ഒരു മനുഷ്യൻ പൊരുതിമുന്നേറിയ കഥ
ജാതീയമായ അടിച്ചമര്‍ത്തലുകളെ എതിരിട്ടുകൊണ്ട് ഇന്ത്യയിലെ പ്രമുഖ സാമ്പത്തികവിദഗ്ധനായ എം. കുഞ്ഞാമന്‍ നടത്തിയ ജീവിതസമരങ്ങളുടെ ഓര്‍മ്മകളാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകം ‘എതിര്’. പുസ്തകം ഇ-ബുക്കായി ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.
പുസ്തകത്തിന് കെ. വേണു എഴുതിയ അവതാരിക വായിക്കാം
ഡോ.എം. കുഞ്ഞാമന്റെ ഈ അതിജീവനക്കുറിപ്പുകള്‍ താന്‍ നേരിട്ട ഭീകരമായ പ്രതികൂല സാഹചര്യങ്ങളോട് നിരന്തരം പൊരുതി ഉയര്‍ന്നു വന്നതിന്റെയും അതോടുബന്ധപ്പെട്ട് നടത്തിക്കൊണ്ടിരുന്ന സ്വതന്ത്രമായ ബൗദ്ധികാന്വേഷണങ്ങളുടെയും ഒരു ക്രോഡീകരണമാണ്. പരാജയപ്പെട്ട, വ്യവസ്ഥിതിയില്‍ നിസ്സഹായനാക്കപ്പെട്ട ഒരാളുടെ വിചാരങ്ങളാണ് ഈ കുറിപ്പുകളിലുള്ളതെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും നേരെ തിരിച്ചുള്ള അനുഭവമാണ് ഇതുവായിച്ചപ്പോള്‍ എനിക്കുണ്ടായത്. ഒരു ദളിതന്റെ അങ്ങേയറ്റം പരിതാപകരമായ ഭൗതികസാഹചര്യങ്ങളോട് പൊരുതിക്കൊണ്ട് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ മുഴുവന്‍ നിയന്ത്രിക്കുന്ന യു.ജി.സി.യുടെ ഉന്നതാധികാര സമിതിയിൽ ദീർഘകാലം പ്രവര്‍ത്തിക്കുന്നിടംവരെ അദ്ദേഹം എത്തുകയുണ്ടായി. പൊരുതി വിജയിച്ചതിന്റെയും മുന്നേറിയതിന്റെയും കഥയാണിത്. അതുകൊണ്ടുതന്നെ അസാധാരണമായ പ്രതികൂലാവസ്ഥകളെ നേരിട്ടുകൊണ്ട് മുന്നേറാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ കുറിപ്പുകള്‍ പ്രചോദനമാവുകയും ചെയ്യും.
സാധാരണഗതിയില്‍ കടുത്ത ദാരിദ്ര്യത്തെയും മറ്റു പ്രതികൂലാവസ്ഥകളെയും അഭിമുഖീകരിച്ചുകൊണ്ട് ഉയര്‍ന്നു വന്നിട്ടുള്ളവര്‍ അധികപക്ഷവും തങ്ങളുടെ ഭൂതകാല പീഡിതാവസ്ഥകള്‍ മൂടിവെക്കുകയാണ് പതിവ്. പഴയ അനുഭവങ്ങള്‍ തങ്ങളുടെ പുതിയ പദവികള്‍ക്ക് അപമാനമായി ഭവിക്കും എന്നറിയാവുന്നതുകൊണ്ടാണ് ഇത്തരം ഒളിച്ചുകളികള്‍. എന്നാല്‍ ഇവിടെ ഈ അതിജീവനക്കുറിപ്പുകളിൽ ചെയ്തിട്ടുള്ളത് തന്റെ തീക്ഷ്ണമായ പീഢനുഭവങ്ങളെ തികഞ്ഞ സത്യസന്ധതയോടെ അവതരിപ്പിക്കുകയാണ്. സാധാരണക്കാര്‍ക്ക് കഴിയാത്ത രീതിയിലുള്ള സാമൂഹ്യപ്രതിബദ്ധതയാണ് ഇവിടെ ദൃശ്യമാവുന്നത്.
