DCBOOKS
Malayalam News Literature Website

ലോകബാധയേറ്റ വാക്കുകള്‍

ഇ.പി. രാജഗോപാലന്‍

കാത്തിരിപ്പ്, കാമുകീഭാവം എന്നിവയുടെ മയില്‍പ്പീലിക്കാവുകളായി പലരും വായിച്ചാനന്ദിച്ച കവിതകളിലെ ചരിത്രപരതയും സാമൂഹികതയും തുറന്ന രൂപം നേടുന്ന ഘട്ട
മാണിത്. ‘ബീഹാര്‍’ പോലൊരു ആദ്യകാലകവിതയില്‍ ഈ രാഷ്ട്രീയതയുടെ അടയാ
ളങ്ങള്‍ തീര്‍ച്ചയായും ഉണ്ട്. പ്രകൃതിസംരക്ഷണയത്‌നങ്ങളില്‍ ഇടപെടുന്ന സുഗതകുമാരി ഒരു പുതിയ കാഴ്ചയായിരുന്നു. കേവല വൈയക്തികതയായി അവരുടെ
അതേ വരെയുള്ള കവിതകള്‍ വായിച്ചവര്‍ ഇത് ശ്രദ്ധിച്ചോ എന്നറിയില്ല.

മറവിയെപ്പറ്റി സുഗതകുമാരി അനുതാപത്തോടെ എഴുതി. ഒരു താരകയെ എന്നു തുടങ്ങുന്ന ആഖണ്ഡത്തില്‍ മറവിവാക്ക് മൂന്നു തവണയാണുള്ളത്. തനിക്ക് അത്രയേറെ ഓര്‍മ്മയുണ്ട് എന്നാണതിന്റെ വ്യക്തിപരമായ അര്‍ത്ഥം. താന്‍ നന്മയും തിന്മയും, സുഖവും ദു:ഖവും, ഇരുളും വെളിച്ചവുമെല്ലാം ഓര്‍ക്കുന്നു. അങ്ങനെയാണ് താന്‍ കവിയാവുന്നത്. ഈ വെളിപ്പെടുത്തല്‍ കൂടി ‘പാവം മാനവഹൃദയ’ത്തില്‍ ഉണ്ട് .

ഈ ഓര്‍മ്മയുടെ മണ്ഡലം കാലം ചെല്ലുന്തോറും വലുതായിക്കൊണ്ടേയിരുന്നു. ഇതാണ് സുഗതകുമാരിയുടെ കവിതയെ ലോകത്തിന്റെ ജീവനുള്ള പാഠമായി നിലനിര്‍ത്തിക്കൊണ്ടേ പോന്നത്. തീവ്രത എന്ന വാക്കിന്റെ തീവ്രത മുഴുവനും ആ കാവ്യാനുഭവത്തില്‍ ഉണ്ട്. കവിത ഈ കവിയ്ക്ക് തന്നെയെഴുതല്‍ മാത്രമായിരുന്നു. അത്രമേല്‍ ലോക ബാധയേറ്റ പ്രജ്ഞയായിരുന്നു.

pachakuthiraഒരിക്കലും സുഗതകുമാരി ഉപചാരപരമായി എഴുതിയില്ല. ഭാഷ തനിക്ക് വെറും മാധ്യമമായിരുന്നില്ല. തീവ്രതയുടെ വാക്കുകളില്‍ സ്വന്തം സാംസ്‌കാരികസ്വത്വമെഴുതുകയാണ്  സുഗതകുമാരിയുടെ കാവ്യവഴി. ആത്മാര്‍ത്ഥത എന്നത് ഇവിടെ തീവ്രതയുടെ വിറകായിത്തീരുന്നു.

വ്യക്തിഗതവും സാമൂഹികവും എന്ന വേര്‍തിരിവ് ഈ കവിതകളില്‍ ഏതാണ്ട് അസാദ്ധ്യമാണ്. അത്രയും തീവ്രമായ ഒരു മനസ്സിന്റെ പ്രവര്‍ത്തനം ഇവിടെയുണ്ട്. താന്‍ പ്രതികരണ
ക്ഷമയായി നില്‍ക്കുന്നു എന്നത് തന്നെയാണ് സുഗതകുമാരിയെ കവിയാക്കിയത്. (നല്ല)കവിയ്ക്ക് വേണ്ട ഭാഷാപരമായ സൂക്ഷ്മത അവരില്‍ ലോകനിരീക്ഷണത്തിലെ സൂക്ഷ്മതയായും പ്രവര്‍ത്തിച്ചു. രണ്ടിന്റെയും അഭേദത്താല്‍ തീവ്രത എന്നൊരു സൗന്ദര്യശാസ്ത്രഗണം സങ്കല്പിച്ചു മാത്രമേ സുഗതകുമാരിക്കവിതകള്‍ വായിക്കാനാവൂ എന്നൊരു നിലയുണ്ടായി.

ആദ്യമൊക്കെ ലോകബാധ തന്റെ മാത്രം പ്രശ്‌നമായാണ് കവി കണ്ടത് എന്ന് തോന്നാം. അത്രമാത്രം വൈകാരികതയോടെയും ഉള്‍ച്ചേരലോടെയുമാണ് 1980 വരെയൊക്കെ
യുളള കാലത്ത് അവര്‍ എഴുതിപ്പോന്നത്. കവിത അവര്‍ക്ക് സ്വഭാവമായിരുന്നു.

