പാരിസ്ഥിതികാഘാതങ്ങളും പ്രശ്നങ്ങളും
രാജി ആര്‍ നായര്‍
മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം അതിപ്രാചീനകാലം മുതല്‍ ഇഴചേര്‍ന്നുകിടക്കുന്ന മഹാത്ഭുതമാണ്. പരിണാമവാദ സിദ്ധാന്തപ്രകാരം ഇപ്പോഴും ഇരുണ്ട ഭൂഖണ്ഡമായി ഭൂരിഭാഗവും തുടരുന്ന ആഫ്രിക്കന്‍ വന്‍കരയിലാണ് ആദിമമനുഷ്യന്‍ പിറവിയെടുത്തതെന്ന് വിശ്വസിക്കപ്പെടുന്നു. വന്‍നദികളും പര്‍വതനിരകളും കൊണ്ട് അനുഗൃഹീതമായ ആഫ്രിക്കയിലെ പാരിസ്ഥിതിക പ്രത്യേകതകളാകാം അവിടെ ഈ മഹത്തായ സംഭവത്തിന് പശ്ചാത്തലമാക്കിയത്. പിന്നീട് പല ഭൂഖണ്ഡങ്ങളിലേയ്ക്ക് ജൈത്രയാത്ര തുടങ്ങിയ മനുഷ്യന്‍ ആധുനികലോകത്തെ അജയ്യശക്തിയായി പരിണമിച്ചിരിക്കുന്നു. മനുഷ്യനെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചത് അവന്‍ ജീവിക്കുന്ന ചുറ്റുപാടും അതിനനുബന്ധമായ പാരിസ്ഥിക ഘടകങ്ങളുമാണ്. പക്ഷിമൃഗാദികളും സസ്യലതാദികളും മനുഷ്യനാവശ്യമായ ശാന്തമായ കാലാവസ്ഥയും ഭക്ഷണവുമൊക്കെ ഒരുക്കിത്തന്നിട്ടുണ്ട്. എന്നാല്‍ അവയൊക്കെ ആവശ്യത്തിലധികം അനുഭവിച്ച് ഭാവിതലമുറയ്ക്ക് ഒട്ടുംതന്നെ കരുതല്‍ നല്കാത്ത ഒരു വിഭാഗവും നാം തന്നെയാണ്. ഏതൊരു ജീവിയും തന്‍റെ ഭക്ഷണത്തിനാവശ്യമായ ഇരയെ കണ്ടെത്തി സംതൃപ്തമായി ജീവിതം മുന്നേറുമ്പോള്‍ നമ്മള്‍ മാത്രം അത്യാര്‍ത്തിയും അതിമോഹവും ആര്‍ഭാട ഭ്രമങ്ങളും കൊണ്ട് പരിസ്ഥിതിയെ വല്ലാതെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. ഇതിന്‍റെ ഫലമായി അപ്രതീക്ഷിതമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ തിരിച്ചടികളായി നാം നേരിട്ടുകൊണ്ടിരിക്കുന്നു.
ലോകത്തില്‍ മനുഷ്യവാസമേറെയുള്ളവന്‍ കരകളിലെയും ശാസ്ത്രസാങ്കേതികമായും നാഗരികമായും വളര്‍ന്നമേഖലകളിലെ പ്രകൃതിയുടെ സ്വാഭാവികതയെ അപ്പാടെ മാറ്റിമറിക്കുന്നതു മൂലമാണ് ഇന്നു കാണുന്ന കാലാവസ്ഥാ പ്രശ്നങ്ങളും ദുരന്തങ്ങളുമൊക്കെ പ്രത്യക്ഷമാകുന്നത്. അനുനിമിഷം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിപ്പോലും ഇവയുടെ കാരണങ്ങളെപ്പറ്റി നാം ഗൗരവമായി ചിന്തിക്കുന്നതേയില്ല എന്നത് സര്‍വ നാശത്തിലേയ്ക്കുള്ള മനുഷ്യരാഷിയുടെ ചുവടുവെയ്പിന്‍റെ സൂചനയാണ് നല്കുന്നത്. ഒരു പ്രത്യേക പ്രദേശത്തെ സ്ഥൂല പരിസ്ഥിതിയെ സമഗ്രമായി പരിവര്‍ത്തനം നടത്തുന്നതിലൂടെ അവിടെ അത്യാഹിതങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. വലിയ മലകളും കുന്നുകളും ഇടിച്ചുനിരത്തുകയും ചതുപ്പുകള്‍ നികത്തുകയും നദികളുടെ ഗതിതിരിച്ചുവിടുകയും ചെയ്യുന്നതോടെ പ്രകൃതിയോടുള്ള നിഷേധാത്മക മനോഭാവം ഉച്ചസ്ഥായിയിലെത്തുന്നു. വനം കയ്യേറി കൃഷി സ്ഥലമൊരുക്കുന്ന മനുഷ്യന്‍ കാട്ടുമൃഗങ്ങളുടെ ഭീഷണികളെപ്പറ്റി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് പല ഏജന്‍സികളുടെ സഹായത്തോടെ അവയെ വകവരുത്തുന്നു. കേരളത്തിലെ വനംകയ്യേറ്റത്തിന്‍റെ രൂക്ഷത അണക്കെട്ടു നിര്‍മ്മാണവും അതിനോടു ചേര്‍ന്നുള്ള വിനോദസഞ്ചാര സന്നാഹങ്ങളും കൊണ്ട് വളരെയേറെ വര്‍ദ്ധിച്ചിരിക്കുന്നു. ഈ കാരണങ്ങള്‍ കൊണ്ട് ഉരുള്‍ പൊട്ടലും വെള്ളപ്പൊക്കവും നിത്യസംഭവമായി മാറിയിരിക്കുന്നു.
