എന്‍.പി. ഹാഫിസ് മുഹമ്മദിന്റെ എസ്പതിനായിരം
എസ്പതിനായിരം കൊല്ലങ്ങള്‍ക്കുമുമ്പ് ആദം നബീന്റെയും ഹവ്വാബീവിയുടെയും മക്കളുടെ മക്കളുടെ മക്കളുടെ മക്കളുടെ …മക്കളായി കോഴിക്കോട്ടെത്തി തെക്കെപ്പുറത്ത് താമസമാക്കിയ കോയമാരുടെയും ബീവിമാരുടെയും കഥയാണ് എന്‍.പി. ഹാഫിസ് മുഹമ്മദിന്റെ എസ്പതിനായിരം. കാലവും ദൂരവും കലക്കിയൊതുക്കി ഒരു ദേശത്തിന്റെ കഥ പറയുന്ന നോവല്‍. കുറ്റാക്കൂരിരുട്ടിന്റെ പുതപ്പിട്ടുമൂടി ഉറങ്ങുന്ന പ്രപഞ്ചത്തെ വിളിച്ചുണര്‍ത്തി കഥ പറഞ്ഞുപറഞ്ഞ് വീണ്ടുമുറക്കുന്ന മാന്ത്രികാഖ്യാനം.
പുസ്തകത്തില്‍ നിന്നും..
കോഴിക്കോട്
‘അവിടേം ഇവിടേം എവിടേം ഒന്നൂണ്ടായിരുന്നില്ല. കെറേ കെറേന്ന് വെച്ചാല്‍ കെറേ കൊല്ലം മുമ്പാ. ബൂമില്ലാ. ആകാശല്ലാ. സൂര്യനും ചന്ത്രനും ഇല്ല. വെളിച്ചത്തിന്റെ ഒരു തരിപോലും ഇല്ലേനും. ഒക്കേം കുറ്റാക്കൂരിരുട്ടിന്റെ പൊതപ്പിട്ട് മൂടി ഒറങ്ങ്വേനും.’ വെല്ലിമ്മ പറഞ്ഞ് നിര്‍ത്തി.
‘ഈ കോഴിക്കോടെങ്ങനാണ്ടായത്ന്ന് പറ വെല്ലിമ്മാ.’ ഞാനാവശ്യപ്പെട്ടു. അതാണ് ഞാന്‍ പറയാന്‍ പോകുന്നതെന്നു പറഞ്ഞ് വെല്ലിമ്മ തുടര്‍ന്നു: ‘റബ്ബുല്‍ ആലമീനായ തമ്പുരാന്‍ ദുനിയാവായ ദുനിയാവൊക്കെയും ഉണ്ടാക്കാന്‍ തീരുമാനിച്ചു. അല്ലാഹു സുബുഹാനഹുത്തഹാലാ കല്പിച്ചു. അന്നാണ് ഞമ്മളെ ബൂമി ഉണ്ടായത്. അത് പെര്ത്ത് മൊഞ്ചുള്ളതാവാന്‍ പടച്ച തമ്പുരാന് മോഹമായി. ബൂമിക്ക് പച്ചപ്പൊതപ്പ് വിരിച്ചു. അയ്‌ന്റെ മേലെ, മലേം കുന്നും ആണിതറക്ക്ണ മാതിരി അടിച്ച്‌കേറ്റിപ്പറഞ്ഞു: ഈ ബൂമിനെ കാത്ത് സൂച്ചിക്ക്. പിന്നെ ആകാശണ്ടാക്കി. ആകാശത്ത് രണ്ട് വിളക്ക്കള്‍ എടുത്തുവെച്ചു; സൂര്യനേം ചന്ത്രനേം. പകലും രാത്രീം വെളിച്ചം കിട്ടി.’
ഞാനിടയ്ക്ക് കേറി: ‘വെല്ലിമ്മാ, ഞമ്മളെ കോഴിക്കോടും തെക്കേപ്പൊറോം ഉണ്ടായതാ എനിക്കറിയണ്ടേ?’
‘സബൂറാക്ക് ആസിഫ്‌മോനേ…’ വെല്ലിമ്മ പറഞ്ഞു.
‘ആസിഫല്ല, ഹാഫിസ്.’
‘ഓ… ആഫി…സ്… ആസിഫ്.’
ഇന്നേവരെ പന്ത്രണ്ട് വയസ്സിനിടയ്ക്ക് വെല്ലിമ്മ എന്റെ പേര് ശരിക്ക് വിളിച്ചിട്ടില്ല. എന്നാലും എന്റെ ഉമ്മയുടെ ഉമ്മയെ എനിക്കിഷ്ടമാണ്. വെല്ലിമ്മയുടെകൂടെയാണ് ഞങ്ങള്‍ കഴിഞ്ഞുപോരുന്നത്.
