ഏറുകളുടെ ചരിത്രസംഗ്രഹം – ഹരികൃഷ്ണൻ തച്ചാടൻ
ഏറിൻ്റെ ഉൽഭവം പ്രപഞ്ചോൽപ്പത്തിയെ കുറിച്ചുള്ള നമ്മുടെ ഏറ്റവും ശക്തമായ സിദ്ധാന്തത്തിൽ നിന്നാണ് തുടങ്ങുന്നത്. ഒരു സ്പൂണിൽ കൊള്ളാവുന്ന വണ്ണം സാന്ദ്രമായ ദ്രവ്യം ഒരു പൊട്ടിത്തെറിയുടെ ഫലമായി സ്ഥലകാലങ്ങളെ നിർമ്മിച്ചു കൊണ്ട് എല്ലാ ദിക്കുകളിലേക്കും എറിയപ്പെടുകയുമുണ്ടായി. ഏറ് എന്ന പ്രതിഭാസം അങ്ങനെ സാർത്ഥകമാകുന്നു. പ്രപഞ്ചത്തിൻ്റെ തുടക്കത്തിൽ ആരംഭിച്ച ആ ഏറ് പലയിടത്തും ചെന്നു കൊള്ളുകയും എന്നാൽ ഇനിയും എവിടെയും കൊണ്ട് തീരാത്ത മട്ടിൽ പ്രയാണം തുടരുകയുമാണെന്നാണ് ശാസ്ത്രകാരന്മാർ പറയുന്നത്. ഏറിൻ്റെ ചരിത്രം അങ്ങനെ തുടങ്ങുന്നു. ജീവൻ്റെ ചരിത്രവും, വർത്തമാനവും ഏറിലാണ് കുടി കൊള്ളുന്നത്. അത് ഏതോ അജ്ഞാത സ്ഥലത്തിരുന്ന് ആരോ ഭൂമിയുടെ അന്തരീക്ഷത്തിലേക്കെറിഞ്ഞതിൽ നിന്നാണെന്ന് ഒരു കൂട്ടർ പറയുന്നു. അതിനെ ചൊല്ലിയുള്ള അനവധി കഥകൾ പിൽക്കാലത്ത് ഉരുത്തിരിഞ്ഞിട്ടുണ്ട്. ജീവൻ്റെ ഉൽപ്പത്തിയെ പറ്റിയുള്ള ഏറുകഥകൾ ഇങ്ങനെ തുടരുമ്പോഴും ഒരു അണ്ഡത്തിലേക്കുള്ള അനേകകോടി ബീജങ്ങളുടെ ഏറിൽ നിന്ന് കുറിക്ക് കൊള്ളുന്ന ഒന്നാണ് ഇപ്പോഴും നമ്മുടെ പിറവിയുടെ രഹസ്യം പേറുന്നത്.എറിയാത്തവരും കൊള്ളാത്തവരുമായി ആരുമില്ല. നിങ്ങളും ഞാനും സകല ചരാചരങ്ങളുമടങ്ങുന്ന അണ്ഡകടാഹവും ഒരു ഏറിൻ്റെ തുടർച്ചയാണ്.
