ചിന്നക്കനാല്‍ ഇരട്ടക്കൊലപാതകം: അഞ്ചു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
മൂന്നാര്‍: ചിന്നക്കനാല്‍ ഇരട്ടക്കൊലപാതകക്കേസില്‍ അന്വേഷണ സംഘത്തിലെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കു സസ്‌പെന്‍ഷന്‍. പ്രതിയുടെ ചിത്രവും വിവരങ്ങളും മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാരോപിച്ചാണ് നടപടി. എസ്.പിയുടെ പ്രത്യേക സ്‌ക്വാഡിലെ അംഗങ്ങളായ എഎസ്‌ഐമാരായ ഉലഹന്നാന്‍,സജി എം.പോള്‍, ഡ്രൈവര്‍ അനീഷ്, സി.പി.ഒ ഓമനക്കുട്ടന്‍, ശാന്തന്‍പാറ സ്റ്റേഷനിലെ ഡ്രൈവര്‍ രമേഷ് എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്. രാജാക്കാട് എസ്.ഐ പി.ഡി.അനൂപ് മോനെതിരെ വകുപ്പുതലനടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. മാധ്യമങ്ങളില്‍ പ്രതിയോടൊപ്പം നില്‍ക്കുന്ന അന്വേഷണസംഘത്തിന്റെ ചിത്രങ്ങള്‍ വാട്‌സ് ആപ്പിലൂടെ നല്‍കിയെന്നാണ് ആരോപണം.
ചിന്നക്കനാല്‍ നടുപ്പാറയിലുള്ള റിസോര്‍ട്ട് ഉടമ കോട്ടയം മാങ്ങാനം കൊച്ചക്കല്‍ ജേക്കബ് വര്‍ഗ്ഗീസ്( രാജേഷ്- 40), ജേക്കബിന്റെ സഹായി പെരിയകനാല്‍ ടോപ് ഡിവിഷന്‍ എസ്റ്റേറ്റ് ലയത്തില്‍ മുത്തയ്യ (55) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ബോബിനെ അന്വേഷണസംഘം മധുരയിലെ ഒരു തീയറ്ററില്‍നിന്നാണ് പിടികൂടിയത്. പ്രതിയെ പിടികൂടിയ ശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിക്കൊപ്പം നിന്ന് ഫോട്ടോയെടുത്തു. ഈ ചിത്രം ഉന്നതോദ്യോഗസ്ഥരുടെ അനുമതിയില്ലാതെ മാധ്യമങ്ങള്‍ക്ക് നല്‍കിയതിനാണ് നടപടിയെടുത്തിരിക്കുന്നത്.
Comments are closed.