ടി.എന്‍. ഗോപിനാഥന്‍ നായരുടെ ഓര്‍മ്മപ്പുസ്തകം: എന്റെ മിനി
പ്രശസ്ത നാടകകൃത്തും നോവലിസ്റ്റുമായിരുന്ന ടി.എന്‍. ഗോപിനാഥന്‍ നായരുടെ ഓര്‍മ്മപ്പുസ്തകമാണ് എന്റെ മിനി. അതിശയകരമായ ഒരു ദാമ്പത്യം അതായിരുന്നു ടി എന്നിന്റെയും മിനിയുടെയും ജീവിതം. പരസ്പരം അറിഞ്ഞും പറഞ്ഞും പൊറുത്തും അവര്‍ ജീവിച്ചു. പുരുഷന് സ്ത്രീയോട് എത്രത്തോളം സമര്‍പ്പിതനാവാമോ അത്രത്തോളം ടി.എന്‍. മിനിക്കു വിധേയനായിരുന്നു. പുരുഷന്റെ സര്‍വ്വമണ്ഡലങ്ങളിലും സ്‌നേഹത്തിന്റെയും അനുഭാവത്തിന്റെയും ശാന്തിയുടെയും ശീതളത ചൊരിയാമോ അത്രത്തോളം കൊടുത്ത് മിനി ടി എന്നിനെ ധന്യനാക്കി. സഫലമായ ജീവിതപ്രയാണത്തില്‍ ഓര്‍ക്കാപ്പുറത്ത് ഇണയറ്റപ്പോള്‍ ടി.എന്നിന്റെ മനസ്സു തേങ്ങി…ആ തേങ്ങലുകളാണ് ഈ കൃതി.
പുസ്തകത്തിന് ടി.എന്‍. എഴുതിയ ആമുഖക്കുറിപ്പ്…
‘എന്റെ മിനി’ യാണ് എനിക്കേറ്റവും പ്രിയപ്പെട്ടത്. ആ കൃതിയുടെ ഒന്നാംപതിപ്പു പെട്ടെന്ന് വിറ്റുതീര്‍ന്നു. ബുക്ക് സ്റ്റാളുകളില്‍ അതില്ലാതായിട്ടു മാസങ്ങളല്ല, വര്‍ഷങ്ങള്‍തന്നെ ചിലതു കഴിഞ്ഞു. എന്റെ പ്രിയ സുഹൃത്തും സഹൃദയനുമായ ശ്രീ ഡി.സി. കിഴക്കെമുറിയുടെ ഔദാര്യംകൊണ്ടാണ് ഇപ്പോഴെങ്കിലും പുതിയ പതിപ്പു പുറത്തുവരുന്നത്. നന്ദി. എന്റെ പ്രതീക്ഷയില്‍ കവിഞ്ഞ സ്വീകരണമാണു സഹൃദയലോകം ഈ കൃതിക്കു നല്കിയത്. നാനാഭാഗങ്ങളില്‍നിന്നും അനേകമനേകം അപരിചിതരുടെ അനുമോദനക്കത്തുകള്‍ ലഭിച്ചു. മഹാകവി ജി. ശങ്കരക്കുറുപ്പ് വികാരതരളിതനായി അയച്ച കത്ത് എന്റെ സ്മരണയിലെ തേന്‍തുള്ളിയാണ്. ‘ഇതൊരു മഹാത്ഭുതമാണ്’ എന്നാണദ്ദേഹം ആ കൃതിയെ വിശേഷിപ്പിച്ചത്.
‘ഷാജഹാന്‍ വെണ്ണക്കല്ലുകൊണ്ടാണ് പ്രിയതമയ്ക്കു സ്മാരകം പണിതത്. ടി.എന്‍. കണ്ണീരില്‍ കുതിര്‍ന്ന വാക്കുകള്‍കൊണ്ടാണ് ടാജ്മഹാള്‍ പണിതത്… പലഭാഗങ്ങള്‍ വായിച്ചപ്പോഴും എന്റെ കണ്ണു നനഞ്ഞുപോയി…’ മഹാകവി എഴുതി. സ്‌നേഹമസൃണമായ ആ വലിയ ഹൃദയത്തോടു നന്ദിപറയാന്‍ ഈ അവസരം വിനിയോഗിക്കട്ടെ. പുതിയ പതിപ്പില്‍ ഞാന്‍ പറയത്തക്ക മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. മിനി ഇഹലോകവാസം വെടിഞ്ഞിട്ട് നീണ്ട ഏഴു വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്തെന്തു മാറ്റങ്ങള്‍ ഇതിനകം വന്നുകഴിഞ്ഞു! മിനിയെ പരിചരിക്കുകയും പരിലാളിക്കയും ചെയ്തിരിക്കുന്ന മൂത്ത സഹോദരി ഉള്‍പ്പെടെ പ്രിയപ്പെട്ട പലരും കാലയവനികയില്‍ അന്തര്‍ധാനം ചെയ്തിരുന്നു.
