മുലപ്പാൽക്കുട്ടികളെ തിന്നുന്ന രക്തരാക്ഷസൻ
ഇന്ദുമേനോന്റെ ‘എന്റെ കഥ എന്റെ ആണുങ്ങളുടെയും’ എന്ന പുസ്തകത്തിൽ നിന്ന് ഒരു ഭാഗം
വളരെ രസകരമായ മഴ ചിന്നിച്ചിന്നി അകത്തേക്ക് ചിതറിക്കൊണ്ടിരുന്നു. ഞാനാ മഴയെ നോക്കിനോക്കി പേപ്പറിൽ കുറുനരിവേഷം ധരിച്ച ഒരു രാക്ഷസന്റെ ചിത്രം വരയ്ക്കുകയായിരുന്നു. ചെമ്പട്ട് താെലി വരച്ചു ചേർത്തു. കാട്ടുപന്നിയെപ്പോലെയുണ്ടായിരുന്ന ഉടൽരോമങ്ങൾ ചെമ്പുനിറമായി വരച്ചു മനോഹരമാക്കി മാറ്റി. ചെവിക്കു കീഴെ രാക്ഷസൻ ഒളിപ്പിച്ചുവെല്ല കൂർത്ത കൊമ്പുകൾ ക്രയോൺസ് തെളിച്ചിട്ടും ഒളിച്ചുനിന്നു. വല്ലാത്തൊരു കുറുനരിചിത്രമായിരുന്നു അത്. കുട്ടികളെ വിഴുങ്ങുന്ന ഒരു രാക്ഷസൻ നരിമാമനായി അവർക്കുമുന്നിൽ അലിവോറും സ്നേഹിതനായി പ്രത്യക്ഷപ്പെടുന്ന അത്ഭുതജാലവിദ്യക്കഥ. രാക്ഷസൻ മന്ത്രം ചൊല്ലി യപ്പോൾ ചോന്ന രക്തക്കണ്ണുകൾ കുറുനരിയുടെ നീളക്കണ്ണുകളായി. ക്രൂരത കറുത്തുമുറ്റിയ മൂക്കുകൾ, ഉരുണ്ട രസമാർന്ന രസികൻ മൂക്കായി. ആനപ്പള്ളകൾ കുറുനരിയുടെ കുഞ്ഞിപ്പള്ളയായി. വെഞ്ചാമര വാൽ വിരിഞ്ഞു. പെരുങ്കൈകളും കാലുകളും നാലുകാലായി.
“നീ എന്താണ് ചെയ്യണത്? നീ ആര്ടെ ചിത്രാണ് വരയ്ക്കുന്നത്?”
“കുറുനരി മാമനായി മാറിയ ഒരു രാശശൻ്റെ ചിത്രം.”
മഞ്ഞമുളകൾ, പച്ചയിലകൾ വിടർത്തിനിൽക്കുന്ന കാടിൻ്റെ പശ്ചാത്തലത്തിൽ കൊമ്പല്ലുകൾ ചിരിക്കകത്ത് ഒളിപ്പിച്ചുവെച്ച ഒരു കുറുനരിയുടെ പടം ഞാൻ അയാൾക്ക് കാണിച്ചുകൊടുത്തു.
“എന്ത് കുറുനരിയാണിത്? നീയെന്താണ് വരയ്ക്കുന്നത്. ങ്ങട്ട് തരൂ ഞാൻ വരച്ചെരാം?” അയാൾ അത്യപ്‌തിയോടെ പറഞ്ഞു. ഞാൻ തല യുയർത്തിനോക്കിയപ്പോൾ ഏതാണ്ട് 90 കിലോ തൂക്കമുള്ള മാംസനിർമ്മിതമായ ഒരു മനുഷ്യരൂപം എന്നോട് കൃത്രിമ വാത്സല്യത്തോടെ ചോദി ക്കുന്നത് കേട്ടു.
“നീ ഇത് എനിക്ക് സ്വന്തമായിട്ട് തരൂ. തരില്ലേ?” അയാൾ കെഞ്ചും പോലെ പറഞ്ഞു.
“നിനക്ക് ഞാം വരച്ചെരാം.”
ഞാൻ വരച്ച ചിത്രങ്ങൾ അയാൾക്ക് ഹൃദയപൂർവ്വം കൊടുത്തു: അന്നുവരെ ആരും എന്നോട് എൻ്റെ ചിത്രങ്ങൾ തരുമോ എന്നു ചോദി ച്ചിരുന്നില്ല.
“നരിമാമനെയാണോ നിനക്ക് ഇഷ്ടം?” അയാൾ എന്റെ അരികിലേക്കു വന്നു. മദ്യത്തിൻ്റെ മുശുക്കുമണം എനിക്കു കിട്ടി.
“അതെ, എനിക്ക് നരിമാമനെ വല്ല്യ ഇഷ്ടാണ്.” ഞാൻ പറഞ്ഞു.
“എന്തുകൊണ്ടാണദ്?” അയാൾ ഭാരമേറിയ ഉടലമർത്തി നിലത്ത്
കുത്തിയിരുന്നു.
“എന്തുരസാണ് നരിമാമനെ കാണാൻ…” ഞാൻ കൗതുകപ്പെട്ടു.
“നല്ല ഭംഗിള്ള വാലുണ്ട്. നല്ല ഭംഗിള്ള കണ്ണുകളുണ്ട്.”
“ഇദ് പോലെയോ?” അയാൾ എൻ്റെ കണ്ണുകളിൽ തൊട്ടു.
“മ്മ്.” ഞാൻ തലകുലുക്കി.
