DCBOOKS
Malayalam News Literature Website

കാര്‍ട്ടൂണ്‍ കഥ പറയുമ്പോള്‍…

പതിമൂന്ന് വർഷം ആനുകാലികത്തിലൂടെ തുടർച്ചയായി പ്രസിദ്ധീകരിക്കപ്പെട്ട ജി. അരവിന്ദന്റെ 'ചെറിയ മനുഷ്യരും വലിയ ലോകവും ' പൂര്‍ണ്ണരൂപത്തില്‍ ആദ്യമായി സമാഹാരിക്കപ്പെടുന്നു

ഇ പി ഉണ്ണി

ഇപ്പോൾ ആദ്യമായി അച്ചടിച്ചിറങ്ങുന്ന ഈ പുസ്തകം അര നൂറ്റാണ്ട് മുമ്പേ വായനക്കാർ മനസ്സിൽ കണ്ടതാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പഴയ കുറേ വായനക്കാർക്കാണ് ഈ അവസരം ലഭിച്ചത്. അവസാന പേജിൽ വന്ന കാർട്ടൂൺ പംക്തിയിൽ ലക്കം തോറും പറഞ്ഞു തീരുന്ന ഫലിതത്തിനപ്പുറം അവർ ഒരു കഥ കണ്ടുതുടങ്ങി. പതിമൂന്നു വർഷത്തെ തുടർവായനയിൽ കഥ വളർന്നു. പരമ്പര 1973-ൽ പെട്ടെന്ന് നിലച്ചപ്പോൾ പലരുടെയും ഓർമ്മയിൽ ശേഷിച്ചത് വാക്കും വരയും ചേർന്ന ഒരു സമഗ്രസൃഷ്ടിയാണ്. അതിനെ ചൊല്ലിവിളിക്കാർ ഒരു പേര് അന്നില്ല. അഞ്ചു കൊല്ലംകൂടി കഴിഞ്ഞ് 1978-ൽ ന്യൂയോർക്കിൽ ആണ് അത് സാദ്ധ്യമാവുന്നത്.

കോമിക് കലയെ നിരന്തരം പുതുക്കാൻ ശ്രമിച്ച വിൽ ഐസ്നർ എന്ന പ്രതിഭ അറുപത്തൊന്നാം വയസ്സിൽ ഒരു പുതിയ കോമിക് ആഖ്യായിക അന്നവിടെ പുറത്തിറക്കി. കോൺട്രാക്റ്റ് വിത്ത് ഗോഡ് ആൻഡ് അദർ റ്റെനമെന്റ് സ്റ്റോറീസ് എന്ന പേരിൽ അമേരിക്കയിൽ കുടിയേറിയ ജൂതരുടെ സ്വകാര്യജീവിതത്തെ മുൻനിർത്തി നാലു കഥകൾ. പരീക്ഷണ കുതുകികളായ യുവ കാർട്ടൂണിസ്റ്റ് സുഹൃത്തുക്കളുടെ പ്രേരണയ്ക്കു വഴങ്ങി വിപുലമായ ആവിഷ്കാര സാധ്യതകൾക്കായി വാർത്തെടുത്ത ഈ സങ്കരരൂപത്തെ അദ്ദേഹംതന്നെ ഗ്രാഫിക് നോവൽ എന്നു വിളിച്ചു. നാമകരണം നടത്താനുള്ള ആധികാരികത പണ്ഡിതനുംകൂടിയായ ഉപജ്ഞാതാവിനുണ്ടായിരുന്നു. 1964-ൽ പ്രശസ്ത കോമിക് കലാനിരൂപകൻ റിച്ചാർഡ് കൈൽ (Richard Kyle) തന്റെ ലേഖനത്തിൽ ഉപയോഗിച്ച പദമാണ് ഐസ്നർ കടമെടുത്തത്.

ഇതിനിടെ മലയാളിവായനക്കാർ സായ്പിനെ കടത്തിവെട്ടിയിരുന്നു. അങ്ങനെയൊരു ചരിത്രസന്ദർഭം ശ്രദ്ധിക്കാനോ അവകാശവാദം ഉന്നയിക്കാനോ Textആരുമുണ്ടായില്ല. രാമുവിന്റെ ആകുലതകൾ പങ്കിടുകയും ഗുരുജിയുടെ അനാസക്തിയെ ആദരിക്കുകയും ചെയ്ത വായനക്കാർ സ്വാഭാവികമായും ഇത്രയ്ക്ക് ആവേശം ഒന്നും കാണിക്കില്ല. കാർട്ടൂണിനെ സാഹിത്യത്തിനു സമമായി ഇവർ കണ്ടു എന്നതാണ് പ്രസക്തം. തന്റെ കാർട്ടൂൺ കൃതിയെ നോവൽ എന്നു വിളിക്കുന്നതിൽ ഐസ്നറുടെ യുക്തിയും ഈ സാഹിത്യസമാനത തന്നെ.

