DCBOOKS
Malayalam News Literature Website

ഇന്ത്യയുടെ ‘പൂജ്യം’ ഇല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയുടെ നിലനില്‍പ്പ് തന്നെ സംശയം : സി. രാജേന്ദ്രന്‍

ഇന്ത്യന്‍ ചരിത്രത്തിന്റെ ആദ്യ താളുകളില്‍ അടയാള പെടുത്തിയ കോഴിക്കോടില്‍ വീണ്ടും ചരിത്രം കഥ പറഞ്ഞു. സംസ്‌കൃതത്തില്‍ അഗാധ പാണ്ഡിത്യം നേടിയ ഓസ്‌ക്കാര്‍ പുജോള്‍ ശ്രീ ശങ്കരാചാര്യ സര്‍വകലശാലയിലെ ഫാക്കല്‍റ്റി ആയ സി. രാജേന്ദ്രനുമായി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിവസം ശനിയാഴ്ച്ച നാലാം വേദിയായ കഥയില്‍ നടന്ന ചര്‍ച്ച വ്യത്യസ്തമായി.

ഇന്ത്യ എന്ന രാജ്യം ചെറുപ്പമാണെങ്കിലും ഇന്ത്യ എന്ന സംസ്‌ക്കാരം ഏറെ പഴക്കം ചെന്ന ഒന്നാണ് എന്ന് പുജോള്‍ പറഞ്ഞു. ക്രിസ്തുവിന് 7 നൂറ്റാണ്ട് മുന്‍പ് തന്നെ ഭാഷാ വിജ്ഞാനത്തില്‍ ഇന്ത്യക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചു. ഇതില്‍ സംസ്‌കൃതത്തിന്റെ പങ്ക് വളരെ വലുതാണ്. സംസ്‌കൃതത്തിന്റെ ജനനം യൂറോപ്പിനാകെ പുതിയ ഉണര്‍വ് നല്‍കിയ ഒന്നാണ്. സത്യത്തില്‍ ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് യൂറോപ്പിയന്‍ ജനതക്ക് വേണ്ടത്ര അറിവ് ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ത്യയുടെ കരുത്ത് തന്നെ ഒരു കാലത്ത് അറിവും ആത്മീയതയും എല്ലാം ആയിരുന്നു എന്നദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിലേക്ക് മറ്റുള്ള ജനതകള്‍ എത്തുന്ന പോലെ തന്നെ, ക്രിസ്തുവിനും ഒരു നൂറ്റാണ്ട് മുന്‍പ് തന്നെ ഇന്ത്യന്‍ ജനത അലക്‌സാണ്ട്രിയയില്‍ അടക്കം എത്തിയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്രീക്ക് തത്വചിന്ത ഏത് തരത്തില്‍ ഇന്ത്യയെ സ്വാധീനിച്ചുവോ, അതുപോലെ തന്നെ ഇന്ത്യന്‍ തത്വ ചിന്തയുടെ സ്വാധീനം വലിയ അളവില്‍ ഗ്രീക്കില്‍ കാണാം എന്ന് സി. രാജേന്ദ്രന്‍ പറഞ്ഞു. ഇന്ത്യയുടെ ‘പൂജ്യം’ ഇല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയുടെ നിലനില്‍പ്പ് തന്നെ സംശയം ആകും എന്നും അദ്ദേഹം കൂടി ചേര്‍ത്തു. ഇന്ത്യന്‍ ഭാഷകള്‍ വലിയ തോതില്‍ പാശ്ചാത്യ ഭാഷയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇംഗ്ലീഷിലെ ഇഗ്‌നേറ്റഡ് എന്ന പദത്തിന് അഗ്‌നി എന്ന വാക്കുമായുള്ള സാമ്യത ഇതിന്റെ ഉദാഹരണം ആണ്. സംസ്‌കൃതം ഇന്ന് ചെറിയ ശതമാനം മാത്രം പഠിക്കുന്ന ഒന്നാണ്. എന്നാല്‍ അത് ലോകം മുഴുവന്‍ പരന്നു കിടക്കുന്നു. പുജോള്‍ പറഞ്ഞു. ഭാഷോത്പതിയെ പറ്റിയുള്ള ഇഴ കീറിയ പരിശോധന നടന്ന ചര്‍ച്ച ആസ്വാദക മനസില്‍ തങ്ങി നില്‍ക്കുന്ന ഒന്നായി.

Comments are closed.