ആത്മവിലാപങ്ങളുടെ ബലിപ്പുരകള്‍
തുറന്നെഴുത്തിന്റെ വെളിപാട് പുസ്തകമാണ് മാധവിക്കുട്ടിയുടെ “എന്റെ കഥ’. കപടസദാചാരമൂല്യങ്ങളുടെ തറക്കല്ലിളക്കി പ്രതിഷ്ഠിച്ച രചനയുടെ മാന്ത്രികശക്തിയില്‍ അന്ന് മലയാളവായനക്കാര്‍ അത്ഭുത സ്തബ്ധരായിപ്പോയി. ആത്മനിഷ്ഠമെന്നും വ്യക്തിനിഷ്ഠമെന്നും “എന്റെ കഥ’യെക്കുറിച്ച് ചേരിതിരിഞ്ഞ് ആക്രമണങ്ങള്‍ നടക്കുമ്പോഴും മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ ആത്മവിലാപങ്ങള്‍ ആരും ശ്രദ്ധിച്ചില്ല.”മലയാളനാട്’ വാരികയുടെ 1971ലെ ഓണപ്പതിപ്പിലാണ് “എന്റെ കഥ’ പ്രസിദ്ധീകരിച്ചുതുടങ്ങിയത്. ഓരോ ലക്കം കഴിയുന്തോറും സ്ഫോടനാത്മകമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് എന്റെ കഥ മുന്നേറി. “എന്റെ കഥ’ എഴുതിയശേഷമുണ്ടായ സംഭവവികാസങ്ങളും സാമൂഹിക ഇടപെടലുകളുമാണ് “എന്റെ ലോകം‘. അതും മലയാളനാടില്‍ത്തന്നെ മാധവിക്കുട്ടി എഴുതിത്തുടങ്ങി. “എന്റെ ലോകം’ എന്ന പംക്തിയിലൂടെ അനുഭവതീക്ഷ്ണങ്ങളായ കുറെ കാര്യങ്ങള്‍ അവര്‍ എഴുതി. എന്നാല്‍, ആ ലേഖനങ്ങള്‍ സമാഹരിക്കപ്പെടാതെ കിടന്നു. അവയെല്ലാംകൂടിയാണ് ഇപ്പോള്‍ ഡിസി ബുക്സ് ഇറക്കിയിരിക്കുന്ന “എന്റെ ലോകം’ എന്ന പുസ്തകം. മാധവിക്കുട്ടിയുടെ മരണാനന്തര ഫലശ്രുതി.
പെണ്‍മനസ്സിന്റെ ഉള്ളറകളെ പുറത്തേക്ക് വലിച്ചിടുന്ന മറ്റൊരു തുറന്നെഴുത്ത്. അനുഭവങ്ങളുടെ ചൂടും ചൂരുമുള്ള വേറിട്ട രചനകള്‍. “എന്റെ കഥ’യുടെ ശരിക്കുമുള്ള തുടര്‍ച്ച.ജീവിതം ഒരു പ്രച്ഛന്നവേഷമത്സരമാണെന്ന് പറഞ്ഞുകൊണ്ടാണ് “എന്റെ ലോകം’ ആരംഭിക്കുന്നത്. “എന്റെ ഈ വസ്ത്രം തയ്യല്‍ക്കാര്‍ തുന്നിത്തന്നതല്ല. എന്റെ മാസംത്തെയും എല്ലിനെയും മൂടുന്ന തൊലിയാണ് എന്റെ എത്രയും നേര്‍ത്തതും നിഷ്പ്രയോജനവുമായ ഏക കവചം. ഞാനെന്റെ കാല്‍വിരലുകളില്‍ ഉരുണ്ട വെള്ളിമോതിരങ്ങള്‍ ധരിക്കുന്നു. എന്റെ കാല്‍വിരലുകള്‍ മറ്റുള്ളവരുടെ കാല്‍വിരലുകളില്‍നിന്ന് വ്യത്യസ്തമാക്കുവാന്‍ വേണ്ടിമാത്രം.
