‘എന്റെ പോലീസ് ജീവിതം’; ടി.പി സെന്‍കുമാറിന്റെ സര്‍വ്വീസ് സ്റ്റോറി പുറത്തിറങ്ങി
മൂന്നര പതിറ്റാണ്ടിലധികം ഇന്ത്യന്‍ പൊലീസ് സര്‍വ്വീസില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച ഡോ.ടി പി സെന്‍കുമാറിന്റെ സര്‍വ്വീസ് സ്റ്റോറി എന്റെ പോലീസ് ജീവിതം പുറത്തിറങ്ങി. ഡി സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
1983 മുതല്‍ കേരളം സജീവമായി ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന ഒട്ടേറെ കേസുകള്‍, സംഭവങ്ങള്‍ എന്നിവ ഈ സര്‍വ്വീസ് സ്‌റ്റോറിയിലൂടെ അദ്ദേഹം അനാവരണം ചെയ്യുന്നു. ഐ.എസ്.ആര്‍.ഒ ചാരക്കേസ്, പെരുമ്പാവൂരിലെ പെണ്‍കുട്ടിയുടെ കൊലപാതകം, സോളാര്‍ അഴിമതി, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍, മതതീവ്രവാദം, സ്ത്രീപീഡനക്കേസുകള്‍, ഇന്റലിജന്‍സിലെ നേട്ടവും കോട്ടവും, അഴിമതിക്കേസുകള്‍, ജയിലുകളുടെ നേര്‍ച്ചിത്രം തുടങ്ങി പുറംലോകം ഇന്നേവരെ അറിയാത്ത യാഥാര്‍ത്ഥ്യങ്ങള്‍ മറനീക്കി പുറത്തുവരികയാണ് ഈ കൃതിയിലൂടെ. രാഷ്ട്രീയപ്രേരിതമായി പൊലീസ് മേധാവി സ്ഥാനത്തു നിന്നും നീക്കിയതിന്റെയും അതിനെ നിയമപരമായി ചോദ്യം ചെയ്ത് അധികാരത്തില്‍ തിരിച്ചെത്തിയതിന്റെയും സംഭവബഹുലമായ അനുഭവങ്ങള്‍ കൂടി അദ്ദേഹം ഈ സര്‍വ്വീസ് സ്‌റ്റോറിയില്‍ പങ്കുവെക്കുന്നുണ്ട്.
പുസ്തകത്തിനെഴുതിയ ആമുഖത്തില്‍ ടി.പി സെന്‍കുമാര്‍ കുറിക്കുന്നു…
‘ഇങ്ങനെ ഒരു സേവന കാലഘട്ടത്തിലെ കാര്യങ്ങള്‍ എഴുതുമ്പോള്‍ അതിലുള്‍പ്പെടുന്ന നിരവധി വ്യക്തികള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണ്. വളരെ സത്യസന്ധമായാണ് ഓരോ സംഭവങ്ങളും വിവരിച്ചിട്ടുള്ളത്. കഴിയുന്നതും എന്റെ അനുഭവങ്ങളുടെ തീക്ഷ്ണത കഴിയുന്നത്ര ഒതുക്കി പറയുവാനാണ് ശ്രമിച്ചിട്ടുള്ളത്. പലപ്പോഴും മുഖം നോക്കാതെയും സത്യസന്ധമായും സമൂഹത്തിലെ സ്വാധീനമില്ലാത്തവര്‍ക്കു വേണ്ടിയും പ്രവര്‍ത്തിച്ചപ്പോള്‍ ഉണ്ടായ ദുരനുഭവങ്ങള്‍ വളരെ തീക്ഷ്ണമായിരുന്നു. നിയമപരമായും സത്യസന്ധമായും ജനോപകാരപ്രദവുമായാണ് ഉദ്യോഗസ്ഥര്‍ ജോലിചെയ്യേണ്ടത് എന്നു പറയാത്ത ഒരാളുമില്ല. പക്ഷെ, അധികാരത്തിലെത്തുമ്പോള്‍ ഇക്കാര്യം ഓര്‍മ്മിക്കുന്ന അപൂര്‍വ്വം ചിലരേയുള്ളൂ. താത്കാലികമായ നേട്ടങ്ങള്‍ക്കു വേണ്ടി ഏതുവിധത്തിലുള്ള ഹീനകൃത്യവും ചെയ്യുന്നതിന്, ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, വളരെയധികം പേര്‍ സന്നദ്ധരാണ്. ദീര്‍ഘവീക്ഷണത്തോടെ, സമചിത്തതയോടെ, കാര്യങ്ങളെ സമീപിക്കുന്നവര്‍ വളരെ കുറവാണ്. അതുകൊണ്ടുതന്നെ നിയമപരമായും സത്യസന്ധമായും തന്റെ സേവനം നിര്‍വ്വഹിക്കുന്നവരെ ഭരണമുള്ളപ്പോള്‍ ഇഷ്ടപ്പെടുന്ന അധികാരികള്‍ കുറവായിരിക്കും. അസഹിഷ്ണുതയാണ് കേരളത്തിന്റെ പ്രധാന ശാപം…
ഓര്‍മ്മയില്‍ തങ്ങി നിന്നിട്ടുള്ള കാര്യങ്ങള്‍ എന്നോടൊപ്പം ഇല്ലാതാകട്ടെ എന്നതായിരുന്നു 2016 മെയ് 31 വരെയുള്ള എന്റെ തീരുമാനം. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റയുടനെ എനിക്കു നേരെ നടത്തിയ ധാര്‍ഷ്ട്യം നിറഞ്ഞ, നിയമവിരുദ്ധമായ, അപമാനകരമായ സംഭവങ്ങളും നിരവധി അഭ്യുദയ കാംക്ഷികളുടെ അതേത്തുടര്‍ന്നുള്ള ആവശ്യങ്ങളും ഇത്തരമൊരു പ്രസിദ്ധീകരണത്തിലേക്കു പോകുന്നതിന് എന്നെ നിര്‍ബന്ധിക്കുകയായിരുന്നു എന്നു പറയാം. ഒരു പുള്ളും ഒരു പുഷും..!
കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ് ശാഖകളിലും ഡി സി ബുക്സിന്റെ ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറിലും ടി.പി സെന്‍കുമാറിന്റെ എന്റെ പോലീസ് ജീവിതം ലഭ്യമാണ്.
ഡി.സി ബുക്സിന്റെ ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറില്‍ എന്റെ പോലീസ് ജീവിതം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
Comments are closed.