DCBOOKS
Malayalam News Literature Website

ഇ. സന്തോഷ് കുമാറിന്റെ പ്രിയപ്പെട്ട കഥകള്‍

മലയാളചെറുകഥാ സാഹിത്യത്തിന് പുത്തന്‍ ഭാവുകത്വം പകര്‍ന്നു നല്‍കിയ എഴുത്തുകാരനാണ് ഇ. സന്തോഷ് കുമാര്‍. മികച്ച കഥാസമാഹാരത്തിനും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഇ. സന്തോഷ് കുമാറിന്റെ തെരഞ്ഞെടുത്ത 13 കഥകളുടെ കഥാസമാഹാരമാണ് ‘എന്റെ പ്രിയപ്പെട്ട കഥകള്‍’.

പുസ്തകത്തിന് ഇ.സന്തോഷ് കുമാര്‍ എഴുതിയ ആമുഖക്കുറിപ്പ്

വഴികള്‍, വാക്കുകള്‍…

സ്വയം ഒരു പരുന്താണ് എന്ന് അതിനു മനസ്സിലാകുന്നുണ്ടാവില്ല. അതാണ് അതിന്റെ പ്രശ്‌നം. അങ്ങനെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ വിദൂരമായ ആകാശങ്ങളിലേക്ക് അതിന് ചിറകടിച്ച് ഉയര്‍ന്നുപോകാന്‍ സാധിക്കും. ചൂഴ്ന്നിറങ്ങുന്ന കണ്ണുകള്‍ ഉള്ളതിനാല്‍ മനുഷ്യര്‍ക്കു കാണാനാവാത്ത കാഴ്ചകള്‍ കാണാന്‍ സാധിക്കും. പക്ഷേ, ആര്‍ത്തലച്ചുവന്ന ഒരു കൊടുങ്കാറ്റ് അതിന്റെ ജന്മലക്ഷ്യങ്ങളെ ഉപരോധിച്ചു. ദൂരങ്ങളെ ചുരുക്കി. ഇനിയിപ്പോള്‍, ചുറ്റുപാടുമുള്ള സാധാരണ കിളികളില്‍നിന്നെല്ലാം വ്യത്യസ്തമായ ഒരു ഗരുഡജന്മമാണ് തന്റേതെന്ന് ആരാണ് അതിനു പറഞ്ഞുകൊടുക്കുക?

ചെറുപ്പത്തില്‍ നിങ്ങള്‍ ചൂണ്ടയിടാന്‍ പോയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ചൂണ്ടയില്‍ ആദ്യമായി മീന്‍ കുടുങ്ങിയ ആ സന്ദര്‍ഭം ഒന്നോര്‍ത്തു നോക്കൂ. വെള്ളത്തിനു മുകളില്‍ ശവംപോലെ അനക്കമില്ലാതെ പൊങ്ങിക്കിടന്നിരുന്ന ആ ഉണങ്ങിയ കൊമ്പിന്റെ താഴോട്ടുള്ള കുതിപ്പും ആഞ്ഞുവലിക്കുമ്പോള്‍ കൊളുത്തിന്റെ അറ്റത്തെ കുതറുന്ന പിടച്ചിലുമെല്ലാം ഇപ്പോഴും അനുഭവപ്പെടുന്നില്ലേ?

–അപ്പോഴെല്ലാം മീനുകള്‍ അവയുടെ ജീവന്റെ വടം വലിക്കുകയായിരുന്നു. മിക്കവാറും സമയങ്ങളിലും അവ ആ ചതിയന്‍ മത്സരങ്ങളില്‍ തോറ്റുപോയിരുന്നു.

ആനയെന്നു വേണമെങ്കില്‍ ധരിക്കാവുന്ന ആ രൂപം, അതിന്റെ ആകൃതിയെക്കുറിച്ച് ഒട്ടും ബോധവാനാവാത്തവിധം അതിര്‍ത്തികള്‍ ലംഘിച്ച് നില്പായിരുന്നു. തുമ്പിക്കയ്യായി സങ്കല്പിക്കാവുന്ന ഒരുപാട് ഉദ്ധൃതമായ ലിംഗംപോലെ ഉയര്‍ന്നുനില്ക്കുന്നു. ഭയാനകമായൊരു ചിന്നംവിളി എന്റെ കാതിലൂടെ തുളഞ്ഞുപോയി.

നിന്റെ അമ്മ അപ്പയ്ക്ക് വളക്കച്ചവടമായിരുന്നു. നിനക്കോര്‍മ്മ കാണില്ല. പക്ഷേ, ഇപ്പോഴും ഞാനവളെ കാണുന്നുണ്ട്, കേള്‍ക്കുന്നുണ്ട്. കുന്നിനു മുകളിലെ നിന്റെ വീട്ടില്‍നിന്നും നോക്കിയാല്‍ പാറകളില്‍ത്തട്ടി താഴേക്കു വീഴുന്ന വെള്ളച്ചാട്ടങ്ങള്‍ കാണാം. നിനക്കറിയാമോ, ഉടഞ്ഞ വളകളുടെ ഒച്ചയിലാണ് അവ കലമ്പുന്നത്. അതു കേള്‍ക്കുമ്പോഴെല്ലാം ഞാന്‍ അപ്പയെ ഓര്‍ക്കും. അവള്‍ താഴ്‌വാരത്തിലൂടെ നടന്നുവന്ന വൈകുന്നേരങ്ങള്‍. മല്ലിച്ചെടികളുടെ മണം. നാനാ നിറങ്ങളിലുള്ള വളകളുടെ കിലുക്കം. ഒരു കുമ്പിള്‍ നൃത്തം…

അപ്പോള്‍ അയാള്‍ കണ്ടു: ആ വെളിച്ചത്തില്‍ ഒരായിരം ശലഭങ്ങള്‍ പുള്ളിച്ചിറകുകളുമായി പറന്നു നടക്കുന്നു. നിറങ്ങളുടെ വൃക്ഷം ഇലപൊഴിച്ചു കാണണം. നിറങ്ങളുടെ ഉത്സവമായി എത്ര പൂമ്പാറ്റകള്‍! മഴവില്ലുകള്‍ വീണു ചിതറിയപോലെ.

–ഇവയ്ക്കിടയില്‍ ഏതാണ് തന്റെ ശലഭം; തന്റെ മാത്രം നിറം?

പ്രിയപ്പെട്ട കഥകള്‍; പ്രിയപ്പെട്ട ഓര്‍മ്മകള്‍.

സ്‌നേഹത്തോടെ,
ഇ. സന്തോഷ്‌കുമാര്‍

മൂന്ന് അന്ധന്‍മാര്‍ ആനയെ വിവരിക്കുന്നു, ചാവുകളി, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം, മയിലുകളുടെ നൃത്തം, മുട്ടയോളം വലിപ്പമുള്ള ധാന്യമണികള്‍, മൂന്നു വിരലുകള്‍, മാംസം, നീചവേദം, ചേക്ക, മീനുകള്‍, ആദിമൂലം, പ്രകാശദൂരങ്ങള്‍, പരുന്ത് തുടങ്ങി ഇ. സന്തോഷ് കുമാറിന്റെ ഏറ്റവും പ്രിയപ്പെട്ട 13 കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഡി.സി.ബുക്‌സ് പ്രസിദ്ധീകരിച്ച ഈ കഥാസമാഹാരം ഇപ്പോള്‍ വില്പനക്ക് ഉണ്ട്.

Comments are closed.