വ്യക്തിത്വമെന്ന പദത്തിനോട് എനിക്ക് വല്ലാത്ത കമ്പമാണ്. എന്റെ സ്വന്തമൊരു വ്യക്തിത്വം വളര്‍ത്തിക്കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കുന്നു.'”അഭയം തേടി’ എന്ന ലേഖനം മാധവിക്കുട്ടിയുടെ ആത്മാവിന്റെ തേങ്ങലാണ്. ഭയത്തിന്റെയും വിലാപത്തിന്റെയും അന്യതാബോധത്തിന്റെയും ഏകാന്തതയുടെയും സമ്മിശ്രവികാരങ്ങള്‍ക്കടിപ്പെട്ട്, ബോംബെയില്‍നിന്ന് കന്യാകുമാരിയില്‍വന്ന് താമസിക്കേണ്ടിവന്ന സാഹചര്യമാണ് മാധവിക്കുട്ടി അനാവരണംചെയ്യുന്നത്. എന്റെ കഥയുമായി ബന്ധപ്പെട്ട് പുസ്തകത്തിന്റെ പകര്‍പ്പവകാശം സംബന്ധിച്ച കുറ്റം ചുമത്തി അയൂബ് സയ്യിദ് എന്ന പത്രാധിപരില്‍നിന്ന് ഓടിപ്പോന്ന അനുഭവം.
ലേഖനത്തിന്റെ ഒടുവില്‍ മാധവിക്കുട്ടി എഴുതുന്നു: “”മനുഷ്യനില്‍ എനിക്ക് ഒരിക്കല്‍ വിശ്വാസമുണ്ടായിരുന്നു; സ്നേഹത്തിലും. ഇപ്പോള്‍ ഞാന്‍ അവന്റെ മുഖം കണ്ട് നടുക്കത്തോടെ കണ്ണുകളെ പിന്‍വലിക്കുന്നു. ഇനിമേലില്‍ ഞാന്‍ ആരെയും വിശ്വസിക്കുകയില്ല. ഒരു സമസ്യയായി നിലനില്‍ക്കുന്ന ദൈവത്തെയൊഴികെ”.ജീവിതത്തിന്റെ അര്‍ഥശൂന്യതയും അര്‍ഥപൂര്‍ണതയും രണ്ട് തലങ്ങളാക്കി അവതരിപ്പിക്കുന്ന ലേഖനമാണ് “ബഹുതന്ത്രിക’. “എന്റെ കഥ’ മലയാളനാടില്‍ പ്രസിദ്ധീകരിച്ചശേഷം മാധവിക്കുട്ടിക്ക് ബന്ധുക്കളില്‍നിന്ന് നേരിടേണ്ടിവന്ന വെറുപ്പും പുച്ഛവും കഠിനമായിരുന്നു. അതിനുശേഷം കേരളസന്ദര്‍ശനം ഒരു പേടിസ്വപ്നമായി മാറി.
മാധവിക്കുട്ടി എഴുതുകയാണ്: “”ബന്ധുക്കളില്‍ ആരെല്ലാമാണ് എന്നെ സ്നേഹത്തോടെ വീക്ഷിക്കുക. ആരെല്ലാം എന്നെ വെറുപ്പോടെ എതിരേല്‍ക്കും. അവര്‍ ഓരോരുത്തരും ആരുടെയൊപ്പം ശയിച്ചുവെന്നും ആരെത്തേടി രാത്രിയില്‍ തളത്തിലും ഉമ്മറത്തും അലഞ്ഞുവെന്നും എനിക്ക് അറിയാമായിരുന്നു. പക്ഷേ – പുറത്ത് സഭയില്‍ അവര്‍ സന്യാസികളായിരുന്നു”.കപടസദാചാരത്തിന്റെ മേലങ്കികള്‍ അഴിച്ചുമാറ്റുകയാണ് മാധവിക്കുട്ടി ഇവിടെ. ഇതൊക്കെത്തന്നെയല്ലേ ഇന്നലെയും ഇന്നും ഒക്കെ നമ്മുടെ സമൂഹത്തില്‍ നടന്നുവരുന്നത്?
