അക്ഷരങ്ങളേ നന്ദി
2022 ജൂലൈ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ചത്, പുനഃപ്രസിദ്ധീകരണം
അഭിമുഖം
എം.ടി. വാസുദേവന്‍ നായര്‍ / കെ.പി. മോഹനന്‍
അക്ഷരങ്ങള്‍കൊണ്ടാണ് ഞാന്‍ ഇന്ന് ജീവിക്കുന്നത്; ഞാനും എന്റെ കുടുംബവുമൊക്കെ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഏതു കൈവഴികള്‍ കടന്നിട്ടായാലും തിരിഞ്ഞുനോക്കുമ്പോള്‍ ഈ അക്ഷരങ്ങള്‍ കൈമുതലാക്കി യാത്ര ആരംഭിച്ച എനിക്ക്, ഒരു കുടുംബത്തെ പുലര്‍ത്താം, ഇടത്തരംസൗകര്യത്തോടുകൂടി ജീവിക്കാം. അതിന് അക്ഷരങ്ങളോട് നന്ദി. ഈ തൊഴിലാണ് എനിക്ക് പറ്റിയത് എന്നു തോന്നാന്‍ ഇടയായ നിമിഷമുണ്ടല്ലോ, ആ നിമിഷത്തിനോട് ഞാന്‍ നന്ദി പറയുന്നു. ആ നിമിഷം എന്റെ ജീവിതത്തിലെ വഴിത്തിരിവാണ്.
എം.ടി. വാസുദേവന്‍ നായര്‍ തന്റെ ഇരുപതുകളില്‍ത്തന്നെ സാഹിത്യത്തിന്റെ മുന്‍നിരയില്‍ ഇരിപ്പിടം നേടിയ എഴുത്തുകാരനാണ്. മികവുറ്റ ചെറുകഥകളും അത്രതന്നെ ശ്രദ്ധ നേടിയ നോവലുകളുമായി, കവിതയില്‍ ചങ്ങമ്പുഴയ്ക്കുണ്ടായിരുന്ന അത്രയും കീര്‍ത്തിയിലേയ്ക്ക് എം.ടി. സഞ്ചരിച്ചു. അടുത്ത വര്‍ഷം ജൂലൈയില്‍ അദ്ദേഹം നവതിയിലെത്തുകയാണ്! എം.ടിക്ക് എഴുപതുവയസ്സു തികഞ്ഞ സന്ദര്‍ഭത്തില്‍ (2003), ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്ററായിരുന്ന കെ.പി. മോഹനന്‍ നടത്തിയ അഭിമുഖ സംഭാഷണമാണിത്. ഈ സംഭാഷണം ആദ്യമായി അച്ചക്കപ്പെടുകയാണ്. സര്‍ഗ്ഗപ്രക്രിയയെ തന്റെ ആന്തരികലോകമായി സൂക്ഷിക്കാറുള്ള എം.ടി ഈ അഭിമുഖത്തില്‍ കുറെയധികം മനസ്സ് തുറക്കുന്നു.
കെ.പി.മോഹനന്‍: നീണ്ട എഴുപതുവര്‍ഷങ്ങള്‍ ജീവിതത്തിന്റെയും സാഹിത്യത്തിന്റെയും സിനിമയുടെയും സമഗ്രതയിലൂടെ താങ്കള്‍ സഞ്ചരിച്ചു. ഈ ഘട്ടത്തില്‍ എന്താണു പറയാനുള്ളത്?
എം.ടി. വാസുദേവന്‍ നായര്‍: എഴുപതുവര്‍ഷം ജീവിതത്തിന്റെ ഒരു നിര്‍ണ്ണായകമായ ഘട്ടമാണ്, നമ്മുടെ നാട്ടില്‍. പുറത്തൊന്നും അങ്ങനെയില്ല. പുറത്ത് അറുപത്, എഴുപത് ഇതൊന്നും ജൂലൈ ആചരിക്കുകയോ ആഘോഷിക്കുകയോ ചെയ്യാറില്ല. ഇതൊരു പ്രകൃതിനിയമമാണ്. വര്‍ഷങ്ങള്‍ കടന്നുപോകും. ഋതുഭേദങ്ങള്‍ സംഭവിക്കുന്നതുപോലെത്തന്നെ വര്‍ഷങ്ങള്‍ കടന്നുപോകും. വാര്‍ധക്യം കടന്നുവരും. വാര്‍ധക്യത്തിന്റെ പിറകില്‍ എവിടെയോ ഒരു ചെറിയ മന്ദഹാസത്തോടെ മരണത്തിന്റെ നിഴല്‍പ്പാട് പതുങ്ങിയിരിക്കുന്നുണ്ടാവും. അതില്‍ ആവലാതിപ്പെടാനൊന്നും ഇല്ല.
