പ്രണയത്തിന്റെ കരിമ്പിൻതോട്ടം!
സി.എസ്. ചന്ദ്രികയുടെ ” എന്റെ പച്ചക്കരിമ്പേ “എന്ന കഥാസമാഹരത്തിന് ദിലിപ്രസാദ് സുരേന്ദ്രൻ എഴുതിയ വായനാനുഭവം
കഥകൾ പലതും വായന കഴിഞ്ഞാൽ നമ്മളിൽ നിന്നും ഇറങ്ങി പോകുകയാണ് പതിവ്, അപൂർവ്വം ചില കഥകൾ മാത്രം ചികഞ്ഞും പരതിയും നമ്മോടൊപ്പം നടക്കും.
എന്നാൽ ചില കഥകൾ വായിച്ചു കഴിയുമ്പോൾ അതിങ്ങനെ നമ്മുടെ നെഞ്ചിൽ കയറിയിരിക്കും, അടുത്ത കഥയിലേക്ക് കടക്കാനാകാതെ നമ്മളാവും പരതി നടക്കുക.
അങ്ങനെയൊരു വായനയായിരുന്നു സി എസ് ചന്ദ്രികയുടെ ‘എന്റെ പച്ചക്കരിമ്പേ’ എന്ന കഥാസമാഹാരം നൽകിയത്. ആമുഖം കടന്ന് പതിനൊന്ന് കഥകളുടേയും പേരും വായിച്ചിട്ടാണ് എം. മുകുന്ദൻ സാറിന്റെ അവതാരികയിലോട്ട് കടന്നത്, പ്രീയ കഥാകാരൻ ‘പെൺ സന്ത്രാസത്തിന്റെ കഥകൾ’ എന്ന് അടിവരയിട്ട് നിറുത്തിയയിടത്ത് നിന്നും വായന തുടങ്ങി.
‘ദേവഗാന്ധാരി’യിൽ തുടങ്ങി ‘ഡോക്ടർ’ൽ അവസാനിക്കുന്ന കഥകൾക്കും അനുബന്ധമായുള്ള കഥയുടെ കഥ യ്ക്കും കൂടി ചിലവിട്ടത് പതിനഞ്ച് ദിവസങ്ങളായിരുന്നു. ചില കഥകൾ ആവർത്തിച്ച് വായിച്ചും ചില കഥകൾ ഒരു വായനയിൽ കുടുങ്ങിയും വായന നീണ്ടതാണ്.
ആമുഖത്തിൽ കഥാകാരി ‘മൂന്നര’ വരികളിൽ കുടുക്കിയിട്ട പ്രഖ്യാപനം കഥകളിൽ ഉടനീളം തെളിഞ്ഞു നിൽപ്പുണ്ട്. പെണ്ണെഴുത്തല്ല പെൺ സന്ത്രാസമാണെന്ന് അവതാരകൻ പറഞ്ഞത് കൃത്യമാണെന്ന് കഥകൾ കാണിച്ചു തരുന്നു.
പലവട്ടം വായിച്ചു മടക്കി വെച്ച പുസ്തകം വീണ്ടും തുറന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്.
പി കെ മെമ്മോറിയൽ ഗ്രന്ഥശാല കഴിഞ്ഞ 31 ആഴ്ച്ചകളായി നടത്തുന്ന പുസ്തക ആസ്വാദന സദസ്സിൽ ‘എന്റെ പച്ചക്കരിമ്പേ’ അവതരിപ്പിക്കുവാൻ സംഘാടകർ അവസരം നൽകിയപ്പോഴാണ് പുസ്തകം പിന്നെയും തുറന്നത്.
ഓരോ കഥകളും വീണ്ടും വായിച്ചു, എല്ലാ കഥകളും ചർച്ച ചെയ്യണമെന്നും ഉറപ്പിച്ചു.
