എന്നെ പാണൻ എന്നു വിളിക്കരുത്
ഡിസംബർ 3- എം കുഞ്ഞാമൻ ഓർമ്മദിനം
ജാതീയമായ അടിച്ചമര്‍ത്തലുകളെ എതിരിട്ടുകൊണ്ട് ഇന്ത്യയിലെ പ്രമുഖ സാമ്പത്തികവിദഗ്ധനായ എം. കുഞ്ഞാമന്‍ നടത്തിയ ജീവിതസമരങ്ങളുടെ ഓര്‍മ്മകളാണ് ‘എതിര്’.
പുസ്തകത്തില്‍ നിന്നും ഒരു ഭാഗം ഇതാ;
ഇരുട്ടുനിറഞ്ഞതായിരുന്നു കാലം. പേടി മാത്രം നൽകിയിരുന്ന സമുദായം. ജാതി പാണൻ. അച്ഛന്‍ അയ്യപ്പന്‍, അമ്മ ചെറോണ. അവർ നിരക്ഷരരായിരുന്നു. എച്ചിലെടുത്തും അത് തിന്നുമാണ് ജീവിതം. അച്ഛന്‍ കന്നുപൂട്ടാന്‍ പോകും. കടുത്ത ദാരിദ്ര്യവും അടിച്ചമർത്തപ്പെട്ട ജാതിയും. ഒന്നു മറ്റൊന്നിനെ ഊട്ടിവളര്‍ത്തി.
മലബാറില്‍ പട്ടാമ്പിക്കടുത്ത് വാടാനംകുറിശ്ശിയിലാണ് വീട്. വീടെന്ന് പറഞ്ഞുകൂടാ. ചാളയാണ്. ഒരു മണ്ണെണ്ണവിളക്കുണ്ട്. ഞാന്‍ പുസ്തകം വായിക്കാന്‍ തുടങ്ങുമ്പോള്‍ വിളക്ക് അമ്മ അടുക്കളയിലേക്കു കൊണ്ടുപോകും. അപ്പോൾ, എന്നിലേക്ക് ഇരുട്ട് അരിച്ചിറങ്ങാൻ തുടങ്ങും. ലോകം ഒരു ഇരുട്ടായി എന്നെ ചുറ്റിവരിയും.}
വയറുകാളാൻ തുടങ്ങുമ്പോൾ ജന്മിമാരുടെ വീടുകളിലേക്കുപോകും. അവിടെ കഞ്ഞി പാത്രത്തില്‍ തരില്ല. മുറ്റത്തുപോലുമല്ല, തൊടിയില്‍ മണ്ണുകുഴിച്ച്, ഇലയിട്ട് ഒഴിച്ചുതരും.
പതിന്നാലു വയസ്സുള്ളപ്പോഴാണ്, വീടിനടുത്തുള്ള ഒരു ജന്മിയുടെ വീട്ടില്‍ കഞ്ഞിക്കുചെന്നു. മണ്ണിൽ കുഴിച്ച് കഞ്ഞിയൊഴിച്ചുതന്നു. അവിടെ ഭയങ്കരനായ ഒരു പട്ടിയുണ്ടായിരുന്നു. എന്നോടൊപ്പം അവനോടും ചെന്ന് കുടിക്കാന്‍ പറഞ്ഞു വീട്ടുകാർ. കുഴിയുടെ അടുത്തേക്കു കുരച്ചെത്തിയ പട്ടി കഞ്ഞികുടിക്കാനുള്ള ആർത്തിയിൽ എന്നെ കടിച്ചുമാറ്റി.
തിരിഞ്ഞുനോക്കുമ്പോള്‍, ഒരു മനുഷ്യനും പട്ടിയും തമ്മിലുള്ള ബന്ധമായിരുന്നില്ല അത്, രണ്ടു പട്ടികളുമായുള്ള ബന്ധമായിരുന്നു. രണ്ടു പട്ടികള്‍ കഞ്ഞിക്കുവേണ്ടി മത്സരിക്കുന്നു. പട്ടി കടിച്ച മുറിവില്‍നിന്നു ചോര വന്നപ്പോള്‍ ദേഷ്യമല്ല തോന്നിയത്, എന്‍റെ അവസ്ഥയിലുണ്ടായിരുന്ന മറ്റൊരു ജീവി എന്ന അനുതാപംമാത്രം.