തിരിഞ്ഞുനോക്കുമ്പോള്‍ മനസ്സിലാവുന്നത്, തെറ്റുകള്‍ പറ്റിയിട്ടുണ്ട്, കുറ്റങ്ങള്‍ പറ്റിയിട്ടുണ്ട്, നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്, ശകാരങ്ങള്‍ കിട്ടിയിട്ടുണ്ട്. പക്ഷേ, ഓരോ ജീവിതവും വ്യത്യസ്തമാകുന്നത് ഇതുകൊണ്ടൊക്കെത്തന്നെയാണ്. കൃത്യമായ വഴിയിലൂടെ, രേഖയിലൂടെ, മനുഷ്യജീവിതം ഒരിക്കലും സഞ്ചരിക്കുകയില്ല. പണ്ട് എഴുതിയ കഥ ഇപ്പോള്‍ വായിച്ചുനോക്കി അതു ശരിയായില്ല എന്നു തോന്നുന്നുണ്ടെങ്കില്‍ അടുത്ത പതിപ്പില്‍ തിരുത്താം, ചിത്രം വരയ്ക്കുന്ന ഒരാള്‍ക്കും വേണമെങ്കില്‍ തിരുത്താം. പക്ഷേ, ജീവിതം നമുക്ക് തിരുത്താന്‍ കഴിയില്ലല്ലോ. കടന്നുപോയതൊക്കെ കടന്നുപോയി. പക്ഷേ, എനിക്കൊരു ആത്മസംതൃപ്തിയെന്തെന്നുവച്ചാല്‍, ഞാന്‍ വളരെ പ്രാകൃതം എന്നു വിശേഷിപ്പിക്കാവുന്ന ഒരു ഗ്രാമത്തില്‍ ജനിച്ചു. അവിടെ കുട്ടികള്‍ അങ്ങനെ പഠിക്കാന്‍ പോകുന്ന സമ്പ്രദായംതന്നെയില്ല. സാഹിത്യത്തിന്റെ പാരമ്പര്യം തീരെയില്ല. കുട്ടികളുടെ ജോലി വയല്‍ വരമ്പിലൂടെ കന്നുകാലികളെ തെളിച്ച് പുഴയുടെ വക്കത്ത് എത്തിക്കുക. നെല്ലൊന്നും കടിക്കാന്‍ അവസരം കൊടുക്കാതെ വേഗത്തില്‍ എത്തിയാല്‍ അവന്‍ മിടുക്കന്‍ കുട്ടി, അവനെ നമുക്ക് കൃഷിപ്പണിക്കൊക്കെ ഇറക്കാം എന്നുള്ള മനഃസ്ഥിതിയുള്ള ഒരു ഗ്രാമത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. വളരെ ദൂരെയുള്ള സ്‌കൂളില്‍ പോയി പഠിക്കുന്നു. വളരെ ദൂരെയുള്ള സ്ഥലങ്ങളില്‍ നിന്നുപോലും വായിക്കാന്‍ വല്ല പുസ്തകവും തേടിപ്പിടിക്കുന്നു. വല്ലപ്പോഴും എന്റെ ജ്യേഷ്ഠന്മാര്‍ കൊണ്ടുവന്നു തരുന്ന ചില മാസികകള്‍ വായിക്കുന്നു. അങ്ങനെ എനിക്ക് സാഹിത്യത്തില്‍ താല്പര്യം തോന്നുന്നു. ആ താല്പര്യം നിരന്തരമായി വളര്‍ത്തിക്കൊണ്ടുവരാന്‍ എനിക്ക് സാധിച്ചു. എങ്ങനെയോ അങ്ങനെയൊരു ഭാഗ്യമുണ്ടായി. ആ അക്ഷരങ്ങളാണ് എന്റെ സമ്പത്ത്. ആ അക്ഷരങ്ങള്‍കൊണ്ടാണ് ഞാന്‍ ഇന്ന് ജീവിക്കുന്നത്; ഞാനും എന്റെ കുടുംബവുമൊക്കെ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഏതു കൈവഴികള്‍ കടന്നിട്ടായാലും തിരിഞ്ഞുനോക്കുമ്പോള്‍ ഈ അക്ഷരങ്ങള്‍ കൈമുതലാക്കി യാത്രആരംഭിച്ച എനിക്ക്, ഒരു കുടുംബത്തെ പുലര്‍ത്താം, ഇടത്തരം സൗകര്യത്തോടുകൂടി ജീവിക്കാം. അതിന് അക്ഷരങ്ങളോട് നന്ദി. ഈ തൊഴിലാണ് എനിക്ക് പറ്റിയത് എന്നു തോന്നാന്‍ ഇടയായ നിമിഷമുണ്ടല്ലോ, ആ നിമിഷത്തിനോട് ഞാന്‍ നന്ദി പറയുന്നു. ആ നിമിഷം എന്റെ ജീവിതത്തിലെ വഴിത്തിരിവാണ്.
പൂര്‍ണ്ണരൂപം വായിക്കാന്‍ സന്ദര്‍ശിക്കുക
Comments are closed.