പി.ജയചന്ദ്രന്‍ എന്ന ‘ഏകാന്ത പഥികന്‍’
തന്റെ കുട്ടിക്കാലം മുതല്‍ പാട്ടിന്റെ ലോകത്തേക്ക് നടന്നു തീര്‍ത്ത വഴികള്‍ വരെ ഓര്‍ത്തെടുക്കുകയാണ് പ്രശസ്ത ഗായകനായ ജയചന്ദ്രന്‍ ‘ഏകാന്ത പഥികന്‍ ഞാന്‍’ എന്ന ആത്മകഥ ഗ്രന്ഥത്തിലൂടെ. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ.സി ഡാനിയേല്‍ പുരസ്‌കാരവും. ഓരോ പാട്ടും ഹൃദയത്തോടു ചേര്‍ത്തു വച്ച് പാടിയാണ് അവയെ അദ്ദേഹം ജനമനസ്സില്‍ എത്തിച്ചതെന്ന് ഈ ആത്മകഥയിലൂടെ വ്യക്തമാകുന്നു. തന്നോടൊപ്പം പാടിയവര്‍, ഗാനരചയിതാക്കള്‍, ഗാനസംവിധായകര്‍, എന്നിവരുമായുള്ള ബന്ധങ്ങളെക്കുറിച്ചും ചലച്ചിത്രരംഗത്തുനിന്നുള്ള തിക്താനുഭവങ്ങളെക്കുറിച്ചുമെല്ലാം ജയചന്ദ്രന്‍ ഇവിടെ മനസ്സു തുറക്കുന്നു. പുസ്തകത്തില്‍ നിന്നും ഒരു ഭാഗം
ഞാന്‍ അച്ഛനെപ്പോലെയാണോ എന്നെനിക്കറിയില്ല. അങ്ങനെ ആരും പറഞ്ഞുകേട്ടിട്ടുമില്ല. പക്ഷേ, പലപ്പോഴും ഞാന്‍ അച്ഛന്‍തന്നെയായിരുന്നില്ലേ എന്ന് തോന്നിപ്പോകുന്നു. കുട്ടിക്കാലത്തുപോലും ഞാന്‍ ഒരു ചെറിയ ദൂരത്തുനിന്നാണ് അദ്ദേഹത്തെ നോക്കിക്കണ്ടത്; കൗതുകത്തോടെ, ഇഷ്ടത്തോടെ, ആരാധനയോടെ, അദ്ഭുതത്തോടെ. രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്‍ -അതായിരുന്നു അദ്ദേഹത്തിന്റെ നാമധേയം. എങ്ങനെയാണ് ഞാനദ്ദേഹത്തെക്കുറിച്ച് എഴുതേണ്ടത്? കേവലമായ ചില ഓര്‍മകളല്ല, അച്ഛന്‍ എന്ന പ്രതിഭാസമാണ് എന്റെയുള്ളില്‍ നിറഞ്ഞുനില്‍ക്കുന്നത്.
അച്ഛന് പാട്ടിഷ്ടമായിരുന്നു എന്നു പറഞ്ഞാല്‍ മതിയാകില്ല; അദ്ദേഹം സംഗീതത്തിന്റെ നിത്യോപാസകനായിരുന്നു. നല്ല ജ്ഞാനിയായിരുന്നു. എന്നാല്‍, വേദിയില്‍ പ്രത്യക്ഷപ്പെടാനോ ആരാധകരെ വെറും ശ്രോതാക്കളെപ്പോലും സൃഷ്ടിക്കാനോ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. അദ്ദേഹം വളരെ നന്നായി പാടിയിരുന്നു. സ്വയം ആസ്വദിക്കാന്‍, ആനന്ദിക്കാന്‍ ഒറ്റയ്ക്കിരുന്ന് അച്ഛന്‍ പാടുന്നത് ഞാന്‍ നോക്കിനിന്നിട്ടുണ്ട്. അന്നൊക്കെ അച്ഛന്‍ പാടിയിരുന്നത് തമിഴ് സംഗീതനാടകങ്ങളിലെ പാട്ടുകളും കീര്‍ത്തനങ്ങളുമായിരുന്നു. ആനന്ദാതിരേകത്തിന്റെ ആത്മാവുതൊടുന്ന കമ്പനങ്ങള്‍… അവയൊക്കെ എന്താണെന്ന് ഇപ്പോള്‍ മനസ്സിലാവുകയാണ്. അന്ന് അതെല്ലാം ഒരു വിസ്മയം മാത്രമായിരുന്നു.
