കവിതയിലെ സാംസ്കാരിക രാഷ്ട്രീയം
ആധുനികത ചരമമടഞ്ഞുവെന്നും ഇത് ഉത്തരാധുനികതയാണെന്നും നമ്മുടെ വിമർശനം ഏതാണ്ട് തീർച്ചപ്പെടുത്തിക്കഴിഞ്ഞു. അപ്പോൾ, ഈ വർഷത്തെ കവിതകളെക്കുറിച്ചെഴുതുമ്പോൾ സ്വാഭാവികമായും കവിതയിലെ ഉത്തരാധുനികതയെക്കുറിച്ചാണ് എഴുതേണ്ടത്. എന്നാൽ, ആധുനികത/ഉത്തരാധുനികത തുടങ്ങിയ സംജ്ഞകൾ ഋജുവായ സമവാക്യങ്ങൾക്ക് എളുപ്പം വഴങ്ങുന്നതല്ല. ആധുനികതയെ സാഹിത്യകേന്ദ്രിതമായ, ചരിത്ര നിരപേക്ഷമായ, അരാഷ്ട്രീയമായ ഒരു പ്രസ്ഥാനമായി സ്ഥാപനവത്കരിച്ചു പോലെതന്നെ, ഉത്തരാധുനികതയെ, നിസ്‌തുലമായ ഒരു ലാവണ ബോധത്തിന്റെ സൈദ്ധാന്തികവ്യവഹാരമായി നിർവചിക്കാനുള്ള കഠിനയത്നങ്ങൾക്ക് ഇപ്പോൾ നാം സാക്ഷികളാകുന്നു. സാഹിത്യത്തിന്റെ വർത്തമാനം ഉത്തരാധുനികതയാണെന്നു വാദിക്കുമ്പോൾ, ആധുനികതയിൽനിന്ന് ഉത്തരാധുനികതയിലേക്കുള്ള പരിണതിയുടെ ചരിത്ര-സാംസ്‌കാരിക കാരണങ്ങൾ, സാഹിത്യേതരമായ ഊർജസ്രോതസ്സുകൾ, പ്രത്യയശാസ്ത്ര സൂചനകൾ എന്നിവയെക്കുറിച്ച് ചിന്തിക്കുകയെന്നത് സത്യസന്ധമായ വിശകലനത്തിന്റെ ധർമമാണ്.
ഇന്ന്, കവിത പൊതുസ്ഥലത്തുനിന്ന് ഏതാണ്ട് പൂർണമായും പിൻവാങ്ങിക്കഴിഞ്ഞിരിക്കുന്നു. ആധുനിക കവിതകൾ സാംസ്കാരിക രാഷ്ട്രീയത്തോട് നിരന്തരം സംവദിച്ചിരുന്നുവെങ്കിൽ, ഇന്ന് കവിത നിശിതമായി സ്വകാര്യവത്കരിക്കപ്പെട്ടിരിക്കുന്നു. എഴുപതുകളിൽ, ഒരു തലമുറയെ മുഴുവനും ധിഷണാപരമായി സജീവമാക്കിയ ഇടതുപക്ഷ സാംസ്‌കാരിക രാഷ്ട്രീയത്തിനേറ്റ തിരിച്ചടികളും അത് സൃഷ്ടിച്ച ശൂന്യതയിൽ ഒരു മഹാഖ്യാനമായി വളർന്നുവരുന്ന ഹിന്ദുത്വവും സൃഷ്ടിക്കുന്ന ചരിത്രസന്ദർഭമാണ് ഇന്നത്തെ കവിതയ്ക്ക് അഭിമുഖീകരിക്കേണ്ടത്. ബൃഹദാഖ്യാനങ്ങളെല്ലാം തകർന്നടിഞ്ഞ ഉത്തരാധുനികതയാണിതെന്നു കരുതുന്ന വിമർശകർ ഒരു മഹാഖ്യാനമായി പരുവപ്പെടുന്ന ഹൈന്ദവദേശീയതയെന്ന പ്രത്യയശാസ്ത്രത്തെ അവഗണിക്കുന്നു. ഭീതിദമായ ഈ അവസ്ഥയെ പ്രതിരോധിക്കാൻ, കവിതയിൽ, ഒറ്റപ്പെട്ട ശ്രമങ്ങളാണുള്ളത്. ആധുനിക കവിതയുടെ കാലത്തുണ്ടായപോലെയുള്ള സംഘ-ദിശാബോധങ്ങളൊന്നുമിപ്പോഴില്ല. ഇത്, കവിയരങ്ങുകളിൽനിന്ന് ഏഷ്യാനെറ്റിലെ ‘മഴവില്ലി’ലേക്കുള്ള ദൂരം കൂടിയാണ്. പ്രോഗ്രാം ചെയ്യപ്പെട്ട സമയത്ത്, റിമോട്ട് കൺട്രോളിന്റെ കരുണയിൽ കവിത നമ്മുടെ സ്വീകരണമുറിയിൽ മിന്നിമറയുന്നു. അല്ല, ഇത് കവിതയുടെ സുവർണകാലത്തെക്കുറിച്ചുള്ള കാല്പനികമായ ഗൃഹാതുരതയല്ല. കവിതയുടെ സമ്പൂർണ്ണ സ്വകാര്യവത്കരണമെന്ന വസ്‌തുതയെ തിരിച്ചറിയുകയാണ്.
ദൃശ്യ-പത്ര മാധ്യമങ്ങളുടെ വിപണനതന്ത്രങ്ങളിൽ, കവി താരവത്കരിക്കപ്പെടുന്നു. അയാൾ തൻ്റെ പഴയ കവിതയുടെ പുതിയ അനുകരണങ്ങളെഴുതുകയും സ്വന്തം ജീവിതാനുഭവങ്ങൾ (?) സ്ഥിരം കോളങ്ങളിലൂടെ ആഖ്യാനം ചെയ്‌ത് ജനപ്രിയ കഥാപാത്രമായിത്തീരുവാനും ശ്രമിക്കുന്നു. കവിതയ്ക്കു ‘പുറത്തുള്ള’ ഈ വ്യവഹാരങ്ങളെ കണക്കിലെടുക്കേണ്ടതില്ലെന്ന നിർബന്ധത്തിലാണ് നമ്മുടെ കാവ്യവിമർശനം. കവിത, മറ്റു വ്യവഹാരങ്ങളിൽനിന്നും സംരക്ഷിക്കേണ്ട പാവനതയാണെന്ന് ഇന്നും വിമർശനം വിശ്വസിക്കുന്നു. ഈ വസ്തുതകളുടെ പശ്ചാത്തലത്തിൽ, തൊണ്ണൂറ്റിയേഴിലെ ചില കവിതകളുടെ വായനയിലൂടെ കവിതയുടെ സാംസ്കാ രിക രാഷ്ട്രീയത്തെ വിശകലനം ചെയ്യുകയാണ്. തീർച്ചയായും, ഇത് ഏറ്റവും ‘മികച്ച’ കവിതകളുടെ തിരഞ്ഞെടുപ്പല്ല. തൊണ്ണൂറ്റിയേഴിലെ ഏറ്റവും ശ്രദ്ധേയമായ കവിതകളെ പരാമർശിക്കാനുള്ള ശ്രമവുമല്ല.
തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