ഞങ്ങളുടെ സമുദായത്തിന്‍റെ ജോലി ഓലക്കുട ഉണ്ടാക്കലായിരുന്നു. ഉയര്‍ന്ന ജാതിക്കാരുടെ വീട്ടില്‍ സദ്യയോ അടിയന്തിരമോ ഉണ്ടാകുമ്പോള്‍ വാഴയില മുറിച്ചുകൊടുക്കുന്നത് ഞങ്ങളാണ്. സദ്യ കഴിഞ്ഞ എച്ചിലും ഞങ്ങളാണെടുക്കുക. ഞാനൊക്കെ എച്ചില്‍ വലിയ ആര്‍ത്തിയോടെയാണ് എടുക്കുക, കളയാനല്ല, കഴിക്കാൻ. ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത് ചില സഹപാഠികളുടെ വീട്ടിൽ സദ്യയുണ്ടാകും. അവർ കാൺകെ എച്ചിലിനായി മത്സരിക്കുന്നതും അത് ആർത്തിയോടെ കഴിക്കുന്നതും അപകർഷതാബോധമുണ്ടാക്കിയിരുന്നു. എങ്കിലും എല്ലാ ലജ്ജകളെയും ശമിപ്പിക്കുന്നതായിരുന്നു വിശപ്പിന്‍റെ കാളൽ. ആത്മാഭിമാനമല്ല, എന്തിനെയും ആ വേവൽ വെണ്ണീറാക്കുമായിരുന്നു.
പുസ്തകവും സ്ലേറ്റും ഷര്‍ട്ടുമില്ലാത്ത ഞാന്‍ സ്കൂളില്‍ പോയിരുന്നത് പഠിക്കാനല്ല, ഒരുമണിവരെയിരുന്നാല്‍ ചില ദിവസങ്ങളിൽ ഉച്ചയ്ക്ക് കഞ്ഞി കിട്ടും. അത് കുടിക്കാനായിരുന്നു. സ്കൂളിൽ പോകുമ്പോൾ ഒരു പിഞ്ഞാണം മാത്രമാണ് കൈയിലുണ്ടാകുക. അന്ന് ഹൈസ്കൂൾ ക്ലാസുകളിൽ ഉച്ചക്കഞ്ഞിയില്ല. നാട്ടിലെ ആരെങ്കിലും വിശേഷാവസരങ്ങളിൽ സ്കൂളിൽ കഞ്ഞി വിതരണം ചെയ്യും. ഞങ്ങൾ അതും കാത്തിരിക്കും. കഞ്ഞിയില്ലാത്ത ദിവസങ്ങളിൽ ഉച്ചയ്ക്ക് ഏട്ടൻ മാങ്ങ അരിഞ്ഞുകൊണ്ടുവരും. അത് തിന്ന് പച്ചവെള്ളവും കുടിച്ച് ക്ലാസിൽ പോയിരിക്കും.
എൽ.പി. വിദ്യാര്‍ത്ഥികൾക്ക് അന്ന് സർക്കാർവക ഉപ്പുമാവുണ്ട്. ഉപ്പുമാവുണ്ടാക്കുന്നത് ലക്ഷ്മിയേടത്തിയാണ്. അവർ ഒരു കടലാസുകഷണത്തിൽ ഉപ്പുമാവ് പൊതിഞ്ഞ് ഇറയത്ത് എനിക്കായി ഒളിച്ചുവെക്കും. ഞാനത് എടുത്തുകൊണ്ടുപോയി മൂത്രപ്പുരയിലിരുന്ന് കഴിക്കും. കാരണം, ഹൈസ്കൂൾ വിദ്യാര്‍ത്ഥിയായ ഞാൻ ഉപ്പുമാവ് കഴിക്കുന്നത് ആരെങ്കിലും കണ്ടാൽ, ലക്ഷ്മിയേടത്തിയുടെ പണി പോകും.
വാടാനംകുറിശ്ശിയിലെ സ്കൂളിനെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ആദ്യം ഓർമ വരുന്നത് അധ്യാപകരെയും ക്ലാസ്മുറികളെയുമല്ല, ലക്ഷ്മിയേടത്തിയെയാണ്. അവർ ഉപ്പുമാവ് തന്നില്ലായിരുന്നുവെങ്കിൽ എനിക്ക് ക്ലാസിലിരിക്കാൻ കഴിയുമായിരുന്നില്ല. എം.എയ്ക്ക് ഒന്നാം റാങ്ക് കിട്ടിയപ്പോൾ അവർ പറഞ്ഞു:
“എടാ, എന്‍റെ ഉപ്പുമാവ് തിന്നു പഠിച്ചിട്ടാണ് നിനക്കു റാങ്ക് കിട്ടിയത്.”
അതൊരു വലിയ യാഥാര്‍ത്ഥ്യമായിരുന്നു. ഭക്ഷണമായിരുന്നു അന്നത്തെ ഏറ്റവും പ്രധാന പ്രശ്നം. ഈയൊരു മാനസികാവസ്ഥയിൽനിന്നു കരകയറണമെങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യം വേണം. സാമ്പത്തിക പരാശ്രിതത്വമുള്ള ഒരാളെ സമൂഹത്തിന് പല നിലയ്ക്കും ബന്ധിക്കാൻ കഴിയും. നിരക്ഷരരായ, പട്ടിണി കിടക്കുന്ന അയ്യപ്പനും ചെറോണയും മകനെ സ്കൂളിലേക്കയച്ചത് ഭക്ഷണത്തിനുവേണ്ടിയായിരുന്നു. എനിക്കും അന്ന് ഭക്ഷണം തന്നെയായിരുന്നു വലിയ പ്രശ്നം.
Comments are closed.