എര്‍ദോഗാനിസം
ഒക്ടോബര്‍ ലക്കം പച്ചക്കുതിരയില്‍
ഡോ. ടി. കെ. ജാബിര്‍
തുര്‍ക്കിയിലെ നരേന്ദ്രമോദിയാണ് എര്‍ദോഗാന്‍ എന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ പറയാറുണ്ട്. നയങ്ങളില്‍, നിലപാടുകളില്‍. ചില സാദൃശ്യങ്ങള്‍ ഉണ്ടെന്നത് ശരിതന്നെയാണ്. കാരണം രാഷ്ട്രീയത്തിലെ മതചിഹ്നങ്ങളും സാമ്പത്തികനയങ്ങളും ഉദാരമായിത്തന്നെ ഇരുരാഷ്ട്രങ്ങളിലും വ്യാപിച്ചിരിക്കുന്നു. പക്ഷേ, അതില്‍ ഒരു തികഞ്ഞ സജാതീയത്വം കാണുവാന്‍ സാധ്യമല്ല. ഇന്ത്യയില്‍ തീവ്രദേശീയതയും മതവും (ബ്രാഹ്മണിസം) രാഷ്ട്രീയത്തില്‍ കലര്‍ത്തി അധികാരം നേടുന്ന ശൈലി തുര്‍ക്കിയില്‍ എര്‍ദോഗാന്‍ ചെയ്യുന്നുണ്ട്.
തുര്‍ക്കിയില്‍ 2023 മെയ് മാസത്തില്‍ നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ റജബ് ത്വയ്യിബ് എര്‍ദോഗാന്‍ വീണ്ടും പ്രസിഡണ്ടായിതിരഞ്ഞെടുക്കപ്പെടുകയുണ്ടായി. ജനാധിപത്യബോധമുള്ളവര്‍ ഈ തിരഞ്ഞെടുപ്പിനെ കടുത്ത ഭീതിയോടെയാണു വിലയിരുത്തുന്നത്. തുടര്‍ച്ചയായ രണ്ടുദശകത്തിലേറെ കാലഘട്ടം എര്‍ദോഗാന്‍ എന്ന ഒരു വ്യക്തിമാത്രം പ്രധാനമന്ത്രിയായും പ്രസിഡണ്ടായും രാഷ്ട്രം ഭരിക്കുക എന്നത് കേള്‍ക്കുമ്പോള്‍തന്നെ ആധുനിക രാഷ്ട്രീയചരിത്രം അറിയുന്നവരൊക്കെയും ആശങ്കപ്പെടുന്നതു സ്വാഭാവികമാണ്. തുര്‍ക്കിയില്‍ അടുത്ത കാലത്തുണ്ടായ ഭൂകമ്പത്തില്‍ സഹായം എത്തിക്കുന്നതില്‍ താമസം ഉണ്ടായതും കടുത്ത നാണയപ്പെരുപ്പവുമെല്ലാം എര്‍ദോഗാെന്റ ജനപിന്തുണ ഇടിഞ്ഞുപോകുവാന്‍ ഇടയാക്കിയിരുന്നു. പ്രധാന എതിരാളിയും മതേതര ദേശീയ രാഷ്ട്രീയത്തിന്റെ വക്താവുമായിരുന്ന കമാല്‍ കിലിക്‌ഡോറോഗ്ലു തിരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കില്‍ മേഖലയിലെ രാഷ്ട്രീയം മറ്റൊരു ദിശയില്‍ സഞ്ചരിച്ചേനേയെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. ഒരു നവ സാമൂഹിക വ്യക്തികേന്ദ്രീകൃത രാഷ്ട്രീയം/എര്‍ദോഗാന്‍രാഷ്ട്രീയം അതായത് ‘എര്‍ദോഗാനിസം’ രൂപപ്പെട്ടത് എങ്ങനെയെന്ന് തുര്‍ക്കിഷ് രാഷ്ട്രീയ വൈജ്ഞാനിക നിര്‍മ്മിതിയെ(തുര്‍ക്കികളുടെ ഗ്രന്ഥങ്ങളെ) മാത്രം അവലംബിച്ചുകൊണ്ട് വിലയിരുത്തുവാന്‍ ശ്രമിക്കുകയാണിവിടെ. ലോകത്തെ ജനാധിപത്യ രാഷ്ട്രീയം ഭീഷണികള്‍ നേരിടുകയും ഏകവ്യക്തിരാഷ്ട്രീയത്തിലേക്ക് അത് ചുരുങ്ങുകയും മനുഷ്യാവകാശങ്ങള്‍ ഇല്ലാതാക്കപ്പെടുകയും അത് അനുകരണീയ മാതൃകയാണെന്ന വ്യവഹാരം രൂപപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണു നാം ജീവിക്കുന്നത്.
ജനാധിപത്യവും ഭരണവും തുര്‍ക്കിയില്‍
ആറ് കോടിയിലേറെ ജനസംഖ്യയുണ്ട് തുര്‍ക്കിയില്‍. രണ്ട് റൗണ്ട് തിരഞ്ഞെടുപ്പ് നടന്നപ്പോഴും പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി (സി.എച്ച്.പി) യ്ക്ക് യഥാക്രമം 44%, 47% വോട്ടുകള്‍ ലഭിക്കുകയുണ്ടായി. ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി (ഏ.കെ. പാര്‍ട്ടി) യ്ക്ക് 49 ഉം 52 ഉം ശതമാനം വോട്ടുകളാണു ലഭിച്ചത്. ഈ പ്രതിപക്ഷത്തിന് ലഭിച്ച ജനവിധി അപ്രസക്തമായി പോകരുത് എന്നതാണ് ജനാധിപത്യത്തിന്റെ അതിജീവനത്തിന്റെ ഒരു പ്രധാനപ്പെട്ട തലം. രണ്ടാമത്തേത്, മാനവിക മൂല്യങ്ങളായ, നീതി, സമത്വം, സ്വാതന്ത്ര്യം, അവകാശങ്ങള്‍, എന്നിവയുടെ ഒരു സാമൂഹിക സഞ്ചയികയാണ് ജനാധിപത്യമെന്ന് പൂര്‍ണമായ അര്‍ത്ഥത്തില്‍ വിളിക്കാവുന്നത്.
പൂര്‍ണ്ണരൂപം 2023 ഒക്ടോബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബർ ലക്കം ലഭ്യമാണ്
Comments are closed.