‘നീ സെക്‌സ്‌വര്‍ക്കറല്ലേ, തന്നിട്ടു പോ’ എന്ന കാഴ്ചപ്പാടാണ് ഇവിടെ…!
നളിനി ജമീയുടെ ‘എന്‍റെ ആണുങ്ങള്‍’ എന്ന പുസ്തകത്തിലെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ഭാഗം
ഇക്കാലത്തിനിടയില്‍ ഇടപെട്ട മലയാളി ആണുങ്ങളില്‍ എഴുപത്തഞ്ചു ശതമാനവും സ്ത്രീകളോട് സമഭാവനയില്ലാത്തവരാണ്. സ്ത്രീ ഭയങ്കരമോശമാണെന്ന ധാരണ മലയാളികളുടെ ജന്മവാസനയാണ്. ‘മലമൂത്ര വിസര്‍ജ്ജനമാകുന്ന പാത്രം, നരജന്മം നരകത്തിലാഴ്ത്തുന്ന ഗാത്രം’ എന്ന് ശ്രീനാരായണഗുരുപോലും കരുതിയിരുന്നതായി കേട്ടിട്ടുണ്ട്–സത്യമാണോ എന്നറിയില്ല–തങ്ങള്‍ക്കാവശ്യമുള്ളപ്പോഴും ഇതെല്ലാം സ്വന്തം ഔദാര്യമാണ് എന്ന പുച്ഛഭാവമാണ് മലയാളി ആണുങ്ങള്‍ക്ക്. ‘വരുന്നോടീ’ ‘നിനക്കെത്രയാടീ’ എന്ന മനോഭാവം.
കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഇങ്ങനെയല്ല സ്ഥിതി. കര്‍ണ്ണാടകയില്‍ ഗവണ്‍മെന്റിന്റെ അംഗീകാരമില്ലെങ്കിലും കമ്പനിവീടുകളും അതിനെ പിന്തുണയ്ക്കുന്ന ഗുണ്ടകളടക്കമുള്ള സംവിധാനങ്ങളുമുള്ളതുകൊണ്ട് ഒരു പകുതി അംഗീകാരം സ്ത്രീകള്‍ക്കുണ്ട്. ഒരു പരിധിക്കപ്പുറം വാടീ പോടി ഭാഷ അവരുപയോഗിക്കില്ല. തമിഴ്‌നാട്ടിലാണെങ്കില്‍ ഒരു പ്രത്യേകതരം ബഹുമാനമാണ് മലയാളിസ്ത്രീകളോട്. അവര് ചപ്പുചവറല്ല, ഒരുപടി മേലെയാണ് എന്ന മനോഭാവം കാരണം മലയാളിപ്പെണ്ണുങ്ങളോട് ആസക്തിയുണ്ട്.
സംസ്ഥാനം കടക്കുമ്പോള്‍ സ്വഭാവവും മാറുന്നു
സെക്‌സിനോടുള്ള സമീപനത്തിലും ഈ വ്യത്യാസമുണ്ട്. കര്‍ണാടകക്കാര്‍ക്ക് സെക്‌സിനോട് അത്യാര്‍ത്തിയൊന്നുമില്ല. ഏതു കൃഷിസ്ഥലത്തും അത്യാവശ്യത്തിനു കാര്യം നടക്കും. ഒരു ഇരുപത്തേഴ്- ഇരുപത്തെട്ടു വയസ്സുള്ളപ്പോള്‍ എനിക്ക് മംഗലാപുരത്ത് ഒറ്റയ്ക്ക് വീടുകിട്ടാന്‍ തടസ്സമൊന്നുമുണ്ടായിരുന്നില്ല. അയല്‍പക്കക്കാരനോട് വഴിയില്‍വെച്ച് മണിക്കൂറുകളോളം സംസാരിച്ചാലും പ്രശ്‌നമൊന്നുമില്ല. അയാളുടെ ഭാര്യ എതിരേ വന്നാലും ഒന്നും ചോദിക്കില്ല. അത്യാര്‍ത്തിയില്ല. രാത്രിയില്‍ വീടിനു മുട്ടലില്ല. പിടിച്ചുപറിക്കലില്ല. അത്രയ്ക്കു ‘കിട്ടാത്തതാണ്’ എന്ന തോന്നലില്ല. രാത്രി ഭര്‍ത്താവിനെ എടുത്തോണ്ടു പോവുമോ എന്ന പേടിയുമില്ല. മൈസൂരിലും ഏതാണ്ടിങ്ങനെയൊക്കെയാണ് സ്ഥിതി.
