കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ് സ്മാരകങ്ങള്‍- ഷാജി എൻ.കരുണ്‍
തിരുവനന്തപുരം: കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ് സ്മാരകങ്ങളെന്ന് സംവിധായകന്‍ ഷാജി എൻ. കരുണ്‍. സിനിമയില്‍ കാണുന്നത് പോലെ കൃത്രിമമായി ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതല്ല സ്മാരകമെന്നും, അതിനെ എപ്പോഴും കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കനകക്കുന്നില്‍ നടക്കുന്ന സ്‌പെയ്‌സ് ഫെസ്റ്റിവലില്‍ ഡോ. ഹരീഷ് എന്‍. നമ്പൂതിരിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണ്ട് നിലനിന്നിരുന്ന സ്മാരകങ്ങള്‍ ഇന്ന് അന്യമായെന്നും ഇന്ന് ആ സ്മാരകങ്ങള്‍ സിനിമയില്‍ മാത്രമേ കാണാന്‍ സാധിക്കൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്‌കാരത്തിന്റെ പരിച്ഛേദമായി എപ്പോഴും സിനിമകള്‍ മാറാറുണ്ട്. അതുകൊണ്ടുതന്നെയാണ് ആ കാലഘട്ടത്തിന്റെ തെളിവായി സിനിമകള്‍ അവശേഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആധുനിക ഇന്ത്യന്‍ സിനിമകള്‍ എപ്പോഴും തലമുറയെ കൂടുതല്‍ കള്ളം പറഞ്ഞു പഠിപ്പിക്കുന്ന രീതിയിലേക്ക് മാറി കൊണ്ടിരിക്കുന്ന സാഹചര്യം വന്നെത്തിയിരിക്കുന്നു. ഇന്ത്യന്‍ സിനിമകള്‍ എപ്പോഴും കൂടുതല്‍ മധ്യവര്‍ഗ കുടുംബങ്ങളില്‍ ലക്ഷ്യം വച്ചിട്ടുള്ളതിനാല്‍ യഥാതഥമായ വസ്തുതകള്‍ പലപ്പോഴും മറച്ചുവെക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments are closed.