പാടുന്നതിനെക്കാള്‍ സംഗീതം കേള്‍ക്കുന്നതായിരുന്നു അച്ഛനിഷ്ടം. ബാലെ കാണാന്‍, അവയിലെ കര്‍ണ്ണാട്ടിക് സമ്പ്രദായത്തില്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ കേള്‍ക്കാന്‍, അദ്ദേഹം ഉത്സവപ്പറമ്പുകളില്‍നിന്ന് ഉത്സവപ്പറമ്പുകളിലേക്കു സഞ്ചരിച്ചു. സംഗീതക്കച്ചേരികള്‍ കേള്‍ക്കാന്‍, രാവുകളില്‍നിന്ന് പകലുകളിലേക്കും പകലുകളില്‍നിന്ന് രാവുകളിലേക്കും ചുവടുകള്‍ നീട്ടിവെച്ചു. കാതില്‍, കരളില്‍, ഹൃദയത്തില്‍ സംഗീതം നിറഞ്ഞു; സിരകളില്‍ അലയടിച്ചു. രോമകൂപങ്ങളില്‍ സംഗീതം പൊടിഞ്ഞു. വിട്ടുവീഴ്ചയില്ലാത്ത സംഗീതചിന്തയുടെ ഉടമയായിരുന്നു അദ്ദേഹം. ശ്രുതിതാളങ്ങളാല്‍ നിറഞ്ഞും ഗമകങ്ങളെയും സൂക്ഷ്മപ്രയോഗങ്ങളെയും വേര്‍തിരിച്ചറിഞ്ഞും നിരവലിന്റെയും തനിയാവര്‍ത്തനത്തിന്റെയും മനോധര്‍മ്മങ്ങളെ ആവാഹിച്ചും തികഞ്ഞ മനസ്സ്. എന്നാല്‍, തരളവും ആര്‍ദ്രവുമായ ലളിതസംഗീതത്തെയും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. അദ്ഭുതകരമായ സംഗതി അതൊന്നു
മായിരുന്നില്ല. കര്‍ണ്ണാടകസംഗീതത്തിന്റെ നികേതനമായ ആ പണ്ഡിത ഹൃദയത്തിന് മലയാളത്തില്‍ ഏറ്റവും പ്രിയപ്പെട്ട സംഗീതസംവിധായകന്‍ ബാബുരാജായിരുന്നു. അതെ… ബാബുക്കയുടെ പാട്ടുകള്‍ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമായിരുന്നു. ഞാന്‍ ഗായകനായി വളര്‍ന്നതിനുശേഷം ഒരിക്കല്‍ പാട്ടുകളെക്കുറിച്ചു സംസാരിക്കുമ്പോള്‍, ദക്ഷിണാമൂര്‍ത്തിസ്വാമിയോടുള്ള എല്ലാ ആദരവോടെയും അദ്ദേഹം പറഞ്ഞു: ”സ്വാമിയുടെ സിന്ധുഭൈരവി കേമംതന്നെ. എന്നാലും ബാബുരാജിന്റെ സിന്ധുഭൈരവിയാ സിന്ധുഭൈരവി!” ‘പ്രാണസഖീ…” അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ട ഗാനമായിരുന്നു.
ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ എന്നെക്കൊണ്ട് പലപ്പോഴും ബാബുക്കയുടെ പാട്ടുകള്‍ അദ്ദേഹം പാടിച്ചിരുന്നു. ചിലപ്പോള്‍ ബാബുരാജെന്ന പേരൊന്നും ഓര്‍മ്മവരില്ല. ”എടാ… ആ കോഴിക്കോട്ടുകാരന്‍ മുസല്‍മാനില്ലേ… അദ്ദേഹത്തിന്റെ ഒരു പാട്ടു പാട്” എന്നൊക്കെയാണ് അദ്ദേഹം പറയുക. ഞങ്ങള്‍ ഇരിങ്ങാലക്കുടയില്‍ താമസിച്ചിരുന്ന കാലമായിരുന്നു. ഇടയ്ക്ക് അച്ഛന്‍ തൃപ്പൂണിത്തുറ കൊട്ടാരത്തില്‍ പോവുകയും ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് മടങ്ങിവരികയും ചെയ്തിരുന്നു. സിനിമാഗാനങ്ങള്‍ മറന്നുപോവാതിരിക്കാന്‍ അദ്ദേഹം ചുവരില്‍ കരിക്കട്ടകൊണ്ട് എഴുതിവെക്കുമായിരുന്നു. മിക്കതും ബാബുക്കയുടെ പാട്ടുകള്‍തന്നെ. എഴുതിവെച്ച ചുവരില്‍ നോക്കി അച്ഛനങ്ങനെയിരിക്കും. മനസ്സില്‍ മൂളുകയാവണം, ആ ഗാനം. എന്നെ വിളിപ്പിക്കും. എന്നിട്ട് ചുവരില്‍ കുറിച്ചുവെച്ച വരികള്‍ ചൂണ്ടിക്കാണിച്ച് പാടാന്‍ ആവശ്യപ്പെടും. അച്ഛനു പാട്ടുപാടിക്കൊടുക്കുന്നത് എനിക്ക് നല്ല ഇഷ്ടമായിരുന്നു. അച്ഛന്‍ നിശ്ശബ്ദം ആസ്വദിക്കും. ‘ഭേഷ്… കേമമായി’ എന്നൊന്നും പറയാറില്ല. മതിയായാല്‍ ഒന്നു മൂളും. അത്രതന്നെ.