കേരളത്തില്‍ എനിക്ക് ഈ അറുപത്തിനാലാം വയസ്സിലും വീട് വാടകയ്ക്ക് കിട്ടില്ല. ചുങ്കംപോലെ ‘നീ സെക്‌സ്‌വര്‍ക്കറല്ലേ, തന്നിട്ടു പോ’ എന്ന കാഴ്ചപ്പാടാണ്. സ്ത്രീകളുടെ കാര്യത്തില്‍ പഴയ കാലമാണ് കുറച്ചുകൂടി നല്ലതെന്നു തോന്നാറുണ്ട്. നായന്മാര്‍ക്കിടയില്‍ സംബന്ധമുണ്ടായിരുന്നു. എന്നുവെച്ച് വേറൊരാള്‍ വന്ന് എന്നേം കേറ്റണം എന്നു നിര്‍ബന്ധം പിടിക്കാറില്ലല്ലോ. ഞാന്‍ മണ്ണുപണിക്കു പോവുന്ന കാലത്ത് എല്ലാവരും പേടിച്ചിരുന്ന രണ്ടു ഗുണ്ടകളാണ് തെങ്ങുംപുള്ളി ബാലനും പള്ളിവളപ്പന്‍ കുട്ടപ്പനും. അവരുടെ ‘ഏരിയ’ ഉണ്ട്. അവിടെയെത്തിയാല്‍ ഒന്നുകില്‍ മാറിപ്പോവും. അല്ലെങ്കില്‍ ഗ്രൂപ്പായിപ്പോകും. അവരുടെ ഗുണ്ടായിസമെന്നാല്‍ ചീട്ടുകളിയാണ്. വല്ല പെണ്ണുങ്ങളും അതുവഴി വന്നാല്‍ ഓടി വന്ന് രണ്ടു നെഞ്ചിലും കേറിപ്പിടിക്കും. കെട്ടിപ്പിടിക്കും. ഈ മാറുകേറിപ്പിടിക്കലാണ് അവരുടെ മാക്‌സിമം ഗുണ്ടായിസം. എടുത്തുകൊണ്ടുപോവലൊന്നുമില്ല. ഗര്‍ഭിണിയാകും എന്ന പേടിയാണ്. അത് നാട്ടുകാരറിഞ്ഞാല്‍ നാണക്കേടാണ്. ബാലന്‍ കെ. നായരെപ്പോലുള്ള ഗുണ്ടകളൊക്കെ സിനിമയില്‍ നിന്നാണു വന്നത്. ഇന്നിപ്പോള്‍ സീരിയലുകളിലടക്കം സ്ത്രീയെ തോല്പിക്കാനുള്ള ഉപായം കന്യകാത്വം നഷ്ടപ്പെടുത്തലും ‘ഗര്‍ഭിണിയാക്കലു’മൊക്കെയാണ്.
