ജീവിതത്തിന്റെ രണ്ടറ്റങ്ങളും കണ്ട ഒരാളുടെ ആത്മകഥ
ആഗസ്റ്റ് 1- കെ എം മാത്യു ഓര്‍മ്മദിനം
കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ തന്റേതായ സംഭാവനകള്‍ നല്‍കി, മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ച കെ.എം.മാത്യു വിടവാങ്ങിയിട്ട് 14 വർഷം. മാധ്യമമേഖലയിലും പുറത്തും നടത്തിയ അമൂല്യമായ സേവനംകൊണ്ട് സര്‍വരുടെയും സ്‌നേഹാദരങ്ങള്‍ നേടിയ സമുന്നതവ്യക്തിത്വമായിരുന്നു കെ.എം. മാത്യുവിന്റേത്. മലയാള മനോരമയുടെ മുന്‍ പത്രാധിപരായിരുന്ന കെ.എം മാത്യുവിന്റെ ആത്മകഥയാണ് എട്ടാമത്തെ മോതിരം. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ ആത്മകഥ എന്നതിനേക്കാള്‍ മനോരമ കുടുംബത്തിന്റെ കഥയാണ് ഈ പുസ്തകം എന്നു പറയുന്നതാവും നല്ലത്.
സ്വാതന്ത്ര്യത്തിനു മുമ്പുള്ള അരനൂറ്റാണ്ട് മലയാള മനോരമയെ നയിച്ച പത്രാധിപരായിരുന്നു കെ.എം മാത്യുവിന്റെ പിതാവ് കെ.സി. മാമ്മന്‍ മാപ്പിള. ഭാര്യ മാമ്മി മരിച്ചപ്പോള്‍ അവരുടെ സ്വര്‍ണാഭരണങ്ങള്‍ ഉരുക്കി ഒന്‍പതു മോതിരങ്ങളുണ്ടാക്കി മക്കള്‍ക്കു വീതിച്ചു കൊടുത്തു. ആ മോതിരം ധരിക്കുമ്പോള്‍ എടുക്കേണ്ട പ്രതിജ്ഞാ വാചകവും അപ്പന്‍ സ്വന്തം കൈപ്പടയില്‍ എഴുതിക്കൊടുത്തു. എപ്പോഴും, പ്രത്യേകിച്ച് പ്രയാസവും പ്രലോഭനവും നേരിടുമ്പോള്‍, ദൈവ സന്നിധിയില്‍ വിശ്രമിക്കുന്ന അമ്മയ്ക്ക് സന്തോഷമുണ്ടാക്കുന്ന രീതിയില്‍ പെരുമാറുവാന്‍ വേണ്ട ദൈവികസഹായത്തിനും മാര്‍ഗദര്‍ശനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നാണ് ആ പ്രതിജ്ഞയുടെ സാരാംശം. മക്കളില്‍ എട്ടാമനു കിട്ടി എട്ടാമത്തെ മോതിരം. ആ മോതിരം ആദ്യം ധരിച്ചപ്പോള്‍ മോതിരവിരലില്‍ ഒരു കാവല്‍ മാലാഖയുണ്ടെന്നു തോന്നിയതായി കെ.എം. മാത്യു പറയുന്നു. സുദീര്‍ഘമായ തന്റെ ആത്മകഥയ്ക്കും അദ്ദേഹം പേരു നല്‍കി. എട്ടാമത്തെ മോതിരം.
കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ-മാധ്യമ ചരിത്രത്തില്‍ നിര്‍ണ്ണായകസ്ഥാനം വഹിക്കുന്ന മനോരമ പത്രത്തെ കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും അദ്ദേഹം ദീര്‍ഘമായി തന്നെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. സര്‍ സി.പിയെന്ന ഏകാധിപതിയുടെ കീഴില്‍ അടിച്ചമര്‍ത്തപ്പെടേണ്ടതല്ല പത്രസ്വാതന്ത്ര്യമെന്ന തിരിച്ചറിവില്‍ നിന്നാണ് മലയാള മനോരമ പത്രം ഉയര്‍ത്തെഴുന്നേല്‍ക്കുന്നത്. പിന്നീടുണ്ടായത് ചരിത്രം.
സമ്പന്നതയും അതേ ആഴത്തില്‍ ദാരിദ്ര്യവും ഒരു ജീവിതത്തിന്റെ മുഴുവന്‍ മധുരവും കയ്പും വ്യക്തിജീവിതത്തില്‍ അനുഭവിച്ചതാകാം കെ.എം മാത്യു എന്ന വ്യക്തിവൈഭവത്തെ ഇത്രമേല്‍ ബലവാനാക്കിയത്. എളിമയും വിനയവും ആത്മാര്‍ത്ഥതയും ഒപ്പം ഇച്ഛാശക്തിയും കൊണ്ട് നേടിയെടുത്ത ജീവിതവും പത്രസ്ഥാപനവും ഉയരങ്ങളെത്തി നില്‍ക്കുമ്പോഴുള്ള ചാരിതാര്‍ത്ഥ്യവും സന്തോഷവും ആ വാക്കുകളില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്നു.
Comments are closed.