സി.വി. ബാലകൃഷ്ണന്‍- കഥയുടെ നിത്യയൗവ്വനം
അഭിമുഖം- സി.വി. ബാലകൃഷ്ണന്‍ / പ്രകാശ് മാരാഹി
കഥയുടെ ഉറവവറ്റാത്ത മനസ്സുമായി മലയാളസാഹിത്യത്തിന്‍റെ നെടുംപാതയിലൂടെയുള്ള സി.വി ബാലകൃഷ്ണന്‍റെ സര്‍ഗസഞ്ചാരം അഞ്ചരപ്പതിറ്റാണ്ടിലേക്കു കടക്കുന്നു.
ചരിത്രവും രാഷ്ട്രീയചിന്തനങ്ങളും വൈയക്തികാനുഭവങ്ങളും വ്യതിരിക്തമായ ഓര്‍മ്മക ളും ചേര്‍ന്നുള്ള മനുഷ്യജന്മങ്ങളുടെ അനേകമനേകം അനുഭവലോകങ്ങള്‍ ഇക്കാലത്തിനിട യില്‍ എഴുത്തുകാരന്‍ നമുക്കു പകര്‍ന്നുതന്നു, കഥയായും നോവലുകളായും ആത്മകഥ നങ്ങളായും. സാഹിത്യസിദ്ധാന്തപരമായ എത്രയോ കൊടുങ്കാറ്റുകളും പേമാരിയും അതു വഴി കടന്നുപോയിട്ടും ആ സര്‍ഗ്ഗസപര്യയ്ക്ക് ഒരുലച്ചിലും സംഭവിച്ചില്ല. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ 1967-ജനുവരിയില്‍ റേഡിയോ നാടകങ്ങളെഴുതിക്കൊണ്ടു തുടക്കംകുറി ച്ച, അവനവന്‍റെ ആത്മാവിനു ശരിയെന്നുതോന്നിച്ച, അതേ മാന്ത്രികകഥപറച്ചില്‍ ഇന്നും സജീവമായി തുടരുന്നു. അതേവര്‍ഷം മദിരാശിയില്‍നിന്നിറങ്ങുന്ന ഉപാസന മാസികയില്‍വന്ന `കോടാലി’ ആയിരുന്നു ആദ്യകഥ.
എഴുത്തില്‍ അമ്പത്തഞ്ചാണ്ടുകള്‍ എന്നു പറയുന്നതിന്‍റെ സാംഗത്യം സി.വി ബാലകൃഷ്ണ ന്‍റെ കാര്യത്തില്‍ വിസ്മയകരമായി തോന്നിപ്പിക്കുന്നതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് രചനാപരമായ സത്യസന്ധതയാണ്; മറ്റൊന്ന് ആത്മാര്‍ത്ഥതയും. ഏതു മേഖലയിലുമെന്ന തുപോലെ സാഹിത്യത്തിലും ഇതുരണ്ടും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്ത് പ്രത്യേ കിച്ചും. ഏതു വിഷയസ്വീകാരത്തിലും തനിക്കുമാത്രം പറയാനാകുന്ന ഒരു ഭാവതലം ആ രചനയില്‍ സന്നിവേശിപ്പിക്കാനുള്ള ഈ എഴുത്തുകാരന്‍റെ കരവിരുത് അപാരമാണ്. രതി യും മൃതിയും ഭീതിയും ക്രൗര്യവും മറവിയും പ്രണയവും സ്വവര്‍ഗരതിയും ആഖ്യാനപഥ ങ്ങളിലെ വ്യത്യസ്ത അടരുകളില്‍ ആലേഖനംചെയ്യപ്പെട്ട എത്രയോ സൃഷ്ടികള്‍. അവ നമ്മെ ആഹ്ളാദിപ്പിക്കുകയും ചിന്തിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നു.
1983-ഏപ്രിലില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വെളിച്ചംകണ്ട `ആയുസ്സിന്‍റെ പുസ്തക’മാണ് സി.വി. ബാലകൃഷ്ണന്‍റെ മാസ്റ്റര്‍പീസ് എന്നു പറയാം. ഏതുതരം വായനക്കാരുടെയിടയിലും എഴുത്തുകാരനെ ചിരപരിചിതനാക്കിയ നോവല്‍. ആ കൃതിയിലൂടെ ഇത്രയും കാലത്തിനിടയില്‍ എത്രയോ വായനക്കാര്‍ കടന്നുപോയി. ചില വര്‍ഷങ്ങളില്‍ സര്‍വ്വകലാ ശാലാ വിദ്യാര്‍ത്ഥികള്‍ക്കിത് പാഠപുസ്തകമായി. ആണ്‍സുഹൃത്തില്‍നിന്ന് പ്രഥമസമ്മാന മായി ഈ പുസ്തകം കിട്ടിയ കാര്യം ഒരു പെണ്‍കുട്ടി വെളിപ്പെടുത്തിയതും റീജ്യയണല്‍ കാന്‍സര്‍സെന്‍ററില്‍ വെച്ചു രോഗശയ്യയില്‍ക്കിടന്ന് മരിച്ചുപോയൊരു ചെറുപ്പക്കാരന്‍ വേദ ന അതിജീവിക്കാന്‍ നിരന്തരം ഇതു വായിച്ചിരുന്നുവെന്നതും ജീവിതത്തിലെ വലിയൊരു സംഘര്‍ഷത്തെ മറികടക്കാന്‍ ഇതു വായിച്ചില്ലായിരുന്നെങ്കില്‍ കഴിയുമായിരുന്നില്ലെന്ന് ഒരു സഹയാത്രികന്‍ ഓര്‍മ്മിപ്പിച്ചതും സി.വി. ബാലകൃഷ്ണന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
എഴുത്തില്‍ നിത്യയൗവ്വനം നിലനിറുത്തുന്നതിന്‍റെ രഹസ്യമെന്തായിരിക്കും? ചിലനേരം മാ ലാഖമാര്‍ ചിറകുകള്‍ വീശുന്ന വിശുദ്ധിയുടെ ഒരു ദേവാലയത്തിലേക്കായിരിക്കും നാം ആ നയിക്കപ്പെടുക. നിശ്ശബ്ദതയുടെ സംഗീതം ആര്‍ദ്രമായി മുഴങ്ങുന്ന ഒരള്‍ത്താരയിലേക്ക്. മറ്റുചിലപ്പോള്‍ തിരയിളക്കം കൊടുമ്പിരികൊള്ളുന്ന ഒരു സമുദ്രയാത്രയിലേക്കാവും ക്ഷ ണം. ഉള്ളില്‍ ഒരു ചുഴലിക്കാറ്റിന്‍റെ ഇരമ്പമുയരും. ചിലപ്പോള്‍ പാളങ്ങള്‍ പ്രകമ്പനം കൊ ള്ളുകയും നിശാന്ധകാരം പേടിപ്പെടുത്തുകയും ചെയ്യുന്ന തീവണ്ടിയാത്രയിലായിരിക്കും. മറ്റുചിലപ്പോള്‍ നാരകവും ചെറിപ്പഴങ്ങളും റാസ്ബറിയും വാസനിക്കുന്ന കാട്ടുപാതയിലൂ ടെയുള്ള നടത്തമായിരിക്കും. അനന്തരം ഭൂമിയിലും സ്വര്‍ഗ്ഗത്തിലും മൗനം കനക്കും. അവിടെ ഇരുണ്ട കുരിശുകള്‍ എഴുന്നുനില്ക്കും. ചിലതില്‍ പ്രച്ഛന്നവേഷക്കാരുടെ ചിരി കേള്‍ക്കും. പാഴ്മഞ്ഞുമൂടിയ ഗിരിശിഖരങ്ങള്‍പോലുള്ള വെള്ളിമേഘങ്ങളുടെ പാളികളില്‍ എങ്ങുനിന്നോ വെയില്‍ പതിയുന്നതു കാണും. മരണത്തിനുമേല്‍ ഉയിര്‍പ്പിന്‍റെ പ്രത്യാശ യായി അവ നിലകൊള്ളുന്നതും.
കഥപറയാനും കഥകേള്‍ക്കാനുമുള്ള കൗതുകം നിറഞ്ഞ ബാല്യകാലത്തെക്കുറിച്ച് `പരല്‍മീന്‍ നീന്തുന്ന പാട‘ത്തില്‍ സൂചിപ്പിക്കുന്നുണ്ട്. കഥകളാല്‍ ചുറ്റപ്പെട്ട കാലം. അക്കാല ത്തെ ഏകാന്തതയില്‍നിന്നും അവഗണനയില്‍നിന്നുമുള്ള രക്ഷപ്പെടലായിരുന്നു കഥയി ലേക്ക്, അല്ലേ?
