DCBOOKS
Malayalam News Literature Website

കാലദേശങ്ങളുടെ കഥ, മനുഷ്യരുടെയും

എന്‍.പി. ഹാഫിസ് മുഹമ്മദിന്റെ എസ്പതിനായിരം എന്ന കൃതിയെക്കുറിച്ച് സി.എസ് മീനാക്ഷി എഴുതിയ കുറിപ്പ്

ചില പുസ്തകങ്ങളങ്ങനെയാണ്. വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് മറ്റൊരു ജീവിതം തരുന്നവ. ഒരിക്കലും വായിച്ച് തീരല്ലേ എന്നു നിങ്ങളെക്കൊണ്ട് ആശിപ്പിക്കുന്നവ. ഉള്ളില്‍ ഓളം തല്ലുന്ന ഓര്‍മ്മകളുണര്‍ത്തുന്നവ. കുറേക്കാലം കൂടിയാണ് അങ്ങനെയൊരു നോവല്‍ വായിച്ചത്. എന്‍.പി. ഹാഫിസ് മുഹമ്മദിന്റെഎസ്പതിനായിരം‘ എത്ര വ്യത്യസ്തമായാണ് അറുപതുകളില്‍ മദ്ധ്യേ കേരളത്തില്‍ വളര്‍ന്ന ഒരു സവര്‍ണ്ണ ഹിന്ദു ബാലികയുടെയും മലബാറില്‍ വളര്‍ന്ന ഒരു മുസ്‌ലിം ബാലകന്റെയും കുട്ടിക്കാലാനുഭവങ്ങള്‍! എത്ര സമാനമാണ് ആ കുട്ടികളുടെ ആകാംക്ഷകള്‍! എത്ര സമാനമാണ് ആ കുട്ടികളുടെ ആകാംക്ഷകള്‍! ഉദ്വേഗങ്ങള്‍! ജിജ്ഞാസകള്‍! കൗതുകങ്ങള്‍! അപരിചിതമായ ഒരു അനുഭവഭൂമിയിലൂടെ കുട്ടിക്കാലത്തെ അതേ ആകാംക്ഷയോടെ, വിഹ്വലതയോടെ സഞ്ചരിക്കുകയായിരുന്നു ഞാന്‍ ഈ നോവല്‍ വായിക്കുമ്പോള്‍.

മാതൃദായകത്വം നിലവിലുള്ള കോഴിക്കോട് തെക്കേപ്പുറത്തെ പ്രത്യേകവിഭാഗം ‘മനുശ’ ന്മാരുടെ ജീവിതമാണ് ഇതില്‍ മിഴിവോടെ തെളിയുന്നത്. ചരിത്രകാരന്മാരുടെയും സാമൂഹ്യ ശാസ്ത്രജ്ഞന്മാരുടെയും സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയ വേറിട്ട ഒരു സംസ്‌കാരമാണ് ഇവിടുത്തേത്. അറുപതുകളിലെ കേരളം, വിശിഷ്യാ കോഴിക്കോട് എങ്ങനെയായിരുന്നു എന്ന ചരിത്രവും കൂടി പറഞ്ഞുവെക്കുന്ന ഒരു കൃതിയാണിത്. വിവിധതരം മനുഷ്യബന്ധങ്ങളുടെ ചൂടും ചൂരും ഈ രചനയില്‍ നിറഞ്ഞു നില്‍ക്കുന്നു. കൂട്ടുകാരുമായുള്ള സൗഹൃദം, ജ്യേഷ്ഠനുമായി ഇടയ്ക്കിടെ വഴക്കു കലര്‍ന്ന സ്‌നേഹം, ഉപ്പയോട് ആദരവോടെയുള്ള ഇഷ്ടം, കാമുകിയോടുള്ള പ്രണയം, എല്ലാറ്റിലുമധികം മുന്തിനില്‍ക്കുന്ന വെല്ലിമ്മായോടുള്ള ആരാധനയോടെയുള്ള കൂട്ട് ഇങ്ങനെ ബന്ധങ്ങളുടെ ശാദ്വലതയില്‍ മുറ്റി വളരുന്ന കഥാകാരന്റെ യൗവ്വനത്തിലേക്ക് കാലെടുത്തുവെക്കും വരെയുള്ള കൗമാരകാല ജീവിതവും അതുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ദേശചരിത്രവുമാണ് എസ് പതിനായിരം.

