ആരുണ്ടിവിടെ മരണമേ, ജീവനിലാപതിച്ചീടുന്ന നിന്‍ കൈ തടുക്കുവാന്‍!
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച യൂസഫലി കേച്ചേരിയുടെ ‘ഏറെ വിചിത്രമീ ജീവിതം’ എന്ന കവിതാസമാഹാരത്തില്‍ നിന്നും ഒരു കവിത
കൊണ്ടുപോകുന്നു നീ ദുര്‍വിധിയേ, നിഷ്‌കൃപം
പണ്ടത്തെയെന്റെ കളിക്കൂട്ടുകാരനെ!
മഞ്ഞുതുള്ളിക്കുള്ളിലീ പ്രപഞ്ചം പോലെ
മഞ്ജുവാം നിന്‍രൂപമിന്നുമെന്നോര്‍മ്മയില്‍
മിന്നിത്തെളിയുമ്പൊഴൊക്കെയുമെന്‍ കവിള്‍
കണ്ണുനീര്‍ക്കാളിന്ദിയായി മാറുന്നിതാ.
കാലച്ചെറുപ്പം മുതല്‍ക്കു നാമൊന്നിച്ചു
കാണിനേരം പോലും വേര്‍പെട്ടിരിക്കാതെ
കേളിയാടിക്കഴിഞ്ഞോരാക്കഥയോര്‍ത്തു
കേഴുമെനിക്കിന്നാര്‍ സാന്ത്വനമേകുവാന്‍!
പിന്നെയെന്‍ ജീവിതം ഭാരമായ് മാനസം
ഖിന്നമായ് ഞാനന്നിരുട്ടിലാണ്ടെങ്കിലും
അസ്തമിച്ചില്ലെന്‍ പകലുകളന്നു നി-
ന്നര്‍ക്കോജ്ജ്വലാനനമെന്നെത്തഴുകയാല്‍
ഒറ്റഞെട്ടില്‍ രണ്ടു പൂക്കള്‍ പോല്‍ വാണു നാം;
ഒറ്റയ്ക്കായിന്നു ഞാന്‍, നീയോ കൊഴിഞ്ഞുപോയ്.
എങ്കിലും നിന്റെ ഹൃദയപരിമളം
എന്നെത്തലോടിച്ചുഴലുന്നിതിപ്പൊഴും
ആരുണ്ടിവിടെ മരണമേ, ജീവനി-
ലാപതിച്ചീടുന്ന നിന്‍ കൈ തടുക്കുവാന്‍!
ആവട്ടെ, ചിത്തമേ, പ്രാര്‍ത്ഥിക്കുമേകനാം
ജീവാധിനാഥനല്ലാഹുവിനോടു നീ:
കേഴമാന്‍ പോലെ വിശുദ്ധനാമെന്‍ കളി-
ത്തോഴനെ സ്വര്‍ഗ്ഗത്തിലെത്തിച്ചിടേണമേ!
Comments are closed.