ഒട്ടും മങ്ങലേല്‍ക്കാതെ ബാല്യം എന്‍റെ ഓര്‍മ്മയിലുണ്ട്. സ്മൃതിനാശത്തിന്‍റെ കാലത്ത് മറ്റെല്ലാം മറന്നാലും അത് ഓര്‍മ്മയില്‍ അവശേഷിക്കുമെന്ന് തോന്നുന്നു. കാരണം അത ത്രമേല്‍ തീവ്രമാണ്. What is the best early training for a writer? എന്ന ഒരു സാഹിത്യവിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് ഏണസ്റ്റ് ഹെമിങ് വേ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: An unpleasant childhood. ആ പരിശീലനം എന്നെ സംബന്ധിച്ച് വേണ്ടതിലേറെയായിരു ന്നു. പിറന്നുവീണ ഇരുട്ടുപിടിച്ച കോമ്പൂരയെന്ന കുടുസ്സുമുറിയുടെ പുറത്ത് എന്നെ കാ ത്തിരുന്നത് ദാരിദ്ര്യമാണ്. ഇല്ലായ്മയിലേക്കായിരുന്നു കണ്ണു തുറന്നത്. ദാരിദ്ര്യാര്‍ത്തി യോളം വലുതായിട്ട് ഒരാര്‍ത്തിയും ഇല്ലെന്നു കവിവചനം കേള്‍ക്കുന്നത് പിന്നീടാണ്. പക്ഷേ എനിക്ക് അതേക്കാള്‍ വലിയ വ്യസനം സഹിക്കേണ്ടിവന്നു. മരുമക്കത്തായ വ്യവസ്ഥ യായിരുന്നു അന്ന്. അതിന്‍റെ ചാപ്പ ജനിച്ചപ്പോഴേ എന്‍റെ മേല്‍ കുത്തിയിരുന്നു. വീടിന്‍റെ അധികാരം കയ്യാളിയ കാരണവര്‍ എന്നെ കണ്ടത് ഒരു അടിമച്ചെറുക്കനായാണ്. ഓരോ രോ നിസ്സാരകാര്യത്തിനുപോലും ചെവി അങ്ങോട്ടുമിങ്ങോട്ടും ഓടിക്കാം. കണ്ണുരുട്ടി പേടി പ്പിക്കാം. ചെവി രണ്ടും തിരുമ്മിച്ചുവപ്പിക്കാം. കരണത്തടിക്കാം. പേടിച്ചുപേടിച്ചാണ് ഞാന്‍ കഴിഞ്ഞത്. ഒരു ഓട്ടമുക്കാലിന്‍റെ സ്നേഹംപോലും കാട്ടിയിരുന്നില്ല എന്നോട്. അടിമച്ചെറു ക്കനല്ലേ? അച്ഛന്‍ തീര്‍ത്തും നിസ്സഹായനായിരുന്നു. ഞങ്ങളുടെ വീട്ടിലേക്കു വന്നിരുന്നത് വല്ലപ്പോഴുമാണ്. അതും രാത്രിനേരങ്ങളില്‍. ഞാന്‍ ഉണര്‍ന്നുനോക്കുമ്പോഴേയ്ക്കും പോയ്ക്കഴി ഞ്ഞിരിക്കും. അച്ഛന്‍ കൊണ്ടുനടന്നിരുന്ന തുകല്‍പേഴ്സില്‍ നാലണയോ ഒരു രൂപയോ ഉണ്ടെങ്കിലായി. എന്നാലും ദേശീയപ്രസ്ഥാനത്തില്‍ ഭാഗഭാക്കായ ഒരാളെന്ന നിലയ്ക്ക് അന്ത സ്സു പുലര്‍ത്താന്‍ ശ്രമിച്ചിരുന്നു. അപമാനിതനാകുന്ന എത്രയോ സന്ദര്‍ഭങ്ങള്‍ക്ക് ഞാന്‍ സാക്ഷിയായിട്ടുണ്ട്. അപ്പോഴെല്ലാം എന്‍റെ മനസ്സ് വിങ്ങിയിട്ടുണ്ട്. ഞാന്‍ ഒറ്റയ്ക്കായിരുന്നു. വളരെ വളരെ ഒറ്റയ്ക്ക്. ആ നാളുകളിലാണ് പുസ്തകങ്ങള്‍ എന്‍റെ കൂട്ടുകാരായത്. ഓരോ പുസ്തകവും എന്നോട് സ്നേഹം കാട്ടി. ഓരോന്നും എന്നെ ആശ്വസിപ്പിച്ചു. ജീവിതത്തി ന്‍റെ യാഥാര്‍ത്ഥ്യങ്ങളെന്തെന്ന് അവ എനിക്കു പറഞ്ഞുതന്നു. ചുറ്റിലും കാണുന്നതല്ല, കഥ കളിലെ ലോകമാണ് വാസ്തവികമെന്നു ഞാന്‍ കരുതി. അങ്ങനെ ഞാന്‍ അതിന്‍റെ ഭാഗ മായി. കഥാപാത്രങ്ങള്‍ എന്നെ സംബന്ധിച്ച് ചോരയും നീരുമുള്ള മനുഷ്യര്‍ തന്നെയാ യിരുന്നു. ഏകാകിയായ എന്നെ അവര്‍ ഒപ്പം ചേര്‍ത്തുനിര്‍ത്തി. നല്ല വാക്കുകള്‍ പറഞ്ഞു. ഹൃദയത്തിന്‍റെ ചൂട് പകര്‍ന്നുതന്നു. ഏകാന്തതയില്‍നിന്നുള്ള ആ രക്ഷപ്പെടല്‍ വിചിത്രമായ ഒരനുഭവം തന്നെയായിരുന്നു. അങ്ങനെയൊന്ന് സംഭവിച്ചില്ലായിരുന്നെങ്കില്‍, ഉറപ്പായും ഞാന്‍ പണ്ടേ മണ്ണോടുചേര്‍ന്നേനെ.
ശൈശവകാലത്തെ പ്രശ്നവല്കരിക്കുന്ന നിരവധി കഥകളുണ്ട്. `കളിപ്പാട്ടങ്ങള്‍ എവിടെ സൂക്ഷിക്കും?’, `ആണ്‍തരികള്‍‘, ചെറിയ നായാട്ടുകാര്‍,’ `ദൈവം പോകുന്ന പാത‘ ഇങ്ങനെ കുട്ടികളുടെ നിതാന്തസാന്നിധ്യം ഒരുപക്ഷെ ഏറ്റവും കൂടുതല്‍ കഥകളില്‍കൊ ണ്ടുവന്നത് താങ്കളായിരിക്കും. അതേപ്പറ്റി പറയാമോ?
ഒരു കുട്ടി എന്‍റെ ഉള്ളിലുണ്ട്. നാള്‍തോറും വളരാത്ത ആ കുട്ടിയെ ഞാനെന്‍റെയുള്ളില്‍ എപ്പോഴും കൊണ്ടു നടക്കുന്നു. അവന്‍റെ മുഖത്തിന് മാങ്ങാച്ചുനയുടെ മണമാണ്. രാത്രി യില്‍ കടവാതിലുകള്‍ പഴം ചപ്പിച്ച് താഴെയിട്ട കശുവണ്ടികളാണ് ട്രൗസറിന്‍റെ കീശയില്‍. അവന്‍റെ സമ്പാദ്യം. മോഹങ്ങളൊന്നുമില്ല. ചെറിയ മോഹംപോലും നിറവേറുകയില്ലെന്ന് അവന് അറിയാം. കുട്ടികളെക്കുറിച്ച് ഞാനെഴുതിയ കഥകളൊക്കെയും അവനെ മനസ്സില്‍ കണ്ടുകൊണ്ടാണ്. നമ്പൂതിരിയുടെ വരയോടെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച (1981 നവംബര്‍ 15-21) `കളിപ്പാട്ടങ്ങള്‍ എവിടെ സൂക്ഷിക്കും’ എന്ന കഥയായിരുന്നു കൂട്ട ത്തില്‍ ആദ്യത്തേത്. അതിനു തൊട്ടുമുമ്പ് മണിപ്പാലിലെ കസ്തൂര്‍ബ മെഡിക്കല്‍ കോളേ ജില്‍ പോയപ്പോള്‍ അവിടത്തെ കാന്‍സര്‍ വാര്‍ഡ് കാണാനിടയായി. അതിന്‍റെ ചില്ലുവാതി ലില്‍ മുഖമമര്‍ത്തി പുറത്തേയ്ക്കു നോക്കിക്കൊണ്ട് ഒരു ആണ്‍കുട്ടി നില്പുണ്ടായിരുന്നു. അവനു പിറകിലായി വാര്‍ഡിലാകെ പല പ്രായത്തിലുള്ള അര്‍ബുദരോഗികള്‍. അവരുടെ യെല്ലാം ദൈന്യത്തിന്‍റെ പ്രതീകമെന്നോണം അവനവിടെനിന്നു. ആസന്നമായ മൃതിയെക്കു റിച്ച് അവന് അറിയാമെന്ന് എന്തുകൊണ്ടോ എനിക്കു തോന്നി.
