തെറ്റുകളും തിരുത്തുകളും ഇടതുപക്ഷവും
എം.എ. ബേബി എഴുതിയ ലേഖനം ജൂലൈ ലക്കം പച്ചക്കുതിരയില്‍
തെരഞ്ഞെടുപ്പുകളില്‍ ഉണ്ടാവുന്ന പിന്നോട്ടടികള്‍ മാത്രമല്ല പരിശോധനാവിധേയമാക്കേണ്ടത്. വ്യത്യസ്ത തോതില്‍ ഇടതുപക്ഷ സ്വാധീനമേഖലകളില്‍ ബഹുജനസ്വാധീനത്തിലും പ്രതികരണശേഷിയിലും ആഘാതശക്തിയിലും ചോര്‍ച്ചയും ഇടിവും സംഭവിക്കു ന്നുണ്ട്. ഇതില്‍ രാഷ്ട്രീയ ഘടകങ്ങളും സംഘടനാപരമായ കാരണങ്ങളും ഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ബഹുജനങ്ങളുമായി ഇടപെടുമ്പോള്‍ സംഭവിക്കുന്ന വാക്കും പ്രവൃത്തിയും ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉണ്ടാവാം. പോരായ്മകള്‍ തിരുത്തി സുശക്തമായ സ്വതന്ത്ര രാഷ്ട്രീയശക്തിയായി വളരുന്ന കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷവും ഇല്ലാത്ത ഇന്ത്യയുടെ ഭാവി എത്രമാത്രം ആശങ്കാജനകവും ആപത്കരവുമാവും എന്ന ചോദ്യം ഈ ഘട്ടത്തില്‍ എന്നത്തേക്കാളും പ്രസക്തമാണ്.
തെരഞ്ഞെടുപ്പു ജയപരാജയങ്ങള്‍ മുന്‍നിര്‍ത്തിമാത്രമല്ല, ഇടതുപക്ഷത്തിന്റെ സ്ഥിതിയും പ്രസക്തിയും വിലയിരുത്തേണ്ടത് എന്ന വാദം ശരിയാണെങ്കിലും തെരഞ്ഞെടുപ്പുരംഗത്തെ തിരിച്ചടികള്‍ ഇപ്പോള്‍ അതീവഗുരുതരമാണെന്ന് സമ്മതിക്കാതെ വയ്യ.
പാര്‍ലമെന്ററിയും പാര്‍ലമെന്റേ തരവുമായ സമരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നവരാണ് കമ്യൂണിസ്റ്റുകാരും ഇടതുപക്ഷശക്തികളും. ഒരേസമയം മൂന്ന് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭരണത്തില്‍ ഉണ്ടായിരുന്ന മുന്നണി സംവിധാനത്തില്‍ നേതൃത്വസ്ഥാനത്ത് സി.പി.ഐ. (എം.) ഉണ്ടായിരുന്നു. 1952-ല്‍ ഒന്നാം പൊതുതെരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോള്‍ (അന്ന് 489 സീറ്റുണ്ടായിരുന്ന ലോക്സഭയില്‍) 3.3 ശതമാനം വോട്ടോടെ 16 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞ സി.പി.ഐ. ലോക്സഭയില്‍ പ്രതിപക്ഷത്തെ ഒന്നാം പാര്‍ട്ടിയായിരുന്നു. എ.കെ.ജി എന്നറിയപ്പെട്ടിരുന്ന മഹാനായ എ.കെ. ഗോപാലനായിരുന്നു നേതാവ്. 1957-ല്‍ അത് 27 സീറ്റും 8 % വോട്ടുമായി ഉയര്‍ന്നു. 1967-ല്‍ സി.പി.ഐ. (എം) ന് 19 ഉം (4.28%) സി.പി.ഐ. ക്ക് 23 ഉം (5.11%) സീറ്റു ലഭിച്ചു. രണ്ടു പാര്‍ട്ടികള്‍ക്കും കൂടി 42 സീറ്റും 9.39 % വോട്ടും. 1971-ല്‍ സി.പി.ഐ. (എം) ന് 5.12 % വോട്ടും 25 സീറ്റും ലഭിച്ചപ്പോള്‍ സി.