വെല്ലിമ്മ ആസിഫെന്നും കൂട്ടുകാരന്‍ കോയ ആഫീസെന്നും വിളിക്കുന്ന അങ്ങനെ എസ് പതിനായിരം പേരുകളുള്ള എന്‍.പി. ഹാഫിസ് മുഹമ്മദിന്റെ വളര്‍ച്ചയുടെ ഈ കഥയില്‍ പ്രസവവുമുണ്ട്, സുന്നത്ത് കല്യാണവും സാധാരണ കല്യാണവും അറബിക്കല്യാണവും ഉണ്ട്. രതിയും സ്വവര്‍ഗ്ഗരതിയുമുണ്ട്, മരണമുണ്ട്, അപ്പവാണിഭ നേര്‍ച്ചയും പള്ളിക്കുളം വൃത്തിയാക്കലും നോമ്പുതൊറയും പള്ളിപ്പെണക്കങ്ങളും തെരഞ്ഞെടുപ്പും കുത്തുറാത്തീബുമുണ്ട്, നോമ്പും പെരുന്നാളുമുണ്ട്. ബര്‍മ്മയുടെ യുദ്ധവുമുണ്ട്. കള്ളപ്പണവും
അറബിപ്പൊന്നുമുണ്ട്. പുഴയും പറമ്പും കടപ്പൊറവും ശ്മശാനവും അറവീടും പള്ളിയും പള്ളിക്കൂടവും മരമില്ലുമൊക്കെ പശ്ചാത്തലമായി വരുന്നുണ്ട്. ഇതെല്ലാം മുഴച്ചു നില്‍ക്കാതെ ഭംഗിയായി ഇഴചേര്‍ന്നിരിക്കുകയും ചെയ്യുന്നു.

കുഞ്ഞുമനസ്സിലെ ചെറിയ വലിയ സന്തോഷങ്ങളെയും വിഹ്വലതകളെയും അതിന്റെ എല്ലാ ചാരുതയോടെയുമാണ് കഥാകാരന്‍ അവതരിപ്പിച്ചിട്ടുള്ളത്. കടപ്പുറത്തടിഞ്ഞ തിമിംഗലത്തെ കാണാന്‍ പോകുന്നത്, മതിലിനുമേല്‍ കയറിയിരുന്നു കുളം വൃത്തിയാക്കുന്നത് കാണുന്നത്. ശ്മശാനം കാണാന്‍ പോകുന്നത്, കല്യാണത്തിനു മൂരിയെ അറക്കുന്നത്, സേട്ട് നാഗ്ജി ഫുട്‌ബോള്‍ കാണാന്‍ പോകുന്നത്, തെരഞ്ഞെടുപ്പിനു ചില്ലുപെട്ടികളില്‍ നേതാക്കളുടെ ചിത്രം വെച്ച് പ്രചരണം നടത്തുന്നത്, വെല്ലിമ്മ ഓല മെടയുന്നത്, പൊക്കുന്നിലേക്ക് കൂട്ടുകാരുടെ കൂടെയുള്ള സൈക്കിള്‍ യാത്ര, കുത്തുറാത്തീബും അപ്പവാണിഭ നേര്‍ച്ചയും സര്‍ക്കസും കാണാന്‍ പോകുന്നത്, ബാബുക്ക പാട്ട് കമ്പോസ് ചെയ്യുന്നത്, മെഹ്ഫിലിന്റെ ഒരുക്കങ്ങള്‍, നോമ്പുതുറയ്ക്ക് എം.ടി.യും തിക്കോടിയനും ഉള്‍പ്പെടെ ഉപ്പായുടെ എഴുത്തുകാരായ സുഹൃത്തുക്കള്‍ വീട്ടിലെത്തുന്നത് തുടങ്ങി കുഞ്ഞുകണ്ണുകളിലൂടെയുള്ള കാഴ്ചകളെല്ലാം ദൃശ്യാത്മകമായി വര്‍ണ്ണിച്ചിരിക്കുന്നു.