മലയാളിയുടെ വായനാചരിത്രത്തിലെ ഒരു സുപ്രധാന മുഹൂർത്തം ആണിത്. വായനയെ ഇവിടെ കൊണ്ടെത്തിച്ചതിന്റെ കാരണങ്ങളും പ്രേരണകളും ഗവേഷകർക്ക് വിടാം. അനുകൂല സാഹചര്യം മാതൃഭൂമി ആഴ്ചപ്പതിപ്പിൽതന്നെ ഉണ്ടായിരുന്നു. കാത്തിരുന്നും ഓർത്തിരുന്നും ഖണ്ഡശഃ വായിച്ചുകൂട്ടുന്ന ശീലം ഉറൂബിന്റെയും ബിഭൂതിഭൂഷണിന്റെയും ഒക്കെ നോവലുകൾ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. കൂടാതെ, സാഹിത്യ കൃതികൾ അടിച്ചുവന്നത് രേഖാചിത്രങ്ങളോടുകൂടിയാണ്. വരച്ചത് ഒരു വൻനിര–കെ.സി.എസ്. പണിക്കർ, എം.വി. ദേവൻ, എ.എസ്., നമ്പൂതിരി. ഇതോടെ വാക്കും സമശീർഷമായ വരയും ചേർത്ത് വായിക്കാം എന്നായി.

ഈ സാധ്യതകളിൽ ഊന്നി അരവിന്ദന്റെ കന്നിവായനക്കാർ ഭേദബുദ്ധിയില്ലാത്ത സംവേദനതലത്തിൽ എത്തി. ഇന്നത്തെ യുവ വായനക്കാർക്ക് ഇതൊക്കെ ശീലമാണ്. ശ്രേണീക്രമങ്ങൾക്ക് അപ്പുറം അനേകാഗ്രതയോടെ വാക്കിനെയും ചിത്രത്തെയും ശബ്ദത്തെയും അവർ സമതലത്തിൽ കാണുന്നു. സാഹിത്യത്തിൽനിന്ന് സിനിമയിലേക്കും സംഗീതത്തിലേക്കും ഇവർ അതിരുകളില്ലാതെ ശ്രദ്ധ തിരിക്കുന്നു. ഇവർക്കുംകൂടി ഉള്ളതാണ് ഈ പുസ്തകം.

രാമുവിനു ജോലി കിട്ടിയോ?

ആദ്യ കാർട്ടൂൺ ഒറിജിനൽ കണ്ടു ബോധിച്ച് പ്രസ്സിലേക്ക് അയച്ച പത്രാധിപരായ എൻ.വി. കൃഷ്ണവാരിയരാണ് പംക്തിക്ക് പേരിട്ടത് എന്നാണ് ഒരു കാലത്ത് കേട്ടിരുന്നത്. പിന്നീട് കേട്ടത് കാർട്ടൂണിസ്റ്റിനും സ്നേഹിതർക്കും പേരിടലിൽ പങ്കുണ്ടെന്നാണ്. എന്തായാലും പേര് പത്രാധിപർക്ക് സ്വീകാര്യമായിരുന്നു എന്നതിൽ തർക്കമില്ല. ക്രാന്തദർശി ആയ എൻ.വി. കൃതിയുടെ ജാതകം ഗണിച്ചിരിക്കാം. ചെറിയ കാഴ്ചകളിൽനിന്നു വലിയ കാഴ്ചപ്പാടുകളിലേക്കുള്ള ദിശാസൂചന പേരിൽതന്നെ ഉണ്ട്. വർഷങ്ങൾക്കു ശേഷം ഇതൊരു ശീർഷകം മാത്രമല്ല അരവിന്ദന്റെ ദർശനംതന്നെ എന്നു കെ.പി. കുമാരൻ നിരീക്ഷിക്കുന്നുണ്ട്. ഒറ്റൊറ്റയ്ക്കല്ല, ഒരുമിച്ചു ക്രമത്തിൽ വായിക്കേണ്ടതാണ് ഈ പ്രതിവാര കാർട്ടൂണുകൾ എന്ന ബോധ്യം നേരത്തേ ഉണ്ട്.

ഇത് കൊണ്ടൊക്കെത്തന്നെ ഈ പരമ്പര പുസ്തകമാക്കാൻ ഒന്നിലേറെ ശ്രമങ്ങളുണ്ടായി. രണ്ടു വട്ടവും ഉള്ളടക്കം ഒന്നുതന്നെ, പതിമൂന്നു വർഷം വരച്ചുണ്ടാക്കിയതിന്റെ മൂന്നിൽ രണ്ട് ഭാഗം. ശ്രീവരാഹം ബാലകൃഷ്ണൻ, സുഭാഷ് ചന്ദ്ര ബോസ്, ബി. വിജയകുമാർ, സി.പി. നാരായണ ഭട്ടതിരി; ഈ നാല്‌വരാണ് വാരികയുടെ പഴയ ലക്കങ്ങളിൽനിന്ന് ചിത്രങ്ങൾ കണ്ടെടുത്ത് 1978-ൽ ബീസ് ബുക്സിന്റെ പേരിൽ ആദ്യമായി സമാഹരിച്ചത്. എം.വി. ദേവന്റെ അവതാരികയും നമ്പൂതിരിയുടെ മുഖചിത്രവുംകൂടി ആയപ്പോൾ കാർട്ടൂൺ ശേഖരത്തിന് ഒതുക്കവും ഏകീകൃതരൂപവും കൈവന്നു. കുറേക്കൂടി വലുപ്പത്തിൽ 1996-ൽ എം.ടി. വാസുദേവൻ നായരുടെ ആമുഖത്തോടെ എൻ.എൽ. ബാലകൃഷ്ണനെടുത്ത അരവിന്ദന്റെ ഫോട്ടോ മുഖചിത്രമായി ഡി സി ബുക്സ് പരിഷ്കരിച്ച പതിപ്പിറക്കി.

