പ്രത്യക്ഷപ്പെടലുകളുടെയും അന്തർദ്ധാനങ്ങളുടെയും പുസ്തകം!
രണ്ടു പ്രളയങ്ങളുടെയും കോവിഡ് കാലത്തിന്റെയും മുറിവുകളുടെ ആഴത്തിൽ നിന്നുള്ള ചോര പുരണ്ട ഒരു തലനീട്ടൽ...
ഉടലാകെ അരിക്കുന്ന ചിതല്‍ പോലുള്ള വാക്കുകള്‍ മറുവാക്കുകളെകൂടി കരളുമ്പോള്‍ വിശപ്പു ചുമന്ന് കാലത്തിലൂടെ കനവു പേറി നടന്ന് ഉടലില്‍നിന്ന് ഉരുവായ ചെറി നിലത്തെഴുത്തു നടത്തുന്നതാണ് മനോജ് കുറൂരിന്റെ ‘എഴുത്ത്‘ എന്ന സമാഹാരത്തിലെ കവിതകള്‍. അതുകൊണ്ടുതന്നെ വരികള്‍ ചേര്‍ന്നുണ്ടാവുന്ന തമോഗര്‍ത്തം വായനക്കാരെ അതിലേക്ക് പിടിച്ചുവലിക്കുമ്പോള്‍ ജീവനും ജീവിയും വേറിടുന്ന കിടുക്കത്തിന്റെ സര്‍ഗ്ഗോന്മാദം കുടഞ്ഞിടുമ്പോള്‍ അതില്‍ നിന്നുരുവാകുന്ന പലപല തന്നകളെ ആവിഷ്‌കരിക്കുന്ന കവിതകളാണിത്. പുസ്തകത്തെക്കുറിച്ച് രാമന്‍ പല്ലിശ്ശേരി ഫേസ് ബുക്കില്‍ പങ്കുവെച്ച കുറിപ്പ്.
മനോജ് കുറൂരിന്റെ പുതിയ കവിതാ സമാഹാരത്തിലെ ആദ്യ കവിത ‘പൂട്ടി ‘ ൽ രണ്ടു കയ്യിലും തൊട്ടാൽ പൊട്ടുന്ന വസ്തുക്കളേന്തി, നാവു കൊണ്ടു സ്വിച്ചു കെടുത്തി, ഒരു കാൽ നിലത്തുറപ്പിച്ച് മറുകാൽ അരയോളമുയർത്തി നിന്ന് വാതിൽ പൂട്ടി പുറത്തിറങ്ങുന്ന ഒരുവന്റെ ചിത്രമുണ്ട്. പുസ്തകത്തിലെ അവസാന മൗലിക കവിതയായ എഴുത്തിൽ (ഒടുവിലെ കവിതകൾ പരിഭാഷകളാണ്) വലിയൊരു കീറത്തുണിക്കെട്ടും പേറി പടിയിറങ്ങുന്ന ഒരാളുടെ ചിത്രവും. രണ്ടാം ചിത്രത്തിൽ മഴയത്ത് തുണിയിലെ നിറമിളകിയൊലിച്ചിറങ്ങി വർണ്ണാഭമാകുന്നെന്ന വ്യത്യാസമുണ്ട്. ഗോദോയെക്കാത്ത് എന്ന നാടകത്തിനൊടുവിൽ പശ്ചാത്തലത്തിലെ മരക്കൊമ്പിൽ രണ്ടിലകൾ പൊടിച്ച പോലെ.
ഇരുട്ടിൽ നിന്ന്, പിളർപ്പിൽ നിന്ന്, ആഴത്തിൽ നിന്ന്, പൊത്തിൽ നിന്ന് പുറത്തേക്കുള്ള എഴുന്നു നില്പുകളുടേയും എഴുന്നള്ളത്തുകളുടേയും പുസ്തകമാണ് എനിക്കീ എഴുത്ത്. പ്രത്യക്ഷപ്പെടലുകളുടെയും അന്തർദ്ധാനങ്ങളുടെയും പുസ്തകം. രണ്ടു പ്രളയങ്ങളുടെയും കോവിഡ് കാലത്തിന്റെയും മുറിവുകളുടെ ആഴത്തിൽ നിന്നുള്ള ചോര പുരണ്ട ഒരു തലനീട്ടൽ…
ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.