അതില്‍ അറബിയെ കാണാന്‍ പോകുന്ന സംഭവം നര്‍മ്മം കലര്‍ത്തിയാണ് വിവരിച്ചിരിക്കുന്നത്. വാടകയ്ക്ക് സൈക്കിളെടുക്കല്‍, ഓലമെടഞ്ഞു സൂക്ഷിക്കല്‍, സര്‍ക്കസ് കണ്ട് അന്തം വിടല്‍, പെരുന്നാളിനു കുപ്പായം വാങ്ങല്‍, സുന്നി-വഹാബി തര്‍ക്കം, സോവിയറ്റ് യൂണിയന്‍, മണി ഓഡര്‍, സൈക്കിള്‍ റിക്ഷ തുടങ്ങി അന്നത്തെക്കാലത്തെ അടയാളപ്പെടുത്തുന്ന ഒരുപാട് കാര്യങ്ങളുണ്ടിതില്‍തന്നെ ഒരുപാട് കൗതുകങ്ങളിലേക്കും അനുഭവങ്ങളിലേക്കും നയിക്കുന്ന രണ്ടാം നമ്പറെന്നു സ്വയം വിളിക്കുന്ന കോയ സ്വവര്‍ഗ്ഗാനുരാഗിയായിത്തീര്‍ന്നു നാട് വിട്ടു പോകുന്നതും അതന്വേഷിക്കാന്‍ പോലീസ് വരുന്നതുമെല്ലാം വിവരിച്ചിരിക്കുന്നു. പോലീസുകാര്‍ പോയിക്കഴിഞ്ഞ് വെല്ലിമ്മ ഓടിവന്നെന്നെ മേലോടടുക്കി: ”പേടിച്ചോ എന്റെ മോന്‍?” അങ്ങനെ വെല്ലുമ്മായുടെ കരുതലും സ്‌നേഹവും നുകര്‍ന്നുകൊണ്ട് അവരുടെ കൂടെ സര്‍ക്കീട്ടടിക്കുന്നതാണ് ‘ആഫീസി’ന്റെ നേരംപോക്ക്. ജ്യേഷ്ഠനാകട്ടെ, സര്‍വ്വനേരവും വായനയും പഠിത്തവുമാണ്. ചിലപ്പോഴൊക്കെ ‘ആഫീസി’ ന്റെ കുട്ടി ത്തരങ്ങളോട് ചെറിയ പുച്ഛവുമാണ് മൂപ്പര്‍ക്ക്. പക്ഷേ, ചില നേരത്ത് ആ ജ്യേഷ്ഠസ്‌നേഹം ഗൗരവത്തില്‍ മറ നീക്കി പുറത്തു വരുന്നുണ്ട്. അത്തരമൊരു സന്ദര്‍ഭമാണ് പോലീസുകാരുടെ ചോദ്യം ചെയ്യല്‍. അതുകഴിഞ്ഞ് ഭായി വന്നു കൈ പിടിച്ചു: ”സാരമില്ലാട്ടോ, നെനക്കൊന്നും പറ്റൂലാ. പറയാനുള്ളത് ധൈര്യമായി പറഞ്ഞല്ലൊ…” ഭായി ഉമ്മയോട് പറഞ്ഞു: ”ഓന് ചൂടുള്ള ഒരു ചായ കൊട്ക്കിന്‍.” ഞാന്‍ ഭായിയുടെ കൈ വിട്ടില്ല. എനിക്ക് ഭായിയോട് വല്ലാത്തൊരടുപ്പം തോന്നി. ഇത്തരം ഊഷ്മള സന്ദര്‍ഭങ്ങള്‍ വായനക്കാരുടെ കണ്ണ് നനയിക്കും. ഇങ്ങനെ പലതരം മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണമായ വിതാനങ്ങളെ അതിഭാവുകത്വമോ അതിവൈകാരികതയോ ഇല്ലാതെ വളരെ സൂക്ഷ്മതയോടെയാണ് കഥാകാരന്‍ നമുക്കുമുന്നില്‍ തുറന്നു വെക്കുന്നത്.