ആത്മഭാവമുള്ള ഒന്ന്

മുതലാളിത്തം തടവിത്തടവി ഉണര്‍ത്തിക്കൊണ്ടേയിരിക്കുന്ന ഒന്നാണ് വ്യക്തിപരമായ ഈഗോ. അത് പലയാവിഷ്‌ക്കാരങ്ങളായി വ്യക്തിയെ തന്റെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അകറ്റും. വ്യവസ്ഥയുടെ സുഖം നുകരാനുള്ള ഒരു വലിയ അവയവം മാത്രമായി ഒരാള്‍ മാറും.

ഈ ഈഗോ ഇല്ലാതാക്കാനുള്ള കാവ്യാനുഷ്ഠാനമാണ് ‘കാളിയമര്‍ദ്ദനം.’ ഈയര്‍ത്ഥത്തില്‍ സുഗതകുമാരിയുടെ ആക്റ്റിവിസ്റ്റ് (ഏറ്റവും നല്ലയര്‍ത്ഥത്തില്‍ ) കവിതകളെല്ലാം ആ ആദ്യകാല രചനയില്‍ത്തന്നെ പ്രവചിക്കപ്പെട്ടിട്ടുണ്ട്. തന്നില്‍ ലോകം പല മാനങ്ങളില്‍ മിടിച്ചു കൊണ്ടിരിക്കുന്നുണ്ട്; അതാണ് തന്റെ അസ്വാസ്ഥ്യത്തിന്റെ ഒരേയൊരു കാരണം. ഈ കാര്യം സ്വയം തിരിച്ചറിയാന്‍ കഴിയാതിരുന്ന വ്യക്തിയാണ് തന്റെ ഉള്ളിടങ്ങളെ പൂരിപ്പിക്കാനും
തന്നെ മുഴുവനായും മനസ്സിലാക്കാനുള്ള ഒരു അപരശക്തിയെ പ്രതീക്ഷിക്കുകയും പുരുഷച്ഛായയുള്ള ഒന്നായി അതിനെ സങ്കല്പിക്കുകയും ചെയ്യുന്ന സ്ത്രീയുടെ നിവേദന
ങ്ങളുടെയും ആത്മാലാപങ്ങളുടെയും അര്‍ത്ഥസംഗീതമാലികകളായി പിറവിയെടുത്ത കവിതകളുടെ കവി.

അത് ദാമ്പത്യമട്ടിലുള്ള ഒരു ഭാവനയല്ല , ഭക്തിപ്രസ്താവനയുമല്ല. തന്നെ ഭാവപരമായ തീവ്രതയെ അന്ന് അങ്ങനെ എഴുതിയെന്നേയുള്ളൂ. ‘കടമ്പുവൃക്ഷങ്ങളുടെ വിജനതയില്‍ /സ്വയം മുറിവേല്‍പ്പിച്ചു ചോരയൊലിപ്പിക്കുന്ന സുഗത’ എന്ന് സച്ചിദാനന്ദന്‍ ‘ഒഴിഞ്ഞ മുറി’യില്‍ എഴുതി. 1982-ലെ കവിതയാണ് ‘ഒഴിഞ്ഞ മുറി.’ ഇത് ശ്രദ്ധേയമായ ഒരു വിലയിരുത്തലാണ്. ജീവിതത്തിന്റെ മുള്ളുകളില്‍ വീണ് ചോരയൊലിപ്പിക്കുന്ന കവി എന്ന ഷെല്ലിയുടെ ഭാവനകാല്പനികതയുടെ ഒരു ആദിരൂപം കണക്കെയായിത്തീര്‍ന്നിട്ടുണ്ട്. (ഈ കവിത സുഗതകുമാരി വിവര്‍ത്തനം ചെയ്തു. ശ്രദ്ധിക്കേണ്ട കാര്യമാണ്.) സുഗതകുമാരിക്കവിതകളില്‍ സ്വയം മുറിവേല്പിക്കുന്ന സ്വത്വസങ്കല്പമാണുള്ളത്. ഇന്ത്യന്‍ ഹരാകിരി. വൈയക്തികതയുടെ മൂര്‍ച്ഛ. എന്നാല്‍ അത് സ്വകാര്യമനസ്സിന്റെയോ സ്വകാര്യശരീരത്തിന്റെയോ മാത്രമായ നീക്കമല്ല സാര്‍ത്ഥപൂരിതമായ ഒന്നല്ല. ജീവിതവിമര്‍ശനത്തിന്റെ ആത്മഭാഷണമാണത്. ലോകം നിരാര്‍ദ്രമാകുന്നു എന്ന വേവലാതി അവയില്‍ ഉണ്ട്. അതിന് പകരമായാണ് സ്‌നേഹപ്രകൃതിയും സൗന്ദര്യസ്ഥലികളും അവയില്‍ ഭാവന ചെയ്യുന്നത്.കവിതകള്‍ ആ നിലയിലല്ല പൊതുവെ ‘ഡീകോഡ്’ ചെയ്യപ്പെട്ടത് എന്നുമാത്രം.

പൂര്‍ണ്ണരൂപം വായിക്കാന്‍  ജനുവരി ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജനുവരി ലക്കം ലഭ്യമാണ്‌

 

Comments are closed.