മരണത്തില്‍ കഴുകിയെടുത്ത മുന്തിരിക്കുലകള്‍
”വീണപ്പോള്‍ താങ്ങിയ അപരിചിതന്‍
എന്നെക്കുറിച്ചുള്ള ശങ്ക തീര്‍ത്തുതന്നില്ലേ;”
ബുദ്ധന്‍ ചോദിക്കുന്നു.”
അന്ന് ക്യാരറ്റ് കിളച്ചെടുക്കാന്‍ കുട്ടയും പിക്കാസുമായി വന്ന കൃഷിക്കാരനോട് ക്യാരറ്റ് ചെടി പറഞ്ഞു: ‘എനിക്കിന്നല്പവും ഉന്മേഷമില്ല. മറ്റൊരു ദിവസമായാലോ?’
ഇക്കാലംവരെ മനുഷ്യരല്ലാതെ മറ്റാരും സംസാരിക്കുന്നത് കേട്ടിട്ടില്ലാത്ത കൃഷിക്കാരന്‍ വല്ലാതെ അമ്പരന്നു. അയാള്‍ തീറ്റാനായി കൊണ്ടുവന്ന് സമീപത്ത് കെട്ടിയിട്ട പശു ഇതെല്ലാം കണ്ട് പൊട്ടിച്ചിരിച്ചു.
അന്തം വിട്ട് ചുറ്റും നോക്കുന്ന കൃഷിക്കാരനോട്, സംസാരിച്ചത് ക്യാരറ്റ് ചെടിയാണെന്നും പൊട്ടിച്ചിരിച്ചത് പശുവാണെന്നും വളര്‍ത്തുനായ അറിയിച്ചു. തന്റെ വളര്‍ത്തുനായയുടെ വിശദീകരണം കൃഷിക്കാരനെ ഭ്രാന്ത് പിടിപ്പിച്ചു. താന്‍ തീറ്റിപ്പോറ്റുന്ന നായ തന്നെ പഠിപ്പിക്കുന്നോ? അതും തന്റെ ഭാഷയില്‍?
കുപിതനായ കൃഷിക്കാരന്‍ നായയെ അടിക്കാനായി തൊട്ടടുത്തു കണ്ട വേപ്പുമരത്തിന്റെ കൊമ്പൊടിച്ചു. ”വയ്ക്കവിടെ”, വേപ്പുമരം അയാളോട് ഉറച്ചസ്വരത്തില്‍ കല്പിച്ചു. ഭയത്തോടെ കൊമ്പ് താഴെയിടാന്‍ ഭാവിച്ചപ്പോള്‍ അടിയിലെ പാറ ”മെല്ലെ വയ്ക്ക്” എന്ന് മയമില്ലാത്ത ഭാഷയില്‍ പറഞ്ഞു. പേടിച്ചു വിറച്ച കൃഷിക്കാരന്‍ കൊമ്പുതാഴെയിട്ട്, ഓടി, നാടുവാഴിയെ സമീപിച്ച് സംഭവിച്ചതൊക്കെ പറഞ്ഞു. ”രാവിലെ വന്ന് ഭ്രാന്ത് പറയുന്നുവോ” എന്ന് നാടുവാഴി അയാളെപരിഹസിച്ചു. അപ്പോള്‍ നാടുവാഴിയിരിക്കുന്ന കസേര ഗൗരവത്തില്‍ (കസേരയുടെ ഗൗരവമായിരുന്നല്ലോ നാടുവാഴിയുടെ ഗൗരവം!) നാടുവാഴിയെ താക്കീത് ചെയ്തു, ”പരിഹസിക്കേണ്ട, അയാള്‍ പറഞ്ഞതൊന്നും നുണയല്ല.” കസേരയില്‍നിന്നും ചാടിയെണീറ്റ്, വെറുങ്ങലിച്ച് നിന്നു നാടുവാഴി. ഭാഷയില്‍ ഉറപ്പിച്ചതായിരുന്നു ഭൂമിയിലെ എല്ലാ അധികാരസ്ഥാപനങ്ങളും. അതാകട്ടെ ഇന്നോളം മനുഷ്യനു മാത്രം വഴങ്ങിയതും.