രോഗിണിയായി കിടക്കുമ്പോള്‍ ശുശ്രൂഷിക്കാന്‍ വന്ന നേഴ്സിനോട് ഭര്‍ത്താവിന് ഭ്രമം. രോഗക്കിടക്കയില്‍ കിടന്ന് കുറെ കരഞ്ഞു. എന്നാല്‍, അവരെ ജീവിക്കാന്‍ അനുവദിച്ചിട്ട് തനിയെ നടക്കാനിറങ്ങുമായിരുന്നുവെന്ന് പറയുന്ന മാധവിക്കുട്ടി ഭര്‍ത്താവിന്റെ സ്വാതന്ത്ര്യത്തിന് വഴങ്ങിക്കൊടുക്കുന്നു.പിന്നീട് മാധവിക്കുട്ടിയുടെ മുറി നിത്യസന്ദര്‍ശകരുടേതായി. ഇലസ്ട്രേറ്റഡ് വീക്കിലിയുടെ കവിതകള്‍ തെരഞ്ഞെടുത്തത് അവരായിരുന്നു. അതുകൊണ്ടുതന്നെ പുതിയ കവികള്‍ മാധവിക്കുട്ടിയെ കാണാനെത്തി. അവരുടെ കവിതാപാരായണവും സംഗീതവും നൃത്തവുമെല്ലാം ജീവനില്‍ പുതിയ ശക്തി പകര്‍ന്നു. അവരുടെയൊക്കെ സ്നേഹം അനുഭവിച്ചുതുടങ്ങിയപ്പോള്‍ ജീവിതത്തിന് അര്‍ഥമുണ്ടായതുപോലെ.
“നൊണ്ടിയായ പന്തയക്കുതിര’ എന്ന ലേഖനം അക്ഷരാര്‍ഥത്തില്‍ ഒരു കവിതയാണ്. സ്നേഹത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും ജീവിതത്തിന്റെ നിഗൂഢതകളെക്കുറിച്ചും മാധവിക്കുട്ടി എന്ന കമലാദാസ് എഴുതിയ കവിത. “എഴുത്തുകാരന് എഴുത്തുനിന്നാല്‍ മരണമാണ് ജീവിതത്തേക്കാള്‍ എത്രയോ ഭേദം. നൊണ്ടിയായിത്തീര്‍ന്ന പന്തയക്കുതിരയുടെ ദയനീയ സ്ഥിതിയാണ് പിന്നീട് അയാളുടെ ജീവിതം. കുതിരകളെ വെടിവയ്ക്കാം. എഴുതിത്തീര്‍ന്ന എഴുത്തുകാരെയോ?’മാധവിക്കുട്ടിയുടെ ചോദ്യം തുറന്നിടുന്ന വാതിലുകളിലൂടെ കടന്നുപോകുമ്പോള്‍ ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളെക്കുറിച്ച് നാം “വെറുതെ’ ചിന്തിച്ചുപോകുന്നു.””ഞാന്‍ ആരുടെ വകയാണ്? പ്രായപൂര്‍ത്തിയാകുമ്പോള്‍ അമ്മമാരെ വേണ്ടെന്നുവയ്ക്കുന്ന കുട്ടികളുടെയോ? നമ്മുടെ വിവിധ ക്ഷേത്രങ്ങളില്‍ ചിതറിക്കിടക്കുന്ന ദൈവങ്ങളുടെയോ? എന്നെ തീറ്റിപ്പോറ്റുകയും താമസിയാതെ എന്റെ ശരീരം കാര്‍ന്നുതിന്നാന്‍ കാത്തിരിക്കുകയും ചെയ്യുന്ന ഈ ഭൂമിയുടെയോ?” – “എന്നെ ചവച്ചുതുപ്പുന്നവര്‍’ എന്ന ഒടുവിലത്തെ ലേഖനത്തില്‍ മാധവിക്കുട്ടി ചോദിക്കുകയാണ്; ജീവിതത്തിന്റെ നേര്‍ക്ക്.
പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
എഴുതിയത് ; ചാത്തന്നൂർ മോഹൻ
കടപ്പാട് ; ദേശാഭിമാനി
Comments are closed.