DCBOOKS
Malayalam News Literature Website

‘എന്റെ പോലീസ് ജീവിതം’; ടി.പി സെന്‍കുമാറിന്റെ സര്‍വ്വീസ് സ്റ്റോറി

മൂന്നര പതിറ്റാണ്ടിലധികം ഇന്ത്യന്‍ പൊലീസ് സര്‍വ്വീസില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച ഡോ.ടി പി സെന്‍കുമാറിന്റെ സര്‍വ്വീസ് സ്റ്റോറി എന്റെ പോലീസ് ജീവിതം ഇപ്പോള്‍ സജീവ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. 1983 മുതല്‍ കേരളം സജീവമായി ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന ഒട്ടേറെ കേസുകള്‍, സംഭവങ്ങള്‍ എന്നിവ ഈ സര്‍വ്വീസ് സ്‌റ്റോറിയിലൂടെ അദ്ദേഹം അനാവരണം ചെയ്യുന്നു. ഐ.എസ്.ആര്‍.ഒ ചാരക്കേസ്, പെരുമ്പാവൂരിലെ പെണ്‍കുട്ടിയുടെ കൊലപാതകം, സോളാര്‍ അഴിമതി, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍, മതതീവ്രവാദം, സ്ത്രീപീഡനക്കേസുകള്‍, ഇന്റലിജന്‍സിലെ നേട്ടവും കോട്ടവും, അഴിമതിക്കേസുകള്‍, ജയിലുകളുടെ നേര്‍ച്ചിത്രം തുടങ്ങി പുറംലോകം ഇന്നേവരെ അറിയാത്ത യാഥാര്‍ത്ഥ്യങ്ങള്‍ മറനീക്കി പുറത്തുവരികയാണ് ഈ കൃതിയിലൂടെ. രാഷ്ട്രീയപ്രേരിതമായി പൊലീസ് മേധാവി സ്ഥാനത്തു നിന്നും നീക്കിയതിന്റെയും അതിനെ നിയമപരമായി ചോദ്യം ചെയ്ത് അധികാരത്തില്‍ തിരിച്ചെത്തിയതിന്റെയും സംഭവബഹുലമായ അനുഭവങ്ങള്‍ കൂടി അദ്ദേഹം ഈ സര്‍വ്വീസ് സ്‌റ്റോറിയില്‍ പങ്കുവെക്കുന്നുണ്ട്.

