തൂലികാചിത്രങ്ങളാല്‍ സമ്പന്നം ഈ കുറിപ്പുകള്‍
പ്രശസ്ത നാടകകൃത്തും നടനുമായ ടി.എന്‍ ഗോപിനാഥന്‍ നായര്‍, തനിക്ക് അടുത്തിടപഴകാന്‍ കഴിഞ്ഞ മുപ്പത്തിയഞ്ചിലധികം മഹദ് വ്യക്തികളുടെ തൂലികാചിത്രങ്ങള്‍ കൊണ്ട് സമ്പന്നമാക്കിയ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് ‘എന്റെ ആല്‍ബം’.കേരളത്തിലെ കലാ-സാംസ്‌കാരിക-സാഹിത്യ മേഖലകളെ ദീപ്തമാക്കിയ ഇവരിലൂടെ ഒരു കാലഘട്ടത്തിന്റെ കഥ അനാവരണം ചെയ്യുകയാണ് ടി.എന്‍ ഗോപിനാഥന്‍ നായര്‍.
സാഹിത്യ പഞ്ചാനനന്‍ പി.കെ നാരായണപിള്ള, മഹാകവി വള്ളത്തോള്‍ നാരായണ മേനോന്‍, സര്‍ദാര്‍ കെ.എം പണിക്കര്‍, ഇ.വി കൃഷ്ണപിള്ള, എന്‍.ഗോപാലപിള്ള, മള്ളൂര്‍ ഗോവിന്ദപ്പിള്ള, മന്നത്തു പത്മനാഭന്‍, കേണല്‍ ഗോദവര്‍മ്മരാജാ, കേസരി ബാലകൃഷ്ണപിള്ള, ചങ്ങമ്പുഴ, കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍, കൈനിക്കര പത്മനാഭപിള്ള, വെണ്ണിക്കുളം, പട്ടം താണുപിള്ള, തിക്കുറിശ്ശി, പ്രേംനസീര്‍, ആറന്മുള പൊന്നമ്മ, മാവേലിക്കര പൊന്നമ്മ, പി.ഭാസ്‌കരന്‍, അടൂര്‍ ഭാസി, എസ്.പി. പിള്ള, ജി.ശങ്കരക്കുറുപ്പ് തുടങ്ങി നിരവധി പ്രമുഖരുമായുള്ള അസുലഭ മുഹൂര്‍ത്തങ്ങളുടെ ഓര്‍മ്മക്കുറിപ്പുകളാണ് ഈ കൃതി.
എന്റെ ആല്‍ബം പുസ്തകത്തിന്റെ ഒന്നാം പതിപ്പിന് ടി.എന്‍. എഴുതിയ ആമുഖക്കുറിപ്പ്…
എന്റെ ചിരന്തന സുഹൃത്തും സഹൃദയനുമായ ഡോക്ടര്‍ ജോര്‍ജ്ജ് തോമസ്, എന്റെ മറ്റൊരു ജേര്‍ണ്ണലിസ്റ്റ് സുഹൃത്തായ ശ്രീ വി.പി. മാധവന്‍നായരുമൊന്നിച്ച് എന്റെ വസതിയില്‍ വന്ന സുപ്രഭാതം ഞാന്‍ മറന്നിട്ടില്ല. അവരുടെ വകയായ ‘മനോരാജ്യം’ വാരികയില്‍ ഞാനൊരു ലേഖനപരമ്പര എഴുതണമെന്ന് ആവശ്യപ്പെടാനാണ് അവര്‍ വന്നത്. മലയാള നാടകവേദിയുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രം. അക്കാലത്തെ പ്രസിദ്ധരും പ്രഗല്ഭരും എനിക്ക് പരിചിതരുമായ നടീനടന്മാരുടെ തൂലികാചിത്രങ്ങള്‍ വഴി ഉദീരണം ചെയ്യുന്ന ഒരു പരമ്പര എഴുതാമെന്നു ഞാന്‍ സമ്മതിച്ചു. അങ്ങനെയാണ് ‘എന്റെ ആല്‍ബം‘ എഴുതിത്തുടങ്ങിയത്.