എന്നെ ഏറ്റവും ദുഃഖിപ്പിച്ചിട്ടുള്ളത് കുട്ടികളുടെ മരണമാണ്. ഞാന്‍ ആദ്യമായി കണ്ട ജഡം ആറാം ക്ലാസ്സില്‍ എന്‍റെയൊപ്പം പഠിച്ചിരുന്ന ഒരു കുട്ടിയുടെതായിരുന്നു. പനി പിടിച്ചാണ് അവന്‍ മരിച്ചത്. വെയിലേറ്റ് വയല്‍വരമ്പുകളിലൂടെ നടന്നുചെന്ന് ഞാനവനെ മരിച്ചനില യില്‍ കണ്ടു. അതന്നെ നടുക്കിക്കളഞ്ഞു. നാളെ ഞാനും മരിച്ചുപോകുമല്ലോ എന്നോര്‍ത്തുപോയി. ആ അറിവ് പകര്‍ന്ന അധൈര്യം കുറച്ചൊന്നുമായിരുന്നില്ല. മരണത്തെക്കു റിച്ചെന്നപോലെ ജീവിതത്തെക്കുറിച്ചും ഞാന്‍ ഏറെയും പഠിച്ചത് കുട്ടികളില്‍നിന്നാണ്. അവര്‍ സ്നേഹം അര്‍ഹിക്കുന്നു.
സമീപകാലത്തുവന്ന `എനിക്ക് സ്ട്രോബറി ഇഷ്ടമാണ്‘, `കാസാ ലോറെന്‍സാ‘, `ചെറി ത്തോട്ടത്തില്‍,’ `എഡ്വിന്‍ പോള്‍‘ തുടങ്ങിയ കഥകളിലും `രതിസാന്ദ്രത‘, `നിണബലി‘, `പും സ്ത്രീ ക്ലീബങ്ങള്‍‘ തുടങ്ങി കുറേനോവെല്ലകളിലും സ്വവര്‍ഗരതിയാണ് അടിസ്ഥാന വിഷയമായി വരുന്നത്. സ്വവര്‍ഗലൈംഗികത ഒരിഷ്ടവിഷയമായി മാറിയതെങ്ങിനെയാണ്?
ഈ ചോദ്യത്തെ ആലങ്കാരികമായി പറഞ്ഞാല്‍, ഒരു മില്യന്‍ ഡോളര്‍ ചോദ്യമാണ്. രതി വിഷയമായ, അതായത് ഇറോട്ടിക്കായ രചനകള്‍ കുറയെണ്ണമുണ്ട് എന്‍റേതായിട്ട്. ആയു സ്സിന്‍റെ പുസ്തകത്തിലും കാമമോഹിതത്തിലും അവനവന്‍റെ ആനന്ദം കണ്ടെത്താനുള്ള വഴികളിലും രതി മുഖ്യപ്രമേയമായിരുന്നു. ഒരു കൗമാരക്കാരന് മറ്റൊരു കൗമാരക്കാര നോടു തോന്നിയ തീവ്രമായ പ്രണയം ആയുസ്സിന്‍റെ പുസ്തകത്തില്‍ കാണാം. സ്വവര്‍ഗ്ഗാ നുരാഗം, ഹോമോസെക്ഷ്വാലിറ്റിയായാലും ലെസ്ബിയനിസമായാലും, ഒരു ലൈംഗിക അപഭ്രംശമായി (Sexual aberration) ഞാന്‍ കാണുന്നില്ല. ആണ്‍പെണ്‍ അനുരാഗം പോലെ നൈസര്‍ഗികമാണ് ഒരേ ലിംഗവിഭാഗത്തിലുള്ളവര്‍ തമ്മിലുള്ള രാഗവായ്പും. എഡ്വിന്‍ പോളിനോടും മെഹറുന്നിസയ്ക്ക് ഷേഫാലിയോടും യോഹന്നാന് ജോഷിയോടും കരോളിന് ജോവന്നയോടും തോന്നുന്ന ആസ്ഥ (Passion) സ്വാഭാവികമായുള്ളതാണ്. സ്വച്ഛതയാര്‍ന്നതും. പ്രകൃതിക്കു നിരക്കുന്നതെന്നു വിവക്ഷിക്കപ്പെടുന്ന സ്ത്രീപുരുഷ സം യോഗത്തിന്, അതു സാദ്ധ്യമാകാത്ത സാഹചര്യങ്ങളിലുള്ള പകരംവെയ്പായി ഈ ചേര്‍ച്ച യെ കാണരുതെന്നുകൂടി ചേര്‍ത്തു പറയട്ടെ. കന്യാസ്ത്രീമഠങ്ങളിലോ, കാരാഗൃഹങ്ങളി ലോ, ഹോസ്റ്റലുകളിലോ സംഭവിച്ചേക്കാവുന്ന സ്വവര്‍ഗ്ഗരതി, മിക്കപ്പോഴും പകരമായുള്ള (substitute) ക്രിയയാണ്. അതിന് സ്വച്ഛതയും ചാരുതയുമില്ല. ഞാന്‍ വാഴ്ത്തുന്നത് സ്വ വര്‍ഗ്ഗസ്നേഹികളുടെ നിര്‍മ്മലമായ ഹൃദയവികാരത്തെയാണ്. ഏറ്റവും പുതിയ ചില കഥക ളിലും അതുണ്ട്. കപടസദാചാരത്തിന്‍റെ പേരിലോ, പ്രതിച്ഛായയോട് മോശമായേക്കുമെ ന്നതുകൊണ്ടോ അവിദഗ്ധത നിമിത്തമോ നമ്മുടെ ഒട്ടുമിക്ക എഴുത്തുകാരും കൈകാര്യം ചെയ്യാന്‍ മടിച്ചിട്ടുള്ള ഈ പ്രമേയം പക്ഷേ, എന്നെ സംബന്ധിച്ച് വിലക്കപ്പെട്ട ഒന്നല്ല (Taboo). എന്നാല്‍ എന്‍റെ ലൈംഗിക അഭിരുചിയുമായി അതിന് ബന്ധമില്ല.
ഒരു കഥയേക്കാള്‍ വലിപ്പമാര്‍ന്നതും ഒരു നോവലിനെ അപേക്ഷിച്ച് ചെറുതുമായ കല്പിത കഥയെന്നു സാമാന്യമായി നിര്‍വചിക്കാവുന്ന നോവലെറ്റുകള്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ എഴുതിയിട്ടുള്ളത് താങ്കളാണ്. ഏതാണ്ട് നൂറോളംവരും എന്നു തോന്നുന്നു. നോവലെറ്റിനോടുള്ള ആ സ്നേഹക്കൂടുതലിന് നിദാനമെന്താണ്?
നോവലെറ്റ് എന്ന ആഖ്യാനരൂപത്തോട് (Genre) തുടക്കം തൊട്ടേ ഞാന്‍ താല്പര്യം കാട്ടിയിരുന്നു. ഏതോ രാജാവിന്‍റെ പ്രജകളും മറ്റൊരാളും സാന്ദ്രസൗഹൃദവും പരിമളപര്‍വ്വതവു മൊക്കെ മനസ്സിലേക്കു വന്നത് നോവലെറ്റിന്‍റെ ഘടനയിലാണ്. ഒരു പിഗ്മി നോവലല്ല നോ വലെറ്റ്. വലിച്ചുനീട്ടിയ ഒരു ചെറുകഥയുമല്ല. അതിനു തനത് വിശേഷലക്ഷണമുണ്ട്. നിക്കൊളായ് ഗോഗളിന്‍റെ `ദ ഓവര്‍കോട്ടും’ ഹെര്‍മന്‍ മെല്‍വിലിന്‍റെ `ബില്ലി ബഡ്, ഫോര്‍ടോപ്മാനും’ ജെയിംസ് ജോയ്സിന്‍റെ `ദ ഡെഡും’ വില്യം ഫോക്നറുടെ `ദ ബെയറും’ ഗാര്‍സിയ മാര്‍ക്വേസിന്‍റെ `ഇന്നസെന്‍റ് എറന്‍ഡീറയും’ ദസ്തയേവ്സ്കിയുടെ `വൈറ്റ് നൈ റ്റ്സും’ ചാള്‍സ് ഡിക്കന്‍സിന്‍റെ `എ ക്രിസ്മസ് കരോളും’ മൊക്കെ ലോകസാഹിത്യത്തിലെ ഈ സാഹിത്യവിഭാഗത്തില്‍ ഉള്‍പ്പെടുന്ന, പ്രകൃഷ്ട രചനകളാണ്. നമ്മുടെ ഭാഷയില്‍ ഉറൂ ബും ബഷീറും മാധവിക്കുട്ടിയും ഒ.വി.വിജയനും പത്മരാജനും മറ്റു പലരും ഇത്തരം ആഖ്യാനങ്ങള്‍ സമര്‍ത്ഥമായി നിര്‍വ്വഹിച്ചിട്ടുണ്ട്. അവരോടെല്ലാം ഞാന്‍ കടപ്പെട്ടിരിക്കുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ നോവലെറ്റുകള്‍ എഴുതിയത് ഞാനായിരിക്കാമെങ്കിലും ഇപ്പോഴും മനസ്സ് ശൂന്യമായിട്ടില്ല. പുതിയൊരു രചനയെന്ന വിസ്മയത്തിന് അത് സദാ ജാഗരൂകമാണ്.