ഡോ.ടി.പി സെന്‍കുമാര്‍ എന്റെ പോലീസ് ജീവിതത്തിന് എഴുതിയ ആമുഖത്തില്‍ നിന്ന്

“സര്‍വ്വീസ് കാലഘട്ടത്തെപ്പറ്റി ഒരു രചന നടത്തുക എന്നത് എന്റെ ചിന്തയില്‍ ഉണ്ടായിരുന്നില്ല. യാതൊരുവിധ ഡയറിയും ഔദ്യോഗിക ആവശ്യത്തിനല്ലാതെ എഴുതുന്ന സ്വഭാവക്കാരനായിരുന്നില്ല ഞാന്‍. പക്ഷേ, എ.എസ്.പി ട്രെയ്‌നി ആയിരിക്കുമ്പോള്‍ തുടങ്ങിയ ചില അന്വേഷണങ്ങളും കേസ്സുകളും ആ ആവശ്യത്തിനായുള്ള രേഖകള്‍ കൈയില്‍ സൂക്ഷിക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കിയിരുന്നു. പ്രത്യേകിച്ചും ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമൊക്കെ നിരവധി തവണ പോകേണ്ടിവന്ന കേസ്സുകള്‍. ആ വിധത്തില്‍ ഡയറികള്‍ ഇല്ലായിരുന്നുവെങ്കിലും ധാരാളം രേഖകള്‍ എന്റെ കൈവശം ഉണ്ടായിരുന്നുതാനും. എന്റെ സര്‍വ്വീസിന്റെ അവസാനവര്‍ഷത്തില്‍ വന്ന പുതിയ സര്‍ക്കാരും ചില കുരുട്ടുബുദ്ധിയുള്ള ഉദ്യോ ഗസ്ഥരും ചേര്‍ന്നു നടത്തിയ അപമാനിക്കല്‍, അതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങള്‍, തുടര്‍ന്നുള്ള കള്ളക്കേസ്സുകള്‍ എന്നിവയുണ്ടായപ്പോള്‍ നിരവധി പേര്‍ എന്റെ ഔദ്യോഗിക അനുഭവങ്ങള്‍ പുസ്തകരൂപേണ പ്രസിദ്ധീകരിക്കുന്നത് വളരെ നന്നായിരിക്കും എന്നുപറയുകയും നിരന്തരമായി അതിന് ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്നും എന്നെ പുറത്താക്കിയശേഷം സുപ്രീം കോടതി വിധിപ്രകാരം ഞാന്‍ തിരികെ സംസ്ഥാന പോലീസ് മേധാവി ആയപ്പോള്‍തന്നെ എന്റെ അനുഭവങ്ങള്‍ പുസ്തകരൂപേണ പ്രസിദ്ധീകരിക്കണമെന്ന് ഡി സി ബുക്‌സും എന്നോട് ആവശ്യപ്പെട്ടിരുന്നു. ഒരൊറ്റ പുസ്തകത്തില്‍ എന്റെ ആദ്യ 35 വര്‍ഷത്തെ സര്‍വ്വീസിലെ പ്രധാന ചില കാര്യങ്ങളും അവസാന ഒരു വര്‍ഷത്തെ സര്‍വ്വീസിന്റെയും തുടര്‍ന്നുള്ള നിയമ പോരാട്ടങ്ങളും മറ്റു കാര്യങ്ങളും ഒരുമിച്ച് എഴുതിയാല്‍ വളരെ ബൃഹത്തായിപ്പോകുമെന്നുള്ളതുകൊണ്ട് പുസ്തകത്തെ രണ്ടു ഭാഗങ്ങളാക്കിമാറ്റി. പോലീസ് സേനയിലെ അനുഭവങ്ങള്‍ കൂടുതലായും ഈ ആദ്യഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാം ഭാഗം അധികം വൈകാതെ വായനക്കാരിലെത്തും.

ഇങ്ങനെ ഒരു സേവന കാലഘട്ടത്തിലെ കാര്യങ്ങള്‍ എഴുതുമ്പോള്‍ അതിലുള്‍പ്പെടുന്ന നിരവധി വ്യക്തികള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണ്. വളരെ സത്യസന്ധമായാണ് ഓരോ സംഭവങ്ങളും വിവരിച്ചിട്ടുള്ളത്. കഴിയുന്നതും എന്റെ അനുഭവങ്ങളുടെ തീക്ഷ്ണത കഴിയുന്നത്ര ഒതുക്കി പറയുവാനാണ് ശ്രമിച്ചിട്ടുള്ളത്. പലപ്പോഴും മുഖം നോക്കാതെയും സത്യസന്ധമായും സമൂഹത്തിലെ സ്വാധീനമില്ലാത്തവര്‍ക്കുവേണ്ടിയും പ്രവര്‍ത്തിച്ചപ്പോള്‍ ഉണ്ടായ ദുരനുഭവങ്ങള്‍ വളരെ തീക്ഷ്ണമായിരുന്നു. നിയമപരമായും സത്യസന്ധമായും ജനോപകാരപ്രദവുമായാണ് ഉദ്യോഗസ്ഥര്‍ ജോലിചെയ്യേണ്ടത് എന്നുപറയാത്ത ഒരാളുമില്ല. പക്ഷേ, അധികാരത്തിലെത്തുമ്പോള്‍ ഇക്കാര്യം ഓര്‍മ്മിക്കുന്ന അപൂര്‍വ്വം ചിലരേയുള്ളൂ. താത്കാലികമായ നേട്ടങ്ങള്‍ക്കുവേണ്ടി ഏതുവിധത്തിലുള്ള ഹീനകൃത്യവും ചെയ്യുന്നതിന്, ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, വളരെയധികം പേര്‍ സന്നദ്ധരാണ്. ദീര്‍ഘവീക്ഷണത്തോടെ, സമചിത്തതയോടെ കാര്യങ്ങളെ സമീപിക്കുന്നവര്‍ വളരെ കുറവാണ്. അതുകൊണ്ടുതന്നെ നിയമപരമായും സത്യസന്ധമായും തന്റെ സേവനം നിര്‍വ്വഹിക്കുന്നവരെ ഭരണമുള്ളപ്പോള്‍ ഇഷ്ടപ്പെടുന്ന അധികാരികള്‍ കുറവായിരിക്കും. അസഹിഷ്ണുതയാണ് കേരളത്തിന്റെ പ്രധാന ശാപം.