മലയാളി ആണുങ്ങളുടെ കള്ളത്തരത്തിനു പറ്റിയ ഭൂമിശാസ്ത്രമാണ് കേരളത്തിന്‍റേത്. നാട്ടില്‍ നടക്കാത്ത കാര്യങ്ങള്‍ക്ക് അന്യസംസ്ഥാനത്തേക്ക് ഓടിപ്പോകാന്‍ എളുപ്പമുണ്ട്. എന്‍റെ ക്ലയിന്‍റുകളില്‍ ഏറ്റവും പണക്കാര്‍ ബിസിനസ്സുകാരായിരുന്നു. ഒരു പ്രശസ്ത വ്യക്തിയുടെ സുഹൃത്ത് എനിക്കൊരു സാമ്പത്തികസഹായം ചെയ്യാന്‍ തയ്യാറായപ്പോള്‍ എന്നോടൊന്നിടപെടണം എന്നു പറഞ്ഞു. അയാള്‍ വടകരക്കാരനാണ്. ഇവിടെയൊന്നും വേണ്ട, മംഗലാപുരത്തു പോവാം എന്നു പറഞ്ഞു. വടകരക്കാരനും കമ്മ്യൂണിസ്റ്റുകാരനുമാണയാള്‍. വടക്കന്‍ കേരളത്തിലുള്ളവര്‍ക്ക് മംഗലാപുരത്തുപോവലാണ് ഇഷ്ടം. അവിടെ ഇടപെടാന്‍ പേടിക്കേണ്ട. പൈസ കുറവാണ്. കൂടുതല്‍ സെക്‌സ് വര്‍ക്കര്‍മാരുണ്ടുതാനും. തുളുവില്‍ ഒരു പറച്ചിലുതന്നെയുണ്ട്. ‘കടപ്പനക്കിള്‍’ എന്നുവെച്ചാല്‍ ഒളിച്ചോട്ടക്കാരന്‍. മലയാളികള്‍ തൊഴിലു തേടിയും പെണ്ണുതേടിയും മംഗലാപുരത്ത് വരും. മാഹിയില്‍ വിലകുറഞ്ഞ മദ്യം കിട്ടുന്നതുപോലെ മംഗലാപുരത്തു ചെലവു കുറഞ്ഞ പെണ്ണു കിട്ടും. ലോഡ്ജുകളില്‍ പൈസയും റെയ്ഡും കുറവാ. കോഴിക്കോട്ടുകാരാണെങ്കില്‍ മൈസൂരേക്കാണു പോവുക. മൈസൂരിലെ സെക്‌സ് വര്‍ക്കര്‍മാര്‍ എന്നോടു പറഞ്ഞത് മലയാളികള്‍ അവര്‍ക്ക് കൂടുതല്‍ പണവും കൂടുതല്‍ സ്‌നേഹവും കൊടുക്കുമെന്നാണ്. സംസ്ഥാനം കടക്കുമ്പോള്‍ സ്വഭാവവും മാറുന്നു. തൃശൂര്‍ഭാഗത്തുള്ളവര്‍ പഴനിക്കു പോവുന്നവരാണ്. പഴനിയില്‍ പ്രായവ്യത്യാസമൊന്നും നോക്കാതെ റൂമു കിട്ടും. ഭക്തരുടെ വരവുകാരണമാണിത്. കോട്ടയംകാരൊക്കെ തിരുനെല്‍വേലിക്കാണു പോവുക. തിരുവനന്തപുരത്താണെങ്കില്‍ കന്യാകുമാരിയാണ് ആള്‍ക്കാര്‍ക്കു പ്രിയം. ടൂറിസ്റ്റ് കേന്ദ്രമായതുകൊണ്ട് ആണും പെണ്ണും ഒരുമിച്ചു കണ്ടാല്‍ പ്രശ്‌നമില്ല അവിടെ. ഇങ്ങനെ മലയാളികളുടെ സെക്‌സ് കള്ളങ്ങള്‍ സൂക്ഷിക്കാന്‍ ഭൂഘടന വലിയ സഹായം ചെയ്യുന്നു.
കേരളത്തിനുള്ളില്‍ ചെറിയ വ്യത്യാസങ്ങളേ വിവിധ ജാതിക്കാരും മതക്കാരും ജോലിക്കാരും തമ്മില്‍ ഇക്കാര്യത്തില്‍ കണ്ടിട്ടുള്ളൂ. ഞാന്‍ വാവന്നൂരില്‍ റോസിയോടൊപ്പം നില്‍ക്കുമ്പോള്‍ ആ ഏരിയായിലെ മുസ്‌ലിങ്ങള്‍ക്കിടയില്‍ അല്പം സമഭാവന കണ്ടിട്ടുണ്ട്. നല്ല ഫുഡ് വാങ്ങിക്കൊടുക്കണം എന്നൊക്കെയുണ്ട് അവര്‍ക്ക്. ഞാന്‍ കീറിയ പാവാട ഉടുത്തു കണ്ടപ്പോള്‍ റോസിയുടെ ഫ്രണ്ടിനു വിഷമമായി, കീറിയതുടുക്കരുത് എന്നു പറഞ്ഞു. നായന്മാര്‍ക്കാണെങ്കില്‍ ഒരു ‘ഡിസ്‌പോസിബ്ള്‍’ മനോഭാവമാണ്. ഉപയോഗിച്ചുകളയുക. ഇതിന്റെയടുത്ത് ഇത്രേം മതി എന്ന മട്ട്.
