DCBOOKS
Malayalam News Literature Website

നാട്ടുവഴികളില്‍ ഇലഞ്ഞിപ്പൂമണം; പി സുരേന്ദ്രന്റെ ഓര്‍മ്മ പുസ്തകം

 

ഇന്നത്തെ യുവതലമുറയ്ക്ക് സങ്കല്പിക്കാന്‍ പോലുമാകാത്ത, ഒരുപക്ഷെ അവര്‍ക്കിനി ഒരിക്കലും അനുഭവവേദ്യമാകാന്‍ ഇടയില്ലാത്ത അനുഭവങ്ങളും സാഹചര്യങ്ങളുമായിരുന്നു മൂന്നോ നാലോ ദശാബ്ദങ്ങള്‍ക്കുമുമ്പ് ഈ കേരളത്തില്‍ത്തന്നെ ജീവിതം നയിച്ചവര്‍ക്കു ലഭിച്ചിരുന്നത്. പ്രകൃതിയെയും പരിസ്ഥിതിയെയും തൊട്ടറിഞ്ഞ്, സമൂഹത്തിന്റേതായ ജൈവബന്ധങ്ങളുടെ കെട്ടുപാടുകള്‍ ഈടുറപ്പിച്ചിരുന്ന ഒരു ജീവിതമായിരുന്നു അത്. അത്തരത്തിലൊരു സുവര്‍ണ്ണജീവിതത്തിന്റെ ഓര്‍ത്തെടുക്കലാണ് പി. സുരേന്ദ്രന്റെ ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികള്‍ ഓര്‍മ്മപ്പുസ്തകം.  വിശാലമായ തൊടിയും അതിലെ സമൃദ്ധമായ പ്ലാവും മാവും കശുമാവും ഒക്കെ ആ കാലത്തിന്റെ തനതായ സവിശേഷതകളാണ്. കുളങ്ങളും പുഴകളും കൈതകളും കൈതോലത്തുമ്പത്തെയും പൊന്മാനുകളും അതില്‍ നിറഞ്ഞുനില്‍ക്കുന്നു.

അന്നത്തെ വായനക്കാലവും പ്രൗഢമായിരുന്നു. സജീവമായിരുന്ന ഗ്രാമീണവായനശാലകളും സാഹിത്യചര്‍ച്ചകളും ഇന്നും ഏറെ ഇഷ്ടപ്പെടുന്ന ഒട്ടേറെ ക്ലാസിക് കൃതികളുടെ പ്രസിദ്ധീകരണകാലവും ഒക്കെച്ചേര്‍ന്ന് തികച്ചും ജീവസ്സുറ്റ ഒരുകാലത്തെ ഈ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നുണ്ട്.

പത്താംക്ലാസ് പഠനത്തിനുശേഷം മൈസൂരില്‍ ഒരു ജോലിക്കാരനായി ജീവിച്ച ഒരു കാലഘട്ടവും പി സുരേന്ദ്രന്‍ ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികളില്‍ അടയാളപ്പെടുത്തുന്നു. വര്‍ക് ഷോപ്പിലും മദ്യശാലയിലും പണിയെടുക്കുകയും ഇടക്കാലത്ത് കേരളത്തില്‍ തിരിച്ചുവന്ന് പ്രീ ഡിഗ്രി വജയിച്ചശേഷം മൈസൂരിലേക്കു തിരിച്ചുപോയി ജോലിതുടരുകയും ചെയ്ത, മനുഷ്യജീവിതത്തിന്റെ ഒട്ടേറെ തലങ്ങള്‍ക്ക് അനുഭവസാക്ഷ്യം കുറിയ്ക്കുവാന്‍ സാധിച്ച ഒരു കാലം. അതാണ് മൈസൂരിലെ മരപ്പാവകള്‍ എന്ന ഈ അദ്ധ്യായത്തില്‍ പങ്കുവെയ്ക്കുന്നത്.

ഇന്നു മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ പി. സുരേന്ദ്രന്‍ തന്റെ ജീവിതപന്ഥാവില്‍ പലയിടങ്ങളില്‍നിന്നും ലഭിച്ച വികാരതീവ്രതയാര്‍ന്ന അനുഭവങ്ങളും കണ്ടുമുട്ടിയ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരികരംഗങ്ങളിലെ ഒറ്റപ്പെട്ട സവിശേഷവ്യക്തിത്വങ്ങളെക്കുറിച്ചുള്ള സ്മരണകളും ഈ പുസ്തകത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. ജീവിതത്തെ അതിന്റെ തുടുത്ത സ്പന്ദനങ്ങള്‍ക്കപ്പുറം സൂക്ഷ്മമായ ഒട്ടേറെ താളങ്ങളെ തിരിച്ചറിഞ്ഞ് ആവിഷ്‌കരിക്കുന്ന ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും ഒരു പുസ്തകമാണ് ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികള്‍. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ നാലാമത് പതിപ്പ് പുറത്തിറങ്ങി.

മുപ്പതിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച പി.സുരേന്ദ്രന് ചൈനീസ് മാര്‍ക്കറ്റ് എന്ന കൃതിയിലൂടെ ഓടക്കുഴല്‍ പുരസ്‌കാരവും ജലസന്ധിയിലൂടെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും തോപ്പില്‍ രവി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, വി.പി.ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുത്തകഥകള്‍ (19812011), ശൂന്യമനുഷ്യര്‍, ദേവദാസികളും ഹിജഡകളും, ഗ്രീഷ്മമാപിനി, ഭൂതനേത്രം, പി സുരേന്ദ്രന്റെ 5 നോവലുകള്‍ തുടങ്ങിയവ ശ്രദ്ധേയ കൃതികളില്‍ ചിലതാണ്.

Comments are closed.