ഞാന്‍ എഴുതിയിരിക്കുന്നത് എന്റെ ഓര്‍മ്മയില്‍നിന്നും ചികഞ്ഞെടുത്ത, നിരവധി രേഖകളുള്ള കാര്യങ്ങളാണ്. വളരെ കൂടുതല്‍ പേരും ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നുള്ളതുകൊണ്ടുതന്നെ ഞാന്‍ എഴുതിയതില്‍ ഏതെങ്കിലും സത്യമല്ലാത്ത കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്കുതന്നെ ചൂണ്ടിക്കാണിക്കാവുന്നതാണ്.

എന്റെ വ്യക്തിജീവിതത്തിന്റെ ഒരു ഭാഗവും സ്പര്‍ശിക്കാതെയാണ് സര്‍വ്വീസ് സംബന്ധമായ കാര്യങ്ങള്‍ മാത്രം അടങ്ങുന്ന ഈ പുസ്തകം തയ്യാറാക്കിയത്. പുസ്തകം എഴുതണമെന്ന ഉദ്ദേശത്തില്‍ ഡയറിക്കുറിപ്പുകളൊന്നും സൂക്ഷിക്കാതിരുന്നതിനാല്‍ എന്റെ ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളാണ് ഞാനിതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇപ്പോഴും പലരും അവര്‍ക്കുണ്ടായ ചില അനുഭവങ്ങള്‍ എന്നെ ഓര്‍മ്മപ്പെടുത്താറുണ്ട്. തീര്‍ച്ചയായും അത്തരം കാര്യങ്ങള്‍ ആകസ്മികമായിത്തന്നെ എഴുതപ്പെടുന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്താനാകില്ലല്ലോ. 36 വര്‍ഷത്തെ സര്‍ക്കാര്‍ സേവനത്തിനിടയില്‍ നാലേനാലു തവണ മാത്രമാണ് ഞാന്‍ ലീവ് ട്രാവല്‍ കണ്‍സെഷന്‍ (എല്‍ടിസി) എടുത്തത്. ജോലിയില്‍ വളരെ വ്യാപൃതനായിരുന്ന (workaholic)തിന്റെ തിക്തഫലമായിരുന്നു അതെന്നു പറയാം. അതുപോലെതന്നെ, പല ഉദ്യോഗസ്ഥരും തലവേദനയ്ക്കുള്ള ഗുളിക മുതല്‍ ചിലപ്പോള്‍ കഴിക്കുന്ന പോഷകാഹാര സാധനങ്ങള്‍വരെയുള്ള സര്‍വ്വസാധനങ്ങളും സര്‍ക്കാരില്‍നിന്നും പണം റീഇമ്പേഴ്‌സ്‌മെന്റ് ചെയ്യുന്നതായി കാണാം. എന്റെ സര്‍വ്വീസില്‍ കെഎസ്ബിസിയില്‍ ഇരുന്ന സമയം എനിക്ക് ഒരു സര്‍ജറി ആവശ്യമായി വന്നപ്പോള്‍ മാത്രമാണ് മെഡിക്കല്‍ റീഇമ്പേഴ്‌സ്‌മെന്റ് വാങ്ങിയതായി ഓര്‍ക്കുന്നത്. എന്റെ ഭാര്യയുടെയോ കുട്ടികളുടെയോ ഒരു പൈസയുടെപോലും റീഇമ്പേഴ്‌സ്‌മെന്റ് ഞാന്‍ സര്‍ക്കാരില്‍നിന്നും ഒരിക്കലും വാങ്ങിയിട്ടുമില്ല. ജോലി ചെയ്യാന്‍ മടിയുള്ള പല ഉദ്യോഗസ്ഥരും പേ കമ്മീഷനുകള്‍ അനുസരിച്ച് അവര്‍ക്ക് ലഭിക്കാവുന്ന പരമാവധി ആനുകൂല്യങ്ങള്‍ പിടിച്ചെടുത്തു കൊണ്ടുപോകുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. യാതൊരു സ്ഥിരവരുമാനവും ഇല്ലാത്ത ദിവസക്കൂലിക്കാരായ ലക്ഷക്കണക്കിനുപേര്‍ നരകിക്കുമ്പോഴാണ് ഇവരുടെ ഈ ആക്രാന്തം! നിയമപരമായി ഇത് തെറ്റല്ലായിരിക്കാം. പലപ്പോഴും ധാര്‍മ്മികമായി ഇതിനെ ആര്‍ക്കും ഉയര്‍ത്തിക്കാട്ടാനാകില്ല.