ഓച്ചിറ വേലുക്കുട്ടി, മാവേലിക്കര പൊന്നമ്മ, തിക്കുറിശ്ശി, വിക്രമന്‍ നായര്‍, കെ.വി., സി.ഐ. തുടങ്ങിയ പലരെപ്പറ്റിയും എഴുതി. സഹൃദയരായ അനേകായിരം വായനക്കാര്‍ക്ക് ആ പംക്തി വളരെയധികം ഇഷ്ടപ്പെട്ടു. അതോടെ ആ പരമ്പര മുടക്കാന്‍ പാടില്ലെന്ന് ഡോക്ടര്‍ ജോര്‍ജ്ജ് തോമസ്സും പ്രഗല്ഭയായ അദ്ദേഹത്തിന്റെ പത്‌നി ശ്രീമതി റേച്ചല്‍ തോമസ്സും സ്‌നേഹപൂര്‍വ്വം നിര്‍ബ്ബന്ധം ചെലുത്തിത്തുടങ്ങി. പ്രസിദ്ധ നാടകകൃത്തുക്കളായ ഇ.വി.കൈനിക്കര, എന്‍.പി. തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഞാന്‍ രചിച്ചു. ചലച്ചിത്രവേദിയിലെ എന്റെ സുഹൃത്തുക്കളായ സത്യന്‍, പ്രേംനസീര്‍, അടൂര്‍ ഭാസി, എസ്. പി., കുമാരി, ആറന്മുള പൊന്നമ്മ തുടങ്ങിയവരെ അവതരിപ്പിച്ചു. തുടര്‍ന്ന് വള്ളത്തോള്‍, സര്‍ദാര്‍ പണിക്കര്‍, വെണ്ണിക്കുളം, ചങ്ങമ്പുഴ, കേസരി മുതലായ സാഹിത്യനായകന്മാരിലേക്കു തിരിഞ്ഞു. തീര്‍ന്നില്ല, മറ്റു മണ്ഡലങ്ങളിലേക്കും ഞാന്‍ കടക്കാന്‍ നിര്‍ബന്ധിതനായി. മള്ളൂര്‍, സദസ്യതിലകന്‍ ടി.കെ. വേലുപ്പിള്ള, പട്ടം താണുപിള്ള, കുമ്പളം, കെ.കെ. കഞ്ചുപിള്ള തുടങ്ങിയവരെപ്പറ്റിയും എഴുതി. അങ്ങനെ ഈ ആല്‍ബം ഒരു കാലഘട്ടത്തിന്റെ കഥയായി മാറിയിട്ടുണ്ട്. എന്റെ ജീവിതകഥയും ഇതില്‍ അന്തര്‍ലീനമായി വര്‍ത്തിക്കുന്നു.
ഇത്രയധികം മഹദ്‌വ്യക്തികളുമായി പരിചയപ്പെടാന്‍ കളമൊരുക്കിയത് എന്റെ ജീവിതത്തിന്റെ ശാഖാചംക്രമണസ്വഭാവമാണ്. പഠിക്കുന്ന കാലത്ത് ഞാന്‍ യൂനിവേഴ്‌സിറ്റി യൂണിയന്റെ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റായിരുന്നു. പലപ്പോഴും കോളജിലെ കലാസമിതികളുടെ കാര്യദര്‍ശിയായിരുന്നു. ഞാന്‍ കലാക്ഷേത്രത്തിലേക്ക് ‘മുകുളാഞ്ജലി’യോടെ ‘കളിത്തോണി’യില്‍ കടന്നുവന്ന കവിയായിട്ടാണ്. പിന്നെ നടനും നാടകകൃത്തുമായി. തിരുവനന്തപുരത്തെ അമേച്വര്‍ നാടകവേദിയുമായി എനിക്ക് കുറഞ്ഞത് നാല്പത്തിയഞ്ചുകൊല്ലത്തെ ഗാഢബന്ധമുണ്ട്. നാലഞ്ചു ചലച്ചിത്രങ്ങളില്‍ അഭിനയിച്ചു. നാലഞ്ചു ചലച്ചിത്രങ്ങള്‍ക്കു തിരക്കഥ എഴുതി. ഇതിനിടയില്‍’മലയാള രാജ്യം’ ചിത്രവാരികയുടെയും, ‘മലയാളി’യുടെയും ‘വീരകേസരി’യുടെയും ‘സഖി’ (വാരിക)യുടെയും പത്രാധിപരായിക്കഴിയാന്‍ അവസരം കിട്ടി. സ്വന്തം മുദ്രണശാല നടത്തി.