അപ്പോള്‍ വെല്ലിമ്മ തുടര്‍ന്നു: ‘പിന്നെ, അല്ലാഹു ആകാശത്തിനുമേല്‍ നച്ചത്രങ്ങള്‍ തുന്നിപ്പിടിപ്പിച്ചു. രാത്രിയില്‍ യാത്രക്കാര്‍ക്ക് വയി കാണിക്കാന്‍ കല്പിച്ചു. അതും കയിഞ്ഞാ, അല്ലാഹ് സുബുഹാന ഹുത്തഹാലാ ഇമ്പ്ര്‍ക്കാച്ചി ചെടികള് തൊട്ട് വല്യവല്പ്പള്ള മരങ്ങള്‌വരെ കുയ്ച്ചിടീപ്പിച്ചത്. പുല്ലും ചെടീം കാടുംണ്ടായി. പൂവും കായുംണ്ടായി. മയയോട് എല്ലാറ്റിനും വെള്ളം കൊട്ക്കാന്‍ കല്പിച്ചു. അതിനു ശേശാ അല്ലാഹു സുബുഹാനഹുത്തഹാലാ സകലജാതി ജന്തുക്കളേം പറക്ക്ണതിനേം പടച്ചത്. ഒട്ടകം, കുതിര, നായ്, ആന, മയില്, പയ്യ്, കുയില്, കോയി, കൊരങ്ങ്… പിന്നെയാണ് ബഹറിനുള്ളിലെ സകലജാതി മീനുകളേം ണ്ടാക്ക്യത്. പിന്നെ അല്ലാഹു വെളിച്ചംകൊണ്ട് മലക്കുകളെ പടച്ചു. തീകൊണ്ട് ജിന്നുകളേം പടച്ചു. നല്ല ജിന്നും ചീത്ത ജിന്നും ഉണ്ടായി. ഒടൂല്‍ മാലിക്കുല്‍ റബ്ബായ സുബുഹാനഹുത്തഹാലാ മനിശനെ ഉണ്ടാക്കാന്‍ തീരുമാനിച്ചു. ബൂമീലുള്ള സകലജാതി മണ്ണും കെറേച്ചെ എടുത്ത്, കൊയച്ച് കൊയച്ച് മനിശനേം ഉണ്ടാക്കി. മനിശന് ഒറ്റ ഊത്തിന് ശ്വാസം കൊട്ത്തു. അങ്ങനാണ് ആദം നബി അലയ്ഹിസ്സലാം ഉണ്ടായത്. അത് കയ്ഞ്ഞ് ഒരു പെണ്ണുങ്ങളേം ഉണ്ടാക്കി. അതാണ് ഞമ്മളെ ഹവ്വാബീവി. മനിശനടക്കം പടപ്പുകളായ പടപ്പുകളൊക്കെയും റബ്ബുല്‍ ആലമീനായ തമ്പുരാനെ സുജൂദ് ചെയ്തു. ഇബ്‌ലീസ് എന്ന ജിന്ന് അത് ചെയ്തീലാ. അല്ലാഹു ഇബ്‌ലീസിനെ ശപിച്ചു. അന്ന് തൊട്ട് മനിശമ്മരെ വയിതെറ്റിക്കാന്‍ ഇബ്‌ലീസ് മെനക്കെട്ണ്.’
‘വെല്ലിമ്മാ, കോഴിക്കോട്…’ എന്നെ തുടരാന്‍ വെല്ലിമ്മ അനുവദിച്ചില്ല: ‘ഇനീം പിട്ത്തം കിട്ടീലേ? എന്ന് അല്ലാഹു സുബുഹാനഹുത്തഹാലാ ഇതൊക്കെപ്പടച്ചോ, അന്ന് കോയിക്കോടുണ്ടായി. തെക്കേപ്പൊറോം ഉണ്ടായി. ആദം നബീന്റേം ഹവ്വാബീവിന്റേം മക്കളെ മക്കളെ മക്കളെ… ഓരെ മക്കളെ മക്കളെ… ഈ കോയിക്കോട്ടെത്തിക്കാന്‍ പിന്നേം കുറെ സമയമെടുത്തൂന്ന് മാത്രം. അങ്ങനെ മനിശമ്മാര് തെക്കേപ്പൊറത്തും എത്തീന്ന് കൂട്ടിക്കോ.’ വെല്ലിമ്മ പറഞ്ഞുനിര്‍ത്തി.
‘തെക്കേപ്പൊറത്ത് മനിശമ്മാരെത്തീട്ട് എത്ര കാലായി വെല്ലിമ്മാ?’ ഞാന്‍ ചോദിച്ചു.
‘സംശ്യെന്ത്, എസ്പതിനായിരം കൊല്ലം മുമ്പ്.’
‘എസ്പതിനായിരോ?’……
Comments are closed.