സമീപകാലത്തെഴുതിയ ഒട്ടുമിക്ക കഥകളുടെ പശ്ചാത്തലവും കഥാപാത്രങ്ങളും മലയാ ളത്തനിമവിട്ട് ഏറക്കുറെ അന്യനാടുകളുമായും സംസ്കാരവുമായും ബന്ധപ്പെട്ടുകൊ ണ്ടാണ് കണ്ടിട്ടുള്ളത്. ലാറ്റിനമേരിക്കനോ യൂറോപ്യനോ… എന്നിങ്ങനെ?
എന്‍റെ കഥകളില്‍ എല്ലായ്പ്പോഴും പ്രകൃതി മാറിക്കൊണ്ടിരിക്കുന്നുണ്ട്. ചിലപ്പോള്‍ നാടു കള്‍, ചിലപ്പോള്‍ നഗരങ്ങള്‍ മറ്റു ചിലപ്പോഴാകട്ടെ ദേശാന്തരങ്ങള്‍. ആദ്യകാലകഥകളില്‍ ചിലത് കര്‍ണാടക ഗ്രാമങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു. വലിയ നഗരങ്ങളായ മംഗലാ പുരവും ബാംഗ്ളൂരും പശ്ചാത്തലമായി വരുന്ന കഥകളുമുണ്ട്. കേരളത്തിന്‍റെ കടലോര ങ്ങളും മലയോരമേഖലയും കുറെയേറെ കഥകളും ഭൂമികകളാണ്. കണ്ണൂരും കോട്ടയവും കോഴിക്കോടും പാലക്കാടും കൊച്ചിയും തിരുവനന്തപുരവും മുംബൈയും കശ്മീരും ഗോവയും ദുബായിയും മസ്ക്കറ്റും എഡിന്‍ബറയും ചില കഥകളിലുണ്ട്. ഒരു കഥയെഴുതു മ്പോള്‍ അതെവിടെ സംഭവിക്കുന്നുവെന്ന വ്യക്തമായ ബോദ്ധ്യം എന്‍റെയുള്ളിലുണ്ടാകും. സിനിമയിലെന്നപോലെ കഥയിലും ലൊക്കേഷന്‍ അതിപ്രധാനമാണ്. ഏതു ലോക്കേഷ നെന്നത് എഴുതുംമുമ്പേ കണിശമായും നിര്‍ണയിക്കും, എല്ലാ വിശദാംശങ്ങളോടെയും. അക്കാര്യത്തില്‍ എന്നെ വളരെ സഹായിക്കാറുള്ളത് യാത്രകളാണ്. യാത്രകളില്‍ മനസ്സില്‍ പതിയുന്ന ഭൂഭാഗദൃശ്യങ്ങള്‍ പിന്നീട് ചില കഥകളുടെ പശ്ചാത്തലമായി മാറിയേക്കും. അങ്ങ നെയാണ് സ്ട്രോബെറിയുടെയും ചെറിയുടെയും തോട്ടങ്ങളും എഡിന്‍ബറ നഗരവും പുതിയ ചില കഥകളിലേക്കു വന്നത്. മുമ്പ് പുകയിലപ്പാടങ്ങളും ചിനാര്‍ മരങ്ങളുടെ താ ഴ്വാരവും കുട്ടനാടന്‍ കായലും മൂന്നാറും കാഞ്ഞിരപ്പള്ളിയും എഗ്മൂറും വന്നതുപോലെ. ജനിച്ച ഗ്രാമവുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം നിലനിര്‍ത്തുമ്പോഴും ഞാനൊരു സ്വത ന്ത്രസഞ്ചാരിയാണ്. ഒരു ദേശവും എനിക്ക് അന്യമല്ല. എഡിന്‍ബറയില്‍ ഞാനൊരു എഡിന് ബറക്കാരനായിരുന്നു. ലണ്ടനില്‍ ഒരു ലണ്ടന്‍കാരനും. ഗൃഹാതുരത്വം എന്നെ എവിടെയും അലട്ടാറില്ല.
ലോകസാഹിത്യവുമായി, പ്രത്യേകിച്ച് നോവല്‍സാഹിത്യവുമായി മലയാളത്തെ തട്ടിച്ചു നോക്കുമ്പോള്‍ ഒരു വായനക്കാരനെന്ന നിലയില്‍ അഭിമാനാര്‍ഹമായ അടയാളപ്പെടു ത്തലുകള്‍ നമ്മുടെ ഭാഷയില്‍നിന്നുണ്ടാകുന്നുണ്ടോ? ബുക്കര്‍ പ്രൈസ് നേടിയ `വെജി റ്റേറിയ‘നടക്കം രണ്ടുമൂന്നു നോവലുകള്‍ പരിഭാഷപ്പെടുത്തുകയും ചെയ്തതിന്‍റെ പശ്ചാ ത്തലത്തില്‍ ചോദിക്കുകയാണ്, ലോകസാഹിത്യത്തില്‍ കണ്ടുവരുന്ന പുതിയ പ്രവണത കള്‍ എന്തൊക്കെയാണ്? പുതിയ ചലനങ്ങള്‍ ഉണ്ടാക്കാനാവുംവിധം അവ നമ്മെ സ്വാ ധീനിക്കാന്‍ പര്യാപ്തമാണോ?
ഓരോ ഭാഷയിലും സര്‍ഗ്ഗാത്മക രചനകളുണ്ടാകുന്നത് അതിന്‍റെ ചരിത്രാനുഭവങ്ങളില്‍നി ന്നും ജീവിതാവസ്ഥകളില്‍ നിന്നുമാണ്. ഇവിടെ കഴിഞ്ഞുകൂടുകയും വാക്കുകള്‍കൊണ്ട് വേലയിലേര്‍പ്പെടുകയും ചെയ്യുന്ന ഒരാളുടെ ചരിത്രാനുഭവങ്ങളോ സാഹചര്യങ്ങളോ അല്ല ലോകത്തിന്‍റെ മറ്റേതെങ്കിലും മറ്റേതെങ്കിലും കോണിലുള്ള ഒരെഴുത്തുകാരന്‍റേത്. ലാറ്റി നമേരിക്കന്‍ നാടുകളുടെയും ഐസ്ലാന്‍ഡിന്‍റെയും അയര്‍ലണ്ടിന്‍റെയും ദക്ഷിണ കൊറിയ യുടെയും ചൈനയുടെയും ജപ്പാന്‍റെയും യാഥാര്‍ത്ഥ്യങ്ങള്‍ നമ്മുടേതില്‍നിന്നും പാടെ വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ അവിടങ്ങളിലുണ്ടാകുന്ന കൃതികളും വ്യതിരിക്ത ങ്ങളാണ്. ഒരു വ്യക്തിയുടെ സ്വത്വമെന്നപോലെ ഒരു കൃതിയുടെ സ്വത്വം നിര്‍ണയിക്കുന്ന തും പല ഘടകങ്ങളത്രെ. 2020-ലെ മാന്‍ ബുക്കര്‍ പുരസ്കാരത്തിനര്‍ഹമായ ഡഗ്ളസ് സ്റ്റുവര്‍ട്ടിന്‍റെ ഷഗ്ഗിബെയ്ന്‍ (Shuggie Bain: Dongle Stuart)) സ്കോട്ട്ലന്‍ഡിന്‍റെ ഹൃദയമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്ലാസ്ഗൗ നഗരത്തിലെ ഒരു ബാലന്‍റെയും മദ്യത്തിനടിമയായ അമ്മയുടെയും കഥയാണ്. അതു സംഭവിക്കുന്നത് മാര്‍ഗരറ്റ് താച്ചറിന്‍റെ കാലത്താണ്. എ ണ്‍പതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലുമായി പൊതുവെ സമ്പന്നമെന്ന ധാരണ യുള്ളവാകുന്ന ഒരു വ്യവസായ നഗരത്തിന്‍റെ ആന്തരജീവിതമാണ് നോവലില്‍ ആവിഷ്ക്ക രിക്കപ്പെടുന്നത്. ഗാഢവും തീക്ഷ്ണവുമാണത്. പുതിയൊരു നോവല്‍ പരാമര്‍ശിച്ചുവെ ന്നേയുള്ളൂ. അതിന്‍റെ പശ്ചാത്തലനഗരം എനിക്കു പരിചിതമാണ് താനും. ഞാന്‍ മൊഴി മാറ്റം നടത്തിയ ഹാന്‍ കാങ്ങിന്‍റെ `ദ വെജിറ്റേറിയന്‍’ വേറൊരു പരിഭ്രമാവസ്ഥയുടെ ആഖ്യാനമാണ്. അതിലൂടെ ഹാന്‍ കാങ് നിറവേറ്റുന്ന മാനസിക വിശ്ലേഷണം നമ്മുടെ വായനക്കാരെ അമ്പരിപ്പിച്ചേക്കാം. വന്യമായൊരു തുറന്നെഴുത്ത് അതിലുണ്ട്. നരേന്ദ്രപ്ര സാദുമായുള്ള ഒരു അഭിമുഖസംഭാഷണത്തില്‍ ഒ.വി. വിജയന്‍ പറഞ്ഞ `അസൗന്ദര്യ ത്തിന്‍റെ സൗന്ദര്യം’ അതിലെമ്പാടും ദര്‍ശിക്കാം. മറഞ്ഞുകിടക്കുന്നു. യാഥാര്‍ത്ഥ്യങ്ങളുടെ അതിതീക്ഷ്ണങ്ങളായ ആവിഷ്കാരങ്ങളാണ് ലോകസാഹിത്യത്തില്‍ അടുത്തയിടെയായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. അവ ദാര്‍ശനികാനുഭവങ്ങളല്ല. പരുക്കന്‍ ശൈലിയിലാണ് അവ എഴുതപ്പെടുന്നത്. എന്തും എഴുതാമെന്നു ഓരോന്നും സ്ഥാപിക്കയും ചെയ്യുന്നു. ഏയ്, വായനക്കാരാ, നടുങ്ങാന്‍ തയ്യാറായിക്കോളൂ. എന്നൊരു അപ്രഖ്യാപിത വിളംബരം ഓരോ കൃതിയും നിര്‍വഹിക്കുന്നുണ്ട്. അത്തരം കൃതികള്‍ നമ്മുടെ ഭാഷയിലെ എഴുത്തു കാരെയും സമാനമായ ധര്‍മ്മത്തിനു പ്രേരിപ്പിക്കുന്നു.