അതില്‍ വെല്ലിമ്മ എന്ന കഥാപാത്രത്തിന്റെ അനുപമമായ സ്വഭാവ സവിശേഷതകള്‍ നമ്മെ അത്ഭുതപ്പെടുത്തും. ആഫീസിനെ വാത്സല്യം കൊണ്ട് അത്രയ്ക്കത്രയ്ക്ക് പൊതിയുമ്പോഴും സ്വന്തം ഭര്‍ത്താവുമായുള്ള ബന്ധത്തില്‍ യാതൊരു ദാക്ഷിണ്യവും കാണിക്കുന്നില്ല അവര്‍. സ്വന്തം നാടായ തെക്കേപ്പുറം എന്നുണ്ടായി എന്ന ഒരു കൗമാരക്കാരന്റെ മനസ്സിലുദിക്കുന്ന സംശയത്തിനുള്ള ഉത്തരം വെല്ലിമ്മായുടെ നാവില്‍നിന്നും വരുമ്പോള്‍ അത് ഖുറാനിലും ശാസ്ത്രത്തിലും പറയുന്ന ദര്‍ശനമായിത്തീരുന്നു. ”അവിടേം ഇവിടേം എവിടേം ഒന്നൂണ്ടായിരുന്നില്ല. കെറേ കെറേന്നു വെച്ചാല്‍ കെറേ കൊല്ലം മുന്‍പാ, ബൂമില്ലാ. ആകാശല്ലാ. സൂര്യനും ചന്ദ്രനും ഇല്ല. വെളിച്ചത്തിന്റെ ഒരുതരിപോലും ഇല്ലേനും. ഒക്കേം കുറ്റാക്കൂരിരുട്ടിന്റെ പൊതപ്പിട്ട് മൂടി ഒറങ്ങ്വേനും. അന്നേരം ഇരുള്‍പ്പടര്‍പ്പുകള്‍ ആകാശഭൂമികളെയാകെ മൂടി… അവിടെയുമിവിടെയും ഒന്നും ഉണ്ടായിരുന്നില്ല.” എന്നാണ് നോവല്‍ അവസാനിക്കുന്നതും.

