DCBOOKS
Malayalam News Literature Website

എഴുത്തച്ഛന്‍ എന്ന കവിതാതത്ത്വസമസ്യ

പി.കെ.ബാലകൃഷ്ണന്‍ രചിച്ച ‘എഴുത്തച്ഛന്റെ കല:ചില വ്യാസഭാരത പഠനങ്ങളും’ എന്ന പുസ്തകത്തില്‍ നിന്നും

പിന്നെയുപദേശവാക്കുമുരചെയ്താള്‍
അഗ്രജന്‍തന്നെ പരിചരിച്ചെപ്പൊഴു-
മഗ്രേ നടന്നുകൊള്ളേണം പിരിയാതെ
രാമനെ നിത്യം ദശരഥനെന്നുള്ളി-
ലാമോദമോടു നിരൂപിച്ചുകൊള്ളണം
എന്നെ ജനകാത്മജ,യെന്നുറച്ചുകൊള്‍
പിന്നെയയോദ്ധ്യയെന്നോര്‍ത്തീടടവിയെ
മായാവിഹീനമീവണ്ണമുറപ്പിച്ചു
പോയാലുമെങ്കില്‍ സുഖമായ് വരികതേ.’

രിഞ്ഞ അക്ഷരങ്ങളുള്ള ഭാഗം പൂര്‍ണ്ണമായും വാല്മീകിയുടേതാണെന്ന കാര്യം സ്പഷ്ടമാണെങ്കിലും എഴുത്തച്ഛന്റെ ആ വരികള്‍ നൈസര്‍ ഗ്ഗികസൃഷ്ടിയുടെ ജീവന്‍ സ്പന്ദിക്കുന്നവയാണെന്നും ആഖ്യാനപ്രവാഹഗതിയില്‍ അവ സ്വയമവിടെ സ്ഥാനം സ്വീകരിച്ചതാണെന്നും മൂലവും മൂലത്തെ അതിശയിക്കുന്ന പരിഭാഷയും സാമാന്യരീതിയിലുള്ള അനുകരണവും ഇവിടെ സംഗതമേയല്ലെന്നും വേണമെങ്കില്‍ കാണാവുന്നതേയുള്ളൂ. ഈ Textഒരുദാഹരണം മാത്രമല്ല, അനുകരണമാതൃകകളായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ള എല്ലാ ഭാഗങ്ങളും അതതിന്റെ സമഗ്ര സന്ദര്‍ഭത്തില്‍വച്ച് പരിശോധിച്ചാല്‍ അവയെല്ലാം അനുകര്‍ത്താവിന്റെ അനുകരണഭ്രമത്തിലേക്കല്ല, അയാളിലെ അത്ഭുതവിചിത്രമായ പ്രജ്ഞയുടെ ഘടനയിലേക്കാണ് വിരല്‍ ചൂണ്ടുക.

എഴുത്തച്ഛനില്‍ സുലഭമായുള്ള ഇത്തരം അനുകരണങ്ങള്‍ മറ്റൊരു രീതിയില്‍ക്കൂടി എഴുത്തച്ഛന്റെ കവനസിദ്ധിയിന്മേല്‍ വെളിച്ചം വീഴ്ത്തുന്നവയാണ്. തന്റെ കാലത്ത് രംഗപ്രയോഗത്തിലുണ്ടായിരുന്ന ‘തോമസ് കിഡ്ഡി’ ന്റേതുള്‍പ്പെടെയുള്ള ‘ഹാംലറ്റ്’ നാടകങ്ങളെ അനുകരിക്കുകയാണ് ഷേക്‌സ് പിയര്‍ ചെയ്തതെന്നും പ്രധാനപ്പെട്ട ഭാഷണങ്ങള്‍വരെ അവയുടെ ബീജമുള്‍ക്കൊള്ളുന്നവയാണെന്നുമുള്ള വസ്തുത വിഖ്യാതമാണല്ലോ. പക്ഷേ, ഷേക്‌സ്പിയറുടെ ‘ഹാംലറ്റ്’ വിശ്വസാഹിത്യത്തിന്റെ ഏറ്റവും വിലപ്പെട്ട നിത്യസമ്പത്താണെന്നുള്ള അറിവിന്റെ ഒരംശം മാത്രമാണത്. മൗലികമഹാപ്രതിഭകളെ സംബന്ധിച്ചിടത്തോളം അനുകരണവും അനുകരിക്കുന്നതിലുള്ള അപകടഭീതിയും പ്രശ്‌നമേയല്ലെന്നുള്ള സത്യമാണ് നാം ഇവിടെക്കാണുന്നത്. അനുകരിക്കുക എന്ന സാമാന്യകര്‍മ്മമല്ല അവര്‍ ചെയ്യുന്നതെന്നും അവരുടെ അനുകരണകര്‍മ്മം നിശ്ശേഷമായ ഒരു ഹനനകര്‍മ്മത്തിന്റെയും പുനര്‍ജന്മപരമായ സൃഷ്ടികര്‍മ്മത്തിന്റെയും ആകത്തുകയാണെന്നുമുള്ളതാണ് ‘ഹാംലറ്റ്’ ഉദാഹരിക്കുന്ന അപൂര്‍വ്വസത്യം. എഴുത്തച്ഛന്‍ കണ്ണശ്ശന്മാരെ അനുകരിക്കുന്നതുവഴി ആ കാവ്യഭാഗങ്ങളുടെ ഹനനക്രിയയാണ് നടത്തിയതെന്നും എഴുത്തച്ഛനിലൂടെ കൈവരിച്ച പുനര്‍ജന്മത്തിന്റെ ശോഭകൊണ്ടാണ് അവയിന്നും ജീവിക്കുന്നതെന്നും കാണാന്‍ മുമ്പേ ഞാനുദ്ധരിച്ച രാമന്‍ വില്ലൊടിച്ച ഭാഗവും സരസ്വതീപ്രാര്‍ത്ഥനാഭാഗവും പരിശോധിച്ചാല്‍ മാത്രം മതിയാവും.