കഥാകാരിയുടെ സാന്നിധ്യത്തിൽ പുസ്തകം അവതരിപ്പിച്ച് സംസാരിച്ചപ്പോൾ അഞ്ച് കഥകൾ മാത്രമാണ് അവതരിപ്പിക്കാൻ കഴിഞ്ഞത്, ഓരോ കഥകളെ കുറിച്ചും മണിക്കൂറുകളോളം സംസാരിക്കുവാൻ പ്രേരിപ്പിക്കുന്ന ജീവിതാവസ്ഥകൾ കഥകളിൽ നിറഞ്ഞു കിടക്കുമ്പോൾ പരിമിതമായ സമയത്തിനുള്ളിൽ അവതരിപ്പിക്കുവാൻ കഴിഞ്ഞില്ല എന്നതാണ് സത്യം.
ദേവഗാന്ധാരിയിലെ നീലിമയും, അനാമികയും, അപർണ്ണയും, ഗുലാം അലിയും, എം എസ് സുബ്ബലക്ഷ്മിയും, ചന്ദ്രനും, ദേവദാസും കൂടി വരച്ചിട്ട കഥയുടെ വട്ടത്തിൽ പ്രണയവും, സംഗീതവും, മതവും, നാട്ടുനടപ്പുകളുമാണ് നിറഞ്ഞു നിൽക്കുന്നത്. മാധവികുട്ടി ‘എന്റെ കഥ’യിൽ പറഞ്ഞതെല്ലാം ആഘോഷിച്ചു വായിച്ചവർ ഈ കഥ കൂടിയൊന്ന് വായിക്കണം, സ്ത്രീക്ക് എഴുതുവാൻ പരിമിതികളില്ലെന്ന് മനസ്സിലാകും.
പെണ്ണുടലുകളുടെ ജൈവീക യുദ്ധങ്ങളും അതുണ്ടാക്കുന്ന മാനസിക പ്രതിസന്ധികളുമാണ് പാനപാത്രം എന്ന കഥയിൽ നിറയെ, വിദ്യ എന്ന നേഴ്‌സും, ഫർസാന എന്ന ഡോക്ടറും അവരുടെ പരിശോധന മുറിയുമാണ് കഥയുടെ ലോകം. സ്ത്രീ ശരീരങ്ങൾ അനുഭവിക്കുന്ന വേദനകളിൽ പലതും മാനസിക പരിഗണനകൾ അർഹിക്കുന്നതാണെന്ന്, ചികിത്സ വേണ്ടത് മനസ്സുകൾക്കും കൂടിയാണെന്ന് വ്യക്തമായി പറയുന്നുണ്ട് കഥാപാത്രങ്ങൾ. ഈ കഥ സ്ത്രീകൾ വായിക്കുന്നതിലുപരി ഓരോ ആൺകുട്ടിയും ഓരോ പുരുഷനും വായിച്ചിരിക്കണം. അവരെ ജനിപ്പിച്ച, അവരുടെ കൂടെപ്പിറന്ന, അവരോടൊപ്പം ജീവിക്കുന്ന, അവർക്ക് ജനിച്ച, അവരോടൊപ്പം പ്രവർത്തിക്കുന്ന സ്ത്രീകൾ എന്താണെന്ന്, അവർ സ്നേഹിക്കപ്പെടേണ്ടതിന്റെ, പരിഗണിക്കപ്പെടേണ്ടതിന്റെ, അംഗീകരിക്കപ്പെടേണ്ടതിന്റെ, ബഹുമാനിക്കപ്പെടേണ്ടതിന്റെ കാരണങ്ങൾ അറിയാൻ ഒരു വായന മതിയാകും, പുനർവായന എന്തായാലും സംഭവിക്കും.