തന്റെ ജീവിതത്തിലെ വഴിത്തിരിവായ ഒരു സംഭവത്തെക്കുറിച്ച് കുഞ്ഞാമന്‍ പറയുന്നുണ്ട്. കുട്ടികള്‍ക്ക് ഭയവും ബഹുമാനവും ഉണ്ടായിരുന്ന, നാട്ടിലെ പ്രമാണി കൂടിയായിരുന്ന മൂന്നാംക്ലാസിലെ ഒരധ്യാപകന്‍ കുഞ്ഞാമനെ പേര് വിളിക്കില്ല, പാണന്‍ എന്നേ വിളിക്കൂ. ഒരു ദിവസം സഹികെട്ട ആ മൂന്നാം ക്ലാസുകാരന്‍ ‘സാര്‍ എന്നെ ജാതിപ്പേര് വിളിക്കരുത് കുഞ്ഞാമന്‍ എന്ന് വിളിക്കണം’ എന്ന് പറഞ്ഞു. ‘എന്താടാ ജാതിപ്പേര് വിളിച്ചാല്‍’ എന്ന് ചോദിച്ചുകൊണ്ട് ആ പ്രമാണി ആ വിദ്യാര്‍ഥിയുടെ ചെകിട്ടത്ത് ആഞ്ഞടിക്കുകയും ചെയ്തു. അയാള്‍ പുസ്തകം എവിടെടാ എന്ന് ചോദിച്ചതിനു ഇല്ലെന്നു മറുപടി പറഞ്ഞപ്പോള്‍ കഞ്ഞി കുടിക്കാനാണ് വന്നത് പഠിക്കാനല്ല എന്നായി അയാളുടെ പരിഹാസം. അതോടെ കുഞ്ഞാമന്‍ സ്കൂളില്‍ നിന്നുള്ള കഞ്ഞികുടി നിര്‍ത്തുകയും പഠിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അതൊരു സാധാരണ തീരുമാനമായിരുന്നില്ല. കുഞ്ഞാമന്റെ പില്‍ക്കാല ജീവിതത്തെ മുഴുവന്‍ മാറ്റി മറിച്ച ദൃഢനിശ്ചയമായിരുന്നു അത്. കുഞ്ഞാമന്റെ അസാമാന്യമായ ബൗദ്ധിക വളര്‍ച്ചക്ക് പിന്നില്‍ ആ ദൃഢനിശ്ചയം വലിയൊരു പങ്കു വഹിച്ചിട്ടുണ്ടെന്ന് കാണാം.
തന്റെ സമൂഹം തനിക്കു തന്നത് ദാരിദ്ര്യം, ഭയം, അപകര്‍ഷതാബോധം,ആത്മവിശ്വാസമില്ലായ്മ, ധൈര്യമില്ലായ്മ എന്നിവയാണെന്ന് ആവര്‍ത്തിക്കുന്നഗ്രന്ഥകാരന്‍ ഉയര്‍ന്ന ആത്മവിശ്വാസവും ധൈര്യവും പ്രകടിപ്പിക്കുന്ന അനവധി സന്ദര്‍ഭങ്ങള്‍ ഈ അതിജീവനക്കുറിപ്പുകളില്‍ തന്നെ കാണാം.
സാമ്പത്തികശാസ്ത്രത്തില്‍ എം.എ.ക്ക് ഒന്നാം റാങ്ക് നേടിയ ശേഷം രണ്ടുവര്‍ഷം തൊഴിലിനു വേണ്ടി അലഞ്ഞുതിരിഞ്ഞതിനു ശേഷമാണ് തിരുവനന്തപുരത്തെ സി.ഡി.എസില്‍ എം.ഫിലിനു ചേരുന്നത്. സി. ഡി.എസ്.മേധാവിയായിരുന്ന ഡോ.കെ.എന്‍.രാജുമായിട്ടുള്ള ഒരു സംഭാഷണം അവസാനിക്കുന്നത് ഇങ്ങിനെയാണ്.
‘താങ്കള്‍ എന്റെ സ്ഥാനത്തു ആയിരുന്നുവെങ്കില്‍ സ്കൂള്‍ ഫൈനല്‍ പരീക്ഷ പാസാകില്ലായിരുന്നു. ഞാന്‍ താങ്കളുടെ സ്ഥാനത്ത് ആയിരുന്നുവെങ്കില്‍ ഒരു നോബല്‍ സമ്മാന ജേതാവായേനെ. ഈ വ്യത്യാസം നമ്മള്‍ തമ്മിലുണ്ട്.’ ഇത് രാജിനെ ചൊടിപ്പിച്ചു എന്നും അത് തനിക്കു പ്രശ്നമായിരുന്നില്ലെന്നും കുഞ്ഞാമന്‍ കൂട്ടി ചേര്‍ക്കുന്നുണ്ട്.