രചനാകൗശലങ്ങളും നിരൂപണാത്മകമായ വിവേചനാശക്തിയും വലിയൊരളവില്‍ സിദ്ധിയുടെ ഭാഗമായുള്‍ക്കൊണ്ടവരാണ് വിശ്വമഹാകവികള്‍ എല്ലാവരുംതന്നെ. സിദ്ധിയുടെ സഹജഭാഗമായി ആന്തരിക നിര്‍മ്മിതികളായുണ്ടായിരുന്ന  വിമര്‍ശകബോധത്തിന്റെയും രചനാകൗശലബോധത്തിന്റെയും മാത്രം ബലത്തില്‍ പ്രവര്‍ത്തിച്ചവരും അക്കൂട്ടത്തില്‍ കാണാതെ വരില്ല. ഏതായാലും എഴുത്തച്ഛന്റെ കാര്യത്തില്‍ നാം കാണേണ്ടിവരുന്ന പരാധീനതയോ, മേന്മയോ ഈ സിദ്ധിയന്ത്രത്തിന്റെ സ്വകീയമായ പ്രവര്‍ത്തനത്തില്‍നിന്ന് സ്വയം ബഹിര്‍ഗമിച്ചവ മാത്രമാണ്, മഹിമകളും സൗഭാഗ്യങ്ങളും ഔചിത്യരാഹിത്യങ്ങളും അതിവാചാലതകളും യാതൊരു പുനഃപരിശോധനയും കൂടാതെ പകര്‍ന്നതാണ്, മലയാള മനസ്സിന്റെ ഭൂപ്രകൃതിയില്‍ കാലാവസ്ഥ ക്രമപ്പെടുത്തിക്കൊണ്ട് ഉയര്‍ന്നും നിരന്നും നില്‍ക്കുന്ന എഴുത്തച്ഛന്‍ എന്ന പര്‍വ്വതശൃംഖല.

എഴുത്തച്ഛന്റെ കവിതാപ്രവാഹവും അതിന്റെ തീരസ്ഥലികളായ യഥാസംഭവങ്ങളും തമ്മിലുള്ള വേഴ്ചയുടെ സ്വഭാവവും ജന്മപ്രകൃതിക്ക് മാറ്റംകൂടാതെ ആ പ്രവാഹം ഭാവാന്തരവൈവിദ്ധ്യങ്ങള്‍ കാഴ്ചവയ്ക്കുന്ന രീതിയും ഞാന്‍ മുമ്പ് സൂചിപ്പിച്ചു. ഇത്തരത്തില്‍ തീരങ്ങളായും അടിത്തട്ടായും കിടക്കുന്ന ‘അദ്ധ്യാത്മ’രാമായണ കഥയും വ്യാസഭാരത കഥകളും തമ്മിലുള്ള അന്തരത്തിന്റെ വലിപ്പംകൊണ്ടാവണം ഭീഷണഗംഭീരമായ ഭാവദൃശ്യങ്ങള്‍, അത്തരം ഭാവങ്ങളുടെ അനന്തര വൈവിദ്ധ്യങ്ങള്‍, ഭാരതം കിളിപ്പാട്ടില്‍ ഏറിനില്‍ക്കുന്നത്. ഹോമറുടെ ‘ഇലിയഡും’ വാല്മീകിയുടെ രാമായണവും ഉള്‍പ്പെടെയുള്ള ഇതിഹാസങ്ങളില്‍, ദൈവങ്ങള്‍ ഇടപെട്ട് യുദ്ധത്തിന്റെ ജയാപജയം നിര്‍ണ്ണയിക്കാത്തതും മരിച്ചവര്‍ മന്ത്രശക്തിയാല്‍ വീണ്ടും ജീവിച്ചു തുടര്‍ന്നു യുദ്ധം ചെയ്യാത്തതും ബലം കുറഞ്ഞവന് ചതികൊണ്ടല്ലാതെ ബലശാലിയെ കൊല്ലാനാവാത്തതുമായ യുദ്ധവിവരമുള്ളത് വ്യാസഭാരതത്തില്‍ മാത്രമാണെന്ന മൗലികവ്യത്യാസവും ഈ പ്രകൃതത്തില്‍ പ്രസക്തമാണ്. മറ്റൊരു മലയാളകവിക്കും എത്തിനോക്കാനാവാത്ത എഴുത്തച്ഛന്റെ മഹിമകള്‍ക്ക് ഉദാഹരണം നിരത്തിത്തുടങ്ങിയാല്‍ ഏറിയ കാവ്യഭാഗങ്ങളും പകര്‍ത്തിവയ്ക്കുക എന്ന മടയസാഹസികത്വത്തിലാവും നാം ചെന്നെത്തുക. ഒന്നും നിരത്താതിരുന്നാല്‍ ആലംബമറ്റ വെറും ഗിരിപ്രഭാഷണമായി ഇപ്പറയുന്നതൊക്കെ വിലകെടുകയും ചെയ്യും.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.