താങ്കള്‍ എഴുതിത്തുടങ്ങുന്ന എഴുപതുകളുടെ തുടക്കകാലം എന്നത് സര്‍വ്വമേഖലയിലും ആധുനികതയ്ക്കുശേഷമുള്ള രാഷ്ട്രീയഭാവുകത്വത്തിന്‍റെ തീവ്രസാന്നിധ്യം പ്രകടമായിരുന്ന കാലമാണ്. എം. സുകുമാരനും പട്ടത്തുവിളയും യു.പി ജയരാജും പി.കെ നാണുവുമൊ ക്കെ സജീവമായി രാഷ്ട്രീയകഥകള്‍ എഴുതുമ്പോഴും `ഉപരോധം‘, `ശൈത്യം‘ പോലുള്ള ഏതാനും രചനകള്‍മാത്രമാണ് താങ്കളുടേതായി വന്നത്. മേല്‍പ്പറഞ്ഞ എഴുത്തുകാരു മായി ആത്മബന്ധം ഉണ്ടായിട്ടുപോലും രാഷ്ട്രീയകഥകളില്‍നിന്നൊരു അകല്‍ച്ച വന്നതെന്തുകൊണ്ടാണ്?
എന്‍റെ ആദ്യകാല കഥകളിലൊന്നായ `കുളിര്’ വായിച്ച് അതുപോലെ രാഷ്ട്രീയമില്ലാതെ എഴുതാന്‍ കഴിഞ്ഞെങ്കിലെന്ന് യു.പി ജയരാജ് ഖേദംകൊണ്ട ഒരു സന്ദര്‍ഭം എന്‍റെ ഓര്‍മ്മയിലുണ്ട്. അവന്‍റെ രാഷ്ട്രീയബോധം അത്രമേല്‍ തീവ്രമായിരുന്നു. അവനെപ്പോലെ രാഷ്ട്രീയത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ കഴിയുന്നില്ലല്ലോ എന്നായിരുന്നു എന്‍റെ ഖേദം! എങ്കി ലും രാഷ്ട്രീയമാനങ്ങളുള്ള ചില കഥകള്‍ ഞാനുമെഴുതിയിട്ടുണ്ട്. നോവലുകളില്‍ `ആത്മാ വിന് ശരിയെന്നു തോന്നുന്നകാര്യങ്ങളും’ `ദിശ’യും രാഷ്ട്രീയം പ്രമേയമാക്കിക്കൊണ്ടുള്ള വയായിരുന്നു. മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രം വാഗ്ദാനം ചെയ്യുന്ന വിപ്ലവം അനിവാര്യ മാണെന്നും അത് ഇവിടെയും സംഭവിക്കുമെന്നും ഒരു ഘട്ടംവരെ ഞാനും കരുതിപ്പോന്നി രുന്നു. സോവിയറ്റ് യൂണിയന്‍ ശിഥിലമാവുകയാണെന്ന തിരിച്ചറിവിലാണ് ഹൃദയവേദന യോടെ `ശൈത്യം’ എന്ന കഥയെഴുതിയത്. അതു പ്രസിദ്ധീകരിച്ചുവന്ന് ആറുമാസം കഴി യുമ്പോഴേക്കും `പോകാന്‍ കഴിഞ്ഞെങ്കില്‍ എന്തു ഭാഗ്യം’ എന്ന് ഇവിടത്തെ നിഷ്കളങ്ക വിശ്വാസികള്‍ കൊതിച്ച ആ നാട് തകര്‍ന്നടിഞ്ഞു. വിപ്ലവം ഒരു വലിയ മിഥ്യയായി. പ്രത്യയ ശാസ്ത്രം ഒരു നോക്കുകുത്തിയും ആപാരമായ ശോകത്തോടെയല്ലാതെ ഇന്നൊരാള്‍ക്ക് ലണ്ടനിലെ ഹൈഗെയ്റ്റ് സെമിത്തേരിയില്‍ കാള്‍ മാര്‍ക്സിന്‍റെ ശവകുടീരത്തിനു മുന്നി ലായി നില്ക്കാനാവില്ല. ഞാനത് അനുഭവിച്ചതാണ്. മാര്‍ക്സ് തന്‍റെ പ്രത്യയശാസ്ത്രം രൂപ പ്പെടുത്തുന്നതിനായി തപസ്സനുഷ്ഠിച്ച ബ്രിട്ടീഷ് ലൈബ്രറിയില്‍ ചെന്നപ്പോഴും എന്‍റെ മനസ്സ് ശോകഗ്രസ്തമായി. കമ്മ്യൂണിസ്റ്റ് മൂല്യസങ്കല്പങ്ങളും മുന്‍ഗണനകളും കാഴ്ചപ്പാടുകളും ജീവിതശൈലിയും പെരുമാറ്റരീതികളും പാടെ തിരസ്കരിച്ചശേഷവും, പ്രത്യയശാസ്ത്ര ത്തെ എന്നെന്നേക്കുമായി പരിത്യജിച്ചതില്‍ പിന്നീടും, കമ്മ്യൂണിസ്റ്റ്കാരെന്നു മേനിനടിക്കു കയും ചുവപ്പ് മുഖംമൂടികളണിയുകയും കൊളളരുതായ്മകളും കൊടുംപാതകങ്ങളും ചെയ്തുകൊടുക്കുകയും ആനന്ദിക്കുകയും ചെയ്യുന്ന ഇവിടത്തെ കുറച്ചു വീരനായകരെ യും കുറെ വിഡ്ഢികളെയും ഞാന്‍ അറപ്പോടെ ഓര്‍ത്തുപോയി.
ആദര്‍ശനിഷ്ഠമായ രാഷ്ട്രീയത്തിന്‍റെ ഒരു ഭൂതകാലം കേരളീയചരിത്രത്തിലുണ്ട്. അന്ന് ത്യാ ഗം നേട്ടവും താഴ്മ അഭ്യുന്നതിയുമായി കരുതിയ തികഞ്ഞ ഗാന്ധിയന്മാരുണ്ടായിരുന്നു. കറയറ്റ സോഷ്യലിസ്റ്റുകാരുണ്ടായിരുന്നു. പ്രതിജ്ഞാബദ്ധരും അകളങ്കിതരുമായ കമ്മ്യൂ ണിസ്റ്റുകാരുമുണ്ടായിരുന്നു. അവരത്രയും നിഴലുകള്‍ കണക്കെ മറഞ്ഞതോടെ നമ്മുടെ ചരിത്രം വീണ്ടെടുക്കാനാവാത്തവിധം ഹീനമായി. നാള്‍തോറും ചുറ്റിലും ജീര്‍ണ്ണത തിടം വെയ്ക്കുന്നു. അസക്തികള്‍ ക്രൂരതയോടെ ഫണംവിടര്‍ത്തിയാടുന്നു. അശ്ലീലമായ അധമ ത്വം ആഘോഷിക്കപ്പെടുന്നു. മനുഷ്യരാശിയുടെ നിലനില്പുതന്നെ പ്രതിസന്ധിയിലാക്കിയ ഒരു മഹാവ്യാധിയുടെ വ്യാപനത്തിനിടയിലും സ്ഥിതിഗതികള്‍ അതേപടി തുടരുകയാണ്. ഞാനതില്‍ അങ്ങേയറ്റം ദുഃഖിതനാണ്.