സാഹിത്യപരിഷല്‍സമ്മേളനങ്ങളില്‍ പങ്കുകൊള്ളുക പതിവായിരുന്നു. അനേകമനേകം മറുനാടന്‍ മലയാളിസമാജങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഗ്രന്ഥശാല വാര്‍ഷികങ്ങളിലും പ്രാസംഗികനായി പോയിട്ടുണ്ട്. കഴിഞ്ഞ ഇരുപതുകൊല്ലമായി ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തില്‍ നാടകസംവിധായകനായി കഴിയുന്നു. ഇങ്ങനെ വൈവിദ്ധ്യമാര്‍ന്ന നിരവധി മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സന്ദര്‍ഭം കിട്ടിയതുകൊണ്ട് പലതരക്കാരുമായി പരിചയപ്പെടാനും അവരെ സ്‌നേഹിക്കാനും അവരുടെ സ്‌നേഹപാത്രമാകാനും സന്ദര്‍ഭം കിട്ടി. അവരില്‍ പലരേയും ഈ പരമ്പരയില്‍ അവതരിപ്പിക്കാനും കഴിഞ്ഞു. കുട്ടിക്കാലംമുതല്‌ക്കേ എന്നും ഡയറിക്കുറിപ്പുകള്‍ എഴുതാന്‍ കമ്പമുള്ളവനാണു ഞാന്‍. പുതുവര്‍ഷം പുലരുമ്പോള്‍ ഡയറിയെഴുത്തു തുടങ്ങും.
അസ്ഥിരപ്രകൃതനായ ഞാന്‍ ഇടയ്ക്കിടയ്ക്ക് മുടക്കം വരുത്തും. പൂര്‍ണ്ണമല്ലെങ്കിലും ആ ഡയറികള്‍ ഭദ്രമായി സൂക്ഷിക്കുമായിരുന്നു. കഷ്ടമെന്നേ പറയേണ്ടൂ, പണ്ടത്തെ ആ ഡയറികളില്‍ മിക്കവയും നഷ്ടപ്പെട്ടുപോയി. ഡയറികള്‍ മാത്രമല്ല, പ്രമുഖന്മാരായ പല മഹല്‍വ്യക്തികളും അയച്ചിരുന്ന വിലയേറിയ കത്തുകളും നഷ്ടപ്പെട്ടു. മനുഷ്യശരീരത്തില്‍ കുടികൊള്ളുന്ന ക്യാന്‍സര്‍ബീജം പോലെ അലമാരയ്ക്കുള്ളില്‍ പതിയിരിക്കുന്ന വെള്ളച്ചിതലാണ് ആയിരത്തിലധികം അച്ചടിച്ച പുസ്തകങ്ങളും വിലയേറിയ മാസികാസമാഹാരങ്ങളും ഡയറികളും ഫയല്‍ചെയ്തുവച്ചിരുന്ന മധുരമുള്ള കത്തുകളും കാര്‍ന്നുതിന്നുകളഞ്ഞത്. ചിതലിന് മലയാളത്തിനോടാണ് കൂടുതല്‍ മമതയെന്നു തോന്നുന്നു. എന്തെന്നാല്‍ ഇംഗ്ലിഷ് പുസ്തകങ്ങളെ അവ ആഹാരമാക്കാന്‍ കൂട്ടാക്കിയിട്ടില്ല.
