DCBOOKS
Malayalam News Literature Website

ഇളംകുളം കുഞ്ഞന്‍പ്പിള്ള ജന്മവാര്‍ഷിക ദിനം

മലയാള ഭാഷയ്ക്കും ചരിത്രത്തിനും നിസ്തുലമായ സംഭാവനകള്‍ നല്‍കിയ പണ്ഡിതനും ഗവേഷകനുമായിരുന്നു ഇളംകുളം കുഞ്ഞന്‍പിള്ള. 1904 നവംബര്‍ 8ന് കൊല്ലം, കല്ലുവാതുക്കല്‍ ഇളംകുളം പുത്തന്‍പുരക്കല്‍ കുടുംബത്തില്‍ നാണിക്കുട്ടിയമ്മയുടെയും കടയക്കോണത്തു കൃഷ്ണക്കുറുപ്പിന്റയും മകനായി ജനനം.

പറവൂരിലും മണിയാംകുളത്തുമായി പ്രാഥമിക വിദ്യാഭ്യാസം നേടി. കൊല്ലത്തെ മലയാളം ഹൈസ്‌കൂളിലും തിരുവനന്തപുരം എസ്.എം.വി സ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1927ല്‍ തിരുവനന്തപുരം ആര്‍ട്ട്‌സ് കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പരീക്ഷ പസ്സായി. തുടര്‍ന്ന് അണ്ണാമല സര്‍വകലാശാലയില്‍നിന്നും സംസ്‌കൃതത്തില്‍ ബിരുദം നേടി. അതോടൊപ്പം മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് മലയാളം വിദ്വാന്‍ പരീക്ഷയും പാസ്സായി.

1934ല്‍ തിരുവനന്തപുരം ആര്‍ട്ട്‌സ് കോളേജില്‍ ഭാഷാവിഭാഗത്തില്‍ അധ്യാപകനായി. തുടര്‍ന്ന് 1942ല്‍ യൂണിവേഴ്‌സിറ്റി കോളേജ് സ്ഥാപിതമായപ്പോള്‍ അവിടെ അധ്യാപകനായി. മലയാളം വിഭാഗം തലവനായി 1960ല്‍ റിട്ടയര്‍ ചെയ്തു. ശിഷ്യന്മാരെ പഠിപ്പിക്കാനാവശ്യമായ വസ്തുനിഷ്ഠമായ പഠനസാമഗ്രികളന്വേഷിച്ച് അദ്ദേഹം നടത്തിയ പഠനങ്ങളാണു പില്‍ക്കാലത്ത് കേരളചരിത്രഗവേഷണരംഗത്ത് പുതിയ പാതകള്‍ തുറന്നിട്ടത്.

സാഹിത്യമാലിക, കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍, സംസ്‌കാരത്തിന്റെ നാഴികകല്ലുകള്‍, ജന്മി സമ്പ്രദായം കേരളത്തില്‍, ഉണ്ണുനീലി സന്ദേശം ചരിത്രദൃഷ്ടിയില്‍, കേരളം അഞ്ചും ആറും നൂറ്റാണ്ടില്‍, ചേരസാമ്രാജ്യം ഒന്‍പതും പത്തും നൂറ്റാണ്ടില്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍. തിരുവനന്തപുരത്തു വെച്ച് 1973 മാര്‍ച്ച് 3ന് അന്തരിച്ചു.

Leave A Reply