യു.പി ജയരാജുമായി കത്തിടപാടുണ്ടായിരുന്ന നാളുകളില്‍ തന്‍റെ കടുത്ത രോഷവും പരിഹാസവും അവനെന്നെ എഴുതിയറിയിക്കുമായിരുന്നു, കൂടെക്കൂടെ. ഞങ്ങള്‍ തുല്യ ദുഃഖിതരായിരുന്നു. നക്സല്‍ ബാരിയില്‍ ഉയര്‍ന്നുകേട്ട വസന്തത്തിന്‍റെ ഇടിമുഴക്കവും മാവോ സൂക്തങ്ങളും ജയനെ ഗാഢമായി സ്വാധീനിച്ചിരുന്നു. അവനെന്നും സ്വപ്നം കണ്ട ത് സായുധവിപ്ലവമാണ്. അതിനുള്ള രഹസ്യശ്രമങ്ങള്‍ വിജയത്തിലെത്തുമെന്നുതന്നെ അവന്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ചാരു മജ്ജുംദാറും കനു സന്യാലും തുടങ്ങിയ പ്ര സ്ഥാനം പലവഴിക്കു ചിതറിയപ്പോള്‍ മാനസികമായി ഏറെ തളര്‍ന്നു. അര്‍ബുദത്തെക്കാള്‍ എന്‍റെ പ്രിയസുഹൃത്തിനെ തകര്‍ത്തത് പ്രസ്ഥാനത്തിന്‍റെ ശൈഥില്യവും വിശ്വാസനഷ്ട വുമാണ്. രോഗം അകാലത്തുണ്ടായ മരണത്തിന് ഒരു നിമിത്തമായെന്നുമാത്രം.
ക്രൈം ഫിക്ഷന്‍ ഇപ്പോള്‍ ഏറെ വായിക്കപ്പെടുന്നുണ്ട്. പുതിയ തലമുറയില്‍നിന്ന് ഒരു പാടുപേര്‍ ഈ രംഗത്തു മികവു പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ വളരെ മുമ്പേത ന്നെ ഈ വിഷയം ഒരുപാട് കഥകളിലും നോവലെറ്റുകളിലും താങ്കള്‍ പ്രതിപാദിച്ചിട്ടുണ്ട്. `മരണം എന്നു പേരുള്ളവന്‍‘, `പിശാച് തിരക്കിലാണ്,’ `നരകത്തിലെ ചുവരെഴുത്തുകള്‍‘ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഡിറ്റക്ടീവ് നോവലുകളുടെ ഭീകരവായനക്കാരനാണെ ന്നും അറിയാം. ക്രൈം ഫിക്ഷന്‍ വിഭാഗത്തിലുള്ള രചനകള്‍ താങ്കളില്‍നിന്ന് പ്രതീക്ഷിക്കാമോ?
ക്രൈം ഫിക്ഷന്‍റെ കടുത്ത ആരാധകനാണെന്ന് തുറന്നു സമ്മതിക്കാന്‍ എനിക്ക് ഒട്ടും മടിയില്ല. ചെറുപ്പകാലത്ത് തുടങ്ങിയ ആരാധനയാണ്. രാജാവായ ഷഹ്രിയാറിനെ മന്ത്രി പുത്രിയായ ഷഹറാസാദ് പറഞ്ഞുകേള്‍പ്പിക്കുന്ന കഥകളില്‍ ചിലത് ക്രൈം ഫിക്ഷനാ ണെന്ന് അന്നേ തിരിച്ചറിഞ്ഞിരുന്നു. ഖലീഫ നൂറു ദിനാര്‍ കൊടുത്ത് മുക്കുവനോടു വാ ങ്ങിയ വലിയ പെട്ടി തുറന്നു നോക്കിയപ്പോള്‍ അതിനുള്ളില്‍ പനയോലകൊണ്ടുള്ള ഒരു ഭാണ്ഡത്തിനകത്ത് മറ്റൊരു പൊതിക്കെട്ട്. അത് തുറന്നുനോക്കിയപ്പോഴാകട്ടെ സുന്ദരി യായ ഒരു യുവതിയുടെ മൂന്നായി മുറിച്ച ശരീരം. കൊല്ലപ്പെട്ടതാര്? ഘാതകനാര്? ഇ തൊരു ഉദാഹരണംമാത്രം. ഇത്തരം കഥകളുളവാക്കുന്ന ഉദ്വേഗം വായനയ്ക്കുള്ള വലുതായ പ്രേരണയായിരുന്നു, എന്നെ സംബന്ധിച്ച്. പിന്നീട് സ്വാഭാവികമായും എഡ്ഗാര്‍ അലന്‍ പോയിലും ജി.കെ. ചെസ്റ്റര്‍ടണിലും സര്‍ ആര്‍തര്‍ കോനല്‍ ഡോയലിലും അഗത ക്രിസ്റ്റി യിലുമൊക്കെ എത്തിച്ചേര്‍ന്നു. നിരവധി ക്ലാസിക് രചനകള്‍ ക്രൈം ഫിക്ഷനിലുണ്ട്. ആ മഹത്തായ പാരമ്പര്യത്തില്‍നിന്ന് ഉയിര്‍ക്കൊണ്ടതാണ് ഉംബര്‍ട്ടോ എക്കോയുടെ `ദ നെയിം ഓഫ് ദ റോസ്.’ ക്രൈം ഫിക്ഷന്‍ വിഭാഗത്തില്‍പ്പെട്ട കൃതികളില്‍ ഏറെ താല്പര്യവും തോ ന്നുന്നവ ചില ഷെര്‍ലക് ഹോംസ് കഥകള്‍, അഗത ക്രിസ്റ്റിയുടെ `ഒടുവില്‍ ആരും അവ ശേഷിച്ചില്ല.’, `മേജര്‍ അക്രോയ്ഡിന്‍റെ വധം,’ ജെയിംസ് എം. കായേന്‍റെ `ദ പോസ്റ്റ്മാന്‍ ഓ ള്‍വെയ്സ് റിംഗ്സ് റ്റ്വൈസ്’ ഒരു മാര്‍ട്ടിന്‍ബെക്ക് പോലീസ് മിസ്റ്ററിയായ `ദ ലാഫിങ് പോലീ സ്മാന്‍’, ഡാഫ്നെ ദു മോറിയറുടെ `റബേക്ക’ എന്നിങ്ങനെ അല്പം നീണ്ടൊരു പട്ടികയുണ്ട്. വീണ്ടും വീണ്ടും വായിയ്ക്കുകയെന്നത് എന്‍റെയൊരു ശീലമാണ്. മനസ്സ് അസ്വസ്ഥമാകു മ്പോള്‍ എന്‍റെ അനുഭവത്തില്‍ ക്രൈം ഫിക്ഷനാണ് ഉത്തമൗഷധം. അപ്രകാരം മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുന്ന ഒരു കൃതി എഴുതാന്‍ എനിക്ക് ആഗ്രഹമില്ലാതിരിക്കുമോ? കുറ്റവാ ളികളെക്കുറിച്ചും കുറ്റകൃത്യങ്ങളെക്കുറിച്ചും ചിലപ്പോഴൊക്കെ എഴുതിയിട്ടുണ്ടെങ്കിലും പൂര്‍ണ്ണരൂപത്തിലുള്ള ഒരു രചന എന്‍റെ വലിയ മോഹമാണ്. അത് നിറവേറുമോ, ആവോ.
`മറ്റൊരാള്‍,’ `പുരാവൃത്തം‘, `ഇരട്ടക്കുട്ടികളുടെ അച്ഛന്‍‘ തുടങ്ങി ആര്‍ട്ട്–കൊമേഴ്സല്‍ ചല ച്ചിത്രങ്ങള്‍ക്ക് തിരക്കഥകളെഴുതി ആ രംഗത്തു കുറച്ചുകാലം പ്രവര്‍ത്തിച്ചെങ്കിലും ഒരു മിക ച്ച ദൃശ്യാവിഷ്കാരമാകും എന്നു പ്രതീക്ഷിച്ച `കാമമോഹിതം‘ എന്തുകൊണ്ടോ നടക്കാതെ പോയി. കാമമോഹിതം എന്ന ക്ലാസ്സിക് രചനയുടെ സിനിമാരൂപം സാധ്യമാകുമോ?
