DCBOOKS
Malayalam News Literature Website

സന്തോഷ് ഏച്ചിക്കാനത്തിന്റെ ചെറുകഥകള്‍

ENTE PRIYAPPETTA KATHAKAL- SANTHOSH ECHIKKANAM
ENTE PRIYAPPETTA KATHAKAL- SANTHOSH ECHIKKANAM

ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ എഴുത്തുകാരനാണ് സന്തോഷ് ഏച്ചിക്കാനം. ജീവിതത്തിലെ അതിജീവനത്തേക്കാള്‍ കഥപറച്ചിലിലെ അതിജീവനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് അദ്ദേഹത്തിന്റെ കഥകളെ ഉത്തരാധുനിക ചെറുകഥകളുടെ അടയാളവാക്യങ്ങളാക്കി മാറ്റിയത്. ആധുനികതാപാരമ്പര്യത്തിന്റെ ഉടലും ഉയിരുമാണ് അദ്ദേഹത്തിന്റെ കഥകളില്‍ വായിച്ചെടുക്കാന്‍ കഴിയുന്നത്. കഥയിലൂടെ ജീവിതത്തിന്റെ ക്ലേശഭൂഖണ്ഡം, മരണം, ഭാഷ, ശരീരം, വ്യവസ്ഥാപിതമായ ആഖ്യാന രീതി ഇവയെല്ലാത്തിനേയും അതിജീവിക്കാനാണ് സന്തോഷ് ശ്രമിക്കുന്നത്.

ഉഭയജീവിതം, പന്തിഭോജനം, കൊമാല, വാര്‍ത്താശരീരം, ഇടുക്കി ഗോള്‍ഡ്, ശ്വാസം, ബിരിയാണി എന്നിങ്ങനെ വ്യത്യസ്ത ആഖ്യാനശൈലിയിലുള്ള 21 കഥകളാണ് എന്റെ പ്രിയപ്പെട്ട കഥകളില്‍ സമാഹരിച്ചിരിക്കുന്നത്.

“എന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ എഴുതിയ ‘ഉഭയജീവിത’ത്തിന്റെ തനിയാവര്‍ത്തനം തന്നെയാണ് ‘സുഖവിരേചനം’ വരെയുള്ള എന്റെ കഥകള്‍.

ഇരയും വേട്ടക്കാരനും തമ്മിലുള്ള മരണവും ജീവിതവും തമ്മിലുള്ള നിതാന്തമായ ഏറ്റുമുട്ടലിന്റെ വിവിധതരം ആഖ്യാനങ്ങള്‍. വേട്ടക്കാരനില്‍നിന്ന് ഇരയെയും മരണത്തില്‍നിന്ന് ജീവിതത്തെയും മോചിപ്പിക്കാനുള്ള ഹതാശമെങ്കിലും പ്രതീക്ഷാനിര്‍ഭരമായ സൈനികനീക്കങ്ങള്‍.

മരിക്കാന്‍പോകുന്നതിനു തൊട്ടുമുമ്പ്, ധ്യാനത്തിന്റെ നിരര്‍ത്ഥകത മനസ്സിലാക്കി എണീറ്റുവന്ന ബുദ്ധനെപ്പോലെ ആരെങ്കിലും വന്ന് ഭിക്ഷാപാത്രം നീട്ടുമ്പോള്‍ കോരിക്കൊടുക്കാന്‍ കഞ്ഞിവേവിച്ചു കൊണ്ടിരിക്കുകയാണ് ഞാന്‍. അരിയോടൊപ്പം വെന്തുകൊണ്ടിരിക്കുകയാണ് ഞാന്‍.” സന്തോഷ് ഏച്ചിക്കാനം  ആമുഖമായി കുറിക്കുന്നു.

ഈ സമാഹാരത്തിലെ ഒരോ ചെറുകഥയും വ്യത്യസ്ത പ്രമേയങ്ങളിലൂടെ സമൂഹത്തിന്റെ പലമുഖങ്ങള്‍ കാട്ടിത്തരുന്നവയാണ്. വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളെ ഭൂതകാലവുമായി സംയോജിപ്പിച്ച് തന്മയത്വം ഒട്ടും ചോരാതെ സൂക്ഷ്മതയോടെയാണ് ഈ കഥകളെല്ലാം ആവിഷ്‌കരിച്ചിരിക്കുന്നത്. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന എന്റെ പ്രിയപ്പെട്ട കഥകളുടെ രണ്ടാമത് പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സന്തോഷ് ഏച്ചിക്കാനത്തിന്റെ കൃതികള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.