പിന്നെ ഞങ്ങള്‍ രണ്ടുപേരും അവിടെ പോയിരുന്നു
ഈ മൂന്നു സംസ്ഥാനങ്ങള്‍ക്കു പുറത്ത് എനിക്കു ക്ലയിന്റുകളുണ്ടായിട്ടില്ല. കല്‍ക്കത്തയിലും തായ്‌ലന്റിലും ഡല്‍ഹിയിലുമൊക്കെ യാത്ര ചെയ്തപ്പോള്‍ മലയാളികള്‍ക്കു മാത്രമുള്ള ചില അല്പത്തങ്ങളെയും ക്രൂരതകളെയുംകുറിച്ച് എനിക്ക് കൂടുതല്‍ പിന്നാക്കം നോക്കി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരനുഭവം തായ്‌ലന്റില്‍വെച്ചാണ്. കൂടെ കൂട്ടുകാരി ലളിതയുണ്ട്. ലളിതയ്ക്കല്പസൊല്പം ഹിന്ദിയൊക്കെയറിയാം. അവള്‍ക്ക് പക്ഷേ, മുസ്‌ലിങ്ങളോടു പൊതുവേ പുച്ഛമാണ്. ഞങ്ങള്‍ ഹോട്ടലിലിരുന്നു ഡ്രിങ്ക്‌സ് കഴിച്ചുകൊണ്ടിരിക്കുന്നു. അപ്പുറത്തെ സൈഡില്‍ രണ്ടു പാകിസ്ഥാന്‍കാരിരിപ്പുണ്ട്. അവര്‍ ഡ്രിങ്ക്‌സ് കഴിക്കുന്നില്ല. ഞാന്‍ എന്റെ മുന്നിലുള്ള പായസത്തിന്റെ ഗ്ലാസ്സുയര്‍ത്തി അവരോടു ചിയേഴ്‌സ് പറഞ്ഞു. അവരും ഉയര്‍ത്തി ഞങ്ങളെ അങ്ങോട്ടു ക്ഷണിച്ചു. ലളിത മടിച്ചു. നമ്മുടെ ശത്രുക്കളല്ലേ എന്നു ചോദിച്ചു. പിന്നെ ഞങ്ങള്‍ രണ്ടുപേരും അവിടെ പോയിരുന്നു. ആരാണെന്നന്വേഷിച്ചപ്പോള്‍ ഉള്ള സത്യം പറഞ്ഞു. സെക്‌സ്‌വര്‍ക്കേഴ്‌സ് മീറ്റിന് കേരളത്തില്‍നിന്നു വന്നതാണെന്നറിഞ്ഞിട്ടും അവര്‍ അരമണിക്കൂറോളം സംസാരിച്ചു. കേരളത്തിലാണെങ്കില്‍ സംസാരം അപ്പോള്‍ കട്ട് ചെയ്യും.