തീര്‍ച്ചയായും അത്തരം തീവ്രമായ ജോലിയിലെ ശ്രദ്ധ വ്യക്തി ജീവിതത്തെ സാമാന്യേന ബാധിക്കുന്നതുതന്നെയാണ്. ഓര്‍മ്മയില്‍ തങ്ങിനിന്നിട്ടുള്ള കാര്യങ്ങള്‍ എന്നോടൊപ്പം ഇല്ലാതാകട്ടെ എന്നായിരുന്നു 2016 മെയ് 31 വരെയുള്ള എന്റെ തീരുമാനം. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റയുടനെ എനിക്കു നേരേ നടത്തിയ ധാര്‍ഷ്ട്യം നിറഞ്ഞ, നിയമവിരുദ്ധമായ, അപമാനകരമായ സംഭവങ്ങളും നിരവധി അഭ്യുദയകാംക്ഷികളുടെ അതേത്തുടര്‍ന്നുള്ള ആവശ്യങ്ങളും ഇത്തരമൊരു പ്രസിദ്ധീകരണത്തിലേക്കു പോകുന്നതിന് എന്നെ നിര്‍ബന്ധിക്കുകയായിരുന്നു എന്നു പറയാം. ഒരു പുള്ളും ഒരു പുഷും!

തികച്ചും സത്യസന്ധതയോടെയും നിര്‍ഭയമായും നിഷ്പക്ഷമായും സേവനം ചെയ്യുന്ന കുറെ ഐപിഎസ് ഉദ്യോഗസ്ഥര്‍ സര്‍വ്വീസിലുണ്ട് എന്നത് വിസ്മരിച്ചുകൊണ്ടല്ല ഞാനിത് എഴുതുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഐപിഎസ് ഉദ്യോഗസ്ഥര്‍ ഭൂരിപക്ഷവും ഇത്തരക്കാരാണ്. പക്ഷേ, അവര്‍ക്ക് ലഭിക്കുന്ന നേതൃത്വം അവരെ പിന്നീട് എത്തരക്കാരാക്കും എന്നതാണ് പ്രശ്‌നം.

ഭാരതം സ്വതന്ത്രമായപ്പോള്‍ അഖിലേന്ത്യാ സര്‍വ്വീസുകള്‍ നിലനിര്‍ത്തുകയും ഭാരതത്തിന്റെ അഖണ്ഡതയ്ക്കും ഭരണഘടനാപരവും നിയമപരവുമായ കാര്യങ്ങള്‍ തന്റേടത്തോടെ ചെയ്യുന്നതിന് ഈ സര്‍വ്വീസുകള്‍ ഇടയാക്കുമെന്നുള്ള ഇന്‍ഡ്യയുടെ ഉപപ്രധാനമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ നാമധേയത്തിലുള്ള ദേശീയ പോലീസ് അക്കാഡമിയില്‍നിന്നും പരിശീലനം ലഭിച്ച് പുറത്തിറങ്ങുന്ന ഉടന്‍ അതെല്ലാം മറന്ന് ‘ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം’ എന്ന നിലയില്‍ അധികാരത്തിന്റെ അടിമകളാകുന്ന, ഐപിഎസ് പേരില്‍ നടക്കുന്ന എന്റെ നിരവധി സഹപ്രവര്‍ത്തകര്‍ക്ക് കശേരുക്കള്‍ വീണ്ടും മുളയ്ക്കുന്നതിനും ഈ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കുംവേണ്ടി ജീവന്‍വരെ ബലിയര്‍പ്പിക്കുന്ന സാധാരണക്കാരായ പോലീസുദ്യോഗസ്ഥര്‍ക്കും അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും ഇവരുടെ അന്തര്‍നാടകങ്ങള്‍ ഒന്നുമറിയാതെ അമ്പരന്നിരിക്കുന്ന പൊതുജനങ്ങള്‍ക്കും വേണ്ടി ഈ രചന സമര്‍പ്പിക്കുന്നു.”

എന്റെ പോലീസ്ജീവിതം ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍ നിന്നും വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.