ കല്ലിന്നിടയില്‍ പതുങ്ങുന്ന ഒരു കരിന്തേളിനെപ്പോലെ, ചുവരില്‍ തറഞ്ഞിരിക്കുന്ന ഒരൊച്ചിനെപ്പോലെ നിശ്ചലതയോടടുത്ത ചില അനക്കങ്ങളില്‍ സ്വന്തം ജീവിതം കണ്ടെത്തുന്നു. ദ്രുതകാലത്തില്‍നിന്നു പതികാലത്തിലേക്കു മടങ്ങുന്ന വിധത്തില്‍ കലയുടെ പതിവിനു വിപരീതമായ ഒരു അക്ഷരമേളമാകുമോ എന്റെ എഴുത്ത്?
സ്വന്തമെന്നു തോന്നിയ പല ഇടങ്ങളും ഇപ്പോള്‍ എന്റേതല്ല. ഒപ്പമുണ്ടായിരുന്ന ആളുകള്‍
പലരും കൂടെയില്ല. എങ്കിലും ജീവിതത്തിലെ ഇല്ലായ്മകള്‍ ചിലപ്പോള്‍ എഴുത്തില്‍ ഉണ്മയായെന്നുവരാം. ആളുകളെയോ ഇടങ്ങളെയോ വീണ്ടെടുക്കുന്നില്ലെങ്കിലും അവ പതിച്ച അടയാളങ്ങള്‍ ഭാഷയിലുണ്ടായേക്കാം. അത്തരം ചില അവശേഷിപ്പുകള്‍ ഇവിടെ ചേര്‍ത്തുവച്ച കവിതകളിലുണ്ട്. അവ വീണ്ടും വായിക്കുമ്പോള്‍ ഉണ്മയെയും ഇല്ലായ്മയെയും മറ്റൊന്നാക്കിത്തീര്‍ക്കാനുള്ള ഒരു വെമ്പല്‍ കവിതയ്ക്കുണ്ട് എന്നു തോന്നുന്നു. കവിതയ്ക്ക് അതെഴുതപ്പെടുന്ന ഭാഷയില്‍നിന്നു വേര്‍തിരിക്കാനാവാത്ത ഒരു നിലയുണ്ട് എന്നു പരക്കെ സമ്മതമാണല്ലോ.എങ്കിലും മറുനാടുകളിലെ കവിതകള്‍ വായിക്കുമ്പോള്‍ അവയില്‍ ചിലത് എന്റെ ഭാഷയിലേക്കു കൂടെപ്പോരും. മൊഴിപ്പകര്‍ച്ചകളില്‍ അവയുടെ തന്മ മറ്റൊന്നായെന്നു വരാം. ചില വലിയ കവികളെ എന്റെ ഭാഷയില്‍ ഉച്ചരിച്ചു കേള്‍ക്കുമ്പോള്‍ ഒരൂറ്റം തോന്നും. അത്തരം ചില മൊഴിമാറ്റങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇങ്ങനെപല തരത്തില്‍ ഈ കവിതകളെ നോക്കുമ്പോഴും വലിയ ഒച്ചയനക്കങ്ങളൊന്നും ഉള്‍ച്ചെവിയില്‍ കേള്‍ക്കുന്നില്ല.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.