ഒരിക്കല്‍ കല്‍ക്കത്തയില്‍നിന്നു വന്ന സുഹൃത്തിനെ പനി വന്ന് ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ ഞങ്ങളാരാണെന്നറിഞ്ഞപ്പോള്‍ ഡോക്ടര്‍ തൊടാന്‍പോലും തയ്യാറായില്ല. പുച്ഛവും അവഗണനയുമാണിവിടെ. പകര്‍ച്ചരോഗം വരുന്നതുപോലെ അകലം സൂക്ഷിക്കും. എന്നിട്ട് പെണ്ണിനെ കണ്ടാല്‍ വെറുതെ വിടുകയുമില്ല. ഒരിക്കല്‍ ഞാന്‍ മൈസൂരില്‍നിന്ന് കോഴിക്കോട്ടേക്ക് ബസ്സില്‍ വരികയാണ്. വയനാടന്‍ചുരമിറങ്ങുമ്പോള്‍ സന്ധ്യാനേരമായതിനാല്‍ പുറത്ത് മനോഹരമായ കാഴ്ചയാണ്. മഞ്ഞുമൂടിയ മലനിരകള്‍. അതാസ്വദിക്കാന്‍വേണ്ടി എനിക്കു പുറകിലിരിക്കുന്നയാള്‍ ജനലിലെ കണ്ണാടി മുന്നോട്ടു നീക്കിയപ്പോള്‍ എന്റെ കൈയില്‍ തട്ടി. ഞാന്‍ രൂക്ഷമായി തിരിഞ്ഞുനോക്കി. ആകെ ഞാനടക്കം അഞ്ചെട്ടു പേരേയുള്ളൂ ബസ്സില്‍. എന്റെ നോട്ടം കണ്ട് മറ്റുള്ളവര്‍ ധരിച്ചു പുറകിലുള്ളയാള്‍ തോണ്ടിയതായിരിക്കുമെന്ന്. രസമതല്ല. അവരെല്ലാംതന്നെ എനിക്കെതിരേ സംസാരിച്ചുകൊണ്ടിടപെട്ടു എന്നതാണ്. അങ്ങനെയൊക്കെയുണ്ടാവും എന്നു പറഞ്ഞ്
അയാളെ കാര്യമറിയാതെ ന്യായീകരിച്ചു. എന്റെടുത്തിരുന്ന ചെറുപ്പക്കാരന്‍ സത്യം വിശദീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ എല്ലാവരും അയാള്‍ക്കെതിരേ തിരിഞ്ഞു. നീ കല്യാണം കഴിച്ചിട്ടില്ലല്ലോ എന്നു പറഞ്ഞായിരുന്നു ആക്രമണം . നമ്മുടെ ഭാര്യമാരൊന്നും ഇങ്ങനെയല്ല പ്രതികരിക്കുക. ഇവരൊരു ശരിയായ സ്ത്രീയാണെന്നു തോന്നുന്നില്ല എന്നൊക്കെ പറഞ്ഞ് കോഴിക്കോടെത്തുംവരെ തര്‍ക്കം തുടര്‍ന്നു.
കാണാന്‍ കൊള്ളാമെന്നതുകൊണ്ട് എനിക്കൊരിക്കലും കൂടുതല്‍ കാശു കിട്ടിയിട്ടുമില്ല
തട്ടും തടവും സഹിക്കുന്ന പ്രതികരിക്കാത്ത ഭാര്യയാണ് നല്ല സ്ത്രീ എന്ന ഗുണപാഠം ഞാന്‍ പഠിച്ചു. അസമയത്തു യാത്ര ചെയ്യുന്നത് ചീത്ത സ്ത്രീയാണ്. അതേസമയം ജോലിയുടെ ഭാഗമായി ആറുമാസത്തോളം മൈസൂരില്‍ പുലര്‍ച്ചെ മൂന്നുമണിക്കൊക്കെ ബസ്സിറങ്ങി പോയിട്ടുണ്ട്. യാതൊരുവിധ ചോദ്യം ചെയ്യലുമില്ലാതെ–മലയാളികള്‍ ബഹുമാനിക്കണമെങ്കില്‍ എന്തെങ്കിലുമൊക്കെ ‘ബോണസ്സ്’ ഉണ്ടായിരിക്കണം. വെളുപ്പുനിറമോ കാണാന്‍ സൗന്ദര്യമോ ഒക്കെ. ഗുരുവായൂരില്‍ എനിക്കൊരു ഫ്രണ്ടുണ്ട്. പത്തു മുപ്പതു വര്‍ഷത്തോളം ഗുരുവായൂരില്‍നിന്ന് സാമ്പത്തികമായി എന്നെക്കാള്‍ മേലെയെത്തിയ സുഹൃത്ത്. അവള്‍ക്ക് പക്ഷേ, പകല്‍ ഒരു പുരുഷനോടു പോലും ഇടപെടാന്‍ പറ്റിയിട്ടില്ല. കാണാന്‍ കൊള്ളാമെന്നതുകൊണ്ട് എനിക്കൊരിക്കലും കൂടുതല്‍ കാശു കിട്ടിയിട്ടുമില്ല. രാത്രിയായാല്‍ ഭംഗി, ഭംഗിക്കുറവ് എന്നൊന്നുമില്ല മലയാളി ആണുങ്ങള്‍ക്ക്. ഭാര്യ എന്നും പറഞ്ഞ് റൂമെടുക്കാം എന്ന സൗകര്യംകൊണ്ടാണ് എന്നെയൊക്കെ പകല്‍ കൊണ്ടുപോവുന്നത്. ക്ഷേത്രങ്ങളായാലും പള്ളികളായാലും അതിനടുത്ത് റൂമെടുക്കാന്‍ ചെല്ലുന്ന വെളുത്ത സ്ത്രീകള്‍ക്ക് റൂം കൊടുക്കും. അല്ലാത്തവര്‍ക്ക് കൊടുക്കില്ല.
