അങ്ങനെ ഭാവനകള്‍ മുഴുവന്‍ കുഴിച്ചുമൂടപ്പെട്ടു…
ഏകാന്തതയുടെ മ്യൂസിയത്തിന്റെ എഴുന്നൂറ്റിനാല്പത്തൊന്നാമത്തെ പേജും വായിച്ച് നോവൽ അടച്ചു വെച്ചു. എന്തൊരെഴുത്താണ് അനിൽ മാഷേ ഇത്? പേജ് 416 ൽ താങ്കൾ എഴുതുന്നു: “നിലത്തേക്കു വീഴാൻ തുടങ്ങുന്ന ഒരു പളുങ്കുപാത്രത്തെയെന്ന പോലെ ഞാൻ ആ നോവൽ താങ്ങിപ്പിടിച്ചു കൊണ്ടിരുന്നു” ഇതായിരുന്നു നോവൽ വായന തുടങ്ങിയ ശേഷമുള്ള എന്റെയും അവസ്ഥ. പൊതുവെ നോവൽ വായനയിൽ ഞാൻ സ്വല്പം പിന്നിലാണ്. കൊട്ടിഘോഷിക്കപ്പെട്ട പല നോവലുകളും നിരാശയായിരുന്നു സമ്മാനിച്ചതും. എന്നാൽ സമീപകാലത്ത് മലയാളത്തിൽ എഴുതപ്പെട്ട മികച്ച നോവലെന്ന് ഏകാന്തതയുടെ മ്യൂസിയം അടയാളപ്പെടുത്തപ്പെടുമെന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട.
” ഇവിടെ എല്ലായിടങ്ങളിലും നിന്ന് അറിയാതെ കഥകൾ പൊട്ടിമുളയ്ക്കുകയാണ്. ഞാൻ നിൽക്കുന്നത് കഥകൾ കൊണ്ടും ഭയം കൊണ്ടും നിർമ്മിച്ച ഒരു സ്ഥലകാലത്തിനുള്ളിലാണെന്ന് എനിക്കു തോന്നി” എന്ന് നോവലിലെ കഥാപാത്രമായ സിദ്ധാർത്ഥൻ പറയുന്നുണ്ട് (പു473). നോവലിനകത്ത് അകപ്പെട്ടു പോയാൽ നമുക്കും അതു തന്നെ തോന്നും. ആഖ്യാനത്തിന്റെ അദ്ഭുതകരവും വിസ്മയകരവുമായ ഗുഹാന്തർഭാഗത്തുകൂടെ നിങ്ങൾ ഏകനായി നടന്നു തുടങ്ങും. ചരിത്രവും വർത്തമാനവും അപൂർവ്വ ഭാവനകളും ചേർന്ന നിലയില്ലാക്കയങ്ങളിലേക്ക് ഈ നോവൽ നിങ്ങളെ നയിക്കും. എഴുത്തുകാരന്റെ ഭ്രാന്തവും വന്യവുമായ ഭാവനയുടെ ഇരുണ്ട താഴ്‌വരകളിൽ ഒറ്റപ്പെട്ടു പോയ ഒരാത്മാവായി നിങ്ങൾ അലഞ്ഞു നടക്കും. നൂറായിരം കഥകളുടെ ഇഷ്ടികകൾ കൊണ്ടു നിർമ്മിച്ച ഒരു കോട്ടയാണ് ഈ നോവൽ. യാഥാർത്ഥ്യവും പ്രതീതിയും തമ്മിലുള്ള അതിർത്തികൾ മാഞ്ഞു പോകുന്ന ആഖ്യാനത്തിന്റെ സാമർത്ഥ്യം നിങ്ങളെ ശ്വാസം മുട്ടിക്കും. (അനിൽ മാഷ് ഇത്ര വേഗം നരച്ചു പോയത് എട്ടുവർഷക്കാലം ഈ നോവലിലെ നൂറുകണക്കിന് കഥാപാത്രങ്ങളെ തലയിൽപ്പേറി നടന്നതിനാലാവണം !)
” യൂറോപ്യൻമാരും അവരുടെ സ്കൂൾ ടീച്ചർമാരും വന്ന് അനുഭവങ്ങൾക്കു മീതെ അവരുടെ യുക്തിയുടെ ഒരതാര്യ യവനിക വലിച്ചിട്ടു. അങ്ങനെ ഭാവനകൾ മുഴുവൻ കുഴിച്ചുമൂടപ്പെടുകയാണുണ്ടായത് ” എന്ന് നോവലിലെ ഒരു കഥാപാത്രം പറയുന്നുണ്ട്. അത്തരത്തിൽ കുഴിച്ചുമൂടപ്പെട്ട ഭാവനകളുടെ ഉന്മാദ നൃത്തം ഈ നോവലിൽ നിങ്ങൾക്കു കാണാം. കാവ്യാത്മകമായ വാക്കുകളുടെ ഓളങ്ങളിൽപ്പെട്ട് നാം 741 പുറങ്ങളിലൂടെ ഒഴുകി നടക്കും.
“ക്രൈം ത്രില്ലർ ” എന്ന പ്രസാധകരുടെ സ്റ്റാമ്പ് എനിക്കിഷ്ടമായില്ല. മലയാളത്തിൽ എഴുതപ്പെട്ട മികച്ച നോവലുകളുടെ ശ്രേണിയിലേക്ക് “ദേശത്തെപ്പറ്റിപ്പറഞ്ഞ ആയിരം നുണകൾ ” എന്ന് ആദ്യം പേരുണ്ടായിരുന്ന ഈ ഏകാന്തതയുടെ മ്യൂസിയം തലയെടുപ്പോടെ ചേർന്നു നിൽക്കും എന്നതിൽ എനിക്കൊട്ടും സംശയമില്ല.
എം.ആര്‍.അനില്‍കുമാറിന്റെ ഏകാന്തതയുടെ മ്യൂസിയം എന്ന ക്രൈംത്രില്ലര്‍ നോവലിന് ഡോക്ടര്‍ പി സുരേഷ് എഴുതിയ വായനാനുഭവത്തില്‍ നിന്ന്
Comments are closed.