`കാമമോഹിതം’ സിനിമയാക്കുകയെന്നത് കെ.ജി. ജോര്‍ജ്ജിന്‍റെ വലിയ ആഗ്രഹമായിരു ന്നു. പ്രസിദ്ധീകരിച്ചുവന്ന ഉടനെതന്നെ ഞങ്ങള്‍ അതിന്‍റെ തിരക്കഥയ്ക്കായി തിരുവനന്തപു രത്ത് ഒത്തുചേര്‍ന്നു. അവിടെനിന്നും സാങ്കേതികപ്രവര്‍ത്തകരെ ബന്ധപ്പെടുന്നതിനായി ചെന്നൈയിലേക്കു പോയി. ഛായാഗ്രാഹകനായ സന്തോഷ് ശിവനും കലാസംവിധായ കനായ സാബു സിറിളും സംഗീതസംവിധായന്‍ ഇളയരാജയും ചേര്‍ന്നപ്പോള്‍ ഒരു ടീമായി. ലൊക്കേഷന്‍ കാണാന്‍ ഹൈദരാബാദിലേക്കു പോകാന്‍ സിശ്ചയിച്ചു. തിരവനന്തപുരത്ത് അതിനോടകം എല്ലാ ചലച്ചിത്ര പ്രസിദ്ധീകരണങ്ങളിലും ഏറെ പ്രാധാന്യത്തോടെ സിനിമ യുടെ വാര്‍ത്തകള്‍ വന്നിരുന്നു. ചിലത് ആര്‍ട്ടിസ്റ്റ് നമ്പൂതിരി നോവലിനായി വരച്ച രേഖാ ചിത്രങ്ങള്‍കൂടി ഉള്‍ക്കൊള്ളിച്ചായിരുന്നു. എന്തായാലും സംഗതി കേമം. ചിത്രം തന്‍റെ `മാഗ്നം ഓപെസ്’ ആയിരിക്കുമെന്നും അതു കഴിഞ്ഞ് സിനിമ ചെയ്യാനായില്ലെങ്കിലും പ്രശ്നമില്ലെന്നും ജോര്‍ജ്ജ് ചേട്ടന്‍ ഒരഭിമുഖത്തില്‍ പറഞ്ഞത് ഞാന്‍ തൊട്ടടുത്ത് ഇരി യ്ക്കെയാണ്. പക്ഷേ, നിര്‍ഭാഗ്യവശാല്‍, അങ്ങനെയൊരു മാസ്റ്റര്‍പീസ് സംഭവിച്ചില്ല. അതൊരു നഷ്ടംതന്നെ. പിന്നീടെപ്പോഴോ ഭരതേട്ടന്‍ എന്നോടു ചോദിച്ചു, ജോര്‍ജ്ജിന് പറ്റുന്നില്ലെങ്കില്‍ താന്‍ ചെയ്യട്ടേന്ന്. പദ്ധതി മുടങ്ങിക്കിടക്കുകയായിരുന്നെങ്കിലും ഏതു വിധേനയും താനത് പൂര്‍ത്തീകരിക്കുമെന്നായിരുന്നു ജോര്‍ജ്ജ്ചേട്ടന്‍റെ നിലപാട്. രണ്ടുമൂന്നുതവണ സജീവ മായെന്നുവരികിലും വഞ്ചി തിരുനക്കരയില്‍നിന്നും നീങ്ങിയില്ല ഒട്ടും. അതങ്ങനെ തുടരു മ്പോള്‍ ഭരതേട്ടന്‍ ലോകം വെടിഞ്ഞു. എനിക്ക് ഗുരുതുല്യനായ കെ.ജി.ജോര്‍ജ്ജ് സിനിമ യുടെ ലോകത്തുനിന്ന്, ഒരു തിരിച്ചുവരവ് സാധ്യമാകാത്ത വിധത്തില്‍ അകലുകയും ചെ യ്തു. `കാമമോഹിതം’ പിന്നീടും പല സംവിധായകരെയും പ്രലോഭിപ്പിച്ചിട്ടുണ്ട്. അതിപ്പോ ഴും തുടരുന്നു. നോവലിനെ അവലംബമാക്കിയുള്ള സിനിമ അധികം വൈകാതെ സംഭവി ച്ചേക്കാം. ചില നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഞാന്‍ പ്രതീക്ഷയിലാണ്.
എഴുത്തും യാത്രയും ഒരുപോലെ മലയാളത്തില്‍ അനുഭവവേദ്യമാക്കുന്ന എഴുത്തുകാര്‍ അധികമില്ല. എസ്.കെ. പൊറ്റെക്കാട്ടിനുശേഷം സക്കറിയയാണ് യാത്ര ഒരു സര്‍ഗാത്മ കമുദ്രകൂടിയാണെന്ന് മലയാളത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ള എഴുത്തുകാരന്‍. മറ്റൊ രാള്‍ താങ്കളാണ്. `തന്നത്താന്‍ നഷ്ടപ്പെട്ടും പിന്നെത്താന്‍ കണ്ടെത്തിയും‘, `ഏതേതോ സരണികളില്‍‘ എന്നിവ ഉദാഹരണങ്ങളാണ്. `മാര്‍ക്കേസ് ഇല്ലാത്ത മക്കൊണ്ടോ‘ എന്ന പുസ്തകത്തിലൂടെ ബെന്യാമിനും അതിന് തുടക്കംകുറിച്ചിട്ടുണ്ട്. അതായത് യാത്രാവിവ രണം എന്നത് വെറുമൊരു ദൃക്സാക്ഷിവിവരണമല്ലെന്നും അവിടത്തെ സാംസ്കാരിക സാമൂഹികരാഷ്ട്രീയപഥങ്ങളെക്കൂടി അത് കാണിച്ചുതരുന്നു എന്നര്‍ത്ഥം. യാത്രകള്‍ സര്‍ഗാ ത്മകരചനയ്ക്ക് താങ്കളെ പരുവപ്പെടുത്തുന്നതെങ്ങിനെയാണ്?
ജീവിതത്തിലാദ്യമായി ഞാനൊരു ദീര്‍ഘയാത്ര നടത്തിയത് കൊല്‍ക്കത്തയിലേക്കാണ്. എഴുപത്തിയൊമ്പത് ഡിസംബറില്‍. അതെന്‍റെ എഴുത്തുചര്യയെ സംബന്ധിച്ച ഏറെ നിര്‍ണായകമായ ഒന്നായിരുന്നു. തുടര്‍ന്നുണ്ടായ യാത്രകളൊക്കെയും സര്‍ഗ്ഗാത്മകമായ ഉദ്ദീപ നത്തിന്‍റെ അനുഭവം തരുന്നവയായാണ് പരിണമിച്ചിട്ടുള്ളത്. കോവിഡ് 19 ആഗോള പ്രതി സന്ധി സൃഷ്ടിക്കുന്നതിനു തൊട്ടുമുമ്പ് സ്കോട്ട്ലന്‍ഡിലും ഇംഗ്ലണ്ടിലും പോവുകയുണ്ടാ യി. സര്‍ ആര്‍തര്‍ കോനല്‍ ഡോയലിനെയും സര്‍ വാള്‍ട്ടര്‍സ്കോട്ടിനെയും ആര്‍.എല്‍. സ്റ്റീവന്‍സണെയും റോബര്‍ട്ട് ബേര്‍ണ്‍സിനെയും മ്യൂറിയല്‍ സ്പാര്‍ക്കിനെയും വില്യം ഷേ ക്സ്പിയറെയും ചാള്‍സ് ഡിക്കന്‍സിനെയും മറ്റും കുറെക്കൂടി മനസ്സിലാക്കാനായത് ഈ യാത്രയിലാണ്. യാത്രയെന്നത് എനിക്ക് കൗതുകകരങ്ങളായ കാഴ്ചകള്‍ കാണലല്ല; അറി വുകള്‍ തേടലാണ്. വിനോദസഞ്ചാര ഭൂപടവുമായി പുറപ്പെടുന്നവര്‍ എത്തിച്ചേരുക അവര്‍ കാണാനാഗ്രഹിക്കുന്ന കാഴ്ചകളിലേക്കാണ്. അവരുടെ ദൃഷ്ടിപഥം അതിനപ്പുറം നീളില്ല. സ്കോട്ലന്‍ഡിനും ഇംഗ്ലണ്ടിനുശേഷം ഒരു ആസ്ട്രേലിയന്‍ പര്യടനം ആലോചിച്ചിരുന്നു. അപ്പോഴേയ്ക്കും വിലക്കുകളുടെയും നിയന്ത്രണങ്ങളുടെയും മുഖംമൂടികളുടെയും കാല മായി. യാത്രകള്‍ കൊതിക്കുന്ന എന്നെപ്പോലൊരാള്‍ക്ക് ഇതില്‍പരം ദൗര്‍ഭാഗ്യകരമായ ഒരു സ്ഥിതിവിശേഷം വരാനില്ല.
