DCBOOKS
Malayalam News Literature Website

എങ്ങനെ നിമിഷനേരംകൊണ്ട് നിങ്ങളെ മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടുത്താം

ഡെയ്ല്‍ കാര്‍ണഗി

ന്യൂയോര്‍ക്കിലെ തേര്‍ട്ടിത്തേര്‍ഡ് സ്ട്രീറ്റ് എയിറ്റ്ത് അവന്യുവിലെ പോസ്റ്റോഫിസില്‍ ഒരു കത്ത് രജിസ്റ്റര്‍
ചെയ്യാനായി ഞാന്‍ വരിയില്‍ നില്‍ക്കുകയായിരുന്നു. ക്ലര്‍ക്ക് തന്റെ ജോലി മടുത്തിരിക്കുകയാണെന്നു ഞാന്‍ ശ്രദ്ധിച്ചു. കവറുകള്‍ തൂക്കുക, സ്റ്റാമ്പുകള്‍ വില്‍ക്കുക, ചില്ലറ നല്‍കുക, രസീതു നല്‍കുക – ഓരോ വര്‍ഷവും അതേ ജോലി ആവര്‍ത്തിച്ചു ചെയ്യുന്നു. അതുകൊണ്ടു ഞാന്‍ എന്നോടുതന്നെ പറഞ്ഞു: ആ ക്ലര്‍ക്കിന് എന്നെ ഇഷ്ടപ്പെടുത്താന്‍ പോകുകയാണ് ഞാന്‍. തീര്‍ച്ചയായും, അയാള്‍ എന്നെ ഇഷ്ടപ്പെടുന്നതിന്, ഞാന്‍ എന്തെങ്കിലും നല്ല കാര്യം പറയണം, എന്നെക്കുറിച്ചല്ല പിന്നെയോ അയാളെക്കുറിച്ച്. അതുകൊണ്ട് ഞാന്‍ എന്നോടുതന്നെ ചോദിച്ചു:
അയാളെക്കുറിച്ച് എനിക്ക് സത്യസന്ധമായി ഇഷ്ടപ്പെടാന്‍ കഴിയുന്ന എന്താണുള്ളത്? അതു ചിലപ്പോള്‍ മറു പടി പറയാന്‍ പ്രയാസമുള്ള ചോദ്യമാണ്, പ്രത്യേകിച്ചും അപരിചിതരോട്; എന്നാല്‍, ഈ അവസരത്തില്‍, അത് എളുപ്പമായിരുന്നു. ഞാന്‍ വളരെയേറെ ഇഷ്ടപ്പെട്ട കാര്യം ഉടന്‍തന്നെ കണ്ടു.

അതുകൊണ്ട് അയാള്‍ എന്‍വലപ് തൂക്കുന്ന സമയത്ത് ഞാന്‍ ആവേശത്തോടെ പറഞ്ഞു; നിങ്ങളെപ്പോലെ തലമുടി എന്റെ തലയില്‍ഉണ്ടായിരുന്നുവെങ്കില്‍ എന്നു ഞാനാഗ്രഹിച്ചുപോകുകയാണ്.

അയാള്‍ എന്നെ പകുതി ഞെട്ടലോടെ മുഖമുയര്‍ത്തി നോക്കി. അയാളുടെ മുഖത്തു പുഞ്ചിരി തിളങ്ങുന്നുണ്ട്. കൊള്ളാം, മുമ്പ് അത് ഇതിനെക്കാള്‍ നന്നായിരുന്നു, അയാള്‍ സൗമ്യനായി പറഞ്ഞു. അതിന്റെ ആദ്യകാല
ഡേയ്ല്‍ കാര്‍ണഗിമഹത്ത്വം ഇപ്പോള്‍ കുറച്ചൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍പ്പോലും അതു വളരെ ഭംഗിയുള്ളതായിരിക്കുന്നു എന്നു ഞാനയാളോടു പറഞ്ഞു. അയാള്‍ക്ക് വളരെയേറെ സന്തോഷമായി. അയാള്‍ പ്രസന്നതയോടെ എന്നോടു സംസാരിച്ചു. അയാള്‍ പറഞ്ഞുനിര്‍ത്തിയത് ഇങ്ങനെയാണ്:
അനേകം ആളുകള്‍ക്ക് എന്റെ മുടി ഇഷ്ടമായിട്ടുണ്ട്.

