DCBOOKS
Malayalam News Literature Website

‘എന്റെ ആണുങ്ങൾ’ നളിനി ജമീലയുടെ വ്യത്യസ്ത ജീവിതം

നളിനി ജമീലയുടെ “എന്റെ ആണുങ്ങൾ ” എന്ന പുസ്തകത്തെക്കുറിച്ച് ഇ.പി. രാജഗോപാലൻ എഴുതിയത്

“നളിനി ജമീലയുടെ വ്യത്യസ്ത ജീവിതം ‘എന്റെ ആണുങ്ങൾ’ എന്ന കൃതിയെ വ്യത്യസ്തമായ ആഖ്യാന മട്ടുകളുടെ സഞ്ചയമാക്കി മാറ്റുന്നു. വേറൊരു തരം മലയാളമാണിതിൽ. നിർവ്വചിക്കാനെളുപ്പമല്ലാത്ത മൗലികതയാണ് ആ Textമലയാളത്തിന്. തുറസ്സും ധീരതയും നിസ്സംഗതയും ദുരിതബോധവും പ്രശ്നോന്മുഖതയും ഏതിനുമപ്പുറം ആത്മാഭിമാനവും കൊണ്ട് തീവ്രത നേടുന്ന ജൈവഭാഷയായി അത് താനേ പരിണമിക്കുന്നു. മധ്യവർഗ്ഗ ബോധത്തിൽ നിന്ന് അകന്ന് ജീവിക്കുന്നതു കൊണ്ട്, തെരുവും വാഴക്കൂട്ടവും പാടവും റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാന്റും ലോഡ്ജകങ്ങളും വ്യവഹാരസ്ഥലങ്ങളായിത്തീരുന്നതു കൊണ്ട് ഉണ്ടായ വിപ്ലവകരമായൊരു സ്വതന്ത്രത ഈ ആഖ്യാനങ്ങളെ അപരിചിതമായ സർഗ്ഗാനുഭവമാക്കുന്നു.

ജീവിച്ചു പോവാൻ കഥ ഉണ്ടാക്കിപ്പറയുകയും മാറ്റിപ്പറയുകയും ചെയ്യുന്നതിലെ വിചിത്രമായ സർഗ്ഗാത്മകതയും അതിജീവനശ്രമത്തിന്റെ ഭാഗമായുള്ള ചങ്കുറപ്പും നിരീക്ഷണസാമർത്ഥ്യവും മേളിക്കുന്ന ഇതിലെ ആത്മാഖ്യാനത്തിന് സ്വന്തമനുഭവത്തോടല്ലാതെ ഒന്നിനോടും കടപ്പാടില്ല. ഈ പുസ്തകത്തിന്റെ വിവിധ അധ്യായങ്ങളിൽ തൃശൂരിലെ കേളികേട്ട പല സ്ഥലങ്ങളും സ്ഥാപനങ്ങളും വരുന്നുണ്ട്. അവ ചേർന്ന് ഉണ്ടാകുന്ന സാംസ്കാരിക ഭൂമിശാസ്ത്രം അപരിചിതമായ ഒരു മറുപാഠമാണെന്നു മാത്രം. ഇതിലെ പകലുകൾ, അതിലേറെ രാത്രികൾ സാ”മാന്യ ‘കേരളീയത മനസ്സിലാക്കി വെച്ചവയല്ല. എന്നാൽ ഈ രാപ്പകലുകൾകൂടി അടങ്ങുമ്പോഴേ ദേശചരിത്രം യഥാർത്ഥത്തിൽ ജനാധിപത്യപരവും സൂക്ഷ്മവും സമഗ്രവുമാകുന്നുളളൂ എന്നതാണ് നേര്.”

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.