DCBOOKS
Malayalam News Literature Website

ഐൻസ്റ്റീനും പാർക്കിൻസണും ജീവൻമശായിമാരും

ഡോ. കെ. രാജശേഖരൻ നായരുടെ ‘ഐൻസ്റ്റീനും പാർക്കിൻസണും ജീവൻമശായിമാരും’ എന്ന പുസ്തകത്തിന്  ഡോ രാംലാൽ ആർ വി എഴുതിയ വായനാനുഭവം 

ആയിരത്തി തൊള്ളായിരത്തി അറുപതിൽ ശാസ്ത്ര ബിരുദം ഒന്നാം റാങ്കിൽ പാസ്സായ ഒരു വിദ്യാർത്ഥി ആഗ്രഹിച്ചത് ഭാഷയിലും, സാഹിത്യത്തിലും ഉപരിപഠനം നടത്താൻ. അതിന് തക്ക പശ്ചാത്തലം വീട്ടിൽ തന്നെ ഉണ്ടായിരുന്നു. സാഹിത്യവും,ഭാഷയും,ചരിത്രവും അരച്ച് കലക്കി കുടിച്ച അച്ഛൻ. അദ്ദേഹത്തെ കാണാനും,ചർച്ച നടത്താനും വരുന്ന വള്ളത്തോൾ മുതലുള്ള ഉന്നതർ. ഉയർന്ന നിലവാരം പുലർത്തുന്ന ചർച്ചകൾ.നാല് ചുറ്റും നിറഞ്ഞു കവിയുന്ന ഗ്രന്ഥങ്ങൾ. ആ കുട്ടി അങ്ങിനെ ചിന്തിച്ചതിൽ അൽഭുതമില്ല.പക്ഷേ അമ്മയുടെ ആഗ്രഹത്തിന് വഴങ്ങി ,ഒന്നാമനാകണം എന്ന അച്ഛന്റെ നിർദ്ദേശം കേട്ട് മെഡിസിന് ചേരുന്നു. ശേഷം ,ലോകത്തെ മികച്ച വിദ്യാലയങ്ങളിൽ,മികച്ച ഗുരുക്കന്മാരുടെ കീഴിൽ പഠിക്കുന്നു, പിന്നീട് പഠിപ്പിക്കുന്നു, ന്യൂറോളജി എന്ന സങ്കീർണ്ണമായ വൈദ്യ ശാസ്ത്ര ശാഖയിൽ ഒന്നാമനാകുന്നു .ഒരു മഹാഗുരുതന്നെയാകുന്നു.കൈപ്പുണ്യമുള്ള വൈദ്യനായി അനേകായിരങ്ങൾക്ക് ആശ്വാസമേകുന്നു. എൺപത്തി നാലാം വയസ്സിലും അദ്ദേഹം വീണ്ടും വീണ്ടും വായിക്കുന്നു,തെളിഞ്ഞ മനസ്സോടെ ചിന്തിക്കുന്നു, എഴുതുന്നു, പഠിപ്പിക്കുന്നു, ഏറ്റവും പുതിയത് എന്തുണ്ട് എന്ന് ഒരു കുട്ടിയെ പോലെ തിരഞ്ഞ് നടക്കുന്നു.

മലയാള ഭാഷയ്ക്കും, സാഹിത്യത്തിനും ചരിത്രത്തിനും കനത്ത സംഭാവനകൾ, രേഖപ്പെടുത്തി തന്നെ നൽകിയ ശൂരനാട് കുഞ്ഞൻപിള്ള സാറാണ് ആ അച്ഛൻ Dr KR Nair എന്ന ഞങ്ങളുടെ പ്രിയപ്പെട്ട രാജശേഖരൻ സാറാണ് ആ മകൻ. അദ്ദേഹം ഇത് വരെ ധാരാളം ലേഖനങ്ങൾ , ഗഹനമായ ന്യൂറോളജി ഉൾപ്പെടെപ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.ഗവേഷണ പ്രബന്ധങ്ങൾ അനവധി. അനേകം കാമ്പുള്ള ഗ്രന്ഥങ്ങൾ അദ്ദേഹത്തിൻ്റേതായി പുറത്ത് വന്നിട്ടുണ്ട്. വൈജ്ഞാനിക സാഹിത്യത്തിൽ വരുന്ന പുസ്തകങ്ങളിൽ സാഹിത്യം ഒട്ടുമേ കാണാത്ത കാലമാണ്. മലയാളത്തിൽ വായിക്കാം എന്നല്ലാതെ മരുന്നിന് പോലും സാഹിത്യമില്ലാത്ത ഗ്രന്ഥങ്ങൾ അവാർഡ് നേടുന്ന കാലം. പക്ഷേ Textനായർ സാറിന്റെ ഗ്രന്ഥങ്ങളുടെ വൈശിഷ്ട്യം അവയുടെ അനുപമമായ സാഹിത്യ ഭംഗിയാണ്. ചരിത്രത്തിന്റെ സത്യധാവള്ള്യവും , അനേകം കവിതാ, കഥാ , മഹൽവാക്യ പരാമർശങ്ങളും ചേർന്ന് ഗംഗയുടെ അഴിമുഖം പോലെ ആഴവും പരപ്പുമുള്ള ചിന്തകൾ , വാക്കുകൾ, വാചകങ്ങൾ ഒക്കെ ചേർന്ന് അങ്ങനെ. ആധുനിക ന്യൂറോളജി പറയുമ്പോൾ ഗ്രീക്ക്പുരാണം , ഉപനിഷത്ത്, യൂറോപ്പിന്റെ ചരിത്രം,  ഇന്ത്യാചരിത്രം,ഭാഷ, സംസ്ക്കാരം, ഏറ്റവും പുതിയ തലമുറയിലെ പാട്ടും, സിനിമയും, നിർമ്മിത ബുദ്ധിയും(AI ) എല്ലാം ചേർന്ന് തെളിനീരു പോലെ സർ നമുക്ക് പറഞ്ഞ് തരികയാണ് ന്യൂറോളജി.