തുടക്കത്തിൽ ലക്കം ലക്കമായി വായിച്ചവർ കുടുംബാംഗങ്ങളുടെ ഉത്കണ്ഠയോടെ, അയല്ക്കാരുടെ ദുഃസ്വാതന്ത്ര്യത്തോടെ “രാമുവിന് ജോലി കിട്ടിയോ?”, “രാധയുടെ കല്യാണം ഉറപ്പിച്ചോ?” എന്നീ ചോദ്യ ങ്ങളുമായി വാരികയുടെ അവസാന പേജ് ആണ് ആദ്യം തുറക്കുക. കടുത്ത കൂറുള്ള ഈ ആദ്യവായനയോട് നീതി പുലർത്തുന്ന, ഒന്നും വിട്ടുപോവാതെ, ഒരു കണ്ണിയും മുറിഞ്ഞുപോവാതെ ഒരുക്കിയെടുത്ത സമ്പൂർണ്ണ പതിപ്പാണിത്.

അരവിന്ദൻ വരച്ചു തുടങ്ങിയ കാലത്ത് 1960-കളിൽ മലയാളത്തിലെ ആനുകാലികങ്ങൾ മിക്കവാറും അവസാനപേജ് സ്ഥിരം കഥാപാത്രങ്ങളുള്ള ഒരു കാർട്ടൂൺ പംക്തിക്കു നീക്കിവെക്കുമായിരുന്നു. പല കള്ളികളിലായി മുന്നേറി ഒരു നാടകീയ മുഹൂർത്തത്തിലേക്ക് എത്തിക്കുന്ന നർമ്മാനുഭവം. ഈ ഗണത്തിൽ ഏറ്റവും ജനപ്രിയമായ ടോംസിന്റെ ബോബനും മോളിക്കും ഒരുപാട് അനുകരണങ്ങൾ ഉണ്ടായി. അവയിൽ ഒക്കെയും കേന്ദ്ര കഥാപാത്രങ്ങൾ കുട്ടികളാണ്. രാമുവിന്റെ ലോകത്ത് പക്ഷേ, കുട്ടികൾ ഇല്ലെന്നുതന്നെ പറയാം. എടുത്തുപറയാവുന്ന ഒരു കുഞ്ഞ് കൽക്കത്തയിൽനിന്ന് വന്നു പോവുന്ന ഗോപിയുടെ യും അപർണ്ണയുടെയും മകനാണ്. ഗുരുജിയുടെ ഒക്കത്ത് കയറി ബംഗാളിയിൽ കുശലം പറയുന്നുണ്ടു ധീരൻ. രാമു എന്നാണ് അവനു പേരിട്ടിരിക്കുന്നത്. വെറും രാമു അല്ല, രാമു റേയോ രാമു മുഖർജിയോ ആവും എന്നു ഗുരുജി എടുത്തു പറയുന്നുണ്ട്.

കാർട്ടൂണിസ്റ്റുകൾക്ക് പ്രിയപ്പെട്ടവരാണ് കുട്ടികൾ. എന്ത് അഭ്യാസവും ചെയ്യിക്കാം. ഒന്നും വേണ്ടെങ്കിൽ ഒരു മൂലയിൽ ഒതുക്കിനിർത്താം. ആകാരം ചെറുതായതുകൊണ്ടു തലയ്ക്കു മുകളിൽ നീണ്ട വചനങ്ങൾ എഴുതിയിടുകയും ആവാം. ഈ ബാലവേലകൾ എല്ലാം അരവിന്ദൻ പാടേ ഒഴിവാക്കി. മുതിർന്നവർക്ക് വേണ്ടി മുതിർന്നവരുടെ കഥ പറഞ്ഞു. വ്യത്യസ്‌തതയുടെ ഈ ആദ്യ സൂചന വായനക്കാർ നിശ്ശബ്ദരായി സ്വീക രിച്ചു.

ജി. അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും‘ – എന്ന ഡി സി ബുക്‌സിന്റെ ഏറ്റവും പുതിയ പ്രീ പബ്ലിക്കേഷന്‍ പുസ്തകം ബുക്കിങ്ങിന് ക്ലിക്ക് ചെയ്യൂ

Comments are closed.