ചെകിളയും കുടലും കളഞ്ഞ് മീനിനെ ഭക്ഷണയോഗ്യമാക്കുന്ന പ്രവൃത്തിയെ ‘നന്നാക്കുക’ എന്നാണ് നാം പറയുക. മീനിന്റെ ഭാഗത്തു നിന്നൊന്നാലോചിക്കുക; എന്തൊരു നന്നാക്കല്‍! മനുഷ്യകേന്ദ്രീകൃതമായ ഭാഷ എപ്പോഴും അന്യജീവിജാലങ്ങളുടെ പക്ഷത്ത് നില്‍ക്കാറേയില്ല. മനുഷ്യന്റെ ബൈബിള്‍ പറയുന്നു: ആദിയില്‍ വചനമുണ്ടായി. വചനം ദൈവമായി. മനുഷ്യന്റെ പ്രതിച്ഛായയില്‍, മനുഷ്യന്‍ ദൈവത്തെ ഉണ്ടാക്കി. ആ ദൈവം മനുഷ്യന്റെ യജമാനനായിരുന്നില്ല, ദാസനായിരുന്നു വാസ്തവത്തില്‍. മനുഷ്യഭാഷ മാത്രമറിയുന്ന പാവം ദൈവം! അയാള്‍ അന്യജന്തുപീഡനങ്ങള്‍ക്കെല്ലാം കൂട്ടുനിന്നു. മരവും മാനും മയിലുമെല്ലാം അവന്റെ ഇച്ഛയ്ക്കനുസരിച്ച് മാത്രം നിലനിന്നു. തന്റെ വിശ്വാസികള്‍ക്കായി ആ ദൈവം നിരന്തരം ജോലി ചെയ്തു. വംശനാശം നേരിടുന്ന ഓരോ ജീവിയും ആ ദൈവം തങ്ങളുടെ ദൈവമേ അല്ലെന്ന് അറിയുന്നു, പറയുന്നു. ദൈവം ദൈവമേ അല്ല.
‘ഒന്നല്ലി നാമയി സഹോദരരല്ലി പൂവേ/ ഒന്നല്ലി കൈയിഹ രമിച്ചിതു നമ്മെയെല്ലാം’ എന്നു പറയുന്ന കുമാരനാശാന്‍ ദൈവസങ്കല്പത്തെ ഉയര്‍ത്തുകയാണ്; സകല ജീവജാലങ്ങളുടെയും ദൈവമായി ദൈവത്തെ ഉയര്‍ത്തുകയാണ്, തിരുത്തുകയാണ്. സന്ന്യാസിയായിരുന്ന സെയ്ന്റ് ഫ്രാന്‍സിസ് പക്ഷികളോടും ഇലകളോടും പുഴയോടും പുഴുവിനോടും സംസാരിച്ചു. പുഴയെയും പുഴുവിനെയും ചെടിയെയും അയാള്‍ സഹോദരാ എന്നു വിളിച്ചു. മനുഷ്യഭാഷ മനുഷ്യാവശ്യങ്ങളുടെ മാത്രം ഭാഷയായതിന്റെ ദുരന്തംകൂടിയാണ് പരിസ്ഥിതി ദുരന്തം. മനുഷ്യപുരോഗതി ഇതര ജീവജാലങ്ങളെക്കൂടി, നന്മയെക്കൂടി പ്രതിനിധീകരിക്കാ ത്തതിന്റെ ദുരന്തം. സാഞ്ചിയിലെയും സാരനാഥിലെയും ബുദ്ധസ്തൂപങ്ങളിലെ ആനന്ദം വഴിഞ്ഞൊഴുകുന്ന സസ്യമൃഗപക്ഷിജീവിതങ്ങളുടെ ചിത്രണം ഓര്‍ക്കുക. ‘ഭൂമിയിലെ ഇതര ജീവജാലങ്ങള്‍ക്കും ബോധോദയം ഉണ്ടാകുമ്പോഴേ എന്റെ ബോധോദയം പൂര്‍ണ്ണമാകൂ.’ ഭൂതോദയംകൂടിയായിരുന്നു ബോധോദയം. മനുഷ്യനു മാത്രമായി മോചനമില്ല.
മനുഷ്യന് മാത്രമായി പുരോഗതിയില്ലെന്നു പറയുകയാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തമുള്‍പ്പെടെയുള്ള എല്ലാ ദുരന്തങ്ങളും. കീടനാശിനികള്‍ വലിയ ഒരു കീടം മാത്രമായ മനുഷ്യനെ ബാധിച്ചു തുടങ്ങിയപ്പോഴാണ് മനുഷ്യകേന്ദ്രീകൃതമായ അന്ധമായ പുരോഗതിയുടെ ദുരന്തം നാമറിയുന്നത്.