അയാളൊഴികെ ആരും കാണുന്നില്ലെങ്കില്‍ മലയാളിക്ക് രാത്രി ഏതു സ്ത്രീയും ചേരും. അമല ഹോസ്പിറ്റലിനടുത്ത് വേറൊരു സുഹൃത്തുണ്ടായിരുന്നു എനിക്ക്. അവളോട് കുളിക്കാന്‍ പറയുമ്പോ ”ഇന്നലെ രാത്രി സാറെന്നെ തേച്ചു കുളിപ്പിച്ചതാ.” എന്നു പറയും. കുളിപ്പിച്ച് സെക്‌സ് ചെയ്യുന്ന ക്ലയിന്റുകളുണ്ട്. കൂടുതല്‍ ക്ലയന്റുകളില്ലാത്തത് ഭംഗിക്കുറവുള്ളവര്‍ക്കാണെന്ന മൂഢവിശ്വാസം കൂടിയുണ്ട് ഇതിനു പിന്നില്‍. ‘കന്യകാത്വം’ എന്ന മൂഢവിശ്വാസത്തിലാണല്ലോ മലയാളിയുടെ സ്വത്വബോധംതന്നെ ഉറപ്പിച്ചിട്ടുള്ളത്. ആദ്യരാത്രി കരയാത്തതുകൊണ്ട് സംശയിക്കപ്പെട്ട അനുഭവം പല ഭാര്യമാരും എന്നോടു പറഞ്ഞിട്ടുണ്ട്. ഒരുപാടു ക്ലയന്റുകളുള്ളതിനാല്‍ ലൈംഗികാവയവത്തില്‍ പുണ്ണുണ്ടാവുകയും അതുകാരണം കരയുകയും ചെയ്താല്‍ ഇത്തരം ക്ലയന്റുകള്‍ക്ക് സന്തോഷമാണ്. സ്ത്രീ കന്യകയാണെന്നാണ് അയാളുടെ വിശ്വാസം.
പുറംനാട്ടില്‍ ജീവിക്കുകയോ മറ്റോ ചെയ്തതിന്റെ പേരിലൊക്കെ വ്യത്യസ്തരായവരാണ് ബാക്കിവരുന്ന ഇരുപത്തഞ്ചു ശതമാനം ആണുങ്ങള്‍. ഒരു ആക്ടിവിസ്റ്റോ എഴുത്തുകാരിയോ ഒന്നുമല്ലാതിരുന്ന കാലത്ത് ഞാന്‍ അടുത്തിടപെടുകയും എന്നോട് അടുപ്പം കാണിക്കുകയും ചെയ്ത ചില സുഹൃത്തുക്കളെക്കുറിച്ചാണ് ഈ പുസ്തകത്തില്‍ ഞാന്‍ പറഞ്ഞിട്ടുള്ളത്.
പുസ്തകം ഇപ്പോൾ തന്നെ 69 രൂപയ്ക്ക് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Comments are closed.