“നല്ല ഭംഗിള്ള നെറ്റിണ്ട്.”
“ഇത്ര ഭംഗിണ്ടോ?” അയാളെൻ്റെ നെറ്റിയിൽ പതിയെ തലോടി.
“നല്ല ഭംഗിള്ള ഉടലുണ്ട്…”
“ആണോ ഈ ചുന്തരിയെപ്പോലെയോ? അയാളെൻ്റെ പുറത്ത് പതുക്കെ തഴുകി.
“അതിൻ്റെ കൂയ്യ് വിളികേൾക്കാനും നല്ല രസാണ്.”
“ഇതെന്താണ്?” മഞ്ഞനിറം കൊടുത്തുനിർത്തിയ മുളയുടെ ഇല അയാൾ തൊട്ടു.
“ഇതോ ഇത് നരിമാമടെ വീടാണ്.”
“ആഹാ, നിനക്ക് കുറുനരീടെ രസകരമായ ഒരു കഥ ഞാൻ പറഞ്ഞുതരാം. നീ മോളിലിക്ക് വാ.”
“ഇല്ല, ഇൻയ്ക്ക് ഇവടെയാണിഷ്ടം. മഴപ്പമാറും. യ്ക്ക് തോണിയിടണം.”
“മിട്ടായി തരാം… ഒന്നു വാ.” അയാൾ പ്രലോഭിപ്പിച്ചു.
എന്റെ മനസ്സ് ആടി. കുറുനരിയുടെ കഥയും ഒപ്പം മിട്ടായിയും.
“നിനക്ക് വല്ല്യ വള്ളമുണ്ടാക്കാനറിയോ? അതും ഞാനുണ്ടാക്കിത്തരാം.
വാ.” അയാൾ എൻ്റെ കൈപിടിച്ചു വലിച്ചു.
“ഞാനിനി നെന്നോട് ഒരിക്കലും മിണ്ടില്ല്യ.”
കുട്ടികളെ പ്രലോഭിപ്പിക്കുവാൻ എത്ര എളുപ്പമാണ്. ഒരു കഥ, ഒരു മിഠായി, ഒരിത്തിരി മധുരം, ഒരു കളിവഞ്ചി, ഒരു കളിപ്പാട്ടം, ഒരു പൊട്ടു പെൻസിൽ, സ്നേഹാർദ്രമായ ഒരു വിളി അവർക്ക് അപകടങ്ങൾ തിരി ച്ചറിയുകയില്ല. അവർക്ക് കുറുനരിമുഖംമൂടിക്കുള്ളിൽ ഒളിച്ചിരിക്കുന്ന രാക്ഷസരെ അറിയില്ല.
ഞാനും അതുപോലൊരു കുട്ടിയായിരുന്നു. ഒന്നുമറിയാത്ത അഞ്ചു വയസ്സുകാരി. ഉടുപ്പിടാനായി ആനന്ദിയെ കൊണ്ടുപോയി വാരിയെല്ലൊടിച്ച രാജുമാമൻറെ കഥ അന്നെനിക്കറിയുമായിരുന്നില്ല. മൂന്നാം ക്ലാസ്സിലെ സലീമയെ കട്ടിലിൽ കിടത്തി സ്നേഹിച്ചുകൊന്ന ഫൈസലിക്കാക്കാന്റെ കഥയെനിക്കറിയുമായിരുന്നില്ല. രണ്ടര വയസ്സുള്ള, മലർന്നുകിടക്കുന്ന മുലകുടിക്കുഞ്ഞിനെ ബലാത്സംഗം ചെയ്ത മിലിട്ടറി കേണലിന്റെ കഥയെനിക്കറിയുമായിരുന്നില്ല. പത്താംക്ലാസ്സിൽ പഠിക്കുന്ന ദേവിച്ചേച്ചിയെ – ദേവന്റെ ഏടത്തിയെ പതിവായി സ്നേഹിക്കുന്ന അവന്റെ അമ്മയുടെ ജാരന്റെ കഥ എനിക്കറിയുമായിരുന്നില്ല. കാരണം, എനിക്കന്നു മുലപ്പാലിൻ്റെ മണം മാറിയിരുന്നില്ല.
അമ്മച്ഛൻ പൊള്ളാച്ചിയിൽനിന്നും കൊണ്ടുവന്ന മരംകൊണ്ടു നിർമ്മിച്ച പഴയ കോവണിയിലൂടെ ഞങ്ങൾ മുകളിലേക്കു കയറി. മഴ പെരുത്ത മുറ്റത്ത് അമ്മ നട്ട ഒരു മാവ് വലിയ ശബ്ദത്തോടെ കടപുഴകി വീണു. അയാൾ കുറുനരിമാമൻ്റെ കഥ പറഞ്ഞുതുടങ്ങി…
“പണ്ട് പണ്ട് ഒരു നാട്ടിൽ, ഒരു കുറുനരിമാമൻ ഉണ്ടായിരുന്നു. അയാൾ കാട്ടിലെ മൃഗങ്ങൾ വിശ്വസിക്കുന്നതുപോലെ ഒരു സാധാരണ കുറുനരി ആയിരുന്നില്ല. വേഷം മാറിവന്ന ഒരു കാട്ടുരാക്ഷസൻ ആയിരുന്നു. കുട്ടികളെ ജീവനോടെ കടിച്ചു തിന്നുന്ന ദുഷ്ടനായ ഒരു വലിയ രാക്ഷസൻ…”
അയാൾ അമർത്തിപ്പിടിച്ച എൻ്റെയിളം കൈത്തണ്ടയിൽ നഖം പോറി എനിക്കു നീറി…
Comments are closed.