ഉയര്‍ന്ന ആത്മവിശ്വാസവും തികഞ്ഞ കൂസലില്ലായ്മയും ഉള്ള ഒരാള്‍ക്ക് മാത്രമേ ഡോ.രാജിനെപ്പോലുള്ള ഒരു അതികായനോട് ഇങ്ങിനെ പ്രതികരിക്കാന്‍ കഴിയൂ. സമാനസ്വഭാവമുള്ള സംഭവങ്ങള്‍ ഏറെയുണ്ട്. ജീവിതത്തില്‍ ഉടനീളം അനേകം പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിട്ട സ്വന്തം അനുഭവങ്ങൾ വിവരിക്കുമ്പോള്‍ തന്നെ താന്‍ ആത്മവിശ്വാസമില്ലാത്ത ആളാണെന്നു ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന കാര്യമല്ല ഇത്.
ചരിത്രപരവും സാമൂഹ്യവുമായ കാരണങ്ങള്‍ കൊണ്ട് ദളിത് സമൂഹത്തിലെ ജനവിഭാഗങ്ങള്‍ അടിമമനോഭാവം പുലര്‍ത്തുന്നതായി ഡോ. അംബേദ്കര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആ മനോഘടനയില്‍ നിന്ന് അവര്‍ക്കു എളുപ്പത്തില്‍ മോചനം നേടാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ദളിത് സമൂഹത്തിലെ ഓരോ വ്യക്തിയും സ്വന്തം ആത്മാഭിമാനം വീണ്ടെടുത്തുകൊണ്ട് പൊതുസമൂഹത്തിനൊപ്പമെത്താന്‍ കഴിവുള്ളവരാകുന്നതിനെക്കുറിച്ചാണ് ഡോ.അംബേദ്‌കര്‍ ചിന്തിക്കുകയും അന്വേഷിക്കുകയും ചെയ്തിട്ടുള്ളത്. കുഞ്ഞാമന്റെ കാര്യത്തിലും ഈ വിഷയം ഏറെ ഗൗരവമുള്ളതാണ്. ഈ മനോഘടനയുടെ സങ്കീര്‍ണതകള്‍ ദളിതരല്ലാത്തവര്‍ക്ക് മനസ്സിലാവണമെന്നുമില്ല. ആ അവസ്ഥയുടെ തീക്ഷ്ണത അനുഭവത്തില്‍ തന്നെയേ ഉള്‍ക്കൊള്ളാനാവുകയുള്ളൂ.
ആഗോളവത്കരണവും അതിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ലിബറല്‍ നയങ്ങളും ഇന്ത്യയില്‍ ദളിത് സമൂഹത്തിനു ഗുണകരമായി തീരുകയായിരുന്നു എന്ന കുഞ്ഞാമന്റെ നിരീക്ഷണം ശ്രദ്ധേയമാണ്. ആഗോളവല്‍ക്കരണവും ലിബറല്‍ നയങ്ങളും ദളിതുകള്‍ക്ക് ഉപയോഗ പ്പെടുത്താന്‍ കഴിയും വിധം പുതിയ സാധ്യതകള്‍ സൃഷ്ടിക്കുന്നുണ്ട്. വര്‍ണജാതി വ്യവസ്ഥ സൃഷ്ടിച്ചുവെച്ചിട്ടുള്ള ഇടുങ്ങിയ ചട്ടക്കൂടുകളെ ഭേദിക്കാന്‍ ഇത്തരം പുതിയ സാധ്യതകള്‍ ദളിതർക്ക് സഹായകമാവുകയാണ് ചെയ്തിട്ടുള്ളത്.