അന്നയാള്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പോയത് വായുവില്‍ തുഴഞ്ഞാണെന്ന് ഞാന്‍ തീര്‍ത്തുപറയാം. അയാള്‍
അന്നു വൈകുന്നേരം വീട്ടില്‍ ചെന്നുകഴിഞ്ഞ് ഭാര്യയോട് അതേക്കുറിച്ചു പറഞ്ഞിട്ടുണ്ടെന്നു ഞാന്‍ തീര്‍ത്തു പറയാം. എന്റെ തലമുടി എത്ര ഭംഗിയുള്ളതാണ് എന്ന് അയാള്‍ കണ്ണാടിയില്‍ നോക്കിക്കൊണ്ടു പറഞ്ഞിട്ടുണ്ടെന്നു Textഞാന്‍ തീര്‍ത്തുപറയാം. ഒരു പൊതുരംഗത്ത് ഞാന്‍ ഒരിക്കല്‍ ഈ കഥ പറഞ്ഞു. അതിനുശേഷം ഒരു മനുഷ്യന്‍ എന്നോടു ചോദിച്ചു: അയാളില്‍നിന്നു നിങ്ങള്‍ക്ക് എന്തു നേടാനാണ് ഉണ്ടായിരുന്നത്?

എന്തു നേടാനാണ് ഞാന്‍ ശ്രമിച്ചത്!

മറ്റുള്ളവരില്‍നിന്നു തിരിച്ചു നേട്ടമൊന്നുമുണ്ടാക്കാന്‍ ശ്രമിക്കാതെ അല്പം സന്തോഷം പ്രസാരണം ചെയ്യാനും സത്യസന്ധമായി മറ്റുള്ളവരുടെ മേന്മയെ അംഗീകരിക്കാനും കഴിയാത്ത വിധം നാം തീര്‍ത്തും സ്വാര്‍ത്ഥരാണെങ്കില്‍, നമ്മുടെ ആത്മാവിന് ചെറുനാരങ്ങയെക്കാള്‍ കൂടുതല്‍ വലിപ്പമില്ലെങ്കില്‍, നാം അര്‍ഹിക്കുന്ന പരാജയം നമ്മെ കണ്ടുമുട്ടുകതന്നെ ചെയ്യും.

ഉവ്വ്, അതെ, ആ മനുഷ്യനില്‍നിന്നു നേട്ടമുണ്ടാക്കണമെന്നു ഞാനാഗ്രഹിച്ചു. അമൂല്യമായ ചിലതു ഞാനാഗ്രഹിച്ചു. എനിക്കതു ലഭിക്കുകയും ചെയ്തു. പകരം ഒന്നും എനിക്ക് ചെയ്യാതെതന്നെ അയാള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നു ഞാനാഗ്രഹിച്ചു. ആ സംഭവം കഴിഞ്ഞുപോയിട്ടും ഓര്‍മ്മയില്‍ ദീര്‍ഘകാലം ഒഴുകുകയും മുഴങ്ങുകയും ചെയ്യുന്ന ഒരനുഭവമാണത്.

മനുഷ്യരുടെ പെരുമാറ്റത്തെ സംബന്ധിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു നിയമമുണ്ട്. ആ നിയമം അനുസരിച്ചാല്‍, നാം ഒരിക്കലും പ്രശ്‌നത്തില്‍ അകപ്പെടുകയില്ല. വാസ്തവത്തില്‍, ആ നിയമം നാം അനുസരിച്ചാല്‍ അതു നമുക്ക് അനേകം സുഹൃത്തുക്കളെയും നിത്യമായ സന്തോഷത്തെയും നല്കും. എന്നാല്‍ ആ നിയമം ലംഘിക്കുന്ന നിമിഷത്തില്‍ത്തന്നെ നാം അന്തമില്ലാത്ത പ്രശ്‌നത്തില്‍ അകപ്പെടും. ആ നിയമം ഇതാണ്:

എല്ലായ്‌പോളും മറ്റേയാള്‍ക്ക് താന്‍ പ്രാധാന്യമുള്ളവനാണെന്ന തോന്നലുളവാക്കുക.

