എക്കാലവും വായിക്കപ്പെടുന്ന പത്മരാജന്റെ പ്രിയപ്പെട്ട കഥകള്‍
പ്രകൃതിയുടെയും പുരുഷന്റെയും വൈകാരികമായ ആഴങ്ങളെ സത്യസന്ധമായി ആവിഷ്‌കരിച്ചിട്ടുള്ള മലയാള സാഹിത്യത്തിലെ ‘ഗന്ധര്‍വ്വ’ സാന്നിധ്യമാണ് പി.പത്മരാജന്‍. പത്മരാജന്റെ ഏറ്റവും പ്രിയപ്പെട്ട ലോല, ചൂണ്ടല്‍, മഴ, മൃതി, അപരന്‍, ഖാണ്ഡവം, പഴയ കഥ, തകര, പുകക്കണ്ണട, അവകാശങ്ങളുടെ പ്രശ്‌നം, ഗര്‍ഭപാത്രങ്ങള്‍ക്കുള്ളില്‍ ശവങ്ങള്‍,കുഞ്ഞ്, ഓര്‍മ്മ, കരിയിലക്കാറ്റുപോലെ, പേപ്പട്ടി, പ്രേതം എന്നീ കഥകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
എന്റെ പ്രിയപ്പെട്ട കഥകള്‍ക്ക് രാധാലക്ഷ്മി പത്മരാജന്‍ എഴുതിയ ആമുഖക്കുറിപ്പ്
പത്മരാജന്റെ കഥകളും നോവലുകളും, വിവാഹശേഷം ആദ്യം വായിക്കുന്നതിനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിരുന്നു. ആദ്യകാലങ്ങളില്‍ അവ പകര്‍ത്തിയെഴുതുന്ന ജോലിയും എനിക്കായിരുന്നു. സ്വന്തം രചനകളെപ്പറ്റി വ്യക്തമായ അഭിപ്രായം അദ്ദേഹം എന്നോടു പറയുമായിരുന്നു.
‘അപരന്‍’ എന്ന പേരില്‍ പിന്നീട് സമാഹാരങ്ങളില്‍ വന്ന ‘ജെ-യെപ്പോലൊരാള്‍’ എന്ന കഥയെക്കുറിച്ച്, ആയിടയ്ക്ക് അദ്ദേഹം പറഞ്ഞു, ”എനിക്കിഷ്ടപ്പെട്ട ഒരേയൊരു കഥയാണിത് എന്നു പറയട്ടെ. വ്യക്തിപരമായി പറഞ്ഞാല്‍ എന്റെ പ്ലാന്‍ അനുസരിച്ചെഴുതാന്‍ കഴിഞ്ഞ ആദ്യത്തെ കഥ ‘ജെ-യെപ്പോലൊരാള്‍’ ആണ്.”
പത്മരാജന്റെ പ്രിയപ്പെട്ട കഥകളുടെ ചെറിയൊരു സമാഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ കഥകള്‍ ഡി സി ബുക്‌സില്‍നിന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് ഞാന്‍ അദ്ദേഹത്തിന് ഏറെ പ്രിയമുള്ള ഈ പത്തു കഥകള്‍ തിരഞ്ഞെടുത്തത്. ആദ്യകഥയായ ‘ലോല’യും ‘അപര’നും ‘ചൂണ്ട’ലും ‘തകര’യുമൊക്കെ ഇതിലുണ്ട്. ഈ കഥകള്‍ കഴിഞ്ഞ കാലത്തെ നഷ്ടബോധത്തോടെ എന്നെ ഓര്‍മ്മിപ്പിക്കുന്നു.
Comments are closed.