സൈദ്ധാന്തിക സൂക്ഷ്മതയോടെ മനസ്സിലാക്കിക്കൊണ്ടാണോ ഗ്രന്ഥകാരന്‍ മാര്‍ക്‌സിസത്തെ അംഗീകരിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നതെന്ന് വ്യക്തമല്ല. തൊഴിലാളികളുടെയും മറ്റ് അദ്ധ്വാനിക്കുന്ന വിഭാഗങ്ങളുടെയും പക്ഷം പിടിക്കുന്ന സിദ്ധാന്തം എന്ന പരിഗണനയാണ് അതിനു നല്‍കിയിട്ടുള്ളതെന്നു കാണാം. എന്നാല്‍ ആഗോളതലത്തില്‍ കമ്മ്യൂണിസ്റ്റ്പരീക്ഷണങ്ങള്‍ തകർന്നതിനെക്കുറിച്ചുള്ള പരാമർശങ്ങളൊന്നും കാണാനുമില്ല. അതേസമയം കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് സംഭവിച്ചിട്ടുള്ള അപചയം ചര്‍ച്ച ചെയ്യപ്പെടുന്നുമുണ്ട്. സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ അധപതനം വരച്ചുകാട്ടുന്നുമുണ്ട്.
സമ്പത്തുള്ളവര്‍ക്ക് മാത്രമേ അധികാരവും പദവികളും നേടാനാകൂ എന്നൊരു നിലപാട് ഈ അതിജീവനക്കുറിപ്പുകളില്‍ നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് കാണാം. പൊതുവില്‍ ആ നിലപാട് ശരിയാണെങ്കിലും എത്രയോ അപവാദങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഡോ.അംബേദ്‌കറും അയ്യങ്കാളിയും തുടങ്ങി മര്‍ദ്ദിതജനവിഭാഗങ്ങള്‍ക്ക് വേണ്ടി പൊരുതി ഉയർന്നുവന്ന എത്രയോ ചരിത്രപുരുഷന്മാരുണ്ട്. സമ്പത്തൊന്നുമില്ലാതെ പോരാട്ടവീര്യം കൊണ്ടുമാത്രം ഉയര്‍ന്നുവന്നവരാണ് അവരെല്ലാം. ഈ ഗ്രന്ഥകര്‍ത്താവിന് അറിയാത്തതല്ല ഇതൊന്നും. സമ്പത്തില്ലാത്തതിന്റെ പേരില്‍ ചെറുപ്പകാലത്ത് തനിക്കുനേരിടേണ്ടി വന്ന ഭീകരാനുഭവങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് അപവാദങ്ങള്‍ക്കപ്പുറമുള്ള പൊതുതത്വം സ്ഥാപിച്ചെടുക്കാനാണ് ഗ്രന്ഥകര്‍ത്താവ് ശ്രമിക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. പക്ഷെ കുഞ്ഞാമന്റെ തന്നെ ഉയര്‍ച്ചക്ക് ആധാരം സമ്പത്തല്ല ബുദ്ധിശക്തി ആണെന്ന് വ്യക്തമാണല്ലോ. ജന്മനാ കുഞ്ഞാമന് ലഭിച്ച അസാമാന്യമായ ബുദ്ധിശക്തി തന്നെയാണ് അദ്ദേഹത്തെ വിജയങ്ങളിലേക്ക് നയിച്ചത്.
സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ചുള്ള അവ്യവസ്ഥിതമായ ഒരു ചര്‍ച്ചയുടെ രൂപത്തിലേക്ക് ഈ കൃതിയുടെ ഉള്ളടക്കം മാറുന്നുണ്ട്. ആശയങ്ങള്‍ കെട്ടുപിണഞ്ഞുകിടക്കുന്നത് കൊണ്ട് അവയെ വേര്‍തിരിച്ചെടുത്തു പരിശോധിക്കുക എളുപ്പമല്ല. അതുകൊണ്ടാണ് ഏതാനും വിഷയങ്ങള്‍ തിരഞ്ഞെടുത്ത് മുകളില്‍ അഭിപ്രായങ്ങള്‍ പറഞ്ഞത്.
ഈ അതിജീവനക്കുറിപ്പുകള്‍ അയത്നലളിതമായി വായിച്ചുപോകാന്‍ കഴിയുന്നു എന്നത് എടുത്തുപറയേണ്ട കാര്യമാണ്. ദളിത് സമൂഹത്തില്‍ പെട്ടവര്‍ക്ക് മാത്രമല്ല, ജീവിതത്തില്‍ പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്ന എല്ലാവര്‍ക്കും പ്രചോദനമേകാന്‍ ഈ പുസ്തകത്തിനു കഴിയുമെന്ന് നിസ്സംശയം പറയാം.
പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
കെ. വേണു
Comments are closed.