മനുഷ്യപ്രകൃതത്തില്‍ ഏറ്റവും ആഴത്തിലുള്ള വ്യഗ്രത പ്രധാനപ്പെട്ടവനായിരിക്കുക എന്ന ആഗ്രഹമാണെന്നു ജോണ്‍ ഡ്യൂവി പറഞ്ഞതു നാം മുമ്പു കണ്ടു. വില്യം ജെയിംസ് പറഞ്ഞു: അംഗീകരണം ലഭിക്കാനുള്ള ആഗ്രഹമാണ് മനുഷ്യപ്രകൃതത്തിലെ ഏറ്റവും ആഴമുള്ള തത്ത്വം. ഞാന്‍ നേരത്തെ ചൂണ്ടിക്കാണിച്ചതു പോലെ, ആ വ്യഗ്രതയാണ് നമ്മെ മൃഗങ്ങളില്‍നിന്നു വേര്‍തിരിക്കുന്നത്. സംസ്‌കാരത്തിനുതന്നെ അടിസ്ഥാനമായത് ഈ വ്യഗ്രതയാണ്.

ദാര്‍ശനികര്‍ ആയിരക്കണക്കിനു വര്‍ഷങ്ങളായി മനുഷ്യബന്ധങ്ങളെ സംബന്ധിക്കുന്ന നിയമങ്ങളെക്കുറിച്ചു ചിന്തിക്കുന്നു. ആ ചിന്തകളില്‍നിന്ന് ഉരുത്തിരിഞ്ഞു വന്നത് ഒരു പ്രധാനപ്പെട്ട തത്ത്വമാണ്. അതു പുതിയതല്ല. അതിനു ചരിത്രത്തോളം പഴക്കമുണ്ട്. രണ്ടായിരത്തിയഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് സൊരാതുഷ്ട്രര്‍ പേര്‍ഷ്യയിലെ തന്റെ അനുയായികളെ അതു പഠിപ്പിച്ചു. രണ്ടായിരത്തിനാനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് ചൈനയില്‍ കണ്‍ഫ്യൂഷ്യസ് അതു പഠിപ്പിച്ചു. ടാവോയിസത്തിന്റെ സ്ഥാപകനായ ലാവോ-ട്‌സെ ഹാന്‍ താഴ്വരയിലെ തന്റെ ശിഷ്യന്മാരെ അതു പഠിപ്പിച്ചു. ക്രിസ്തുവിന് അഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് ബുദ്ധന്‍ വിശുദ്ധ ഗംഗയുടെ തീരത്ത് അതു പ്രസംഗിച്ചു. അതിനും ആയിരം വര്‍ഷം മുമ്പ് ഹൈന്ദവ വിശുദ്ധഗ്രന്ഥങ്ങള്‍ അതു പഠിപ്പിച്ചു. പത്തൊന്‍പതു നൂറ്റാണ്ടുകള്‍ക്കു മുമ്പ് ക്രിസ്തു യഹൂദ്യായിലെ പാറക്കൂട്ടങ്ങള്‍ നിറഞ്ഞ മലകളില്‍ അതു പഠിപ്പിച്ചു. യേശു ഒറ്റ ചിന്തയില്‍-ഒരുപക്ഷേ, ലോകത്തിലെ ഏറ്റവും പ്രധാന ചട്ടം അതായിരിക്കണം-അതു സംഗ്രഹിച്ചു:

മറ്റുള്ളവര്‍ നിങ്ങള്‍ക്കു ചെയ്യണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നവ നിങ്ങള്‍ മറ്റുള്ളവര്‍ക്കു ചെയ്യുക.

നിങ്ങള്‍ ഇടപെടുന്ന ആളുകളുടെ അംഗീകാരം നിങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ യഥാര്‍ത്ഥ മൂല്യത്തിന്റെ അംഗീകരണം നിങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ കൊച്ചുലോകത്ത് നിങ്ങള്‍ പ്രാധാന്യമുള്ളവനാണെന്ന ഒരു തോന്നല്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. വിലകുറഞ്ഞതോ ആത്മാര്‍ത്ഥതയും സത്യസന്ധതയുമില്ലാത്തതോ ആയ പുകഴ്ത്തിപ്പറച്ചില്‍ കേള്‍ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ സത്യസന്ധവും ആത്മാര്‍ത്ഥവുമായ അംഗീകരണം നിങ്ങള്‍ ഏറെ ആഗ്രഹിക്കുന്നു. നിങ്ങളുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും, ചാള്‍സ് ഷ്വാബ് പറഞ്ഞതുപോലെ, ഹൃദയം തുറന്ന് അഭിനന്ദിക്കുകയും ധാരാളമായി പ്രശംസിക്കുകയും ചെയ്യണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നു. നാമെല്ലാവരും അതാഗ്രഹിക്കുന്നു.

തുടർന്ന് വായിക്കാൻ ക്ലിക്ക് ചെയ്യൂ

Comments are closed.