എന്റെ ഓര്‍മ്മമാത്രമാണ് ഈ ലേഖനങ്ങള്‍ എഴുതാന്‍ അവലംബമെന്നു സൂചിപ്പിക്കാന്‍ വേണ്ടി ഇക്കാര്യം എടുത്തുപറഞ്ഞുവെന്നേയുള്ളൂ. എന്റെ ഡയറിക്കുറിപ്പുകളും കത്തുകളും സഹായിക്കാനുണ്ടായിരുന്നെങ്കില്‍ ഇതിലെ പല ലേഖനങ്ങളും കൂടുതല്‍ മാംസളമാകുമായിരുന്നു. ഏതാനും മാസം കഴിഞ്ഞാല്‍ എനിക്ക് അറുപതുവയസ്സാകും. എന്റെ ഓര്‍മ്മശക്തിയേയും കാലത്തിന്റെ ചിതല് കരണ്ടുതുടങ്ങിയിരിക്കുന്നു. ‘എന്റെ ആല്‍ബ’ത്തില്‍ ഇത്രയും ചിത്രങ്ങളേയുള്ളൂവെന്ന് ആരും സംശയിക്കേണ്ടതില്ല. മണ്‍മറഞ്ഞവരും, ജീവിക്കുന്നവരുമായ ഒട്ടുവളരെ പേര്‍ എന്റെ സ്മരണയെ അലങ്കരിക്കുന്നുണ്ട്. വിശ്രമവും സന്ദര്‍ഭവും കിട്ടുമ്പോള്‍ ഓരോരുത്തരായി പുറത്തുവരുന്നതാണ്. ഏതാണ്ട് നാല്പതുവര്‍ഷമായി എന്റെ സ്‌നേഹവും ബഹുമാനവും കപ്പമായി പറ്റുന്ന മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ചിത്രം ഈ പരമ്പരയില്‍ ഇത്രനാള്‍ എഴുതാതിരുന്നത് മനഃപൂര്‍വമാണ് (ദിവംഗതനായതില്‍പ്പിന്നെ എഴുതി).
അദ്ദേഹത്തെക്കൊണ്ട് ഇതിന് അവതാരിക എഴുതിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. അദ്ദേഹം അതിനു സമ്മതിച്ചതുമാണ്. ഞാന്‍ ‘മനോരാജ്യ’ത്തില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങള്‍ തുന്നിക്കെട്ടി അദ്ദേഹത്തിനു നല്‍കിയിരുന്നു. അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിശ്രമിക്കവേ അവ വായിക്കുകയും ചെയ്തു. ”ഓപ്പറേഷന്‍ കഴിഞ്ഞ് സുഖംപ്രാപിച്ചിട്ടു ഞാന്‍ എഴുതാം ” എന്ന് അദ്ദേഹം തീരുമാനിച്ചു. കഷ്ടം! ഓപ്പറേഷന്‍ കഴിഞ്ഞപ്പോള്‍ എന്താണു സംഭവിച്ചതെന്നു ഞാന്‍ പറയേണ്ടതില്ലല്ലോ. പകരത്തിന് മറ്റാരെയും സമീപിക്കാന്‍ എന്റെ മനസ്സാക്ഷി അനുവദിക്കുന്നില്ല.
ഒരു ക്ഷമാപണവും ഒരു കൃതജ്ഞതയുമവശേഷിക്കുന്നു. ഒട്ടുവളരെ അക്ഷരത്തെറ്റുകള്‍ എന്റെ ഉദാസീനതകൊണ്ട് ഇതില്‍ കടന്നുകൂടിയിട്ടുണ്ട്. വായനക്കാരോട് മാപ്പു ചോദിക്കുന്നു. ഈ ലേഖനങ്ങള്‍ പകര്‍ത്തി എഴുതി അച്ചടിശാലയില്‍ അയയ്ക്കാന്‍ സഹായിച്ച നാടകകൃത്തും എന്റെ സുഹൃത്തുമായ ശ്രീ ഗോപി കോട്ടൂരേത്തിനോടും മുദ്രണചുമതല വഹിച്ച ശ്രീ എം. കെ. മാധവന്‍നായരോടും നന്ദി പറയാനും ഞാനീ അവസരം വിനിയോഗിക്കുന്നു.
സഹൃദയരായ സുഹൃത്തുക്കളേ, ഇനി ‘എന്റെ ആല്‍ബ‘ത്തിലെ താളുകള്‍ നിങ്ങള്‍ മറിച്ചുനോക്കുവിന്‍. ആശംസകളോടെ……
Comments are closed.