മനുഷ്യ മസ്തിഷ്കം, അതിന്റെ അൽഭുതങ്ങൾ,വികൃതികൾ എല്ലാം. ലളിതം, സുഭഗം, ആലോചനാമൃതം. സുശ്രുതൻ മുതൽ ഐൻസ്റ്റീൻ വരെ, ടാഗോർ മുതൽ ചാർലി ചാപ്ലിൻവരെ. മാണ്ഡുക്യോപനിഷത് മുതൽ അയ്യപ്പന്റെയും, ചുള്ളിക്കാടിന്റെയും കവിത വരെ. അങ്ങിനെ എങ്ങോട്ട് നോക്കിയാലും നിങ്ങൾക്ക് അറിയാൻ , പഠിക്കാൻ എന്തൊക്കെയോ ഒരുക്കി വെച്ചിരിക്കുന്ന മനോഹരമായ പ്രദർശന ശാലയാണ് സാറിന്റെ ഗ്രന്ഥങ്ങൾ. ന്യൂറോളജി വേണോ? ചരിത്രം വേണോ? പുരാണം വേണോ? കവിതയും,കഥയും വേണോ? എല്ലാം ഒതുക്കുന്നു, കടുകിൽ കടൽ പോലെ. സാറിന്റെ ഏറ്റവും പുതിയ പുസ്തകം വായിച്ച് തുടങ്ങി,അതിലെ സൂചനകൾ വെച്ച് നെറ്റ് തിരഞ്ഞ് പോകുമ്പോളാണ് സാറിന്റെ ഓരോ പരാമർശങ്ങളുടെയും ആഴം മനസ്സിലാവുന്നത്. അതിനായി എടുത്ത അദ്ധ്വാനം,സ്ഥിരോത്സാഹം മനസ്സിലാക്കി കൈ രണ്ടും കൂപ്പി നിൽക്കാനേ പറ്റൂ.

“ആൾക്കൂട്ടത്തിൽ ചേരുമ്പോഴും നന്മ വിടാത്ത, രാജാക്കന്മാരുടെ കൂടെ നടക്കുമ്പോഴും പാവങ്ങളോട് ചേർന്ന് നിൽക്കുന്ന””,  “”മുറിവേൽപ്പിക്കുന്ന വലിയ ചോദ്യങ്ങൾക്ക് ചെറിയ ഉത്തരങ്ങൾ”” കൂടെ കരുതുന്ന ഒരു കൂട്ടം വൈദ്യന്മാരെ,മഹാമനീഷികളെ സർ ഈ ഗ്രന്ഥത്തിൽ പരിചയപ്പെടുത്തുന്നു,സ്വന്തം ജീവിതത്തിനോട് ചേർത്ത്. താരശങ്കർ ബാനർജിയുടെ ജീവൻ മാശായിയെയും , അത് പോലുള്ള ഗുരുക്കൻമാരെയും ചേർത്ത് പിടിച്ചും, പേർത്തു പറഞ്ഞും,നമിച്ചുമാണ് എഴുത്ത്മുന്നോട്ട്പോകുന്നത്. അന്ധയും,ബധിരയും, പിംഗള കേശിനിയുമായ ദേവതയുടെ സാന്നിദ്ധ്യമറിയുന്ന മശായിമാർ അറിയുന്നത് ശാസ്ത്രത്തിന്റെ പരിമിതിയാണ്, നിസ്സഹായതയാണ്. വായനയുടെ സുഖം ഒട്ടും പോകാതെ മേൽപ്പറഞ്ഞതെല്ലാം ആസ്വദിക്കാൻ വായിക്കൂ, “”ഐൻസ്റ്റീനും പാർക്കിൻസണും ജീവൻമശായിമാരും “” സാറിന്റെ പേനാ തുമ്പിൽ ഈയുള്ളവന്റെ പേരും വന്നതിന് ദീർഘ നമസ്ക്കാരം.

ഡോ. കെ. രാജശേഖരൻ നായരുടെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.