മാധവിക്കുട്ടിയുടെ ലോകം
ഞാന്‍ ആരുടെ വകയാണ്..പ്രായപൂര്‍ത്തിയാകുമ്പോള്‍ അമ്മമാരെ വേണ്ടെന്നുവയ്ക്കുന്ന കുട്ടികളുടെയോ നമ്മുടെ വിവിധ ക്ഷേത്രങ്ങളില്‍ ചിതറിക്കിടക്കുന്ന ദൈവങ്ങളുടെയോ എന്നെ തീറ്റിപ്പോറ്റുകയും താമസിയാതെ എന്റെ ശരീരം കാര്‍ന്നുതിന്നാന്‍ കാത്തിരിക്കുകയും ചെയ്യുന്ന ഈ ഭൂമിയുടേയോ.
മനുഷ്യമനസ്സിന്റെ ലോലതലങ്ങള്‍ അനാവൃതമാക്കുന്ന ഭാവനകളുടെ ചക്രവര്‍ത്തിനിയാണ് മാധവിക്കുട്ടി എന്ന കമലാദാസ്. ഹൃദയത്തിന്റെ ആഴങ്ങളില്‍ അസ്വാസ്ഥ്യം പടര്‍ത്തുന്ന അനുഭവങ്ങള്‍ സ്വന്തം രക്തത്തില്‍ മുക്കി എഴുതിയവയാണ് അവരുടെ രചനകള്‍. സമൂഹമനസിലെ പ്രിയസത്യങ്ങളെയും അപ്രിയ സത്യങ്ങളെയും, സ്വസമുദായത്തിന്റെ പൊയ്മുഖങ്ങളെയും ധൈര്യപൂര്‍വ്വം ആവിഷ്‌കരിച്ചതിന്റെ പേരില്‍ വിവാദങ്ങളില്‍ അകപ്പെടുകയും ഏറെ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത എഴുത്തുകാരികൂടിയാണ് ഇവര്‍.
മുന്‍വിധികളില്ലാതെ താനേവാര്‍ന്നുവീഴുന്നവയെന്നു ധ്വനിപ്പിക്കുന്നവയാണ് പൊതുവേ അവരുടെ രചനകള്‍. സത്യസന്ധത അവയുടെ മുഖമുദ്രയാണ്. കൂടാതെ തെരഞ്ഞടുക്കുന്ന വിഷയങ്ങളിലെ അസാധാരണത്വം, മിതത്വം, കഥപറയുന്നതിലെ ലാളിത്യം എന്നിവ മാധവിക്കുട്ടിയുടെ കഥകള്‍ക്ക് ഒരു കരുത്തു പകരുന്നുണ്ട്. സ്ത്രീപുരുഷ ബന്ധത്തിലെ പല വശങ്ങളെക്കുറിച്ചും ഭിന്നപ്രായങ്ങളുള്ളവരുടെ ദൗര്‍ബല്യങ്ങളെക്കുറിച്ചും, രതിയുടെ ഇക്കളിപ്പെടുത്തുന്ന തീക്ഷണതയെക്കുറിച്ചും ഗൃഹാതുരത്വത്തിന്റെ സ്‌നേഹസ്മൃതികളെക്കുറിച്ചുമെല്ലാം അവര്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ സ്വന്തം അനുഭത്തിന്റെ വെളിച്ചത്തിൽ ഭാവനയുടെ അലങ്കാരവര്‍ണ്ണങ്ങള്‍ ചേര്‍ത്തെഴുതിയ എന്റെ കഥയാണ് ഏറെശ്രദ്ധിക്കപ്പെട്ടത്. മലയാള സാഹിത്യത്തിലെ തന്നെ ഒരു പൊട്ടിത്തെറിയായിരുന്നു 1973ല്‍ പുറത്തിറങ്ങിയ ഈ കൃതി.
അനുഭവതീക്ഷ്ണമായ ആഖ്യാനത്തിലൂടെ മലയാളിയെ വിസ്മയസ്തംഭരാക്കുകയും സദാചാരവേലിക്കെട്ടുകള്‍ തകര്‍ത്ത തുറന്നെഴുത്തിനാല്‍ ഞെട്ടിപ്പിക്കുകയും ചെയ്ത എന്റെ കഥ എന്ന ആത്മകഥയുടെ തുടര്‍ച്ച എന്ന് പറയാവുന്ന കൃതിയാണ് എന്റെ ലോകം. എന്റെ കഥ എഴുതിക്കഴിഞ്ഞതിനുശേഷമുള്ള ജീവിതാവസ്ഥകളും അവുഭവങ്ങളും, സാമൂഹിക ചുറ്റുപാടുകളുമാണ് എന്റെ ലോകം എന്ന കൃതിയുടെ ഉള്ളടക്കം. പെണ്‍മനസ്സുകളുടെ ഉള്ളറകളെ പുറത്തുവലിച്ചിടുന്ന ഒറ്റൊരു തുറന്നെഴുത്താണാണിത്.
ജീവിതമെന്ന പ്രച്ഛന്നവേഷമത്സരം, അഭയംതേടി, ക്ഷത്രങ്ങള്‍, ഗ്രാമത്തില്‍, എന്റെ ലോകം, നാലപ്പാട്ട് എന്ന സ്വ്പനം, സമുദായം എന്ന പെറ്റമ്മ, ദാരിദ്ര്യഭയം, സ്‌നേഹമെന്നമതം തുടങ്ങിയ ഭാഗങ്ങളിലൂടെയാണ് മാധവിക്കുട്ടി തന്റെ ജീവിതാവസ്ഥകളും അനുഭവങ്ങളും കോറിയിടുന്നത്. ആത്മകഥയും അതേസമയം സ്വപ്‌ന സാഹിത്യവുമായി നിലകൊള്ളുന്ന എന്റെ ലോകം 2015 ലാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചത്.
Comments are closed.