ഇന്ന് നമ്മള്‍ നേരിടുന്ന അത്യധികം ഗൗരവമുള്ള വിഷയമാണ് കാലാവസ്ഥാ വ്യതിയാനം കേരളത്തില്‍ ഋതുപ്പകര്‍ച്ചയ്ക്കനുസരിച്ചാണ് കാര്‍ഷിക വൃത്തികള്‍ പോലും ചെയ്തുവന്നത്. എന്നാല്‍ കാര്‍ഷിക മേഖലയുടെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിയത് കാലാവസ്ഥാ വ്യതിയാനങ്ങളുടെ അനന്തര ഫലമായിട്ടാണ്. ഞാറ്റുവേലയും കൊയ്ത്തുത്സവവുമൊക്കെ കേരളത്തില്‍ നിശ്ചിത കാലയളവുകളില്‍ ഒരു ദശാബ്ദം മുന്‍പുവരെ നാം നടത്തിപ്പോന്നിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ എത്രയെത്ര പ്രകൃതി ക്ഷോഭങ്ങളെയാണ് നാം നേരിട്ടതെന്ന് വിശകലനം ചെയ്യേണ്ടതുണ്ട്. അമേരിക്കന്‍ ഐക്യനാടുകളില്‍ പ്രതിവര്‍ഷമുണ്ടാകുന്ന തരത്തില്‍ വിവിധ പേരുകളില്‍ വിവിധ തീവ്രതകളില്‍ കേരളവും ചുഴലിക്കാറ്റുകള്‍ക്കും കൊടുങ്കാറ്റുകള്‍ക്കും ന്യൂനമര്‍ദ്ദങ്ങള്‍ക്കുമൊക്കെ വിധേയരായിക്കൊണ്ടിരിക്കുന്നു. മനുഷ്യന്‍റെ സ്വാര്‍ത്ഥതകള്‍ നിറഞ്ഞ പ്രവര്‍ത്തനങ്ങളിലൂടെ കാവുകളും വൃക്ഷങ്ങളും വെട്ടിനശിപ്പിക്കുകയും പരിസ്ഥിതിയ്ക്കിണങ്ങാത്ത പ്രവര്‍ത്തനങ്ങള്‍ നിത്യേന ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നതിലൂടെയുമാണ് നാം ഇത്തരത്തിലുള്ള ഭീഷണികള്‍ക്ക് വിധേയരാകേണ്ടി വരുന്നത്. തീരപ്രദേശങ്ങളില്‍ കാറ്റിനേയും തിരമാലകളെയും പ്രതിരോധിച്ചിരുന്ന കണ്ടല്‍ച്ചെടികളും സഹവാസികളായ സസ്യങ്ങളും മനുഷ്യന്‍ തിരിച്ചറിവില്ലാതെ വെട്ടി നശിപ്പിച്ച് തീരദേശ നിയമങ്ങളൊക്കെ ലംഘിച്ച് കടല്‍ത്തീരത്തെയും കായല്‍ത്തീരത്തെയും മണ്‍തിട്ടകളില്‍ പ്രതിവര്‍ഷം വീടുകളും വ്യവസായ ശാലകളും നിര്‍മ്മിച്ച് പ്രകൃതിക്ഷോഭങ്ങളുടെ രൂക്ഷത വര്‍ദ്ധിപ്പിച്ചിരിക്കുന്നു.
കെടുതികളുണ്ടാകുമ്പോള്‍ മാത്രം പരിതപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന നാമോരുത്തരും പരിസ്ഥിതിയുടെ സംതുലനാവസ്ഥയെ സംരക്ഷിക്കുന്ന ആ ഘടകങ്ങളെക്കുറിച്ചും അവയിലുണ്ടാക്കുന്ന പരിവര്‍ത്തനങ്ങളെക്കുറിച്ചും മിക്കപ്പോഴും മൗനം പാലിക്കുകയും കടല്‍ത്തീരത്തുള്ള ഖനനം, കയ്യേറ്റം, ചതുപ്പുകളുടെ ദുരുപയോഗം, കായല്‍ നിലങ്ങളേയും ശുദ്ധജല സ്രോതസ്സുകളെയും മലിനീകരണം എന്നിവയാണ് മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. വനം കയ്യേറിയും കുന്നുകള്‍ ഇടിച്ചുനിരത്തിയും ഈ പ്രവണതകള്‍ക്ക് ആക്കം വര്‍ദ്ധിപ്പിക്കുമ്പോള്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥകളായി മാറുന്നു. മണ്ണിനെയും വായുവിനേയും ജലത്തെയും സംരക്ഷിച്ചിരുന്ന പൂര്‍വസൂരികളുടെ പ്രയത്നങ്ങളെപ്പറ്റി പഠിക്കുകയും ആധുനിക മാര്‍ഗങ്ങളിലൂടെ ദുരന്തങ്ങളെ നേരിടുന്നതിന് ആത്മാര്‍ത്തമായി ശ്രമങ്ങള്‍ നടത്തുകയും ചെയ്താല്‍ ഒരു പരിധിവരെ നാമുള്‍പ്പെടുന്ന ജീവജാലങ്ങള്‍ സുരക്ഷിതരാകുമെന്ന് പ്രത്യാശിക്കാം.
Comments are closed.