ഞങ്ങളുടെ ആത്മീയഗുരുവും ആരാധ്യയുമായ സദ്ഗുരു ശ്രീ രമാദേവി അമ്മ സമാധിസ്ഥയായിക്കഴിഞ്ഞു. തിരുവല്ലയില്‍ മിനിയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ ജോര്‍ജ് തോമസ് ഇന്ന് മസ്‌ക്കറ്റില്‍ ഒരു ഉന്നത സ്ഥാനത്തു കഴിയുന്നു. അന്ന് ബി.എസ്സിക്കു പഠിച്ചുകൊണ്ടിരുന്ന മൂത്തമകന്‍ രവി ഒന്നാംക്ലാസ്സില്‍ ജയിച്ചു. തുടര്‍ന്ന് എം.എ. ബിരുദം നേടി. തുടര്‍ന്ന് ലൈബീരിയായില്‍ പ്രൊഫസറായി ജോലി നോക്കി. മടങ്ങിവന്ന് കാഞ്ഞിരപ്പള്ളിയില്‍ പുന്നാംപറമ്പിലെ പരേതനായ എന്‍.ആര്‍. പിള്ളയുടെ മൂത്തമകള്‍ ഗീതാലക്ഷ്മിയെ വിവാഹംചെയ്തു. അവിടെത്തന്നെ മോഡി റബ്ബര്‍ കമ്പനിയില്‍ ജോലിനോക്കിവരുന്നു. മിനി ഇതൊന്നും കാണാന്‍ നിന്നില്ല. ഏക മകള്‍ മീന കോളേജില്‍ കാലുകുത്താന്‍ ഭാവിക്കുമ്പോഴാണ് മിനി മണ്‍മറഞ്ഞത്. മീന മുന്നിലുള്ള വിമന്‍സ്‌കോളജില്‍ ആദ്യമായി സാരിയുടുത്ത് സോല്ലാസം പോകുന്നതു കാണാനുള്ള ഭാഗ്യം മിനിക്കു കിട്ടിയില്ല.
കോട്ടയത്തെ നെസ്‌കോ റബ്ബര്‍ കമ്പനി ഉടമയായ ശ്രീ കെ.എന്‍. ശ്രീധരന്‍നായരുടെ ഏകമകനായ സുകു, മീനയെ വിവാഹം ചെയ്യുന്നതു കാണാനുള്ള ഭാഗ്യവും പാവത്തിനുണ്ടായില്ല. മീന ഇന്ന് അഞ്ചു വയസ്സുള്ള സൗമിനിയുടെയും ഒരു വയസ്സു തികഞ്ഞ ശ്രീക്കുട്ടന്റെയും അമ്മയാണ്. ആ ഓമനക്കുഞ്ഞുങ്ങളെ മടിയിലിരുത്തി ഇങ്കു കൊടുക്കാനും കുളിപ്പിച്ച് അണിയിച്ചൊരുക്കാനും മതിവരുവോളം ചുംബിച്ചു ലാളിക്കാനും താരാട്ടുപാടാനും തറുതലകള്‍ പറയാനും മിനിക്കവസരം കിട്ടാതെപോയി. ഇളയ മകന്‍ നന്ദന്‍ അന്നു സ്‌ക്കൂളില്‍ പഠിക്കുകയാണ്. ഇന്നവന്‍ ബി.എസ്സി. ജയിച്ചിരിക്കുന്നു. മാര്‍ ഈവാനിയോസ് കോളേജിലെ യൂണിയന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
കുട്ടിത്തമൊക്കെ മാറി. പൊക്കം വച്ചു. മീശ കുരുത്ത അവന്റെ ‘ഗമ’ കാണാനും അമ്മയ്ക്കു ഭാഗ്യമില്ലാതെപോയി. അകാലനിര്യാണം വരുത്തുന്ന അപ്രതിരോധ്യമായ നഷ്ടങ്ങള്‍ ഇതൊക്കെയാണ്. എന്റെ ഷഷ്ട്യബ്ദപൂര്‍ത്തി കഴിഞ്ഞിട്ട് രണ്ടുവര്‍ഷം തികയാറായി. ഞാന്‍ ഉദ്യോഗത്തില്‍നിന്നു വിരമിച്ച് വിശ്രമിക്കുന്ന ഈ ഘട്ടത്തില്‍ എന്റെ ജീവിതസഖിയുടെ അഭാവം ചിലപ്പോഴൊക്കെ വേദനിപ്പിക്കാറുണ്ട്. പക്ഷേ, മനസ്സ് ഈ പരിതഃസ്ഥിതിക്ക്പാ കപ്പെടുത്തിക്കഴിഞ്ഞു. ജീവിതത്തിന്റെ രീതി അങ്ങനെയൊക്കെയാണല്ലോ. ഞാനങ്ങനെ കഴിയുന്നു. കടന്നുകഴിഞ്ഞ ദൂരം ഇനി താണ്ടേണ്ടതില്ലെന്നറിയാം. ഞാന്‍ സംതൃപ്തനാണ്. തികച്ചും സന്തുഷ്ടനാണ്. ചാരിതാര്‍ത്ഥ്യനാണ് പരിചിതര്‍ക്കെല്ലാം എന്നെ ഇഷ്ടമാണ്. ആ ചാരിതാര്‍ത്ഥ്യമാണ് ജീവിതത്തിന് അര്‍ത്ഥവും നിറവും പരിമളവും സമ്മാനിക്കുന്നത്.
Comments are closed.