ഏറുകളുടെ ചരിത്രസംഗ്രഹമാണ് ദേവദാസ് വി.എംൻ്റെ ‘ഏറ് ‘ എന്നു പേരായ നോവൽ.ശ്രീധരൻ നായർ എന്ന റിട്ടയഡ് സബ് ഇൻസ്പെക്ട്ടറുടെ പുരപ്പുറത്ത് ഒരു രാത്രി വന്ന് വീണു ഓടുപൊട്ടിക്കുന്ന കേവലം ഒരു ഏറിൽ നിന്ന് ചരിത്രം തുടങ്ങുന്നു. എന്തിനായിരിക്കാം എഴുത്തുകാരൻ ഒരു വിരമിച്ച പോലീസുകാരനെ കഥാപാത്രമാക്കിയിരിക്കുക? ഭരണകൂടം നാട്ടിൽ നിന്ന് നല്ല കനവും ഉയരവും ഉറപ്പുമുള്ള കല്ലുകളെ പെറുക്കിയെടുത്ത് ചെത്തിക്കൂർപ്പിച്ച് മൂർച്ച കൂട്ടി അധികാരപ്രയോഗം എന്ന ഏറുകല പരിശീലിക്കുന്നു. ഉറപ്പുകുറയുന്ന കാലത്ത് എവിടെ നിന്ന് പെറുക്കിയോ അവിടെ തന്നെ ഉപേക്ഷിക്കുന്നു. ഇത്ര ലളിതമാണ് ശ്രീധരൻ നായർ എന്ന പോലീസുകാരൻ്റെ ജീവിതം. എന്നാൽ അയാളാൽ എറിയപ്പെടുന്ന അനേകം ജീവിതങ്ങളുടെ ബാഹുല്ല്യമാണ് നോവലിനെ അതിൻ്റെ പേജുകളുടെ എണ്ണവും കടന്ന് വളർത്തുന്നത്. ഒരു പോലീസുകാരൻ എപ്പോഴും കൗതുകമുള്ള ഒരു സമസ്യയാണ്. വിചിത്രമായ അനുഭവങ്ങളുടെ ഏറ് കൊള്ളാൻ വിധിക്കപ്പെട്ട ഒരേ സമയം അപകടകാരിയും സാധുവുമായ ഒരു പ്രാണിയാണയാൾ. സ്വയം നിർണയാധികാരമില്ലാത്ത ഒരു കല്ല്. ഏറാണ് അതിൻ്റെ ധർമ്മം. എന്നാൽ വിരമിച്ച പോലീസുകാരൻ എല്ലാവരേക്കാളും അധികം ഏറിനെ ഭയക്കുന്ന ഒരു ഭീരു ആകേണ്ടി വരുന്നു. തൻ്റെ പുരപ്പുറം ലക്ഷ്യമാക്കി വരുന്ന ഏറിൻ്റെ കാരണം തിരഞ്ഞു കൊണ്ടുള്ള ശ്രീധാന്റെ അലച്ചിലാണ് നോവലിന് ഇതിവൃത്തമാകുന്നത്. അതാണെങ്കിൽ ഏറുകളുടെ ചരിത്രം കൊണ്ട് സമ്പുഷ്ടമാണ് താനും. പക്ഷെ സ്വന്തം സർവീസ് ചരിത്രം കുഴിച്ച് നിരാശനാകുന്ന മുറക്ക് അയാളുടെ അന്വേഷണങ്ങളുടെ ദിശ പലതായി പിരിയുന്നുണ്ട്.
ഏറ്, ആധികാരത്തിൻ്റെയും അതിജീവനത്തിൻ്റെയും ഏറ്റവും പ്രാചീനമായ കല! ഏറെയൊക്കെ പരിണമിച്ചെങ്കിലും, അതിൻ്റെ പ്രഹരശേഷിക്ക് അഭൂതപൂർവ്വമായ വളർച്ച ഉണ്ടായെങ്കിലും അതിജീവനത്തിനായി ഏറ്റവും ഗതികെട്ട ജനത ഇന്നും ആശ്രയിക്കുന്നത് ഏറിനെ തന്നെയാണ്.അവരിപ്പോഴും കല്ലുകൾ പെറുക്കി അധികാരത്തിൻ്റെ പീരങ്കികളെ എറിയുന്നുണ്ട്.നമ്മൾ അതു കാണുന്നുണ്ടോ എന്നതാണ് പ്രസക്തമായ കാര്യം.ദേവദാസ് എന്ന എഴുത്തുകാരൻ ഈ നോവൽ എഴുതുകയായിരുന്നോ എന്നെനിക്ക് സംശയമുണ്ട്.അയാൾ ഈ നോവൽ നമ്മുടെ ഉള്ള് ലാക്കാക്കി എറിയുകയായിരുന്നു എന്ന് ഞാൻ കരുതുന്നു.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.