പി.ഐ. 4.73% വോട്ടും 23 സീറ്റും നേടി. 1977 ല്‍ സി.പി. ഐ(എം.) 22 സീറ്റും 4.29 % വോട്ടും നേടിയപ്പോള്‍ കോണ്‍ഗ്രസ്സുമായിച്ചേര്‍ന്നു മത്സരിച്ച സി. പി.ഐ.ക്ക് 7 സീറ്റും 2.82% വോട്ടുമാണ് ലഭിച്ചത്. 2004-ല്‍ ആണ് ഇടതുപക്ഷം സീറ്റിന്റെ കാര്യത്തില്‍ ഏറ്റവും വലിയമുന്നേറ്റം നടത്തിയത്. സി.പി. ഐ(എം) 43 സീറ്റും 5.66% വോട്ടുംനേടി. സി.പി.ഐ. 10 സീറ്റും 1.41 % വോട്ടും നേടി. ആര്‍.എസ്.പി മൂന്നു സീറ്റും 0.43% വോട്ടും ഫോര്‍വേര്‍ഡ് ബ്ലോക്ക് 3 സീറ്റും 0.35% വോട്ടും സി.പി.ഐ. (എം.എല്‍) സീറ്റൊന്നും നേടിയില്ലെങ്കിലും 0.33% വോട്ടുനേടി.
സംസ്ഥാനനിയമസഭകളിലും ഏറിയും കുറഞ്ഞും ശ്രദ്ധേയമായ സാന്നിദ്ധ്യമായിരുന്നു ഏറെക്കാലം ഇന്ത്യന്‍ ഇടതുപക്ഷം. എന്നാല്‍ ഇന്ന് അതിന് പെട്ടെന്നുതന്നെ തിരിച്ചറിയാവുന്ന തിരിച്ചടികള്‍ സംഭവിക്കുകയാണ്.
2014-ല്‍ സി.പി.ഐ (എം) പ്രാതിനിധ്യം ഒറ്റ അക്കമായി (9) കുറഞ്ഞു. സി.പി.ഐ.ക്ക് ഒന്നു മാത്രവും. രണ്ടു പാര്‍ട്ടികളും ചേര്‍ന്നാല്‍ 10. 2019 ആയപ്പോള്‍ സി.പി.ഐ. (എം) 3 ഉം സി.പി.ഐ. രണ്ടും ആയി വീണ്ടും ചുരുങ്ങി. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2024-ല്‍ സി.പി.ഐ.(എം) ന് 4 ഉം സി.പി. ഐക്കും സി.പി.ഐ. (എം.എല്‍) നുംകൂടി 2 വീതവും ചേര്‍ന്നാല്‍ 8 ആവും. നേരിയ ഒരു മെച്ചപ്പെടല്‍. കേരളത്തില്‍ യു.ഡി.എഫിന്റെ ഭാഗമായി ജയിച്ച ആര്‍ എസ് പി യുടെ ഒരു സീറ്റുകൂടി കൂട്ടുന്നവര്‍ക്ക് ഒമ്പതുപേരായി ഈ എണ്ണം അവതരിപ്പിക്കാം.
രാജ്യസഭയിലെ ഇരുകമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടേയും അംഗങ്ങളെയുംകൂടി ചേര്‍ത്തുപറഞ്ഞാല്‍ (സി.പി.ഐ (എം) 4 ഉം സി.പി.ഐ.2 ഉം) ഇരുസഭകളിലുമായി പാര്‍ലമെന്ററി പ്രാതിനിധ്യം ഇരട്ട അക്കമാവും ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ഏറ്റവും ശോഷിച്ച സാന്നിധ്യമാണ് ഇപ്പോള്‍ നമ്മുടെ പാര്‍ലമെന്റില്‍ ഉള്ളത്. ഒരു പരിധിവരെ അഭിമാനകരമായ അംഗബലമുണ്ടായിരുന്നിടത്തുനിന്നാണ് നിരാശ പരത്തുന്ന ഈ അവസ്ഥയില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടികളും ഇടതുപക്ഷവും ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
പൂര്‍ണ്ണരൂപം 2024 ജൂലൈ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ ലക്കം ലഭ്യമാണ്
Comments are closed.