ജീവിതാവസാനംവരെ എഴുതിക്കൊണ്ടേയിരിക്കണം എന്നും അതല്ലാതെ മറ്റൊരാഗ്രഹവും തനിക്കില്ലെന്നും പറഞ്ഞതോര്‍ക്കുന്നുണ്ട്. കഥയെഴുത്തില്‍ അഞ്ചരപ്പതിറ്റാണ്ട് പൂര്‍ത്തിയാക്കി `എന്‍റെ ഭ്രാന്തന്‍ കിനാവുകളി‘ലെത്തുമ്പോള്‍ എന്തു തോന്നുന്നു?
കൗമാരംതൊട്ട് ഇക്കാലമത്രയും നിരന്തരം എഴുതുകയായിരുന്നു. എഴുതിയതെല്ലാം തൃ പ്തികരമായിരുന്നോ എന്നു ചോദിച്ചാല്‍ അല്ലെന്നേ പറയൂ. എഴുത്ത് ഒരു തരത്തിലുള്ള ധീരകൃത്യമാണെന്നു നിരീക്ഷിച്ച ബോര്‍ഹെസ് സ്വയം കരുതിയത് മേന്മയുള്ള ഒരു വായ നക്കാരനായാണ്. എഴുത്തിനെക്കാള്‍ നല്ല കാര്യം വായനയാണെന്ന് റോബോര്‍ട്ടോ ബൊ ലാനോ പറഞ്ഞിട്ടുണ്ട്. ഞാനിഷ്ടപ്പെടുന്നതും സ്വസ്ഥമായിരുന്ന് വായിക്കാനാണ്.
എന്‍റെ ജന്മഗ്രാമത്തില്‍ വീടിന്‍റെ അയല്‍പക്കമായി ഒരു ഗ്രന്ഥാലയമായിരുന്നു. അടുക്ക ളയിലൂടെ വടക്കുപുറത്തേയ്ക്കിറങ്ങിയാല്‍ അതാണ് നേരെ മുന്നില്‍ കാണുക. നന്നെ ചെറു തായിരിക്കെ അമ്മയുടെ ഒക്കത്തിരുന്നാവും ഞാനത് ആദ്യം കണ്ടിട്ടുണ്ടാവുക. വീട്ടു തൊടിയ്ക്കും ഗ്രന്ഥാലയത്തിനുമിടയിലൂടെ ഉരുളന്‍ കല്ലുകള്‍ പാകിയുറപ്പിച്ച നാട്ടുവഴി. കാള വണ്ടികളും ഉന്തുവണ്ടികളുമാണ് അതിലൂടെ പോകാറുണ്ടായിരുന്നത്. രാത്രിയായാല്‍ വഴി ഇരുളില്‍ മറയും. പിന്നെ പ്രേതസഞ്ചാരമാണ്. ഞാന്‍ പ്രേതങ്ങളെ വല്ലാതെ പേടിച്ചിരുന്നു. പിന്നീട് പ്രേതങ്ങള്‍ക്ക് എന്നെയായി പേടി! ഞാന്‍ എന്തെങ്കിലും എഴുതിയാലോ?
എനിക്ക് ചെറുപ്പംതൊട്ടേ ആകര്‍ഷണം തോന്നിയത് എഴുത്തുകാരോടാണ്. അവരില്‍ ഒരാളെപ്പോലും കണ്ടിട്ടില്ല. ഗ്രന്ഥാലയത്തിലെ പുസ്തകങ്ങളിലൂടെയുള്ള പരിചയംമാത്രം. അവര്‍ കുറിച്ച ഓരോ വാക്കും എന്നെ അതിശയിപ്പിച്ചു. വാക്കിനോട് വാക്കു ചേര്‍ക്കുന്ന കല അവരോരുത്തരും എവിടെയൊക്കെയോ മറഞ്ഞിരുന്ന് എന്നെ പഠിപ്പിച്ചു; ജീവിതമെ ന്തെന്നും. ദേശത്തിന്‍റെ ഇത്തിരിവട്ടത്തില്‍നിന്നും എനിക്ക് പുറംലോകം കാട്ടിത്തന്നത് അവ രാണ്. തകഴിയും കാരൂരും പൊറ്റെക്കാടും ഉറൂബും കേശവദേവും ലളിതാംബിക അന്തര്‍ജ്ജനവും ബഷീറും പൊന്‍കുന്നം വര്‍ക്കിയും നന്തനാരും പാറപ്പുറത്തും കോവിലനും മുട്ടത്തുവര്‍ക്കിയും കെ. സുരേന്ദ്രനും അയ്യനേത്തും ജി. വിവേകനാനന്ദനും ടി. പത്മ നാഭനും എം.ടിയും മാധവിക്കുട്ടിയും ഒ.വി.വിജയനും വി.കെ.എന്നും… ഇല്ല, പേരുകള്‍ അടുത്തെങ്ങും അവസാനിക്കുന്നില്ല. രവീന്ദ്രനാഥ ടാഗോറും വിഭൂതിഭൂഷണും താരാശങ്കര്‍ ബാനര്‍ജിയും ബിമല്‍മിത്രയും ശിവരാമ കാറന്തും ഖാണ്ഡേക്കറും ടോള്‍സ്റ്റോയിയും ദസ്തയേവ്സ്കിയും ചെഖോവും ഫ്ളോബേറും ഡിക്കന്‍സും മെല്‍വിലും ഹെമിംഗ്വേയും ഫോക്നറും. കാമുവും കാഫ്കയുമൊക്കെ പിറകെ വരുന്നുണ്ട്. അവരെല്ലാം എന്നെ ആക ര്‍ഷിച്ചു. എഴുത്തുകാരാല്‍ ആകര്‍ഷിക്കപ്പെട്ട വായനക്കാരാണ് എഴുത്തുകാരെന്ന സോള്‍ ബെല്ലോയുടെ നിര്‍വ്വചനം ഞാനും സാധൂകരിക്കുന്നു.
എഴുത്തിന്‍റെ രീതികള്‍ക്ക് പല മാറ്റങ്ങളും വന്നു. കയ്യെഴുത്തെന്നത് കംപ്യൂട്ടര്‍ ഏറ്റെടു ത്തു. എഴുത്തുമുറി എന്ന സങ്കല്‍പ്പമേ മാറി. യന്ത്രസരസ്വതി എന്നതുപോലെ…
കമ്പ്യൂട്ടറോ ലാപ്ടോപ്പോ, ഒന്നുമില്ലാത്ത ഒരു കാലത്താണ് എഴുത്താരംഭിച്ചത്. ഇപ്പോഴും പഴയ മട്ടില്‍ത്തന്നെ ഞാനെഴുതുന്നു. പരമ്പരാഗത മഷിപ്പേനകളോട് എനിക്കു വിശേഷാല്‍ മമതയുണ്ട്. അങ്ങനെയുള്ള പേനകള്‍ ലഭിക്കുന്ന മംഗലാപുരത്തെ ഒരു കടയിലേക്ക് ഈയിടെ ഞാന്‍ പോവുകയുണ്ടായി. അരനൂറ്റാണ്ടിലേറെയായി തുറമുഖത്തിനടുത്ത് ആ കട പ്രവര്‍ത്തിക്കുന്നു. സാത്വികഭാവമുള്ള ഒരു വൃദ്ധനാണ് ഉടമ. എഴുത്തുകാരനെന്ന് സ്വയം പരിചയപ്പെടുത്തിയപ്പോള്‍ അയാള്‍ക്ക് സന്തോഷമായി. പല മഷിപ്പേനകള്‍ കാട്ടി ത്തന്നു. അവയിലൊന്ന് ഞാന്‍ തിരഞ്ഞെടുത്തു. കറുത്ത മഷി നിറച്ച് എഴുതിക്കാണിച്ചശേഷം ഒരനുഷ്ഠാനത്തിലെന്നോണം അതെനിക്കു കൈമാറുമ്പോള്‍ അയാള്‍ പറഞ്ഞു:
`ഈ പേനകൊണ്ട് ഒരുപാടെഴുതാന്‍ ഇടയാകട്ടെ.’
അയാളുടെ സാത്വികതയ്ക്കും അനുഗ്രഹത്തിനും മുന്നില്‍ ഞാന്‍ വിനയാന്വിതനായി. ശ്രമി ക്കാമെന്ന് ഞാനയാള്‍ക്ക് വാക്കുനല്‍കിയിട്ടുണ്ട്.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സി.വി. ബാലകൃഷ്ണന്റെ കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
Comments are closed.