‘ലൈഫ് ഓഫ് പൈ’യിലെ കടുവയുമൊത്തുള്ള അതിജീവനത്തിന്– ആ കടുവയില്ലെങ്കില്‍ അതിലെ നായകന്‍ അതിജീവിക്കുമായിരുന്നില്ല–ധ്വനികളേറെയുണ്ട്. ഈ ചലച്ചിത്രം കേരളത്തിലെ സിനിമാശാലകളില്‍ ഓടിക്കൊണ്ടിരിക്കുമ്പോഴാണ് വയനാട്ടില്‍ ഒരു പെണ്‍കടുവ പീഡിപ്പിക്കപ്പെട്ടത്. കാടിന്റെയും നാടിന്റെയും അതിരുകള്‍ മനുഷ്യനോളം സുവ്യക്തമല്ലാതിരുന്ന ആ കടുവ വിശന്നു വലഞ്ഞപ്പോഴാണ് ഇരയെത്തേടി നാട്ടിലിറങ്ങിയത്. ‘പുകച്ച് ചാടിച്ച് കൊല്ലുക’ എന്ന പഴയ തന്ത്രം കൂടുതല്‍ കാലമെടുത്ത് വിപുലമായി നടപ്പാക്കിയതിന്റെ ഫലം കൂടിയായിരുന്നു അത്. മൂന്നു മനുഷ്യരെയെങ്കിലും അപകടപ്പെടുത്തിയാലേ (‘കൊന്നാലേ’ എന്നു പറയരുത്. അതൊക്കെ മനുഷ്യന്റെ മാര്‍ഗ്ഗം) പുലി വധാര്‍ഹനാകൂ എന്ന നിയമത്തെ രണ്ടോ മൂന്നോ വളര്‍ത്തുമൃഗത്തെ കൊന്നാലും മതി എന്ന് തിരുത്തുകയും ചെയ്തു നാം. (ഈ ആരോപണം ചുമത്തി കൊല്ലാനാണെങ്കില്‍ ജീവിച്ചിരിക്കുന്ന മനുഷ്യരില്‍ തൊണ്ണൂറുശതമാനത്തിനും നേരേ വധശിക്ഷ ചുമത്താവുന്നതുമാണ്. മനുഷ്യലോകം ജീവലോകത്തിനുണ്ടാക്കിയ ഭയം എത്രത്തോളമായിരുന്നു എന്നതിന്റെ തെളിവായിരുന്നു മൂന്നു മയക്കുവെടി കൊണ്ടിട്ടും അത് മയങ്ങിയില്ല എന്നത്. പ്രാണഭയത്തിന്റെ ഉണര്‍വ്വായിരുന്നു അത്. താന്‍ ജീവിക്കുന്നത് തന്റെ ലോകത്തിലല്ല എന്ന തിരിച്ചറിവ് പകര്‍ന്ന ഭീകരമായ ഉണര്‍വ്വായിരുന്നു അത്. സ്വയം കൈവിട്ടുകൊണ്ടല്ലാതെ എങ്ങനെ ഉറങ്ങും ഈ മനുഷ്യര്‍ക്കിടയില്‍?
നാള്‍ക്കുനാള്‍ കുറയുന്ന സസ്യജീവജാലങ്ങളുടെ എണ്ണവും ഇല്ലാതാവുന്ന ജീവവൈവിദ്ധ്യവും വറ്റുന്ന പുഴകളും കുറയുന്ന മഴയും ജീവനോട് നാം തുടരുന്ന രാസയുദ്ധവും ‘ലൈഫ് ഓഫ് പൈ’യെ ഓര്‍മ്മിപ്പിക്കുന്ന അവിചാരിതമായ പ്രകൃതിക്ഷോഭങ്ങളും (അതിന്ന് നാം മനുഷ്യപ്പേരുകളിടുന്നു!) നമ്മളോടു പറയുന്നത് മനുഷ്യനുള്‍പ്പെടെയുള്ള ജീവലോകത്തിന്റെ നാശത്തെക്കുറിച്ചാണ് (വിനാശം സര്‍വ്വജീവ കേന്ദ്രീകൃതമാണ്; മനുഷ്യകേന്ദ്രീകൃതമല്ല). ഈച്ച വന്നിരിക്കാത്ത മുന്തിരിക്കുലകളും പുഴുക്കുത്തില്ലാത്ത ഇലകളും ഉറുമ്പ് കയറാത്ത പഴക്കടകളും ഭയപ്പെടുത്തുന്ന ഇടങ്ങളാണ്. എന്‍ഡോസള്‍ഫാന്‍ പോലുള്ള മാരകലായനികളില്‍ മുക്കിയെടുത്ത അഴകും വൃത്തിയുമാണ് നാം കാണുന്നതെല്ലാം. കിളികളും ശലഭങ്ങളുമില്ലാത്ത റെയ്ച്ചല്‍ കഴ്‌സന്റെ നഗരപ്രഭാതങ്ങളെ നമ്മുടെ ഗ്രാമങ്ങള്‍പോലും ബഹുദൂരം പിന്നിട്ടുകഴിഞ്ഞു.
കല്‍പ്പറ്റ നാരായണന്റെ ഏതിലയും മധുരിക്കുന്ന കാടുകളില്‍ എന്ന കൃതിയില്‍നിന്നും
Comments are closed.