ഭൂമിയിലെ വഴികൾ ഒരുപാട് വട്ടം വായിക്കപ്പെട്ടിട്ടുള്ള വിഷയമാണ് ചർച്ച ചെയ്യുന്നത്, എങ്കിലും ഒരു സ്ത്രീയുടെ കോണിലൂടെ അനുഭവങ്ങളിലൂടെ പകർത്തി വെച്ചപ്പോൾ കുറച്ചു കൂടി ഇമ്പമുണ്ടായി. ചൂഷണം ചെയ്യപ്പെടുന്ന മനുഷ്യരുടെ ജീവിതങ്ങൾ പാഠപുസ്തകമാണെങ്കിലും, ചൂഷകർ നിറയെയുള്ള നാട്ടിൽ വിധേയരാകുവാനും ഇരയാകുവാനും മനുഷ്യർ അട്ടിപ്പേറവകാശം ഏറ്റെടുക്കുന്നത് എങ്ങനെയെന്ന് ഒന്നുകൂടി വായിച്ചു ബോധ്യപ്പെടാം, ചൂഷണത്തിനായി കച്ചകെട്ടുമ്പോൾ ഒരു പിൻവിളി ഉണ്ടായാലോ.
എന്റെ പച്ചക്കരിമ്പേ എന്ന കഥയിൽ വിരിഞ്ഞു നിൽക്കുന്നത് പ്രണയത്തിന്റെ മാരിവിൽ വർണ്ണങ്ങളാണ്. പ്രണയിച്ചിട്ടുള്ളവരും, പ്രണയിച്ചുകൊണ്ടിരിക്കുന്നവരും, പ്രണയിക്കുവാൻ ഒരുങ്ങുന്നവരും, പ്രണയിക്കപ്പെടാൻ ആഗ്രഹിക്കുന്നവരും ഒരിക്കലെങ്കിലും വായിച്ചിരിക്കണം ഈ കഥ. പ്രണയത്തിൽ നിന്നും രതിയിലേക്കുള്ള ദൂരം വളരെ കുറവാണെങ്കിലും, അടിസ്ഥാനമായ ചോദനയെ പ്രചോദിപ്പിക്കുന്നതിൽ വാക്കുകൾക്ക്, വിളികൾക്ക് ഇത്രയും പ്രാധാന്യമുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. ശരിക്കും നമ്മളൊന്നും പ്രണയിച്ചതല്ല പ്രണയിക്കുന്നതല്ല ശരിക്കുമുള്ള പ്രണയമെന്ന് തോന്നിപ്പോയി. പ്രണയപൂർവ്വം വിളിക്കപ്പെടുന്ന ഒരു പേരോ, പ്രണയാർദ്രമായി വിളിക്കുന്ന ഒരു പേരോ സ്വന്തമായി ഇല്ലായെന്നത് വലിയ കുറവ് തന്നെയാണ്. അത്തരം പേരുകൾ തിരയാൻ മറ്റെങ്ങും പോകേണ്ട കഥ ഒരിക്കലൊന്ന് വായിച്ചാൽ മതി, ചിലപ്പോൾ അതിലില്ലാത്ത പേരുകൾ കൂട്ടിച്ചേർക്കുവാൻ നിങ്ങളും പുറപ്പെടും.
ഇനിയും ഏഴ് കഥകൾ ബാക്കിയുണ്ട്, എല്ലാം പറഞ്ഞു കേൾക്കുന്നതിലും സുഖം വായിച്ചു അറിയുന്നതല്ലേ. ഒരിക്കലെങ്കിലും വായിക്കണമെന്നല്ല, ഒരിക്കൽ വായിച്ചാൽ വീണ്ടും വായിക്കുമെന്ന് ഉറപ്പുള്ള അനുഭവമാണ് എന്റെ പച്ചക്കരിമ്പേ!.
ബാക്കി കഥകൾ പറഞ്ഞതും ചർച്ച ചെയ്തതും വരദ ടീച്ചറായിരുന്നു, രണ്ട് മണിക്കൂർ കഥകൾ നിറഞ്ഞു പെയ്ത രാത്രി. കഥാകാരി പറഞ്ഞ കഥകളുടെ പിന്നാമ്പുറവും, പ്രണയത്തിന്റെ രാഷ്ട്രീയവും, കഥകളിലെ കഥകളും കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്, ഇനിയും കരിമ്പുകൾ പൂക്കുവാനുണ്ട്.
ഒരു കഥാപുസ്തകം അല്ല പ്രണയത്തിന്റെ കരിമ്പിൻതോട്ടമാണ് എന്റെ പച്ചക്കരിമ്പേ യെന്ന് പറയാം!.
Comments are closed.