മരണത്തെക്കുറിച്ചും പാപപുണ്യഫലങ്ങളെക്കുറിച്ചുമൊക്കെയുള്ള ആകാംക്ഷകളും ഭയങ്ങളും നമ്മുടെ മനസ്സില്‍ ഏറ്റവുമധികം ഉടലെടുക്കുന്നത് കൗമാരകാലത്താണ്. ഒടുങ്ങാത്ത ആ ജിജ്ഞാസകൊണ്ടാണ് ആഫീസ് കോയക്കൊപ്പം കബറിസ്ഥാന്‍ കാണാന്‍ പോകുന്നത്. കബറിനുള്ളിലെ വര്‍ത്തമാനത്തെപ്പറ്റി പറയുന്നത്. പോരിശ ചെയ്ത മനശ്ശന്മാര്‍ക്കേ കബറിനുള്ളിലെ ബര്‍ത്താനം കേള്‍ക്കാന്‍ പറ്റൂ. കബറടക്കം കഴിഞ്ഞയുടനെ മലക്കു വരും. ആദ്യം വരുന്ന മലക്കിന്റെ പേര് നൗമാന്‍ ന്നാ. ഓര് മയ്യത്തിനോട് പറയും, ”നീ ദുനിയാവ് വെച്ച് ചെയ്ത നന്മകളും തിന്മകളും എയുത്” മലക്ക് മയ്യത്ത് കഫന്‍ ചെയ്ത വെള്ളത്തുണീന്നും ഒരു വല്യ കഷ്ണം പറിച്ചെടുക്കും. മയ്യത്തിനതു കൊടുത്തുകൊണ്ട് പറയും. ”ഇതില് നീ നിന്റെ തുപ്പല് കൊണ്ടെഴുത്.” എയ്തിക്കഴിഞ്ഞാ ആ തുണിക്കണ്ടം മയ്യത്തിന്റെ കഴുത്തില്‍ കെട്ടിത്തൂക്കും. ഇതൊക്കെ വായിക്കുമ്പോള്‍ ഏതോ ജന്മാന്തരവിഹ്വലതകള്‍ നമ്മുടെ മനസ്സിലും വരികയായി. Ship of theseus-നെപ്പോലെ ഒരു ബാവാജീന്റെ കുടയുണ്ട് ഈ കഥയില്‍. കമ്പിയും ശീലയും കുതിരയും പിടിയുമൊക്കെ പലകുറി മാറ്റിയിട്ടും അത് ബാവാജീന്റെ കുട തന്നെ. നശ്വരതയും അനസ്യതതയും ഇഴ ചേര്‍ന്ന ജീവിതത്തിനെ ധ്വനിപ്പിക്കുന്ന അതിസുന്ദരമായ ഒരു ബിംബമായിട്ടാണ് ആ കുട കഥയില്‍ കടന്നുവരുന്നത്.

കുടയെടുക്കാതെ പുസ്തകത്തിലേക്കിറങ്ങുന്ന വായനക്കാരെ പൊടുന്നനെ നനയ്ക്കുന്ന പലതരം മഴയുണ്ട് ഈ ജീവിതകഥയിലെമ്പാടും. പടച്ചോനേ, ഇമ്മയക്ക് ഒരറുതിയില്ലേ? എന്നു ചോദിപ്പിക്കുന്ന ഭൂമി തുളച്ചിറങ്ങുന്ന തോരാമഴ, പ്രണയിനിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ താരാട്ടാവുന്ന മഴ, ആയിരം കൈകള്‍ വീശിപ്പാഞ്ഞ് വരുന്ന മഴ, കാഴ്ചയെ മറയ്ക്കുന്ന, ചെവിടടപ്പിക്കുന്ന, ഭൂമിയുമാകാശവുമൊന്നാക്കുന്ന മഴ, ഏതോ ആകാശമടക്കുകളില്‍നിന്നു മേഘങ്ങളുടെ കറുത്ത പുതപ്പ് വലിച്ചെടുത്ത് പന്തുകളിക്കുമുകളില്‍ കോരിച്ചൊരിയുന്ന സങ്കല്പ മഴ, ചരല്‍ വീശിയെറിയുന്ന മഴ, വെല്ലിപ്പായുടെ സങ്കടങ്ങളായി പെയ്യുന്ന മഴ, ഒരു കാരണോല്ലാണ്ട് കരയണ പെണ്ണുങ്ങളെപ്പോലെയും വന്നുപോയ ഒരടയാളവുമവശേഷിപ്പിക്കാത്ത പിയ്യാപ്ലമാരെപ്പോലെയുള്ളമഴ. പഞ്ഞിക്കെട്ട് കൊടഞ്ഞിട്ട ആകാശത്തുനിന്നും വെള്ളിയൊഴിച്ച് പാരുന്ന പോലത്തെ മഴ, തീവ്രതരമല്ലാത്ത ഓര്‍മ്മപോലെ ചാറുന്ന മഴ ഇങ്ങനെമഴയുടെ വിവിധ ഭാവങ്ങള്‍. വെള്ളപ്പൊക്കത്തിന്റെയും രക്ഷാപ്രവര്‍ത്തനങ്ങളുടേയും ക്യാമ്പിന്റെയും വിവരണങ്ങളുമുണ്ടിതില്‍.

കടപ്പാട്: സമകാലിക മലയാളം

Comments are closed.