എനിക്കതു മതിയായിരുന്നു. പാട്ടുകേള്‍ക്കുമ്പോഴുള്ള അച്ഛന്റെ മുഖഭാവം ഞാനോര്‍ക്കുന്നു.
അച്ഛനെപ്പോഴും യാത്രചെയ്തിരുന്നു. യാത്രകള്‍ കഴിഞ്ഞുവരുമ്പോള്‍ അച്ഛന്‍ ഞങ്ങള്‍ക്ക് സമ്മാനങ്ങള്‍ കൊണ്ടുവരുമായിരുന്നു. ഇരിങ്ങാലക്കുടയില്‍നിന്ന് ആലുവയിലേക്കു താമസംമാറിയത് അച്ഛന്റെ ആഗ്രഹപ്രകാരമാണെന്ന് അമ്മ പറഞ്ഞറിഞ്ഞു. ഒരു ‘ചെയ്ഞ്ചി’ന്
വേണ്ടിയായിരുന്നത്രേ അങ്ങനെയൊരു കൂടുമാറ്റം. അച്ഛന് ഏകതാനമായ ഒരു ജീവിതം ഒരിക്കലും ഇഷ്ടമായിരുന്നില്ല. മാറ്റങ്ങള്‍, ചലനാത്മകത, അതായിരുന്നു അച്ഛന്‍. ഞങ്ങളുടെ കുട്ടിക്കാലയാത്രകള്‍ പലപ്പോഴും ബോട്ടിലായിരുന്നു. ഇരിങ്ങാലക്കുടയ്ക്കും ആലുവയ്ക്കും മറ്റുമുള്ള യാത്രകള്‍. ക്ഷേത്രദര്‍ശനത്തിനായുള്ള യാത്രകള്‍… ജലയാത്രകള്‍ ഒരു പ്രത്യേക രസംതന്നെയായിരുന്നു. ബോട്ടില്‍നിന്ന് പിന്നിലേക്ക് നോക്കിനിന്നാല്‍, രണ്ടു ‘ജലപാള’ങ്ങള്‍ക്കിടെ ഒരു ജലപാത തെളിഞ്ഞുവരുന്നതും ക്രമത്തില്‍ അവ മാഞ്ഞുപോകുന്നതും എനിക്കിഷ്ടപ്പെട്ട കാഴ്ചയായിരുന്നു. കരകളില്‍നിന്ന് തെങ്ങുകള്‍ കൈവീശിക്കാണിച്ചു. നീലജലപ്പരപ്പില്‍ ഓളങ്ങള്‍ ഉരുണ്ടുനടന്നു. അങ്ങിങ്ങ് വഞ്ചികള്‍ താളംതുള്ളി നീങ്ങി. ‘കടകടാ…’ എന്നു ശബ്ദിച്ച് ഒരു തിരക്കും കാണിക്കാതെ അലസം നീങ്ങിപ്പോകുന്ന ബോട്ടുകള്‍ അക്കാലത്തെ ഓര്‍മ്മകളുടെ പിന്‍ശ്രുതിയാണ്. ‘കേരനിരകളാടും ഒരു ഹരിത ചാരുതീരം…’ എന്ന പാട്ടുപാടുമ്പോള്‍ എന്റെ മനസ്സില്‍ ഈ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു.
തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.